FLASH NEWS

Tuesday, October 16, 2012

വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു...


വിലക്കുകള്‍ ഫലവത്താകുന്നില്ല. ജില്ലയിലെ വിദ്യാര്‍ഥികളില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം വര്‍ധിക്കുന്നു. ഏറെയും പെണ്‍കുട്ടികളാണ്‌ ചതിക്കുഴിയില്‍ വീഴുന്നത്‌. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത്‌ അധികൃതര്‍ വിലക്കിയിട്ടുണ്ടെങ്കിലും പെണ്‍കുട്ടികള്‍ വരെ രഹസ്യമായി സദാസമയവും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്‌. കോളജ്‌ കാമ്പസ്‌ വിട്ടു കഴിഞ്ഞാല്‍ ബസ്‌യാത്രക്കിടയിലും ടൗണിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചും വീഡിയോ ചിത്രങ്ങള്‍ കണ്ടും സമയം കളയുന്ന വിദ്യാര്‍ഥികളെ കാണാം. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിയന്ത്രിക്കാനാവാതെ അധ്യാപകര്‍ വിഷമിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കര്‍ശന നിയന്ത്രണമുണ്ടെങ്കിലും ഉപയോഗം കുറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിക്കുന്നത്‌ വ്യാപകമായിട്ടുണ്ട്‌. പെണ്‍കുട്ടികള്‍ക്കു വരെ കാമറയും ബ്ലൂടൂത്തും മറ്റു സൗകര്യമുള്ള മൊബൈല്‍ ഫോണുകളുണ്ട്‌. ആണ്‍കുട്ടികളില്‍ നിന്ന്‌ അശ്ലീല ചിത്രങ്ങളടങ്ങിയ മെമ്മറി കാര്‍ഡ്‌ വാങ്ങി പെണ്‍കുട്ടികളും ഇത്‌ കാണുന്നുണ്ട്‌. മുന്‍കാലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി വിവര സാങ്കേതിക വിദ്യയുടെ വിസ്‌ഫോടനത്തോടെ ആണ്‍- പെണ്‍ സൗഹൃദങ്ങളുടെ മാനം വളരെയധികം മാറിയിട്ടുണ്ട്‌.
വിനോദത്തിനു വേണ്ടി ഒരു പരിധിവരെ എന്തുമാവാം എന്ന ചിന്താഗതിയിലേക്കുമാറിക്കൊണ്ടിരിക്കുകയാണ്‌ ഗ്രാമപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ വരെ. ഇവിടെയാണ്‌ മൊബൈല്‍ ഫോണുകള്‍ വില്ലനാകുന്നത്‌. രണ്ടു മാസം മുമ്പ്‌ കല്‍പ്പറ്റയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിന്‌ കോഴിക്കോട്‌ സ്വദേശിയെ അറസ്‌റ്റു ചെയ്‌തിരുന്നു. ഇവിടെയും വില്ലനായത്‌ മൊബൈല്‍ ഫോണ്‍. യാദൃശ്‌ചികമായി പരിചയപ്പെട്ട യുവാവുമായി വിദ്യാര്‍ഥിനി മൊബൈല്‍ ഫോണിലൂടെ അടുത്തു. അധികം വൈകാതെ ഇരുവരും ഒരുമിച്ച്‌ പല സ്‌ഥലത്തും കറങ്ങാന്‍ പോയി. അവസാനം പിടിക്കപ്പെട്ടപ്പോള്‍ മാനക്കേട്‌ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും മാത്രം. കഴിഞ്ഞ ദിവസം മാനന്തവാടി താലൂക്കിലെ ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അധ്യാപകര്‍ പിടിച്ചിരുന്നു. മെമ്മറി കാര്‍ഡ്‌ പരിശോധിച്ചപ്പോള്‍ അതില്‍ നിറയെ അശ്ലീല ചിത്രങ്ങള്‍ കണ്ട്‌ അധ്യാപകര്‍ ഞെട്ടി. മെമ്മറി കാര്‍ഡുകളില്‍ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിക്കൊടുക്കുന്ന സ്‌ഥാപനങ്ങള്‍ ജില്ലയിലെ വിവിധ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മുമ്പ്‌ ഇത്തരം സ്‌ഥാപനങ്ങളില്‍ പോലീസ്‌ ഇടയ്‌ക്കിടെ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ പരിശോധനയില്ലാത്തത്‌ അശ്ലീല ചിത്രങ്ങളുടെ വ്യാപനത്തിന്‌ കാരണമായിട്ടുണ്ട്‌. ....
ചില സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയപ്പോള്‍ സമീപത്തുള്ള കടകളില്‍ കൊടുത്ത്‌ വൈകുന്നേരം തിരിച്ചുവാങ്ങുകയാണ്‌ ചെയ്യുന്നത്‌. കുട്ടികള്‍ക്ക്‌ കിട്ടുന്ന പോക്കറ്റ്‌ മണി പോലും ഇതിനായി ഉപയോഗിക്കുന്നു. അഞ്ചുമുതല്‍ എട്ടുവരെയുള്ള ക്ലാസിലെ കുട്ടികള്‍വരെ മൊബൈല്‍ ഫോണിന്റെ ഇരകളാണ്‌. കുട്ടികള്‍ ചതിക്കുഴികളില്‍ അകപ്പെടുമ്പോഴാണ്‌ രക്ഷിതാക്കള്‍ സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്‌. പരീക്ഷകളില്‍ പാസാകുമ്പോള്‍ രക്ഷിക്കാക്കള്‍ മക്കള്‍ക്ക്‌ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കുന്ന രീതിയാണിന്ന്‌ നിലവിലുള്ളത്‌. രാത്രി പഠനത്തിന്റെ മറവില്‍ മൊബൈല്‍ ഫോണുകളിലാണ്‌ പല വിദ്യാര്‍ഥികളും ഏറെ സമയം ചെലവഴിക്കുന്നത്‌. പി.ടി.എ യോഗത്തില്‍ അധ്യാപകര്‍ ഉദാഹരണം സഹിതം വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും പല രക്ഷിതാക്കള്‍ക്കും മക്കളെ നിയന്ത്രിക്കാനാവുന്നില്ലെന്നതാണ്‌ സത്യം. link by mangalam

1 comment:

  1. Veettammamaar thanne mobile phone valayil aanu, pinne kuttikalude kaaryam parayanao

    ReplyDelete