FLASH NEWS

Monday, November 28, 2011

ആദ്യ ഏകദിനം ഇന്ന്.....

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയ നിരയിലെ വന്‍തോക്കുകളുടെ അഭാവവും സ്വന്തം ബാറ്റ്സ്മാന്മാര്‍ ഫോമിലേക്ക് തിരിച്ചുവന്നതും സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബൗളിങ് നയിക്കേണ്ട പ്രവീണ്‍ കുമാര്‍ പരിക്കുമൂലം പിന്‍മാറിയത് വീരേന്ദര്‍ സെവാഗിന് കീഴില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ് എന്നീ കരുത്തരുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. ധോണിക്കും സചിനും ആസ്ട്രേലിയന്‍ പര്യടനത്തിനുമുമ്പായി വിശ്രമം അനുവദിക്കുകയായിരുന്നെങ്കില്‍ യുവരാജ് അസുഖം മൂലം പിന്‍വാങ്ങുകയായിരുന്നു. പകരമിറങ്ങുന്ന പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഇവരുടെ കുറവ് നികത്താനാവുമോ എന്ന് കണ്ടറിയണം. സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന കഴിഞ്ഞാല്‍ വിരാട് കോഹ്ലിയും പാര്‍ഥിവും മാത്രമാണ് അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ളവര്‍.
പാര്‍ഥിവ്, രോഹിത്, ഗംഭീര്‍ ഇവരിലൊരാളായിരിക്കും സെവാഗിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് കോഹ്ലി, റെയ്ന, ജദേജ എന്നിവരെത്തും. അവസാന ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ആര്‍. അശ്വിനും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ജദേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
പതിവുപോലെ ബൗളിങ്ങാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കൈമുട്ടിന് പരിക്കേറ്റ പ്രവീണ്‍ കളിക്കില്ളെന്ന് സെവാഗ് അറിയിച്ചതോടെ പരിചയ സമ്പന്നനായ ഒരു ബൗളര്‍പോലും ടീമിലില്ലാതായി. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച വിനയ് കുമാറാവും ആദ്യ പന്തെടുക്കുക. കൂട്ടിന് ഉമേഷ് യാദവോ വരുണ്‍ ആരോണോ ഉണ്ടാവും. അശ്വിനൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി കളിപ്പിക്കേണ്ടതിനാല്‍ രാഹുല്‍ ശര്‍മയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങിയേക്കും. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്ന് ക്യാപ്റ്റന്‍ സെവാഗ് പറഞ്ഞു.
മറുഭാഗത്ത് വിന്‍ഡീസ് തികഞ്ഞ പ്രതീക്ഷയിലാണ്. റണ്ണൊഴുകുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയത് തുണയാവുമെന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വിശ്വാസം. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍െറയും സാന്നിധ്യം കരുത്താവും. ഇന്ത്യക്കെതിരെ വിന്‍ഡീസില്‍ നടന്ന ഏകദിന പരമ്പരയില്‍ സിമ്മണ്‍സ് മികവു കാട്ടിയിരുന്നു. പൊള്ളാര്‍ഡിനു പുറമെ ആന്ദ്രെ റസ്സലും മികച്ച ഓള്‍റൗണ്ടറാണ്. ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്ന ഡാരന്‍ ബ്രാവോ, ഓപണര്‍ അഡ്രിയാന്‍ ബരത്, കീറോണ്‍ പവല്‍, ഇന്ത്യയില്‍ പരിചിതനായ മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവര്‍ക്ക് എത്രവലിയ ഇന്ത്യന്‍ ടോട്ടലിനെയും മറികടക്കാന്‍ കഴിയുമെന്നാണ് കരീബിയന്‍ പ്രതീക്ഷ. രവി രാംപോളും കെമര്‍ റോഷും പേസ് ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാരായി ആന്‍റണി മാര്‍ട്ടിനും അരങ്ങേറ്റക്കാരന്‍ സുനില്‍ നാരായണും രംഗത്തെത്തും. ധോണിയെപ്പോലൊരു ‘ഫിനിഷര്‍’ ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സമ്മി അഭിപ്രായപ്പെട്ടു.

ടീമുകള്‍
ഇന്ത്യ: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മനോജ് തിവാരി, രാഹുല്‍ ശര്‍മ, അഭിമന്യു മിഥുന്‍.
വിന്‍ഡീസ്: ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബരത്, ഡാരന്‍ ബ്രാവോ, ഡന്‍സ ഹിയാത്ത്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ആന്‍റണി മാര്‍ട്ടിന്‍, ജെയ്സണ്‍ മുഹമ്മദ്, സുനില്‍ നാരായണ്‍, കീറോണ്‍ പവല്‍, രവി രാംപോള്‍, കെമര്‍റോഷ്....

No comments:

Post a Comment