FLASH NEWS

Friday, June 29, 2012

81.30 രൂപ മുടക്കാന്‍ തയാറാണോ? വീട്ടിലെ മാലിന്യപ്രശ്‌നം പരിഹരിക്കാം....

വീട്ടീലെ മാലിന്യപ്രശ്‌നം പരിഹരിക്കണോ? വെറും 81 രൂപയും 30 പൈസയും മാത്രം മുടക്കിയാല്‍ മതി. മാലിന്യ നിര്‍മാര്‍ജനത്തിനായുള്ള പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ രീതി വീടുകളില്‍ ആവിഷ്‌ക്കരിക്കാന്‍ നിശ്‌ചയിച്ചിട്ടുള്ള വില 813 രൂപയാണ്‌. എന്നാല്‍ ഇതില്‍ 75 ശതമാനം ശുചിത്വമിഷനും 15 ശതമാനം ഗ്രാമപഞ്ചായത്തും സബ്‌സിഡിയായി നല്‍കുമ്പോള്‍ ഉപഭോക്‌താവിനു ചെലവാകുന്നത്‌ തന്റെ വിഹിതമായ 10 ശതമാനം തുക മാത്രം. അതായത്‌ 81.30 രൂപ. വിലയേറിയ പദ്ധതികളായതിനാല്‍ മാലിന്യനിര്‍മാര്‍ജനം നടത്താന്‍ കഴിയുന്നില്ലെന്ന വീട്ടുകാരുടെ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഏതൊരു സാധാരണക്കാരനും പൈപ്പ്‌ കമ്പോസ്‌റ്റിംഗ്‌ ഇനി സ്വന്തം വീട്ടില്‍ നടപ്പിലാക്കാം. കമ്പോസ്‌റ്റിംഗിനായി നിശ്‌ച്ചിയ വ്യാസത്തോടെ ഒരു മീറ്റര്‍ നീളമുള്ള രണ്ടു പൈപ്പുകള്‍ മണ്ണില്‍ കുഴിച്ചിടും. പൈപ്പിന്റെ മുകള്‍ ഭാഗത്തെ വായ മൂടുകയും ചെയ്യും. ഇതു തുറന്നു ദിവസവും വീടുകളില്‍ നിന്നുപേക്ഷിക്കുന്ന മാലിന്യം നിക്ഷേപിക്കാം. ശേഷം അടച്ചുവെക്കുകയും ചെയ്യാം. ഇതു നിറയുന്നതോടെ രണ്ടാം പൈപ്പില്‍ മാലിന്യം നിക്ഷേപിക്കാം. നിശ്‌ചിത ദിവസത്തിനു ശേഷം ഇതു വളമായി മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഈ രീതിയാണ്‌ കൂടുതല്‍ വീട്ടുകള്‍ സ്വീകരിച്ചിട്ടുള്ളതെന്നു മലപ്പുറത്തു നടന്ന ശില്‍പശാലയില്‍ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ വ്യക്‌തമാക്കി. മാലിന്യസംസ്‌ക്കരണത്തിനായുള്ള വിവിധ ബയോഗ്യാസ്‌ പ്ലാന്റുകളേയും കമ്പോസ്‌റ്റ് രീതിയേയും പരിചയപ്പെടുത്താനായിരുന്നു തദ്ദേശസ്‌ഥാപന അധ്യക്ഷന്‍മാര്‍ക്കായി മലപ്പുറത്തു ശില്‍പശാല നടന്നത്‌. ജില്ലാ പദ്ധതി രൂപീകരണം, ഇതിന്റെ തുടര്‍പ്രവര്‍ത്തനം, മാലിന്യസംസ്‌ക്കരണം എന്നിവ കൂടിയായിരുന്നു ശില്‍പശാലയുടെ ലക്ഷ്യം. മണ്‍കല കമ്പോസ്‌റ്റിംഗ്‌, മണ്ണിര കമ്പോസ്‌റ്റിംഗ്‌, ജൈവഭരണി, ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവയ്‌ക്കായി ലഭിക്കുന്ന സഹായത്തെക്കുറിച്ചും ശുചിത്വമിഷന്‍ കോര്‍ഡഡിനേറ്റര്‍ വ്യക്‌തിമാക്കി. കമ്പോസ്‌റ്റിംഗ്‌ സ്‌ഥാപിക്കാന്‍ 90 ശതമാനം സബ്‌സിഡിയാണു ലഭിക്കുക. നിലവിലെ സാഹചര്യത്തില്‍ കമ്പോസ്‌റ്റിംഗ്‌ രീതി പ്രോല്‍സാഹിപ്പിക്കണമെന്നും ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പറഞ്ഞു. ബയോഗ്യാസ്‌ പ്ലാന്റുകളില്‍ അര മീറ്റര്‍ ക്യൂബിക്കിന്‌ 6500 ഉം ഒരു മീറ്റര്‍ ക്യൂബിക്കിന്‌ 10000 രൂപയുമാണ്‌. ഇറച്ചിക്കട, ആശുപത്രി എന്നിവിടങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്റിന്‌ 50 ശതമാനം സബ്‌സിഡിയുണ്ട്‌. ബാക്കി ഉപഭോക്‌താവു വഹിക്കണം. പ്ലാസ്‌റ്റിക്‌ വസ്‌തുക്കള്‍ തുണ്ടം തുണ്ടമാക്കി സംസ്‌ക്കരിക്കാനുള്ള പ്ലാസ്‌റ്റിക്‌ ഷ്രഡിംഗ്‌ ആന്‍ഡ്‌ റീ പ്രോസസിംഗ്‌ യൂണിറ്റും ചിലയിടങ്ങളില്‍ നടപ്പിലാക്കി വരുന്നു. തദ്ദേശ സ്‌ഥാപനങ്ങള്‍ക്കാണ്‌ ഇത്രം യൂണിറ്റുകള്‍ തുടങ്ങാന്‍ എളുപ്പം. ശേഖരിക്കുന്ന പ്ലാസ്‌റ്റിക്കുകള്‍ തരംതിരിച്ച്‌ യൂണിറ്റിലെത്തിച്ചു കഷ്‌ണമാക്കുകയാണ്‌ ചെയ്യുക. ഇതു പിന്നീടു പ്ലാസ്‌റ്റിക്‌ കവര്‍ ഉല്‍പാദകര്‍ക്കു നല്‍കാനാകും. ശില്‍പശാല ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുഹ്‌റ മമ്പാട്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ കലക്‌ടര്‍ എം.സി. മോഹന്‍ദാസ്‌, ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്‌ഥിരസമിതി അധ്യക്ഷസ്‌ഥാനത്തുള്ള സലീം കുരുവമ്പലം, സക്കീന പുല്‍പ്പാടന്‍, ടി. വനജ, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, ജില്ലാ പ്ലാനിംഗ്‌ ഓഫീസര്‍ മുഹമ്മദലി, അശ്‌റഫ്‌ കോക്കൂര്‍ പങ്കെടുത്തു. mangalam..

ത്രിവേണിയുടെ സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ്‌: ജില്ലയ്‌ക്കുളള അഞ്ചു ബസുകള്‍ എത്തി...

കുറഞ്ഞ വിലയില്‍ പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും വീടുകളില്‍ നേരിട്ടെത്തിക്കുന്നതിനായി ത്രിവേണിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. ഇതിനായി ചുറ്റുഭാഗവും കെട്ടിയ മിനിബസുകള്‍ സജ്‌ജമായി. സംസ്‌ഥാനതല ഉദ്‌ഘാടനം ജൂലൈ രണ്ടിനു വേങ്ങരയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. മലപ്പുറം, പാലക്കാട്‌ ജില്ലകളിലായി ആകെ പത്തു ബസുകളാണ്‌ ആദ്യഘട്ടത്തില്‍ പുറത്തിറക്കിയിരിക്കുന്നത്‌. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, വേങ്ങര, വണ്ടൂര്‍, പെരിന്തല്‍മണ്ണ, താനൂര്‍ മണ്ഡലങ്ങളിലും പാലക്കാട്‌ ജില്ലയില്‍ തൃത്താല, പട്ടാമ്പി, പാലക്കാട്‌, മണ്ണാര്‍ക്കാട്‌, ഷൊര്‍ണുര്‍ മണ്ഡലങ്ങളിലുമാണ്‌ ബസുകള്‍ സഞ്ചരിക്കുക. ഡിസംബറില്‍ 13 ബസുകള്‍ കൂടി പുറത്തിറക്കും. ഓരോ മണ്ഡലത്തിലേക്കും ഓരോ ബസ്‌ എന്നതാണു ലക്ഷ്യം. നാലു ഭാഗവും ഗ്ലാസുകള്‍ കൊണ്ട്‌ കവചിതമാണ്‌ ബസ്‌. ഓരോ ബസിലും മൂന്നു ജീവനക്കാരുണ്ടാകുക. പലവ്യഞ്‌ജനങ്ങള്‍ സാധാരണ നിലയില്‍ നല്‍കാന്‍ റേഷന്‍കാര്‍ഡ്‌ ആവശ്യമില്ല. എന്നാല്‍ സിവില്‍സപ്ലൈസ്‌ ആവിഷ്‌ക്കരിച്ച നന്മ പദ്ധതി പ്രകാരം കൂടുതല്‍ വിലകുറച്ച്‌ സാധനങ്ങള്‍ ലഭിക്കാന്‍ റേഷന്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്ന്‌ അധികൃതര്‍ പറഞ്ഞു

Saturday, June 23, 2012

വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. ...

ദേശീയപാതയില്‍ മലപ്പുറം കോട്ടപ്പുറത്തിന്‌ സമീപം വെന്നിയൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം നാലായി. വേങ്ങര ചെകിടക്കുന്നില്‍ ഫാത്തിമ, പരപ്പനങ്ങാടി സ്വദേശി ഷാഹിദ,പൂക്കിപ്പറന്പ് സ്വദേശി സാഖിദ് അലി എന്നിവരാണ് മരിച്ചവരില്‍ മൂന്നുപേര്‍. ഒരാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍​ രക്ഷപെട്ട ഒന്നര വയസ്സുള്ള ഒരുകുട്ടിയെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍​‍ പ്രവേശിപ്പിച്ചിരുന്നു.

Friday, June 15, 2012

എ.ടി.എമ്മില്‍നിന്ന് കീറിയതും ഒട്ടിച്ചതുമായ നോട്ടുകള്‍.....

എ.ടി.എം എന്നതിന് 'ആരും തൊടാത്ത മണി' എന്നൊരു പൂര്‍ണരൂപം കൂടി നല്‍കിയിരുന്നു നാട്ടുകാര്‍. കാരണം ആദ്യകാലത്ത് എ.ടി.എം കൗണ്ടറുകള്‍ വഴി പുത്തന്‍ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നാട്ടിലാകെ വ്യാപകമായതോടെ ഇപ്പോള്‍ പഴകിയതും കീറിയതുമായ നോട്ടുകളും കിട്ടുന്നുണ്ട്. ഏത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ.ടി.എമ്മില്‍നിന്ന് വേണമെങ്കിലും പണം പിന്‍വലിക്കാമെന്നതിനാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പരാതികള്‍ കുറവാണ്. കാരണം അതത് ബാങ്കിന്റെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മാത്രമേ അധികൃതര്‍ ചെവികൊടുക്കൂ. ബുധനാഴ്ച വേങ്ങരയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച പി.എസ്.എം.ഒ കോളേജ് വിദ്യാര്‍ഥി വി.കെ. മുഹമ്മദ്‌നവാസിന് കിട്ടിയ നൂറ്‌രൂപ നോട്ടുകളില്‍ ഒന്ന് ഒട്ടിച്ചതാണ്. പഴക്കം കാരണം അരികില്‍നിന്ന് കീറിപ്പോയ വലിയൊരു ഭാഗമാണ് വെള്ളക്കടലാസുപയോഗിച്ച് ഒട്ടിച്ചിട്ടുള്ളത്. പിതൃസഹോദരന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുകയിലാണ് പഴയ നോട്ടും ഉള്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് പരാതിയുമായി ബാങ്കിലെത്തിയ നവാസിന് അധികൃതര്‍ നോട്ട് മാറ്റി നല്‍കി. മറ്റ് എ.ടി.എമ്മുകളില്‍നിന്നും ഇതേ രീതിയിലുള്ള നോട്ടുകള്‍ കിട്ടുന്നതായി പരാതിയുണ്ട്. നൂറ്‌രൂപ നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് ബാങ്കുകാര്‍ പറയുന്നു. കൗണ്ടറുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയില്‍ ഏറ്റവും ചെറുത് നൂറ്‌രൂപയും അതിന്റെ ഗുണിതങ്ങളും ആയതിനാല്‍ നൂറിന്റെ നോട്ടിന് നല്ല ചെലവാണ്.

ഇരട്ടക്കൊലപാതകം: ബഷീറിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ഐ.ജി.

അരീക്കോട്‌ കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ പി.കെ. ബഷീര്‍ എം.എല്‍.എയ്‌ക്കു പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന്‌ കേസന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതലയുള്ള ഐ.ജി. ഗോപിനാഥന്‍. പ്രതികാരമാണു കൊലപാതകത്തിനു കാരണമായതെന്നാണു വിവരം. പ്രതികളെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ മുഴുവന്‍ പ്രതികളെയും പിടികൂടും. കൊലപാതകത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടോയെന്ന്‌ അറിയില്ല. ഗള്‍ഫിലേക്കു മുങ്ങിയ മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുക്‌താര്‍ റഹ്‌മാനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഐ.ജി. പറഞ്ഞു.

ട്രോളിംഗ്‌ നിരോധനം നാളെ അര്‍ധരാത്രി മുതല്‍...


നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി വരെ ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുമെന്ന്‌ എ.ഡി.എം: എന്‍.കെ. ആന്റണി അറിയിച്ചു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിധ വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തിലാണ്‌ ഇക്കാര്യംഅറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവുണ്ട്‌. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും ഈ കാലയളവില്‍ നിരോധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ എന്‍ജിന്റെ കുതിര ശക്‌തി കണക്കാക്കാതെ ഉപരിതല മീന്‍പിടിത്തം നടത്താം. നിരോധനം ലംഘിക്കുന്ന ബോട്ടുകളും വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്ത്‌ കെ.എഫ്‌.എം.ആര്‍ ആക്‌ട് അനുസരിച്ചുള്ള പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്‌ഥാന ബോട്ടുകള്‍ 14 ന്‌ ശേഷം കടലില്‍ ഇറക്കുവാന്‍ അനുവദിക്കില്ല. തീരപ്രദേശത്തുള്ള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ്‌് നിരോധന കാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്‌. ബോട്ടുകള്‍ക്ക്‌ ഡീസല്‍ നല്‍കാന്‍ പാടില്ല. ട്രോളിംഗ്‌ നിരോധനംമൂലം തൊഴില്‍ നഷ്‌ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധതൊഴിലാളികള്‍ക്കും പീലിങ്‌ തൊഴിലാളികള്‍ക്കും ഫിഷറീസ്‌ ഡയറക്‌ടറുടെ നിര്‍ദേശ പ്രകാരം 2011 ലെ ലിസ്‌റ്റ് പ്രകാരമുള്ളവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഈ കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു യന്ത്രവര്‍കൃത ബോട്ടും ഒരു ഫൈബര്‍ വള്ളവും ഫിഷറീസ്‌ വകുപ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌.ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികള്‍ക്ക്‌ പുറമെ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെ ഫിഷറീസ്‌ വകുപ്പ്‌ നിയോഗിക്കും. അടിയന്തിര ഘട്ടത്തില്‍ കോസ്‌റ്റ് ഗാര്‍ഡ്‌, നേവി എന്നിവരുടെ സഹായം നല്‍കും. കോസ്‌റ്റ് ഗാര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1554. ഫിഷറീസ്‌ വകുപ്പ്‌ മേയ്‌ 15 ന്‌ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലും ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമിലും അപകട വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യാം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്‌ഥാ മുന്നറിയിപ്പ്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ബോയ്‌, ആവശ്യമായ ഇന്ധനം, ടൂള്‍ കിറ്റ്‌ എന്നിവ വള്ളങ്ങളില്‍ കരുതണം. തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണ സമിതി, റവന്യൂ, പൊലീസ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ, പോര്‍ട്ട്‌, മറ്റ്‌ അനുബന്ധ വകുപ്പുകള്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തണം. ഈ കാലയളവില്‍ കടലോരങ്ങളിലെ ലോ ആന്‍ഡ്‌ ഓര്‍ഡര്‍ നിലനിര്‍ത്തുന്നതിന്‌ പൊലീസ്‌ വകുപ്പ്‌ ശ്രദ്ധിക്കണം.