FLASH NEWS

Tuesday, November 15, 2011

തവനൂരില്‍ സ്‌ഥാപിക്കുന്ന ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലാക്കി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും - മുഖ്യമന്ത്രി...

തവനൂരില്‍ നിലവില്‍ ഭരണാനുമതി ലഭിച്ച ജില്ലാ ജയില്‍ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്തി ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. തവനൂരിലെ തൃക്കണാപുരത്തു ജയില്‍ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജയില്‍ വകുപ്പില്‍ നിന്ന്‌ ഒരു ഉദ്യോഗസ്‌ഥനെ നിയമിക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത്‌ 420 പേരെ താമസിപ്പിക്കാനുള്ള ജയിലിനാണ്‌ അനുമതി ലഭിച്ചത്‌. 80 പേര്‍ക്ക്‌ കൂടി താമസിക്കാനുള്ള സൗകര്യത്തോടെ സെന്‍ട്രല്‍ ജയിലായി ഉയര്‍ത്താനുള്ള അനുമതി ഉടന്‍ ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സെന്‍ട്രല്‍ ജയില്‍ സ്‌ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 20 കോടി അനുവദിക്കും.

ജനങ്ങള്‍ കുറ്റം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കിലും നിയമ വ്യവസ്‌ഥ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ജയിലുകളില്‍ ഒരുക്കാന്‍ സര്‍ക്കാറിനു ബാധ്യതയുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

തവനൂരില്‍ നിലവില്‍ വൃദ്ധസദനം, മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള പ്രതീക്ഷ ഭവന്‍, റെസ്‌ക്യു ഹോം കുട്ടികളുടെ ഒബ്‌സര്‍വേഷന്‍ സെന്റര്‍ എന്നിവ സ്‌ഥിതി ചെയ്യുന്ന സ്‌ഥലത്തിനടുത്തു ജെറിയാട്രിക്‌ പാര്‍ക്ക്‌ നിര്‍മിക്കാനുള്ള പദ്ധതി രൂപരേഖ ചടങ്ങില്‍ അധ്യക്ഷനായ കെ.ടി. ജലീല്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക്‌ കൈമാറി. മുന്‍ എം.പി സി. ഹരിദാസ്‌, തൃത്താല എം.എല്‍.എ എ.വി.ടി. ബല്‍റാം, ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജനപ്രതിനിധികള്‍, രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

No comments:

Post a Comment