FLASH NEWS

Monday, January 30, 2012

വ്യാജപാസ് നിര്‍മാണം: ഒരാള്‍കൂടി അറസ്റ്റില്‍; ഒമ്പതുപേര്‍ റിമാന്‍ഡില്‍ ...

മലപ്പുറത്ത് നടന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ച്ചടങ്ങിലേക്ക് വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂട്ടിലങ്ങാടിയിലെ ടെക്‌സ്റ്റൈല്‍ ജീവനക്കാരന്‍ ഇരുമ്പുഴി ചപ്പുങ്ങന്‍കലയത്ത് സലാം (23) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ സ്റ്റുഡിയോ മുഖാന്തരം ഉണ്ടാക്കിയെടുത്ത വ്യാജപാസ് വാങ്ങിയ വ്യക്തിയാണെന്ന് മലപ്പുറം പോലീസ് അറിയിച്ചു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തില്‍ മലപ്പുറത്തെ രണ്ട് സ്റ്റുഡിയോകളില്‍ നിന്നും ഒരു ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനത്തില്‍ നിന്നുമായി ഒമ്പതുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം കോടതിയില്‍ ഞായറാഴ്ച ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു.

ജനവരി 23ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ കയറിക്കൂടുന്നതിന് വ്യപകമായി വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടന്നത്. 35,000 പാസുകള്‍ അധികൃതര്‍ അച്ചടിച്ചെങ്കിലും ഈ പാസുകളുടെ വ്യാജന്‍ കമ്പ്യൂട്ടറും സ്‌കാനറും ഉപയോഗിച്ച് പ്രിന്റ് ചെയ്ത് വ്യാപകമായി നല്‍കുകയായിരുന്നു. പണം ഈടാക്കിയാണ് പാസുകള്‍ നിര്‍മിച്ചുനല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുള്‍പ്പെടാന്‍ സാധ്യതയുണ്ട്. വ്യാജപാസുകള്‍ എത്രമാത്രം അച്ചടിച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്

ചെമ്മാട് 'ദര്‍ശന' പൊളിച്ചുതുടങ്ങി; ഒരു തിയേറ്റര്‍കൂടി ഓര്‍മയായി...

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ടിലേറെയായി ചെമ്മാട് ടൗണിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്ന 'ദര്‍ശന' തിയേറ്റര്‍ കെട്ടിടം പൊളിച്ചു നീക്കുന്നു. കഴിഞ്ഞമാസമാണ് ഇവിടെ പ്രദര്‍ശനം നിര്‍ത്തിയത്.

ജില്ലയിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ദര്‍ശന തുടങ്ങിയത് 1978-ലാണ്. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതും വൈദ്യതി ചാര്‍ജ് വര്‍ധനയും തൊഴിലാളികളെ കിട്ടാനില്ലാത്തതും കാരണമാണ് മാനേജ്‌മെന്റ് തിയേറ്റര്‍ അടച്ചുപൂട്ടിയത്. ചിമ്പു നായകനായ മന്മഥനായിരുന്നു അവസാന ചിത്രം. കെട്ടിടത്തിന്റെ പഴയ മര ഉരുപ്പടികളും മറ്റ് സാധനങ്ങളും ഇവിടെത്തന്നെ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് .

കാളികാവില്‍ മിനിബസ് മറിഞ്ഞു; 45 പേര്‍ക്ക് പരിക്ക് ...


നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ ആറുപേരെ മഞ്ചേരി ജനറല്‍ ആസ്​പത്രിയിലും മറ്റുള്ളവരെ കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്​പത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച 11 മണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. നീലാഞ്ചേരി കാളികാവ് റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഈ റൂട്ടില്‍ അധികം ബസ്സുകളും ഓടുന്നില്ല. കല്യാണം അടക്കമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ അപകടത്തില്‍പ്പെട്ട ബസ്സില്‍ കയറിയിരുന്നു.
വീതികുറഞ്ഞ റോഡില്‍നിന്ന് ആനവാരി വളവില്‍ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് നീങ്ങുകയാണുണ്ടായത്. ബസ്സിന്റെ മുന്‍വശം മരത്തിലിടിച്ച് തൂങ്ങിനിന്നു. പിറകുവശം റോഡരികിലെ പാറയിലും കുടുങ്ങി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ് അപകടത്തില്‍പ്പെട്ട ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെയും മറ്റ് യാത്രക്കാരെയും പുറത്തിറക്കാന്‍ കഴിഞ്ഞത്.
പരിക്കേറ്റവര്‍
വള്ളിക്കാപറമ്പില്‍ റൈഹാനത്ത്(35), മാതാവ് ഫാത്തിമ (55), നീരിയോട്ടില്‍ ഗിരീഷ് (32), മാതാവ് ശാന്തകുമാരി (65), കളത്തിങ്ങല്‍ ചെറിയാപ്പ (35), വെള്ളയാലി മജീദ് (40) എന്നിവരാണ് മഞ്ചേരി ആസ്​പത്രിയിലുള്ളത്. കാളികാവിലെയും വണ്ടൂരിലെയും ആസ്​പത്രികളിലുള്ളവര്‍: ആയിഷ (42), സുമിത്ര (22), പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (77), ജയ (39), സബ്‌ന (19), പത്മിനി (53), ചില്ല (50), ഫസലുദ്ദീന്‍ (26), ഓട്ടുപാറ ഉനൈസ (10), ഗംഗാധരന്‍ (57), കദീജ (60), നഫീസ (45), ഹിഷ (ആറ്), ഷാന (17), ഷബില്‍ (ഏഴ്), ഹാദ (ആറ്), ചെമ്മലപ്പുറവന്‍ ബല്‍ക്കീസ് (36), അയ്യര്‍പാലി മൊയ്തീന്‍ (63), ബസ് ഡ്രൈവര്‍ അടയ്ക്കാകുണ്ടിലെ അബ്ദുറഹീം (26), പുത്തന്‍വീട് ജാനകി (60), കിളിയോല റസിയ (40), ചോക്കാട് വട്ടപറമ്പത്ത് ഗോപിനാഥന്‍ (58), കോട്ടപറമ്പില്‍ ഉമൈബ (38), മകള്‍ ഫാഹിമ (നാല്), വള്ളിക്കാപറമ്പില്‍ ഉനൈസ് (എട്ട്), ആയിശ (50), വള്ളിക്കാപറമ്പില്‍ സക്കീന (39), മക്കള്‍ അസ്‌ലം (നാല്), ഷരീഫ (12), വള്ളിക്കാപറമ്പില്‍ സുബൈദ (45), മകള്‍ ഹഫീഫ (എട്ട്), സവാദ് (നാല്), ജമീല (39), മുഹമ്മദാലി (50), നഫീസ (48), സാജിദ (35), പാര്‍വതി (65).
ആനവാരിയിലുണ്ടായ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷയായത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. തലകീഴായി നില്‍ക്കുന്ന ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പുറത്തേക്കിറക്കിയത്. ഒരുനിമിഷംപോലും പാഴാക്കാതെ യുവാക്കള്‍ ബസ്സിലുള്ളവരെ പുറത്ത് കടത്തിയപ്പോള്‍ സ്ത്രീകള്‍ പരിക്കുപറ്റിയവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു.

ഉറ്റവരെയും ഉടയവരെയും കാത്തുനില്‍ക്കാതെ ഗുരുതരമായി പരിക്കുപറ്റിയവരെ റഫര്‍ചെയ്ത് ആസ്​പത്രികളിലെത്തിക്കാനും ഇവര്‍ ശ്രദ്ധിച്ചു. പേടിപ്പെടുത്തുന്ന നിലയില്‍ കാണപ്പെടുന്ന ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന ഭാഗത്തിലൂടെ അകത്തുകടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ തിരക്ക് കൂടുതലായതിനാല്‍ യാത്രക്കാരെ പുറത്തിറക്കാന്‍ വളരെയധികം പ്രയാസപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളിലാണ് പരിക്കുപറ്റിയവരെ ആസ്​പത്രികളിലെത്തിച്ചത്.
madhrbhumi

Tuesday, January 24, 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു‍‍‍‍‍‍‍....


തൃശൂര്‍: വാക്‌ദേവതയുടെ വീരഭടന്‍ ഡോ.സുകുമാര്‍ അഴീക്കോട് (85)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 6.40 ഓടെ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അഴീക്കോടിന്റെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്. ജീവന്‍രക്ഷാ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസം നല്‍കിയുമായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. സന്തതസഹചാരിയായ ഡ്രൈവറും സഹോദരിയും മക്കളും മരണസമയം സമീപത്തുണ്ടായിരുന്നു. ഭൗതികദേഹം തൃശൂര്‍ ഇരവിമംഗത്തെ വസതിയിലും സാഹിത്യ അക്കാദമി ഹാളിലും കണ്ണൂര്‍ മഹാത്മാഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ പതിനൊന്നിന് പയ്യാമ്പലത്ത്.

മലയാളത്തിന്റെ മനസാക്ഷിയുടെ ശബ്ദമായിരുന്ന അഴീക്കോട് ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപന്‍, സാഹിത്യകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍, സമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ ചിന്തകന്‍, നിരൂപകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. പ്രൈമറിസ്കൂള്‍ തലം മുതല്‍ സര്‍വ്വകലാശാല വരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ അദ്ദേഹത്തെ അഴീക്കോട് മാഷ് എന്നാണ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും സാംസ്‌കാരിക കേരളം ഒന്നടങ്കം വിളിച്ചിരുന്നത്.കേന്ദ്ര-കേരള സാഹിത്യ അക്കാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1926 മെയ് 26ന് കണ്ണൂരിലെ അഴീക്കോടാണ് അദ്ദേഹം ജനിച്ചത് . പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്.

കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. ഡോക്ടറേറ്റ് നേടിയ അദ്ദേഹം ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ് കോഴിക്കോട് സെന്റ് ജോസഫ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളജിലെ പ്രിന്‍സിപ്പലായും കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായും നിയമിതനാവുകയും

കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായിരുന്നു. ആക്ടിംഗ് വൈസ് ചാന്‍സലറായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു.

മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

അദ്ദേഹത്തിന്റെ തത്വമസിക്ക് കേന്ദ്ര - സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകളും , വയലാര്‍ അവാര്‍ഡും അടക്കം 12 പുരസ്‌കാരങ്ങളാണ് ലഭിച്ചത് . 2007 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കിയെങ്കിലും ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി അദ്ദേഹം പുരസ്‌കാരം നിരസിച്ചു.

ആശാന്റെ സീതാകാവ്യം, രാമനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ വിമര്‍ശനം തുടങ്ങിയ രചനകളും അഴീക്കോട് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് വളമായി നല്‍കി.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

തത്വമസിയിലൂടെ കേരളത്തെ കീഴടക്കിയ അദ്ദേഹം ഗാന്ധിയനെന്ന നിലയിലും ജനമനസില്‍ സ്ഥാനം ഉറപ്പിച്ചു.
by mangalam

Tuesday, January 17, 2012

ആന്റണി പെരുമ്പാവൂര്‍ മോശമായി പെരുമാറിയെന്ന് എസ്.കുമാര്‍.........


ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി വേഷമിട്ട് സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.

എസ്.കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്.
by mathrubhumi

വേങ്ങര ടൗണിലെ കടകളില്‍ വ്യാപകമോഷണം...

ടൗണിലെ കടകളില്‍ പരക്കെ മോഷണം. ഗാന്ധിദാസ്​പടി, ബ്ലോക്ക് റോഡ് എന്നിവിടങ്ങളിലെ ആറ് കടകളിലാണ് മോഷണം നടന്നത്. പണവും മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും സിഗരറ്റും നഷ്ടപ്പെട്ടു. ബ്ലോക്ക് റോഡിലെ തടത്തില്‍ മെഡിക്കല്‍സില്‍നിന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ പെട്ടി പൊളിച്ച് 3000 രൂപ കവര്‍ന്നു. തൊട്ടടുത്ത സ്റ്റേഷനറി, ടീസ്റ്റാള്‍, ഫൂട്ട്‌വെയര്‍ എന്നിവിടങ്ങളില്‍ മോഷണം നടന്നു. 1500 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും പണവും കവര്‍ന്നു. ഗാന്ധിദാസ് പടിയില്‍ മൊബൈല്‍ ഷോപ്പില്‍ രണ്ടുതവണയാണ് മോഷണം നടന്നത്. വേങ്ങര ബസ്സ്റ്റാന്‍ഡിലെ എ.കെ. സ്റ്റേഷനറി കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. ഇരുമ്പ്ദണ്ഡ് കടയില്‍നിന്ന് കണ്ടെടുത്തു. വേങ്ങര പോലീസ് അന്വേഷണം തുടങ്ങി.

കിണറ്റില്‍ തിരയിളക്കം..

തലപ്പാറയിലെ മാലക്കോത്ത് സൈതലവിയുടെ വീട്ടുകിണറ്റില്‍ തിരയിളക്കം. തിങ്കളാഴ്ച ഉച്ചയോടെയാണ് 20 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് വെള്ളം ഉയര്‍ന്നത്. അല്പസമയത്തിന്‌ശേഷം അടിഭാഗത്തെ പടവ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീണു. ചുറ്റുഭാഗത്തുനിന്ന് ഉറവ വന്ന് കിണര്‍ ആകെ കലങ്ങിയിട്ടുണ്ട്.

പാചകവാതകവും ജയില്‍മോചനവും തേടി കേന്ദ്രമന്ത്രിക്ക് മുന്നില്‍ പരാതിക്കൂമ്പാരം..

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ നിന്ന് ഉറ്റവരുടെ മോചനവും സാമ്പത്തികസഹായവും ജോലിയും തേടി കേന്ദ്രമന്ത്രിയുടെ പക്കല്‍ പരാതികളുടെ കൂമ്പാരം. കേന്ദ്രമന്ത്രിയും മലപ്പുറം ലോക്‌സഭാമണ്ഡലം പ്രതിനിധിയുമായ ഇ.അഹമ്മദ് തിങ്കളാഴ്ച മലപ്പുറം ക്യാമ്പ് ഓഫീസില്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ പാചകവാതക കണക്ഷന്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് മാത്രം കിട്ടിയത് 158 പരാതികളാണ്. സാമ്പത്തികസഹായം തേടി 63 പരാതികളും ജോലിക്കായി 44 പരാതികളും കിട്ടി. ആകെ ലഭിച്ച 434 പരാതികളില്‍ പാസ്‌പോര്‍ട്ട് സംബന്ധമായി 50 എണ്ണവും വിവിധ എംബസി സംബന്ധമായി 44 എണ്ണവും കിട്ടി. വിവിധപ്രശ്‌നങ്ങളാല്‍ പാസ്‌പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികളില്‍ കൂടുതലും. ഈ പരാതികള്‍ ക്യാമ്പില്‍ പങ്കെടുത്ത മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. എംബസി സംബന്ധിച്ച കേസുകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

കേസുകളില്‍പ്പെട്ട് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനമായിരുന്നു പല പരാതികളിലെയും ആവശ്യം. താന്‍ വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ ജയില്‍മോചനത്തിനായി 110 പരാതികള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു. അതില്‍ 35 എണ്ണത്തില്‍ മോചനം നേടിക്കൊടുത്തു. കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ളതാണ് ഇനിയും ബാക്കിയുള്ളത്.

മലപ്പുറം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാചകവാതക കണക്ഷന്‍ സംബന്ധിച്ച് 756 നിവേദനങ്ങള്‍ കിട്ടി. അതില്‍ 563 പേര്‍ക്ക് കണക്ഷന്‍ നേടിക്കൊടുത്തിട്ടുണ്ട്. ബാക്കി 193 എണ്ണത്തിലും ഇപ്പോള്‍ ലഭിച്ച 158 പരാതികളിലും നടപടികള്‍ ഉടനെടുക്കുമെന്നും മന്ത്രി അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിനിടെ 375 നിവേദനങ്ങള്‍ ലഭിച്ചതില്‍ 31.78 ലക്ഷം രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജോലിതേടി ലഭിച്ച പരാതികള്‍ അധികവും ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടേതായിരുന്നു. ഈ വിഷയം കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

തിങ്കളാഴ്ച ലഭിച്ച 434 പരാതികളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായംതേടി 20 ഉം എം.പി ഫണ്ടിനായി 28ഉം റെയില്‍വേയുമായി ബന്ധപ്പെട്ട് 14ഉം കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനായി മൂന്നും ഇസത്ത് ടിക്കറ്റിനായി 12ഉം മറ്റ് രണ്ട് പരാതികളും കിട്ടി. രാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും തുടര്‍ന്നു.

എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.എ.അഹമ്മദ് കബീര്‍, പി.കെ.ബഷീര്‍ എന്നിവരും നാലകത്ത് സൂപ്പി, ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍റഷീദ്, ഡിവൈ.എസ്.പിമാരായ പി.രാജു, കെ.മോഹനചന്ദ്രന്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാതി സ്വീകരിക്കല്‍.

വികലാംഗരുടെ വാഹനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന ആവശ്യവുമായി വികലാംഗ കൂട്ടായ്മയും വികലാംഗ സഹായസമിതിയും പരാതി നല്‍കി. ഇക്കാര്യം കേന്ദ്ര പെട്രോളിയംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് അഹമ്മദ് ഉറപ്പ് നല്‍കി. മണ്ഡലത്തിലെ പരാതി സ്വീകരിക്കാന്‍ രണ്ടുമാസത്തിനകം വീണ്ടും ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
by mathrubhumi

വീണുകിടന്ന മരം കെ.എസ്.ആര്‍.ടി.സി ബസില്‍ തുളച്ചുകയറി...

നിലമ്പൂര്‍: എതിരെവന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ, റോഡരികില്‍ വീണ് കിടന്നിരുന്ന മരത്തടി കെ.എസ്.ആര്‍.ടി.സി ബസില്‍ തുളച്ചുകയറി സ്ത്രീക്കും ബാലികക്കും പരിക്കേറ്റു.
വഴിക്കടവ് കമ്പളക്കല്ലിലെ പൈക്കണ്ണൂര്‍ സീനത്തിനും (32) 11കാരിക്കുമാണ് പരിക്ക്. നാടുകാണി ചുരത്തില്‍ തേന്‍പാറക്ക് സമീപം വെറ്റിലക്കൊല്ലിയില്‍ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് അപകടം.
ഗുഡല്ലൂരില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസാണ് അപകടത്തില്‍പെട്ടത്. മരത്തടി ബസിന്‍െറ മുന്‍വശത്തുകൂടി തുളഞ്ഞ് കയറിയാണ് സ്ത്രീക്കും ബാലികക്കും പരിക്കേറ്റത്. സ്ത്രീയുടെ മുഖത്തും ബാലികയുടെ കാലിനുമാണ് പരിക്ക്. ഇവര്‍ എടക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടി. അപകടത്തിനുശേഷം ചുരത്തില്‍ അര മണിക്കൂറോളം ബസ് നിര്‍ത്തിയിട്ടു. ഇതോടെ ബസിലെ യാത്രക്കാര്‍ വലഞ്ഞു.
കാട്ടാന വിഹരിക്കുന്ന വനമായതിനാല്‍ ചില യാത്രക്കാര്‍ മറ്റു ചെറിയ വാഹനങ്ങളിലായി ചുരമിറങ്ങി. വിവരമറിഞ്ഞ് ആനമറിയില്‍നിന്ന് നാട്ടുകാരും വനപാലകരും വഴിക്കടവ് പൊലീസുമെത്തി തുളച്ചുകയറിയ മരം നീക്കം ചെയ്ത് ഇതേ ബസില്‍തന്നെ യാത്രക്കാരെ ആനമറിയിലെത്തിച്ചു. പിന്നീട് ബത്തേരിയില്‍നിന്ന് വരികയായിരുന്ന മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ടു.

Wednesday, January 11, 2012

അറബിയും ഒട്ടകവും പിന്നെ മാധവന്‍നായരും മൊത്തം പ്രിയദര്‍ശന്‍ കട്ട സിനിമ...

അങ്ങനെ അറബിയും ഒട്ടകവും പി മാധവന്‍നായരും എന്നാ സിനിമയിലെ പാട്ടുമാത്രമല്ല
മൊത്തം പ്രിയദര്‍ശന്‍ കട്ട സിനിമ ഒന്ന് കണ്ടു നോക്കു ....

Tuesday, January 10, 2012

തീവണ്ടിതട്ടി പരിക്കേറ്റു

പരപ്പനങ്ങാടി: റെയില്‍വേ ഗേറ്റിനടുത്ത് പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടി തട്ടി വീണ യുവാവിനെ നാട്ടുകാര്‍ ആസ്​പത്രിയിലെത്തിച്ചു.

റെയില്‍വേഗേറ്റിനു വടക്കുഭാഗത്തു താമസിക്കുന്ന ശെല്‍വകുമാര്‍ (15) ആണ് പരിക്കേറ്റ് ആസ്​പത്രിയിലായത്. രാത്രി എട്ടുമണിയോടെ മംഗലാപുരം- തിരുവനന്തപുരം എക്‌സ്​പ്രസ്സാണ് ശെല്‍വകുമാറിനെ ഇടിച്ചത്.

വള്ളിക്കുന്നില്‍ വീണ്ടും റെയിലില്‍ വിള്ളല്‍

ആനങ്ങാടി റെയില്‍വേഗേറ്റിന് തെക്കുഭാഗത്ത് തിങ്കളാഴ്ച രാവിലെ റെയിലില്‍ വിള്ളല്‍ കണ്ടെത്തി. രാവിലെ ഏഴരമണിയോടെ നാട്ടുകാരാണ് വിള്ളല്‍ കണ്ടെത്തി അടുത്തുള്ള ഗേറ്റ്മാനെ അറിയിച്ചത്. രാവിലെ വടക്കുനിന്ന് വരുന്ന 10215-ാം നമ്പര്‍ ഗോവ- എറണാകുളം സൂപ്പര്‍ഫാസ്റ്റ് വണ്ടി കടന്നുപോയ ഉടനെയാണ് പൊട്ടല്‍ ദൃശ്യമായത്.

താത്കാലിക സംവിധാനമൊരുക്കി വേഗംകുറച്ച് തീവണ്ടികള്‍ കടന്നുപോകാന്‍ അനുവദിച്ചു. വൈകുന്നേരത്തോടെ പൊട്ടിയ റെയില്‍ മാറ്റിസ്ഥാപിച്ചു.

കടലുണ്ടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ അടുത്തകാലത്തായി പത്തോളം റെയില്‍പൊട്ടല്‍ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പുതുതായി നിര്‍മിച്ച റെയില്‍പ്പാതയില്‍ ആദ്യമായിട്ടാണ് വിള്ളല്‍ കാണുന്നത്. എട്ടുകൊല്ലം മാത്രം പഴക്കമുള്ള പുതിയ പാളങ്ങളും അതിവേഗ തീവണ്ടികളുടെ വേഗതയും ഭാരവും താങ്ങാനാവാത്തവിധം ദുര്‍ബലമാണെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

ഇന്ത്യയ്‌ക്കെതിരെ ബയറണ് നാല് ഗോള്‍ ജയം....


ലോക ഫുട്‌ബോളിലെ മിന്നുംതാരങ്ങള്‍ ഡല്‍ഹി ജവഹര്‍ലാല്‍ സ്‌റ്റേഡിയത്തില്‍ ബൂട്ട് കെട്ടിയിറങ്ങിയപ്പോള്‍ അത് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് പുതിയ അനുഭവവും ആവേശവുമായി. പക്ഷേ ഗോള്‍ വല കുലുക്കുന്ന കാര്യത്തില്‍ അവര്‍ ഒട്ടും പിശുക്ക് കാട്ടിയില്ല. ലോക ക്ലബ് ഫുട്‌ബോളിലെ മുന്‍നിര ജര്‍മന്‍ ടീമായ ബയറണ്‍ മ്യൂണിക്കും ഇന്ത്യന്‍ ദേശീയ ടീമും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ ബയറണ്‍ നാല് ഗോളിന് ജയിച്ചു. നാലും വീണത് ആദ്യപകുതിയില്‍.

സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തിയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. തുടക്കത്തില്‍ മികച്ച പ്രതിരോധം തീര്‍ത്ത ഇന്ത്യയ്ക്ക് അത് നിലനിര്‍ത്താനായില്ല. ഒന്നിന് പുറകേ ഒന്നായി ഇന്ത്യന്‍ ഗോള്‍വലയ്ക്കടുത്തേക്ക് ആര്യന്‍ റോബനും മുള്ളറും ഷ്യെയ്ന്‍ സ്റ്റീഗറും ഇരമ്പിക്കയറിയപ്പോള്‍ പ്രതിരോധ ഭടന്‍മാര്‍ കാഴ്ച്ചക്കാരായി മാറി.

ആദ്യ പകുതി അവസാനിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് മൂന്ന് ഗോളുകളും പിറന്നത്. ഗോമസും ഷ്യെയ്ന്‍ സ്റ്റീഗറും ഓരോ ഗോള്‍ വീതവും മുള്ളര്‍ രണ്ട് ഗോളും നേടി. ഇടയ്ക്ക് ബൈച്ചൂങ് ബൂട്ടിയയുടെ ചില മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മികച്ച ഒരവസരം ബൂട്ടിയ പുറത്തേക്ക് അടിച്ചുകളയുകയും ചെയ്തു. നാല് ഗോള്‍ ആദ്യപകുതിയില്‍ വീണെങ്കിലും രണ്ടാംപകുതിയില്‍ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധ നിര നന്നായി പിടിച്ചുനില്‍ക്കുകയും പലപ്പോഴും ഗോള്‍മുഖത്തേക്ക് എത്തുകയും ചെയ്തു. പക്ഷേ അവസരങ്ങളൊന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. കളി തീരാന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോള്‍ ബൂട്ടിയ ബൂട്ടഴിച്ചു. പകരം മലയാളി താരം സബിത്താണ് ഇറങ്ങിയത്. ലോകകപ്പിലെ ആറ് കളിക്കാരടങ്ങിയ ജര്‍മന്‍ ക്ലബുമായുള്ള ഏറ്റുമുട്ടല്‍ ബൂട്ടിയയ്ക്കുള്ള വിടവാങ്ങല്‍ മത്സരം കൂടിയായിരുന്നു. തോല്‍വിയോടെ ബൂട്ടിയ ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയപ്പോള്‍ കരഘോഷത്തോടെയാണ് ആരാധകര്‍ അദ്ദേഹത്തെ വരവേറ്റത്.

22 തവണ ജര്‍മന്‍ ചാമ്പ്യന്മാരും നാലുതവണ യുവേഫ ചാമ്പ്യന്മാരുമായ ബയറണ്‍ മ്യൂണിക്ക് ഇതാദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. കഴിഞ്ഞ ലോകകപ്പില്‍ നിറഞ്ഞുകളിച്ച ആര്യന്‍ റോബനും തോമസ് മുള്ളറും ഫിലിപ്പ് ലാമും ബാസ്റ്റിന്‍ ഷ്വെയ്ന്‍സ്റ്റീഗറും മരിയോ ഗോമസും ഫ്രാങ്ക് റിബറിയും ഉള്‍പ്പെടെയുള്ള താരങ്ങളാണ് ഡല്‍ഹിയില്‍ കളിക്കാനിറങ്ങിയത്.

Monday, January 9, 2012

തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ 159-ാമത് നേര്‍ച്ചയ്ക്ക് കൊടിയേറി....

ഞായറാഴ്ച കാലത്ത് 11ന് ബി.പി. അങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരത്തുനിന്നും പുറപ്പെട്ട കഞ്ഞിക്കാരുടെ വരവോടെയായിരുന്നു നേര്‍ച്ചയ്ക്ക് തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരിച്ചാക്കുകളുമായി പുറപ്പെട്ട വരവില്‍ നിരവധിപേര്‍ പങ്കെടുത്തു. കഞ്ഞിക്കാരുടെ വരവ് ഉച്ചയോടെ ജാറത്തില്‍ എത്തി. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന അരി ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു.

ഉച്ചയ്ക്ക് 2.30നാണ് കൊടിയേറ്റവരവ് ആരംഭിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഡിവൈ.എസ്.പി സലീമില്‍നിന്ന് നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികള്‍ കൊടി ഏറ്റുവാങ്ങി. നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെയാണ് വരവ് നടന്നത്. ബാന്റുമേളം, ശിങ്കാരിമേളം, പാണ്ടിമേളം, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ചെണ്ടമേളം എന്നിവ വരവിന് മിഴിവേകി.

പൂഴിക്കുന്ന് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നഗരക്കാഴ്ച നടത്തിയാണ് നേര്‍ച്ചവരവ് ജാറം അങ്കണത്തില്‍ എത്തിയത്. വരവില്‍ അണിനിരന്ന നൂറുകണക്കിനാളുകള്‍ക്കുപുറമെ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നേര്‍ച്ചവരവിന് ആശീര്‍വാദമര്‍പ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ 60ല്‍ പരം ഘോഷയാത്രകള്‍ എത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വാക്കാട്ട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തില്‍ എത്തുന്നതോടെ നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പം കത്തിക്കല്‍ ചടങ്ങ് നടക്കും.

എടപ്പാളില്‍ മൂന്നിടത്തു തീപിടുത്തം....

എടപ്പാളില്‍ ഒരേസമയം മൂന്നിടത്തു തീപിടുത്തം. നടുവട്ടത്തുണ്ടായ തീപിടുത്തത്തില്‍ കൂടുതല്‍ നാശം. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നോടെയാണ്‌ നടുവട്ടത്തെ രണ്ടു സ്‌ഥലങ്ങളിലായും എടപ്പാള്‍ ജംഗ്‌ഷനിലുമായി തീപിടുത്തമുണ്ടായത്‌. നടുവട്ടം സ്വദേശിയായ ടി. രാമകൃഷ്‌ണന്റെ ഉടമസ്‌ഥതയിലുള്ള നടുവട്ടത്ത്‌ ആയിരുന്നു ആദ്യം തീ കണ്ടത്‌. മരം മുറിക്കുന്ന യന്ത്രത്തില്‍ നിന്നുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണം. ഞായറാഴ്‌ചയായതിനാല്‍ മില്ലിന്‌ അവധിയായിരുന്നു. ഇതു വഴി നടന്നു പോകുന്ന നാട്ടുകാരാണ്‌ തീ കണ്ടത്‌. വാതില്‍, ജനല്‍, മരചിത്ര യന്ത്ര കവചം എന്നിവ കത്തിയമര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പൊന്നാനിയില്‍ നിന്ന്‌ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ തീയണച്ചത്‌. ഇതേ സമയം തന്നെ എടപ്പാള്‍ പള്ളിക്കു സമീപത്തെ മാലിന്യക്കൂമ്പാരത്തിനും തീപിടിച്ചു. പുക ജംഗ്‌ഷനിലേക്കു പകര്‍ന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നടുവട്ടത്തു റോഡരികിലെ പുല്‍ക്കാടിനും തീപിടിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

Sunday, January 8, 2012

സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...



ഏഷ്യാനെറ്റിലെ
സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍
ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം
കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച്
കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ
നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട്
സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍.

ഒരുകോടി
രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍‌കൂര്‍
ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി
ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും
കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ
ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

വീടിന്‍റെ
ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. “ഒന്നര
വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും
പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും
ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട്
സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ
അറിയൂ” - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍
വ്യക്തമാക്കി.

കോഴിക്കോട്
തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാം‌തോട്ടമെന്ന മലയോര ഗ്രാമത്തില്‍
മണ്‍‌ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ
സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും
ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം
മാത്രമായി അവശേഷിക്കുകയാണ്.

Friday, January 6, 2012

തെരുവ്‌നായ്‌ക്കളുടെ ഭീതി ഒഴിഞ്ഞപ്പോള്‍ തിരൂരില്‍ മോഷ്‌ടാക്കളുടെ ഭീതി.....

തിരൂര്‍: പേപ്പട്ടി കടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്കേറ്റതോടെ നഗരസഭയുടെ നേതൃത്വത്തില്‍ നായ്‌ക്കളെ പിടിക്കുന്നവരെ വരുത്തി തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കി കഴിഞ്ഞതോടെ തിരൂരില്‍ കള്ളന്‍മാരുടെ ഭീതിതുടങ്ങി. രാത്രിയില്‍ മാലപൊട്ടിക്കുന്ന സംഘം സജീവമാണ്‌. തൃക്കണ്ടിയൂരിലെ നിരവധി വീടുകളില്‍ രണ്ടു ദിവസം മുമ്പ്‌ കളളന്‍കയറി. കഴിഞ്ഞ ദിവസം കണ്ണികുളങ്ങര സുന്ദരന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണമാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചോടി. പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ നാലിന്‌ മുത്തൂര്‍ ഐ.ടി.സിക്ക്‌ സമീപം താമസിക്കുന്ന മുഹമ്മദ്‌ ഷാഫിയുടെ വീട്ടില്‍ കയറിയ മോഷ്‌ടാക്കള്‍ വീട്ടമ്മ റഹീമയുടെ കഴുത്തില്‍ നിന്നും ആറര പവന്‍ സ്വര്‍ണമാലയും കുട്ടിയുടെ ശരീരത്തില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണവും പൊട്ടിച്ചെടുത്തു. കഴുത്തിന്‌ കത്തിവെച്ചാണ്‌ റഹീമയുടെ മാല കവര്‍ന്നത്‌. തിരൂര്‍ സി.ഐ: ആര്‍.റാഫി സ്‌ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരുടെ പരിശോധനയ്‌ക്ക് ശേഷം കേസ്‌ ഊര്‍ജിതമായി അന്വേഷിക്കും. തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കിയതോടെ രാത്രിയില്‍ റോഡുകള്‍ വിജനമാണ്‌. തെരുവ്‌ നായ്‌ക്കള്‍ ഉണ്ടായിരുന്ന സമയത്ത്‌ ഇവ സംശയാസ്‌പദ സാഹചര്യത്തില്‍ കാണുന്നവരെ വിരട്ടി ഓടിക്കുമായിരുന്നു. അതേ സമയം തെരുവ്‌ നായ്‌ക്കള്‍ ആരേയും കടിച്ചിട്ടുമില്ല. പേപ്പട്ടി വിഷബാധയുടെ മറവില്‍ തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കണമെന്നാവശ്യപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. തിരൂരില്‍ ഇപ്പോഴും നായ്‌ക്കളെ പിടികൂടുന്നവര്‍ ഇരു ചക്രവാഹനങ്ങളില്‍ കറങ്ങുന്നുണ്ട്‌. ഇവര്‍ നായ്‌ക്കളെ കണ്ടെത്താനെന്ന പേരില്‍ സ്വകാര്യ വ്യക്‌തികളുടെ വീട്ടുവളപ്പിലെ മതില്‍ ചാടിക്കടന്ന്‌ പരിസരം വീക്ഷിക്കാറുണ്ടെന്നും രാത്രി എട്ടിനു ശേഷവും നായ്‌ക്കളെ പിടികൂടാനാണെന്നും പറഞ്ഞു നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നായ്‌ക്കളെ പിടിക്കാനെത്തിയവരെ ഉടന്‍ തിരിച്ചയക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌....

Wednesday, January 4, 2012

രണ്ടാം ദിനത്തിലും വേങ്ങര ഉപജില്ല മുന്നില്‍......

മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം രണ്ടു ദിവസം പിന്നിട്ടതോടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വേങ്ങര ഉപജില്ല മുന്നേറ്റം തുടരുന്നു. 37 ഇനങ്ങള്‍ പൂര്‍ത്തിയായതോടെ വേങ്ങരക്ക്‌ 109 പോയിന്റുണ്ട്‌. 105 പോയിന്റോടെ മങ്കടയാണ്‌ രണ്ടാം സ്‌ഥാത്ത്‌. 102 പോയിന്റുള്ള എടപ്പാള്‍ മൂന്നാം സ്‌ഥാനത്താണ്‌.

യു. പി.വിഭാഗത്തില്‍ ഏഴിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ഉപജില്ല ഒന്നാം സ്‌ഥാനത്താണ്‌. 30 പോയിന്റ്‌. മഞ്ചേരി (26), വണ്ടൂര്‍(22) എന്നിവയാണു രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍.

44 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 117 പോയിന്റുമായി വേങ്ങര മുന്നില്‍. 116 പോയിന്റുമായി നിലമ്പൂര്‍ ഉപജില്ല തൊട്ടുപിറകിലുണ്ട്‌. 110 പോയിന്റുമായി മലപ്പുറമാണ്‌ മൂന്നാം സ്‌ഥാനത്ത്‌. യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ 54 പോയിന്റോടെ നിലമ്പൂര്‍ ഒന്നാം സ്‌ഥാത്ത്‌. 53 പോയിന്റുമായി മങ്കട രണ്ടാമതും 52 പോയിന്റുമായി പരപ്പങ്ങാടി മൂന്നാമതുമാണ്‌. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോല്‍സവത്തില്‍ മലപ്പുറം 46 പോയിന്റുമായി ഒന്നാം സ്‌ഥാത്താണ്‌. പരപ്പങ്ങാടിയാണ്‌ രണ്ടാമത്‌, 45 പോയിന്റ്‌. 42 പോയിന്റുമായി എടപ്പാള്‍ മൂന്നാം സ്‌ഥാത്താണ്‌.

അറബി കലോത്സവത്തില്‍ യു. പി വിഭാഗത്തില്‍ മേലാറ്റൂര്‍ 35 പോയിന്റോടെ ഒന്നാം സ്‌ഥാത്താണ്‌. മഞ്ചേരി 33 പോയിന്റുമായി രണ്ടാം സ്‌ഥാനത്തുണ്ട്‌. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 49 പോയിന്റുമായി പരപ്പങ്ങാടിയാണ്‌ ഒന്നാമത്‌. 45 പോയന്റുള്ള മലപ്പുറം, പെരിന്തല്‍മണ്ണ ഉപജില്ലകള്‍ രണ്ടാമത്‌. 44 പോയിന്റുമായി വേങ്ങര, അരീക്കോട്‌ എന്നിവരാണ്‌ മൂന്നാമത്‌.........

Tuesday, January 3, 2012

Mailanchi Remix.(മൈലാഞ്ചി )

ബ്യൂട്ടിഫുള്‍ കോപ്പിയടി!




കഥയുടെ പുതുമ കൊണ്ടും ട്രീറ്റ്‌മെന്റിന്റെ വ്യത്യസ്‌തത കൊണ്ടും മലയാളികളെ ഇപ്പോഴും തിയേറ്ററുകളിലേക്കാകര്‍ഷിച്ചു കൊണ്ടിരിക്കുന്ന ബ്യൂട്ടിഫുള്‍ 'ഇന്‍ടച്ചബിള്‍'എന്ന ഫ്രെഞ്ച്‌ ചിത്രത്തിന്റെ നഗ്നാനുകരണമാണെന്ന വാര്‍ത്ത പുറത്തുവന്നു. ഒലിവര്‍ നകാച്ചെയും എറിക്‌ ടൊലെ ഡാനോയും ചേര്‍ന്ന്‌ സംവിധാനം ചെയ്‌ത ഇന്‍ടച്ചബിള്‍ പറയുന്നത്‌ സാഹസികമായ പാരാ ഗ്‌ളൈഡിംഗിനിടെ അപകടത്തില്‍പ്പെട്ട്‌ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോവുന്ന ഫിലിപ്പിയുടേയും അയാളെ പരിചരിക്കാനെത്തുന്ന ഡ്രിസ്സിന്റെയും കഥയാണ്‌.

ഡ്രിസ്സ്‌ വളരെ ദരിദ്രമായ ജീവിതച്ചുറ്റുപാടുകളില്‍ നിന്ന്‌ വരുന്ന ആളാണ്‌. മാത്രവുമല്ല ഒരു കേസില്‍പ്പെട്ട്‌ ജയില്‍ ശിക്ഷ അനുഭവിച്ചു തീര്‍ത്ത ഉടനെയാണ്‌ ഡ്രിസ്സിനെ ഫിലിപ്പി തന്റെ സഹായി ആക്കുന്നത്‌. തുടര്‍ന്ന്‌ ഇരുവര്‍ക്കുമിടയില്‍ വികസിക്കുന്ന സൗഹൃദവും അത്‌ ഇരുവരുടേയും ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ഇന്‍ടച്ചബിള്‍ ദൃശ്യവല്‍ക്കരിക്കുന്നത്‌.

ഇന്‍ടച്ചബിളിലെ തളര്‍ന്നു കിടക്കുന്ന ഫിലിപ്പിയുടെ സ്‌ഥാനത്ത്‌ ബ്യൂട്ടിഫുള്ളിലെ കഥാപാത്രത്തിന്റെ പേര്‌ സ്‌റ്റീഫന്‍ ലൂയിസ്‌ എന്നാണ്‌. ജയസൂര്യ അവതരിപ്പിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌ ഒരു നാള്‍ ശരീരം തളര്‍ന്ന്‌ ശയ്യാവലംബിയായിപ്പോകുന്നു. പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാത്ത അവസ്‌ഥയില്‍ കിടക്കുന്ന കോടിക്ക ണക്കിന്‌ സ്വത്തിന്‌ അവകാശിയായ സ്‌റ്റീഫന്‍ ലൂയിസിന്റെ ബന്ധുക്കളുടെ നോട്ടം മുഴുവന്‍ അയാളുടെ സ്വത്തിലാണ്‌. ധനമോഹികളും സ്വാര്‍ത്ഥമതികളുമായ ബന്ധുക്കളില്‍ നിന്ന്‌ അകലമിട്ട്‌ കഴിയുന്ന സ്‌റ്റീഫന്‍ ഒരു നാള്‍ ഒരു പാട്‌ ജീവിത പ്രശ്‌നങ്ങളുള്ള സംഗീതജ്‌ഞനായ ജോണിനെ (അനൂപ്‌ മേനോന്‍) പരിചയപ്പെടുന്നു. ജീവിതത്തിനു നേരെ പകച്ചു നോക്കി നില്‍ക്കുന്ന ജോണിനെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുകയാണ്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാവാതെ ശയ്യാവലംബിയായിട്ടും ജീവിതത്തെ അതിരറ്റ ആസക്‌തിയോടെ സ്‌നേഹിക്കുന്ന സ്‌റ്റീഫന്‍ ലൂയിസ്‌.

ഫ്രാന്‍കോയിസ്‌ ക്‌ളൂസെറ്റും ഒമാര്‍സിയുമാണ്‌ യഥാക്രമം ഇന്‍ടച്ചബിളിലെ ഫിലിപ്പിയെയും ഡ്രിസ്സിനെയും അവതരിപ്പിക്കുന്നത്‌. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി 2004 ല്‍ പുറത്തു വന്ന ഒരു ഡോക്യുമെന്ററിയാണ്‌ ഇന്‍ടച്ചബിള്‍ എന്ന ഫ്രഞ്ച്‌ ചിത്രമൊരുക്കാന്‍ അതിന്റെ സംവിധായകര്‍ക്ക്‌ പ്രേരണയായത്‌. 2011 നവംബര്‍ 2 ന്‌ റിലീസായ ഈ ചിത്രം ഫ്രാന്‍സില്‍ മെഗാഹിറ്റാണ്‌. 2011 ഡിസംബര്‍ 2 നാണ്‌ ബ്യൂട്ടിഫുള്‍ കേരളത്തില്‍ റിലീസ്‌ ചെയ്‌തത്‌. 'ഗുസാരിഷു'ള്‍പ്പടെ മറ്റനേകം ഇന്ത്യന്‍ ചിത്രങ്ങളുമായി ബ്യൂട്ടിഫുളിന്‌ സാമ്യമുണ്ടെന്ന്‌ പറഞ്ഞു കേട്ടിരുന്നു. എന്നാലവയൊന്നും 'ഇന്‍ടച്ചബിള്‍' എന്ന ഫ്രഞ്ചു ചിത്രവുമായുള്ള സാമ്യത്തോളം വരില്ല. അനൂപ്‌ മേനോന്റെയാണ്‌ ബ്യൂട്ടിഫുളിന്റെ തിരക്കഥ. സംവിധാനം വി.കെ. പ്രകാശ്‌.

പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സി'നെ അതേപടി കോപ്പിയടിച്ച്‌ വച്ചിരിക്കയാണെന്നും പറഞ്ഞ്‌ ബ്‌ളെസിയുടെ 'പ്രണയ'ത്തെ ഇന്ത്യന്‍ പനോരമയില്‍ നിന്ന്‌ ഒഴിവാക്കിയത്‌ മുമ്പ്‌ വിവാദമായിരുന്നു.
mangalam

ജൂനിയര്‍ സച്ചിന്‍ എറിഞ്ഞു തുടങ്ങി....


മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ക്രിക്കറ്റില്‍ കരിയര്‍ തേടുകയാണു മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനൊപ്പമുള്ള അര്‍ജുന്‍ ഇന്നലെ പിതാവിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.

മൂര്‍ പാര്‍ക്കില്‍ പരിശീലന ഗ്രൗണ്ടില്‍ പിതാവിനെതിരേ തന്നെ പന്തെറിയാനും അര്‍ജുന്‍ തയാറായി. ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ ഇന്നു തുടങ്ങുന്ന രണ്ടാം ടെസ്‌റ്റിനുള്ള തയാറെടുപ്പുകളില്‍ മുഴുകിയപ്പോള്‍ ടീമംഗത്തെപ്പോലെ അര്‍ജുനും കളംനിറഞ്ഞു. മെല്‍ബണ്‍ ടെസ്‌റ്റില്‍ 122 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനാല്‍ ടീമിന്റെ ബാറ്റിംഗ്‌ പരിശീലനം ഗൗരവമേറിയതായിരുന്നു. അതുകൊണ്ടു തന്നെ അര്‍ജുനിന്‌ പാഡണിയാന്‍ അവസരം കിട്ടിയില്ല. സച്ചിന്‍ വലംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കില്‍ അര്‍ജുന്‍ ഇടംകൈയന്‍ പേസറും ബാറ്റ്‌സ്മാനുമാണെന്ന വ്യത്യാസമുണ്ട്‌.

പിതാവിന്റെ നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ്‌ തന്നെ ബാധിക്കുന്നേയില്ലെന്ന പോലെയായിരുന്നു അര്‍ജുനിന്റെ ബൗളിംഗ്‌. നവംബറില്‍ മുംബൈയില്‍ നടന്ന ഇന്റര്‍സ്‌കൂള്‍ മത്സരത്തിലാണ്‌ അര്‍ജുനിന്റെ പ്രതിഭ ലോകം ആദ്യമായാണ്‌ അറിയുന്നത്‌. ഹാരിസ്‌ ഷീല്‍ഡ്‌ സ്‌കൂള്‍സ്‌ കോമ്പറ്റീഷനില്‍ ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിനു വേണ്ടി കളിക്കാനിറങ്ങി ആദ്യ മത്സരത്തില്‍ തന്നെ 12 വയസുകാരനായ അര്‍ജുന്‍ 22 റണ്‍സ്‌ വഴങ്ങി എട്ടു വിക്കറ്റെടുത്തിരുന്നു. സച്ചിന്‍ ജൂനിയറിന്റെ ഇടംകൈയന്‍ പേസിന്റെ കൃത്യതയിലും സ്വിംഗിലും എതിരാളികള്‍ വലഞ്ഞു. ബാറ്റ്‌സ്മാനെന്നതിലുപരി ബൗളറായാകും അര്‍ജുന്‍ മുന്നേറുകയെന്ന്‌ അന്നു തന്നെ മാധ്യമങ്ങള്‍ വിലയിരുത്തി. ഇന്ത്യയുടെ രോഹിത്‌ ശര്‍മയ്‌ക്കെതിരേ അര്‍ജുന്‍ എറിഞ്ഞ പന്ത്‌ പ്രതിഭാസ്‌പര്‍ശമുള്ളതായിരുന്നെന്നാണു റിപ്പോര്‍ട്ട്‌. പന്തിന്റെ എവേ മൂവ്‌മെന്റ്‌ രോഹിത്‌ ശര്‍മയെ പൂര്‍ണമായും കമ്പളിപ്പിച്ചു.

വേങ്ങര മണ്ഡലത്തില്‍ തന്റെ പ്രചരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയില്ലെന്നു കെ.പി. ഇസ്‌മായില്‍......

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിയായി വേങ്ങരയില്‍ മല്‍സരിച്ച തന്റെ പ്രചാരണത്തിന്‌ സി.പി.എമ്മില്‍ നിന്ന്‌ ഒരു സംഖ്യയും കിട്ടിയിട്ടില്ലെന്നു കെ.പി. ഇസ്‌മായില്‍. ഐ.എന്‍.എല്‍. ജില്ലാ പ്രസിഡന്റ്‌ കൂടിയാണിദ്ദേഹം. പ്രചാരണച്ചെലവിനായി പണം സ്വരൂപിക്കാന്‍ പലരേയും തങ്ങള്‍ സമീപിച്ചപ്പോള്‍ അതു വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നാണു പറഞ്ഞത്‌. വേങ്ങരയില്‍ പ്രചരണത്തിനായി വി.എസ്‌. അച്യുതാനന്ദന്‍ എത്തിയിരുന്നെങ്കിലും അതു സി.പി.എമ്മിന്റെ ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ഐ.എന്‍.എല്‍. കൂടി ആവശ്യപ്പെട്ടതനുസരിച്ചാണ്‌ വി.എസ്‌. വേങ്ങരയില്‍ പ്രചരണത്തിനെത്തിയത്‌. നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ മല്‍സരിച്ച ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി ദുര്‍ബലനായതു കൊണ്ടാണ്‌ ലീഗ്‌ സ്‌ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതെന്ന സി.പി.എമ്മിന്റെ പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌. എന്നാല്‍ വേങ്ങരയില്‍ എല്‍.ഡി.എഫ്‌. തന്നെ ദുര്‍ബലമാണെന്ന്‌ കെ.പി. ഇസ്‌മായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഏറ്റവും ദുര്‍ബലമായ മണ്ഡലമാണ്‌ വേങ്ങര. ഇവിടെ സി.പി.എമ്മിലെ ചില നേതാക്കള്‍ ലീഗ്‌ സ്‌ഥാനാര്‍ഥിയുടെ ആശ്രിതരും ഒറ്റുകാരുമാണ്‌. ഈ വസ്‌തുത ജില്ലയിലെ മറ്റിടങ്ങളിലെ സി.പി.എം. പ്രവര്‍ത്തകര്‍ അറിയുന്നതു തടയാനാണ്‌ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥിക്കെതിരെ നുണപ്രചാരണം നടത്തുന്നത്‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലെ കണക്കുവെച്ചു നോക്കിയാല്‍ വേങ്ങരയില്‍ ഐ.എന്‍.എല്‍. സ്‌ഥാനാര്‍ഥി അല്ലായിരുന്നൂവെങ്കില്‍ എല്‍.ഡി.എഫിന്‌ കെട്ടിവെച്ച കാശുപോലും കിട്ടുമായിരുന്നില്ല. കാലങ്ങളായി എല്‍.ഡി.എഫിനൊപ്പം നിന്നു പ്രവര്‍ത്തിക്കുന്നവരാണ്‌ ഐ.എന്‍.എല്‍. എന്നാല്‍ കൂടെ നില്‍ക്കുന്നവരെ സമൂഹമധ്യത്തില്‍ അപഹസിക്കുന്ന പ്രചരണങ്ങളില്‍ നിന്ന്‌ സി.പി.എം. നേതൃത്വം പിന്‍മാറണമെന്നും ഇതു രാഷ്‌ട്രീയ മാന്യതക്കു ചേര്‍ന്നതല്ലെന്നും കെ.പി. ഇസ്‌മായില്‍ പറഞ്ഞു.
mangalam

പുതുവര്‍ഷത്തലേന്ന് തിരൂരില്‍ വിറ്റത് 15.5 ലക്ഷത്തിന്‍െറ മദ്യം....


പുതുവര്‍ഷത്തലേന്ന് ബിവറേജസ് കോര്‍പറേഷന്‍െറ തിരൂരിലെ ചില്ലറ വില്‍പനശാലയില്‍ വിറ്റത് 15.5 ലക്ഷത്തിന്‍െറ മദ്യം. 17.55 ലക്ഷത്തിന്‍െറ മദ്യം വിറ്റ് പൊന്നാനിയിലെ ചില്ലറ വില്‍പനശാല ഇഞ്ചോടിഞ്ച് മത്സരത്തില്‍ തിരൂരിനെ ‘മറികടന്നു’.
മദ്യവില്‍പനയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയ സമയത്ത് 16 ലക്ഷത്തിന്‍െറ വില്‍പനയാണ് പൊന്നാനിയില്‍ നടന്നത്. ഇത്തവണ റെക്കോഡ് തിരുത്തിയാണ് ജില്ലയിലെ മികച്ച പ്രകടനം ആവര്‍ത്തിച്ചത്.
കഴിഞ്ഞ പുതുവത്സരത്തലേന്ന് പൊന്നാനിയിലെ മദ്യവില്‍പന 16.5 ലക്ഷത്തിന്‍െറതായിരുന്നു. എടപ്പാളിലും ഇത്തവണ മദ്യവില്‍പന പൊടിപൊടിച്ചു. 13.5 ലക്ഷത്തിന്‍െറ വില്‍പനയാണ് ഇവിടെ നടന്നത്.
കഴിഞ്ഞ വര്‍ഷം ഇവിടെ 11 ലക്ഷത്തിന്‍െറ മദ്യമാണ് വിറ്റത്. പൊന്നാനി, എടപ്പാള്‍ മേഖലയിലെ ബാറുകളിലും അംഗീകൃതവും അല്ലാത്തതുമായ മദ്യവില്‍പനശാലകളില്‍ നടന്ന മദ്യവ്യാപാരത്തിന്‍െറ കണക്ക് ഇതിന് പുറമെയാണ്. കള്ളുഷാപ്പുകളിലെ കച്ചവടം വേറെയും വരും.

തിരൂരില്‍ ഒരുമാസത്തിനിടെ മൂന്നാമത്തെ കഞ്ചാവ് വേട്ട....

തിരൂര്‍: മേഖലയില്‍ എക്സൈസ് സംഘം ഒരുമാസത്തിനിടെ നടത്തിയ കഞ്ചാവ് വേട്ടയില്‍ മൂന്നാമത്തെ സംഘമാണ് ഞായറാഴ്ച പിടിയിലായത്.
സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന ഇടുക്കി സ്വദേശി മോഹനനും വര്‍ഷങ്ങളോളമായി ചങ്കുവെട്ടി, വൈലത്തൂര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുന്ന ബംഗാളി ബാബുവുമാണ് രണ്ട് പൊതികളിലായി മൂന്നുകിലോ കഞ്ചാവുമായി പിടിയിലായത്. ഡിസംബറില്‍ 350 ഗ്രാം കഞ്ചാവുമായി ഓട്ടോയടക്കം ഒരാളെയും 200 ഗ്രാം കഞ്ചാവുമായി മറ്റൊരാളെയും പിടികൂടിയിരുന്നു. ദേശീയപാതയിലെ ചങ്കുവെട്ടി ജങ്ഷന്‍ കേന്ദ്രീകരിച്ച് വര്‍ഷങ്ങളോളമായി കഞ്ചാവ് വില്‍പനക്കാര്‍ വിഹരിക്കുന്നു.
വൈലത്തൂര്‍ മേഖലയിലാണ് കൂടുതല്‍ വില്‍പനയെന്നാണ് അധികൃതരുടെ കണ്ടെത്തല്‍. മുപ്പതോളം പേര്‍ വര്‍ഷങ്ങളായി മേഖലയില്‍ കഞ്ചാവ് വില്‍പനക്കാരായുണ്ടെന്നും ഞായറാഴ്ച പിടികൂടിയ ബംഗാളി ബാബു സ്ഥിരം വില്‍പനക്കാരില്‍ ഒരാളാണെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
കഞ്ചാവ് പിടിച്ചാല്‍ സാക്ഷികളായി ഒപ്പിടാന്‍ ആരും മുന്നോട്ടു വരാറില്ളെങ്കിലും ഞായറാഴ്ച ചങ്കുവെട്ടിയില്‍ രണ്ടു പേര്‍ സന്നദ്ധരായി വന്നത് അഭിനന്ദനാര്‍ഹവും പുതിയ അനുഭവവുമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.