FLASH NEWS

Friday, June 15, 2012

ട്രോളിംഗ്‌ നിരോധനം നാളെ അര്‍ധരാത്രി മുതല്‍...


നാളെ അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധ രാത്രി വരെ ട്രോളിംഗ്‌ നിരോധനം നിലവില്‍ വരുമെന്ന്‌ എ.ഡി.എം: എന്‍.കെ. ആന്റണി അറിയിച്ചു. കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ വിവിധ വകുപ്പു മേധാവികളുടെയും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും സംയുക്‌ത യോഗത്തിലാണ്‌ ഇക്കാര്യംഅറിയിച്ചത്‌. ഇതുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഉത്തരവുണ്ട്‌. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും ഈ കാലയളവില്‍ നിരോധിച്ചു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക്‌ എന്‍ജിന്റെ കുതിര ശക്‌തി കണക്കാക്കാതെ ഉപരിതല മീന്‍പിടിത്തം നടത്താം. നിരോധനം ലംഘിക്കുന്ന ബോട്ടുകളും വള്ളങ്ങളും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിനെ ഉപയോഗിച്ച്‌ പിടിച്ചെടുത്ത്‌ കെ.എഫ്‌.എം.ആര്‍ ആക്‌ട് അനുസരിച്ചുള്ള പിഴ ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ട്രോളിംഗില്‍ ഏര്‍പ്പെട്ടിരിക്കുന്ന അന്യ സംസ്‌ഥാന ബോട്ടുകള്‍ 14 ന്‌ ശേഷം കടലില്‍ ഇറക്കുവാന്‍ അനുവദിക്കില്ല. തീരപ്രദേശത്തുള്ള ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ്‌് നിരോധന കാലയളവില്‍ പ്രവര്‍ത്തിപ്പിക്കരുത്‌. ബോട്ടുകള്‍ക്ക്‌ ഡീസല്‍ നല്‍കാന്‍ പാടില്ല. ട്രോളിംഗ്‌ നിരോധനംമൂലം തൊഴില്‍ നഷ്‌ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറുകളിലെ അനുബന്ധതൊഴിലാളികള്‍ക്കും പീലിങ്‌ തൊഴിലാളികള്‍ക്കും ഫിഷറീസ്‌ ഡയറക്‌ടറുടെ നിര്‍ദേശ പ്രകാരം 2011 ലെ ലിസ്‌റ്റ് പ്രകാരമുള്ളവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. ഈ കാലയളവില്‍ കടല്‍ പട്രോളിംഗിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ജില്ലയില്‍ ഒരു യന്ത്രവര്‍കൃത ബോട്ടും ഒരു ഫൈബര്‍ വള്ളവും ഫിഷറീസ്‌ വകുപ്പ്‌ സജ്‌ജമാക്കിയിട്ടുണ്ട്‌.ബോട്ടുകളിലെയും വള്ളങ്ങളിലെയും തൊഴിലാളികള്‍ക്ക്‌ പുറമെ പരിശീലനം ലഭിച്ച സുരക്ഷാ ഭടന്മാരെ ഫിഷറീസ്‌ വകുപ്പ്‌ നിയോഗിക്കും. അടിയന്തിര ഘട്ടത്തില്‍ കോസ്‌റ്റ് ഗാര്‍ഡ്‌, നേവി എന്നിവരുടെ സഹായം നല്‍കും. കോസ്‌റ്റ് ഗാര്‍ഡിന്റെ ടോള്‍ ഫ്രീ നമ്പര്‍ 1554. ഫിഷറീസ്‌ വകുപ്പ്‌ മേയ്‌ 15 ന്‌ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലും ജില്ലാ ആസ്‌ഥാനത്തും താലൂക്ക്‌ ഓഫീസുകളിലും പ്രവര്‍ത്തിപ്പിക്കുന്ന കണ്‍ട്രോള്‍ റൂമിലും അപകട വിവരങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട്‌ ചെയ്യാം. മത്സ്യത്തൊഴിലാളികള്‍ കാലാവസ്‌ഥാ മുന്നറിയിപ്പ്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കണം. മത്സ്യബന്ധനത്തിന്‌ പോകുന്നവര്‍ മതിയായ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ്‌ ജാക്കറ്റ്‌, ലൈഫ്‌ബോയ്‌, ആവശ്യമായ ഇന്ധനം, ടൂള്‍ കിറ്റ്‌ എന്നിവ വള്ളങ്ങളില്‍ കരുതണം. തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ ഉടമകള്‍ സൂക്ഷിക്കണം. അടിയന്തിര ഘട്ടത്തില്‍ ദുരന്ത നിവാരണ സമിതി, റവന്യൂ, പൊലീസ്‌, ഫയര്‍ ആന്‍ഡ്‌ റസ്‌ക്യൂ, പോര്‍ട്ട്‌, മറ്റ്‌ അനുബന്ധ വകുപ്പുകള്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികള്‍ എന്നിവരെ ഏകോപിപ്പിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തണം. ഈ കാലയളവില്‍ കടലോരങ്ങളിലെ ലോ ആന്‍ഡ്‌ ഓര്‍ഡര്‍ നിലനിര്‍ത്തുന്നതിന്‌ പൊലീസ്‌ വകുപ്പ്‌ ശ്രദ്ധിക്കണം.

No comments:

Post a Comment