FLASH NEWS

Wednesday, August 15, 2012

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവത്തിനും ചികിത്സയ്‌ക്കും ഇനി പണം വേണ്ട....

സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രസവവും മാതാവിന്റെയും കുട്ടിയുടെയും ചികിത്സയും ഇനി പൂര്‍ണമായും സൗജന്യം. ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിനു കീഴില്‍ ജനനി ശിശുസുരക്ഷാ കാര്യക്രം (ജെ.എസ്‌.എസ്‌.കെ.) പദ്ധതിയിലൂടെയാണിതു നടപ്പാക്കുന്നത്‌. ജെ.എസ്‌.എസ്‌.കെയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ തൈക്കാട്‌ ഗവ. ആശുപത്രിയില്‍ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. ജില്ലയില്‍ പദ്ധതിയുടെ ഉദ്‌ഘാടനം 17 നു രാവിലെ 10.30 ന്‌ മലപ്പുറം നഗരസഭാ ടൗണ്‍ ഹാളില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ദേശീയതലത്തില്‍ മാതൃ-ശിശു മരണ നിരക്ക്‌ പരമാവധി കുറയ്‌ക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ ഭൂരിഭാഗം പ്രസവങ്ങളും നടക്കുന്നതു സ്വകാര്യ ആശുപത്രികളിലാണ്‌. നിര്‍ധനര്‍ മാത്രമാണു സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നത്‌. സര്‍ക്കാര്‍ ആശുപത്രികളില്‍ ഗര്‍ഭിണികള്‍ക്കു വരുന്നതിനും പോകുന്നതിനും 500 രൂപ ലഭിക്കുന്നതോടൊപ്പം സാധാരണ പ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ഒരു വിധത്തിലുളള പണച്ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്കുണ്ടാകുന്നില്ല എന്നതാണ്‌ പദ്ധതിയുടെ സവിശേഷത. പ്രസവിച്ച്‌ 30 ദിവസത്തിനകം ആശുപത്രികളിലെത്തുന്ന ഓരോ തവണയും 500 രൂപ വീതം ലഭിക്കും. പുതുതായി ജനിക്കുന്ന കുട്ടിക്ക്‌ അസുഖമുണ്ടെങ്കില്‍ 30 ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കും. മരുന്നുകളും മറ്റും സൗജന്യമായി ലഭിക്കും. സാധാരണ പ്രസവത്തിനു മൂന്നു ദിവസവും സിസേറിയന്‌ ഏഴ്‌ ദിവസവും ആശുപത്രിയില്‍ താമസിക്കാം. രോഗനിര്‍ണയം, ഭക്ഷണം, മരുന്നുകള്‍, രക്‌തം ആവശ്യമുളള രോഗികള്‍ക്കു രക്‌തം എന്നിവ സൗജന്യമായി ലഭിക്കും. ഒരു ദിവസത്തെ ഭക്ഷണക്രമം: രാവിലെ ഏഴിന്‌ ബെഡ്‌ കോഫി, എട്ടിന്‌ പ്രഭാത ഭക്ഷണം, 10ന്‌ പഴവര്‍ഗങ്ങള്‍, ഉച്ചയ്‌ക്ക് ഒന്നിന്‌ ഉച്ച ഭക്ഷണം, നാലിന്‌ ചായയും പലഹാരവും, 7.30ന്‌ അത്താഴം. കൂടുതല്‍ ചികിത്സയ്‌ക്ക് വേണ്ടി മറ്റ്‌ ആശുപത്രികളിലേക്ക്‌ റഫര്‍ ചെയ്‌താല്‍ ആ ആശുപത്രിയിലേക്കും അവിടെനിന്നു തിരിച്ചു വീട്ടിലെത്തുന്നതിനുമുള്ള വാഹന വാടക ലഭിക്കും. ഗര്‍ഭിണികള്‍ക്കും അസുഖബാധിതരായ നവജാത ശിശുക്കള്‍ക്കും നല്‍കേണ്ട ആരോഗ്യ സുരക്ഷയ്‌ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കുകയും അമിത ചെലവ്‌ ഇല്ലാതാക്കുകയും ചെയ്യുന്ന ഈ പദ്ധതി ദാരിദ്ര്യ രേഖയ്‌ക്ക് താഴെയുള്ളവര്‍ക്കും മുകളിലുള്ളവര്‍ക്കും നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ രാജ്യത്തെ ഒരു കോടി ഗര്‍ഭിണികള്‍ക്ക്‌ പ്രയോജനം ചെയ്യും. 1100 കോടിരൂപയാണ്‌ 2011-12 വര്‍ഷത്തേക്ക്‌ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു ലഭിക്കുക. സാധാരണ പ്രസവത്തിന്‌ 1650 രൂപയും സിസേറിയന്‌ 3300 രൂപയും ചെലവഴിക്കാം. കേരളത്തിലെ ഇപ്പോഴത്തെ മാതൃമരണ നിരക്ക്‌ 81 (ഒരു ലക്ഷത്തിന്‌) ആണെങ്കിലും ദേശീയ ശരാശരി 212 ആണ്‌. മുഴുവന്‍ പ്രസവവും ആശുപത്രികളിലായാല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണ നിരക്ക്‌ ഇനിയും കുറയ്‌ക്കാന്‍ കഴിയും. ജില്ലയ്‌ക്ക് ജെ.എസ്‌.എസ്‌.കെ. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിന്‌ 4.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഗര്‍ഭിണികള്‍ക്ക്‌ 3.89 കോടിയും നവജാതശിശുക്കളുടെ ചികിത്സയ്‌ക്ക് 27.10 ലക്ഷം രൂപയുമാണ്‌ അനുവദിച്ചത്‌. പുതുതായി ജനിക്കുന്ന 15% കുട്ടികള്‍ക്കും അസുഖങ്ങളുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. ഒരു കുട്ടിക്ക്‌ 700 രൂപ വരെ ചെലവഴിക്കാം.