FLASH NEWS

സാഹിത്യം &സിനിമ

ജഗതിയ്‌ക്കെതിരെ രഞ്ജിനി വീണ്ടും രംഗത്ത്

ജഗതിയ്‌ക്കെതിരെ രഞ്ജിനി വീണ്ടും രംഗത്ത്. മൂക്കറ്റം മദ്യപിച്ചിട്ടാണ് ജഗതി തന്നെ ആക്ഷേപിച്ചത് എന്നാണ് രഞ്ജിനി ഹരിദാസ് ഇപ്പോള്‍ പറയുന്നത്. ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിനി ഇങ്ങനെ പറയുന്നത്. അദ്ദേഹത്തെപ്പോലെ പൈസയ്ക്ക് വേണ്ടി ജോലി ചെയ്യുന്നയാളാണ് താനും. വ്യക്തിപരമായാണ് അദ്ദേഹം തന്നെ ആക്ഷേപിച്ചത്. ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തോട് ബഹുമാനമുണ്ടായിരുന്നു. എന്നാല്‍ അന്ന് മദ്യപിച്ച് വന്ന് പറയാന്‍ പാടില്ലാത്തതായിരുന്നു അദ്ദേഹം പറഞ്ഞതെന്നും രഞ്ജിനി പറയുന്നു.
ആരെയും അനുകരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫൈനല്‍ വേദിയില്‍ ഗൗണ്‍ അണിഞ്ഞെത്തിയത് കുറെ വിവാദമുണ്ടാക്കിയിരുന്നു. എന്നാല്‍ അതിനുശേഷം വസ്ത്രധാരണത്തിലും കുറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങള്‍ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. പ്രേക്ഷകരുടെ നല്ല വിമര്‍ശനങ്ങള്‍ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. തുടക്കത്തില്‍ തന്റെ സംസാരം തനി മംഗഌഷായിരുന്നു. എന്നാല്‍ ഇന്ന് അത് വളരെയേറെ മാറിയിട്ടുണ്ട്. പൂര്‍ണമായും തന്നെ മനസിലാക്കുന്നയാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളുവെന്നും രഞ്ജിനി അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സ്വഭാവം മറ്റൊരാള്‍ക്ക് വേണ്ടി കോംപ്രമൈസ് ചെയ്യാന്‍ ഇഷ്ടമില്ല. അതുകൊണ്ടുതന്നെ തന്റെ രീതികളുമായി പൊരുത്തപ്പെടുന്നയാളെ മാത്രമെ വിവാഹം കഴിക്കുകയുള്ളുവെന്നും രഞ്ജിനി വ്യക്തമാക്കുന്നു.

മുസ്ലിംകളെ അന്യവത്കരിച്ചാല്‍ കണ്ണീര് കുടിക്കേണ്ടിവരും -രാമനുണ്ണി

മുസ്ലിംകളെ അന്യവത്കരിക്കുന്ന രീതി തുടര്‍ന്നാല്‍ ഭാവിയില്‍ നാം കണ്ണീര് കുടിക്കേണ്ടിവരുമെന്ന് സാഹിത്യകാരനും വയലാര്‍ അവാര്‍ഡ് ജേതാവുമായ കെ.പി. രാമനുണ്ണി. വര്‍ഗീയപരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ സമൃദ്ധമായ നമ്മുടെ പൈതൃകം കൊണ്ടാണ് അതിനെ നേരിടേണ്ടത്. ദൈവങ്ങളെയും മഹാത്മാക്കളെയും മൗലികവാദികള്‍ ഹൈജാക്ക് ചെയ്യുന്ന കാഴ്ചയാണ് കേരളത്തിലുള്ളത്. മൈത്രിയാണ് നമുക്കാവശ്യം. മത സൗഹാര്‍ദത്തിനുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് താന്‍ രാമനുണ്ണിയല്ല, രാമന്‍ മദനിയാണെന്ന് ചിലര്‍ പരിഹസിച്ചത്-ശക്തി തിയറ്റേഴ്സിന്‍െറ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലും സാഹിത്യകാരന്‍മാരുടെ പ്രവര്‍ത്തന കേന്ദ്രമായ കോഴിക്കോട്ടും സാഹിത്യ സദസ്സ് നാള്‍ക്കുനാള്‍ ശൂന്യമാവുകയാണ്. ഗള്‍ഫിലെ നിറഞ്ഞ സദസ്സ് കാണുമ്പോള്‍ കേരളത്തിലെ സാഹിത്യ, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫിലേക്ക് മാറ്റണമെന്നാണ് എന്‍െറ അഭിപ്രായം.
ഫലഭൂയിഷ്ഠമായ ഒരു പ്രദേശമെന്ന ആനുകൂല്യം നമുക്കുണ്ടായിരുന്നു. മറ്റു നാട്ടുകാര്‍ കേരളത്തില്‍ വന്നപ്പോള്‍ അവരെ സ്വീകരിക്കാനുള്ള മനസ്സ് മലയാളികള്‍ക്കുണ്ടായിരുന്നു. ഏത് മതങ്ങള്‍ വന്നാലും മണ്ണിനോട് ചേര്‍ന്നുനില്‍ക്കുന്നതിന് തടസ്സമില്ലാത്ത മനസ്സായിരുന്നു കേരളത്തിന്‍േറത്. എന്നാല്‍ ഇന്ന് മലയാളികള്‍ ആത്മനിന്ദയോടെയാണ് പരസ്പരം കാണുന്നത്-രാമനുണ്ണി പറഞ്ഞു.
ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് പി. പത്മനാഭന്‍െറ അധ്യക്ഷതയില്‍ കെ.എസ്.സിയില്‍ നടന്ന ചടങ്ങില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ബെന്യാമിന്‍ മുഖ്യ പ്രഭാഷണം നടത്തി. 10 പുരസ്കാരങ്ങള്‍ ലഭിച്ച ‘ആടുജീവിതത്തിന്’ ആദ്യ പുരസ്കാരം ശക്തി അവാര്‍ഡാണെന്നു പറഞ്ഞ് പ്രഭാഷണമാരംഭിച്ച ബെന്യാമിന്‍, സാഹിത്യ പ്രവര്‍ത്തനം ജനപക്ഷത്ത് നില്‍ക്കുന്നതും നന്‍മനിറഞ്ഞതുമാകണമെന്ന് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ താന്‍ ഏറ്റവും ഇഷ്ടപ്പെട്ട കവയിത്രി കനിമൊഴി അഴിമതിക്കേസില്‍ ജയിലിലായപ്പോള്‍ അവരുടെ സൃഷ്ടികള്‍ വലിച്ചെറിയാന്‍ തനിക്ക് മടിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സാംകുട്ടി പൊട്ടങ്കരി, ഗണേഷ് ബാബു, കെ.ബി. മുരളി, ബി. യേശുശീലന്‍, മൊയ്തു ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കലാ വിഭാഗം സെക്രട്ടറി മധു പരവൂര്‍ എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി.
പ്രസിഡന്‍റ് പി. പത്മനാഭന്‍, വൈസ് പ്രസിഡന്‍റ് എ.കെ. ബീരാന്‍കുട്ടി എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. ജനറല്‍ സെക്രട്ടറി വി.പി. കൃഷ്ണകുമാര്‍ സ്വാഗതവും ജോ. സെക്രട്ടറി കെ.ടി. ഹമീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ദല ദുബൈ വനിതാ വിഭാഗം അവതരിപ്പിച്ച ശിങ്കാരിമേളം വര്‍ണപ്പൊലിമയേകി...


'പ്രണയം' കോപ്പിയടി പനോരമ തഴഞ്ഞു!


തരക്കേടില്ലാത്ത മാധ്യമശ്രദ്ധയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രമാണ്‌ ബ്‌ളെസിയുടെ പ്രണയം. ചിത്രം സൂപ്പര്‍ഹിറ്റായില്ലെങ്കിലും മോശമല്ലാത്ത കളക്ഷന്‍ നേടി. കൂടാതെ, മോഹന്‍ലാലിന്റെ സിനിമാ കരിയറിലെ ഏറ്റവും ശ്രദ്ധേയചിത്രമെന്ന്‌ സാക്ഷാല്‍ സുകുമാര്‍ അഴീക്കോട്‌ പോലും സാക്ഷ്യപ്പെടുത്തിയ ചിത്രമാണ്‌ പ്രണയം.

ഇത്രയൊക്കെ ജനശ്രദ്ധ നേടിയ പ്രണയത്തെ ഇന്ത്യന്‍ പനോരമ തഴഞ്ഞു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പോള്‍ കോക്‌സിന്റെ 'ഇന്നസെന്‍സ്‌'എന്ന ചിത്രം അതേപടി കോപ്പിയടിച്ചിരിക്കുകയാണത്രെ ബ്‌ളെസി. ഇക്കാരണത്താലാണ്‌ 'പ്രണയ'ത്തെ ഒഴിവാക്കിയതെന്നാണ്‌ പനോരമയുടെ വക്‌താക്കളുടെ ഭാഷ്യം.

എന്നാല്‍, പനോരമയില്‍ സെലക്ഷന്‍ കിട്ടിയ 'ചാപ്പാകുരിശ്‌', 'ഫോണ്‍ ബുക്ക്‌' എന്ന കൊറിയന്‍ ചിത്രത്തിന്റെ അനുകരണമായിട്ടും എന്തുകൊണ്ട്‌ തിരഞ്ഞെടുത്തു എന്നാണ്‌ ബ്‌ളെസിയുടെ ചോദ്യം. ഇതിന്‌ പനോരമക്കാര്‍ പറഞ്ഞ മറുപടി - ചാപ്പാകുരിശ്‌ 'ഫോണ്‍ ബുക്കി'നെ പൂര്‍ണ്ണമായി കോപ്പിയടിച്ചു വച്ചിരിക്കയല്ല, ആശയം മാത്രമേ കടമെടുത്തിട്ടുള്ളൂ എന്നാണ്‌...


സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും.


സിനിമാ ചരിത്രത്തിലെ സംഭവമാവുകയാണ് സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും. കേരളത്തില്‍ മൂന്നു തിയറ്ററുകളില്‍ മാത്രം വെള്ളിയാഴ്ച റിലീസ് ചെയ്ത കൃഷ്ണനും രാധയും മലയാളികളുടെ പരമ്പരാഗതമായ കാഴ്ചാ, പ്രേക്ഷകസങ്കല്‍പ്പങ്ങളെ തകിടം മറിക്കുന്നു. എറണാകുളത്തെ കാനൂസിലും തൃശൂരിലെ ബിന്ദുവിലും ചെറുപ്പക്കാര്‍ അരാജകത്വത്തോളമെത്തുന്ന അര്‍മാദം നടത്തുകയാണ്.
സിനിമയിലെ ഗാനങ്ങള്‍ക്ക് യു ട്യൂബിലും മറ്റു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും കമന്റായി കിട്ടിയ തെറിവിളികളുടെ ലൈവായ പെര്‍ഫോര്‍മന്‍സാണ് തിയറ്ററുകളില്‍ നടക്കുന്നത്. മിഥ്യാഭിമാനങ്ങളോ ഐ.ടിബിടി. ആകുലതകളോ മറന്ന് ഏലിയന്‍ സ്റ്റാറിന്റെ രക്തത്തിനായി പച്ചത്തെറിയുടെ അലര്‍ച്ചാപ്രവാഹം.

കൊടുങ്ങല്ലൂര്‍ ഭരണിയുടെ നല്ല നാളുകളില്‍ പോലും കേള്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത, പറയുന്നവരെപ്പോലും ലജ്ജിപ്പിക്കുന്ന ലൈംഗികസങ്കല്‍പ്പങ്ങളാണ് പുറത്തുവരുന്നത്. അരിസ്‌റ്റോട്ടിലിന്റെ കഥാര്‍സിസ് തിയറിയുടെ സാധൂകരണമാണോ ഈ തിയറ്ററുകളില്‍ നടക്കുന്നതെന്നു സംശയിക്കണം.
പഴയകാലത്ത് തലയില്‍ മുണ്ടിട്ടു കള്ളുഷാപ്പില്‍ കയറുന്ന മാന്യന്മാരെപ്പോലെ, ഇന്നത്തെ യുവത ടീ ഷര്‍ട്ട് വലിച്ചുയര്‍ത്തി മുഖം മറച്ചാണ് തിയറ്ററിലേക്കു കയറുന്നതും ടിക്കറ്റിനായി ക്യൂ നില്‍ക്കുന്നതും. പക്ഷേ, മാറ്റിനി കണ്ടിറങ്ങിയ ചെറുപ്പക്കാര്‍ മുദ്രാവാക്യ വിളികളുമായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യമര്‍പ്പിച്ച് നീങ്ങിയപ്പോള്‍ മുഖങ്ങളെല്ലാം വെളിച്ചത്തായി. എം.ജി. റോഡില്‍ പത്തു മിനിറ്റോളം നീണ്ട ഗതാഗത തടസം. സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്ററിനു നേരെ വെള്ളക്കുപ്പികള്‍ പറക്കുന്നു. കാതടപ്പിക്കുന്ന മുദ്രാവാക്യവിളി. തെറി താരതമ്യേന കുറവ്.

തിയറ്ററിനകത്ത് സ്ഥിതി വളരെ വ്യത്യസ്തം. ഡര്‍ട്ടി പിക്ചറിന്റെ പ്രകേപനപരമായ ട്രെയിലര്‍ കണ്ടിട്ടും യുവാക്കള്‍ക്ക് ഒരു കൂസലുമില്ല. അവര്‍ നിശബ്ദം. പക്ഷേ, കൃഷ്ണനും രാധയും ടൈറ്റില്‍ സ്‌ക്രീനില്‍ തെളിഞ്ഞതോടെ കഥ മാറി. പിന്നെ രണ്ടര മണിക്കൂര്‍ നീണ്ട തെറിവിളിയുടെ പകല്‍പ്പൂരം.
സന്തോഷ് പണ്ഡിറ്റിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനോടെ അര്‍മാദത്തിന്റെ ഉച്ചസ്ഥായി. സിനിമയിലെ ആദ്യഗാനമായ രാത്രി ശുഭരാത്രി സ്‌ക്രീനില്‍ തെളിഞ്ഞതോടെ കാണികളുടെ പിടിവിട്ടു. പിന്നെ കൂട്ടനൃത്തമായി. ഷര്‍ട്ടൂരിയെറിഞ്ഞും പരമാവധി അശഌലച്ചുവടുകള്‍വെച്ചും അവര്‍ ആഘോഷിക്കുകയാണ്. സ്‌ക്രീനിനു മുന്നില്‍ ആഭാസനൃത്തവുമായി ആര്‍ത്തലയ്ക്കുന്ന മലയാളിയുവത.

ഡയലോഗുകളിലെല്ലാം പുട്ടിനു പീര പോലെ, അമ്പതു വര്‍ഷം മുമ്പുള്ള സെന്‍സിബിലിറ്റിയോടെ തത്വജ്ഞാനം വിളമ്പുന്നതൊന്നും ഈ ആര്‍ത്തലപ്പിനു മുന്നില്‍ കേള്‍ക്കാനേ ആവില്ല. ഒരു സാമ്പിള്‍. നായകന്‍ വ്യത്യസ്ത മതക്കാരിയായ നായികയെ വിവാഹം ചെയ്ത് ഒരുമിച്ചു താമസം തുടങ്ങുമ്പോള്‍ മൂന്നു കാര്യങ്ങള്‍ ഉപദേശിക്കുകയാണ്. ഒന്ന് മതവിശ്വാസം പാടില്ല. രണ്ടും മൂന്നും ഉപദേശങ്ങള്‍ കേള്‍ക്കാനാവില്ല. തെറിയുടെ കടലാണ് അലയടിക്കുന്നത്. കേള്‍ക്കാനായത് കാണികളുടെ കോറസ്. അടിയില്‍ *** പാടില്ല.

ഓരോ ഡയലോഗിനും വന്‍തെറിയാണ് അകമ്പടി. സന്തോഷ് പണ്ഡിറ്റ് സ്‌ക്രീനില്‍ അരങ്ങു തകര്‍ക്കുമ്പോള്‍ സ്‌ക്രീനിനു മുന്നില്‍, കസേരയില്‍ കയറിയിരുന്ന് ഫോട്ടോക്ക് പോസു ചെയ്യുകയാണ് ഒട്ടുമിക്ക പേരും. ഇന്നേവരെ കേരളത്തിലെ തിയറ്ററുകളില്‍ കാണാത്ത സംഭവമാണ് പിന്നീടരങ്ങേറിയത്. പ്രൊജക്ടറിനും സ്‌ക്രീനിനും ഇടയില്‍ കൈകള്‍ ഉയര്‍ത്തിവെച്ച്, വിരലുകള്‍ കൊണ്ട്, വെള്ളക്കുപ്പികള്‍ കൊണ്ട്, സ്ത്രീകഥാപാത്രങ്ങളെ നിഴല്‍മാനഭംഗം നടത്തുന്ന കാണികള്‍.

രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ട സിനിമക്കൊടുവില്‍ ജാഥയായി സന്തോഷ് പണ്ഡിറ്റിന് അഭിവാദ്യം അര്‍പ്പിച്ച്, ക്യൂവില്‍ തിങ്ങിനിറഞ്ഞവരെ പ്രോല്‍സാഹിപ്പിച്ച് പുറത്തേക്ക്. എം.ജി. റോഡില്‍ വീണ്ടും പത്തു മിനിറ്റ് ഗതാഗതതടസം.
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിനു പിന്തുണയുമായി, കത്തുന്ന മെഴുകുതിരികളുമായി അച്ചടക്കത്തോടെ നീങ്ങിയ സമാനമുഖങ്ങളാണ് തിയറ്ററില്‍ അഴിഞ്ഞാടുന്ന ഈ യുവാക്കളുടേതും. ടോറന്റിലൂടെയും മറ്റും നല്ല സിനിമ കണ്ട് ഉദ്ദീപിക്കപ്പെട്ടവര്‍തന്നെ ഇവര്‍. എല്ലാവരും ലോവര്‍ മിഡില്‍ കല്‍സിനും മുകളിലുള്ളവര്‍. ഒരാളും സിനിമ കാണാനല്ല വന്നതെന്നു വ്യക്തം.
ഈ അര്‍മാദമാണ് മലയാള സിനിമയുടെ ഭാവി സൂചകമെങ്കില്‍..... ഇല്ല, അതു താങ്ങാനാവില്ല...




ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു മോഹന്‍ലാല്‍ കോടതി കയറും?‍


സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്‌ത 'സ്‌നേഹവീട്‌ ' എന്ന ഇപ്പോള്‍ പ്രദര്‍ശനശാലകളിലുള്ള ചിത്രത്തിലെ ബൈക്ക്‌ യാത്രാ സീനുകളില്‍ മുഴുവന്‍ കെ. എല്‍. 11 3344 എന്ന ബുള്ളറ്റ്‌ മോട്ടോര്‍ സൈക്കിളില്‍ മോഹന്‍ലാല്‍ ഹെല്‍മറ്റില്ലാതെയാണ്‌ സഞ്ചരിക്കുന്നത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന്‌ മോഹന്‍ലാലിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഡി. ജി. പി. ക്ക്‌ നേരിട്ട്‌ പരാതി നല്‍കിയിരിക്കയാണ്‌ കേരള ഗവണ്‍മെന്റിന്റെ റോഡ്‌ സുരക്ഷാ ഉപദേശക സമിതിയംഗം കൂടിയായ അഡ്വ. ജോര്‍ജ്‌ജ്. സിനിമയില്‍ ബൈക്കോടിച്ചത്‌ പേട്ടെ, കേരളത്തിലെ പൊതു സ്‌ഥലങ്ങളിലെല്ലാം ഹെല്‍മറ്റില്ലാതെ മോഹന്‍ലാല്‍ ബൈക്കിലിരിക്കുന്ന കൂറ്റന്‍ ഫ്‌ളക്‌സുകളും വച്ചിരിക്കുന്നു. ആയതിനാല്‍ കുറഞ്ഞ പക്ഷം ലാല്‍ ഫൈന്‍ അടക്കാനെങ്കിലും തയ്യാറാകണമെന്നാണ്‌ പരാതിക്കാരന്‍ പറയുന്നത്‌. പരസ്യങ്ങളുടെ പേരിലും കേണല്‍ പദവിയുടെ പേരിലും വിവാദനായകനായ മോഹന്‍ലാല്‍ ഈ പുതിയ വിവാദത്തെക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാല്‍ ഹെല്‍മറ്റ്‌ ഉപയോഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സന്ദേശം നല്‍കിയാല്‍ മോട്ടോര്‍ ബൈക്ക്‌ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന്‌ യുവാക്കള്‍ അത്‌ ചെവിക്കൊള്ളുമെന്നാണ്‌ അഡ്വ. ജോര്‍ജ്‌ജിന്റെ പക്ഷം.



മമ്മൂട്ടി @ 60!

പ്രായമേറുന്തോറും ചെറുപ്പക്കാരനും സുന്ദരനുമായി മാറുകയാണ് മലയാളത്തിലെ സൂപ്പര്‍താരം മമ്മൂട്ടി. മലയാളസിനിമയിലെ ഈ സുല്‍ത്താന് ഇന്ന് അറുപതു വയസ് തികയുകയാണ്. അദ്ദേഹത്തിന്റെ വയസിനെപ്പറ്റി ആലോചിച്ചാല്‍ ഈ അറുപതുകാരന് യുവാക്കള്‍ക്കിടയിലെ ട്രെന്‍ഡ്‌സെറ്ററായി ഇപ്പോഴും നിലനില്‍ക്കാന്‍ എങ്ങനെ കഴിയുന്നുവെന്ന് നാം അത്ഭുതപ്പെടും. അതിന്റെ ക്രെഡിറ്റ് മമ്മൂട്ടിക്കു മാത്രം സ്വന്തം. ചിട്ടയായ ഭക്ഷണത്തിന്റെ വ്യയാമത്തിന്റെ കഠിനാധ്വാനത്തിന്റെ ആകെത്തുകയാണ് മമ്മൂട്ടിയുടെ 'യൗവനം'. മമ്മൂട്ടി ഇപ്പോഴും നമുക്ക് യുവാവാണ്. ചുറുചുറുക്കുള്ള യൗവനത്തിലാണ് അദ്ദേഹമെന്ന് നമ്മള്‍ വിശ്വസിക്കുന്നു.

1951 സെപ്റ്റംബര്‍ ഏഴിന് കോട്ടയത്തെ ചെമ്പിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഇരുപതാമത്തെ വയസില്‍ 'അനുഭവങ്ങള്‍ പാളിച്ച'കളിലൂടെയായിരുന്നു സിനിമയിലേക്കുള്ള കാല്‍വെപ്പ്. തുടര്‍ന്നങ്ങോട്ട് മലയാളസിനിമയിലെ താരചക്രവര്‍ത്തിമാരില്‍ ഒരാളായി മാറുകയായിരുന്നു മമ്മൂക്ക. നാല്‍പതുവര്‍ഷത്തെ അഭിനയജീവിതത്തില്‍ 360ലേറെ ചിത്രങ്ങള്‍. ഭീമനാകാനും, കര്‍ണനാകാനും, പഴശ്ശിരാജാവ് ആകാനും എന്തിന് ഒരു സംവിധായകനും കൈവെക്കാത്ത 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ രവിയാകാനും നാം തേടുന്നത് ഈ മുഖം മാത്രം.

1980 മുതലാണ് മമ്മൂട്ടി എന്ന നടനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് 1993വരെ മലയാളസിനിമയുടെ സുവര്‍ണകാലഘട്ടത്തില്‍ അദ്ദേഹം കുതിച്ചുയര്‍ന്നു. 1986ല്‍ മാത്രം 35സിനിമകളിലാണ് അദ്ദേഹം നായകനായി അഭിനയിച്ചത്. സംവിധായകരായ ഐ.വി ശശി, എം.ടി വാസുദേവന്‍നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍, ലോഹിതദാസ്, പത്മരാജന്‍, ടി.വി ചന്ദ്രന്‍ തുടങ്ങി പുതുതലമുറയിലെ മാര്‍ട്ടിന്‍ പ്രക്കാര്‍ട്ടു വരെ മമ്മൂട്ടിയുടെ പ്രതിഭയെ അടുത്തറിഞ്ഞവരാണ്.

സിനിമ കഥയില്ലായ്മയുടെ പ്രതിസന്ധിയില്‍ക്കൂടി കടന്നുപോയ കാലഘട്ടങ്ങളിലും 'പ്രാഞ്ചിയേട്ട'നായും, 'പാലേരി മാണിക്യ'ത്തിലെ ഇരട്ട വേഷങ്ങളിലൂടെയും അദ്ദേഹം തിളങ്ങി. ഫ്ലകസിബിലിറ്റിയില്ലെന്ന വിമര്‍ശം വരുമ്പോള്‍ 'അമര'ത്തിലേയും 'പൊന്തന്‍മാട'യിലേക്കും മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി തന്നെ ഉത്തരമാകുന്നു.

ഒരു അഭിഭാഷകന്‍ കൂടിയായ മമ്മൂട്ടി യുവതലമുറയോടൊപ്പം എല്ലാക്കാര്യങ്ങളും ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ്. ട്രെന്‍ഡിയായുള്ള വസ്ത്രങ്ങള്‍ അണിയാനും ചേരുന്ന കൂളിങ് ഗഌസുകള്‍ ധരിക്കാനും ഇന്റര്‍നെറ്റിലും ബേഌഗെഴുത്തിലുമൊക്കെ സജീവമാകാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. അഭിനയത്തിന് നിരവധി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ മമ്മൂട്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ്.

മമ്മൂട്ടിക്ക് ജന്‍മദിനാശംസകള്‍....

വിപ്ലവത്തീയിന് എണ്ണ പകരാന്‍ ചെ വീണ്ടും!


ലോകമെമ്പാടുമുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ വിയോജന ശബ്ദമുയര്‍ത്തുന്നവരുടെ ചിന്തകള്‍ക്ക് ശക്തി പകരാന്‍ വിപ്ലവ നായകന്റെ ചിന്തകളെത്തിയിരിക്കുന്നു. വിപ്ലവ സ്വപ്നങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കിയ, അടിമത്വത്തിനെതിരെ ഇടതടവില്ലാതെ കലഹിച്ച ഏണസ്റ്റോ ചെഗുവേരയുടെ ഒളിപ്പോര്‍ ഡയറികളാണ് ക്യൂബ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയൊടൊത്ത് അദ്ദേഹം നടത്തിയ ഒളിപ്പോരുകളാണ് പുസ്തകരൂപത്തില്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.

'ഒരു പോരാളിയുടെ ഡയറി' എന്ന പേരിലാണ് ഡയറി പൊതുജനങ്ങളിലേക്ക് എത്തുന്നത്. 1956 മുതല്‍ 1958 വരെയുള്ള പോരാട്ടങ്ങളിലൂടെ എങ്ങനെ ഫിദല്‍ കാസ്‌ട്രോ അധികാരത്തിലെത്തിയെന്നതാണ് ഡയറി പ്രതിപാദിക്കുന്നത്. ചെഗുവേരയുടെ എണ്‍പത്തിമൂന്നാം പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ക്യൂബന്‍ സര്‍ക്കാര്‍ പുസ്തകം പ്രസിദ്ധീകരിച്ചത്. ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പ്രവര്‍ത്തിക്കുന്ന ‘ചെഗുവേര പഠന കേന്ദ്ര’മാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചെഗുവേരയുടെ ഭാര്യയായ അലീഡ മാര്‍ച്ചാണ് ഈ പഠന കേന്ദ്രത്തിന്റെ അധ്യക്ഷ, അലീഡ തന്നെയാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നതും.

മെക്സിക്കോയില്‍ ആയിരിക്കുമ്പോള്‍ 1956-ലാണ് ഫിഡല്‍ കാസ്ട്രോയുടെ വിപ്ലവ പാര്‍ട്ടിയായ ‘ജൂലൈ 26’-ലെ മുന്നേറ്റ സേനയില്‍ ചെഗുവേര ചേരുന്നത്. തുടര്‍ന്ന് 1956-ല്‍ ഏകാധിപതിയായ ജനറല്‍ ഫുല്‍ജെന്‍സിയോ ബാറ്റിസ്റ്റയെ ക്യൂബയില്‍ നിന്ന് നിഷ്കാസനം ചെയ്യുക എന്ന ലക്‍ഷ്യത്തോടെ പായ്ക്കപ്പലില്‍ അദ്ദേഹം ക്യൂബയിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

വിപ്ലവഭേരിക്കു ശേഷം, “സുപ്രീം പ്രോസിക്യൂട്ടര്‍” എന്ന പദവിയില്‍ നിയമിതനായ ചെഗുവേരയായിരുന്നു മുന്‍ഭരണകാലത്തെ യുദ്ധകുറ്റവാളികളെ വിചാരണ നടത്തി വിധി നടപ്പിലാക്കിയിരുന്നത്. വിപ്ലവം വ്യാപിപ്പിക്കുന്നതിനായി ചെഗുവേര 1965-ല്‍ കോംഗോയിലേക്കും തുടര്‍ന്ന് ബൊളീവിയയിലേക്കും യാത്ര തിരിച്ചു. എന്നാല്‍ ബൊളീവിയയില്‍ സിഐഐയുടേയും അമേരിക്കന്‍ സൈന്യത്തിന്റെ പ്രത്യേക സേനയുടേയും സഹായത്തോടെയുള്ള ആക്രമണത്തില്‍ പിടിയിലായ ചെഗുവേരയെ 1967 ഒക്ടോബര്‍ 9-നു ബൊളീവിയന്‍ സൈന്യം വാലിഗ്രനേഡിനടുത്തുള്ള ലാ ഹിഗ്വേരയില്‍ വിചാരണ കൂടാതെ വധിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ചെഗുവേരയ്ക്ക് 39 വയസായിരുന്നു...