FLASH NEWS

Sunday, July 31, 2011

വിശ്വാസി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്രത വിശുദ്ധിയുടെ ദിനങ്ങള്‍ക്ക് നാളെ തുടക്കം...




വിശ്വാസി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്ന വ്രത വിശുദ്ധിയുടെ ദിനങ്ങള്‍ക്ക് നാളെ തുടക്കം.

ഇന്നലെ യു.എ.ഇയിലെവിടെയും ചന്ദ്രപ്പിറവി കണ്ടതായി വിവരമില്ലാത്തതിനാല്‍ ഇന്ന് ശഅ്ബാന്‍ 30 പൂര്‍ത്തീകരിച്ച് നാളെ റമദാന്‍ വ്രതത്തിന് തുടക്കം കുറിക്കുമെന്ന് മാസപ്പിറവി നിരീക്ഷണ സമിതി അറിയിച്ചു. സൗദിയിലും നാളെയാണ് റമദാന്‍ ആരംഭിക്കുന്നത്.

മനസിനെയും ശരീരത്തെയും വ്രത വിശുദ്ധിയുടെ പൂവിതള്‍കൊണ്ട് മിനുക്കിയെടുക്കുന്ന റമദാനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം തയാറായി കഴിഞ്ഞു. ഇന്ന് സൂര്യനസ്തമിക്കുന്നതോടെ റമദാന് ആരംഭം കുറിക്കും. പള്ളികളില്‍ ഇശാ നമസ്‌കാരാനന്തരം 'തറാവീഹ്' നമസ്‌കാരം നടക്കും. പുലര്‍ച്ചെ അത്താഴം കഴിഞ്ഞ് സുബ്ഹിയോടെ വ്രതാരംഭമായി. സ്വയം നോമ്പനുഷ്ഠിക്കുന്നതോടൊപ്പം നോമ്പുകാരനെ നോമ്പ് തുറപ്പിച്ചും പുണ്യങ്ങള്‍ സ്വരുക്കൂട്ടുവാന്‍ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു.

പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന റമദാനില്‍ രാത്രി നമസ്‌കാരങ്ങളും ഖുര്‍ആന്‍ പാരായണവും വഴി കൂടുതല്‍ ആത്മ വിശുദ്ധിക്കുള്ള ഒരുക്കങ്ങളിലാണെല്ലാവരും. വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്ന നിലയില്‍ ഖുര്‍ആന്‍ പഠനത്തിന് ഏറെ ശ്രദ്ധ നല്‍കുന്നതിനും വിശ്വാസി സമൂഹം സമയം നീക്കി വെക്കുന്നുണ്ട്.

അതിനിടെ, ആഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് റമദാന്‍ അവസാനിക്കുന്നതെങ്കില്‍ നാല് ദിവസത്തെ അവധി ആയിരിക്കും യു.എ.ഇയില്‍ ലഭിക്കുക. അതായത് ബുധന്‍, വ്യാഴം ഈദ് അവധിയും വെള്ളി, ശനി വാരാന്ത്യ അവധിയും.

റമദാന്‍ 29 ദിവസമേ ഉള്ളൂവെങ്കില്‍ ഒരുപക്ഷേ ഇത് അഞ്ച് അവധി ദിനങ്ങളാകും. അതായത്, മൂന്ന് ദിവസത്തെ ഈദ് അവധിയും രണ്ട് വാരാന്ത്യ അവധി ദിനങ്ങളും. സാധാരണ ഈദുല്‍ ഫിത്വറിന് രണ്ട് ദിവസവും ഈദുല്‍ അദ്ഹക്ക് മൂന്ന് ദിവസവുമാണ് അവധി നല്‍കാറ്.

കഴിഞ്ഞ ദിവസം തൊഴില്‍ മന്ത്രാലയം റമദാന്‍ സമയത്തെ സ്വകാര്യ മേഖലയുടെ പ്രവൃത്തി സമയം എട്ടില്‍ നിന്ന് ആറ് മണിക്കൂറാക്കി കുറച്ചിരുന്നു. ഫെഡറല്‍ മന്ത്രാലയങ്ങളും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് പ്രവര്‍ത്തിക്കുക.....

മലയാളി യുവാവ് അബൂദബിയില്‍ കുത്തേറ്റു മരിച്ചു...

അബൂദബിയില്‍ താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തിനിടെ കോട്ടയം സ്വദേശി കുത്തേറ്റ് മരിച്ചു. കറുകച്ചാല്‍ ചമ്പക്കര പുത്തന്‍പുരക്കല്‍ ബാബു അഗസ്റ്റിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ സുബിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെയും മുറിയിലുണ്ടായിരുന്ന മറ്റ് മലയാളികളെയും ചോദ്യം ചെയ്തുവരികയാണ്.

ബിന്‍ ഫര്‍ദാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റ് (ബിഫ്‌കോ) കമ്പനിയിലെ ഇലക്ട്രീഷനായ സുബിന്‍ ഒരുവര്‍ഷം മുമ്പാണ് ജോലിക്ക് കയറിയത്. നവംബറില്‍ നാട്ടില്‍ പോകാനിരിക്കെയാണ് ദാരുണ അന്ത്യം. ബനിയാസിലെ തൊഴിലാളി പാര്‍പ്പിട സമുച്ചയമായ ചൈനാ ക്യാമ്പില്‍ കമ്പനി അക്കമഡേഷനിലായിരുന്നു താമസം. അവധി ദിനത്തില്‍ കൂട്ടായി മദ്യപിച്ച അഞ്ചുപേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് സുബിനെ യുവാവ് കുത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മെയിന്റനന്‍സ് ജോലികള്‍ ചെയ്തുവരുന്ന ബിഫ്‌കൊയില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാം എന്നു പറയുന്നു.

മൃതദേഹം അബൂദബി ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനായി കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ സഹായം ബന്ധുക്കള്‍ തേടിയിട്ടുണ്ട്. സുമി, സിനി എന്നിവരാണ് സുബിന്റെ സഹോദരങ്ങള്‍.

ലേബര്‍ ക്യാമ്പുകളില്‍ മദ്യത്തിന് കര്‍ശന വിലക്കുണ്ടെങ്കിലും മദ്യപാനവുമായി ബന്ധപ്പെട്ട് വഴക്കുണ്ടാകുന്നത് പതിവാവുകയാണ്. ഗേറ്റില്‍ സൂക്ഷ്മ പരിശോധനയുണ്ടെങ്കിലും ലേബര്‍ ക്യാമ്പുകള്‍ക്കുള്ളില്‍ മദ്യം സുലഭമാണ്. ഇതിനായി നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്...
by Madhyamam

Thursday, July 28, 2011

മക്ക ക്ലോക്ക് ടവര്‍ റമസാനില്‍ വിസ്മയച്ചെപ്പ് തുറക്കും..


ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരത്തിന്റെ പ്രൗഢി ദര്‍ശിക്കാനുള്ള ലോകത്തിന്റെ കാത്തിരിപ്പിന് അടുത്ത റമസാനില്‍ അന്ത്യമാകും. മക്ക റോയല്‍ ക്ലോക്ക് ടവര്‍ റമസാനില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഗ്രീനിച്ച് മീന്‍ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീന്‍ടൈമും (എം.എം.ടി) നിലവില്‍ വരും. ലണ്ടന്‍ ടവറിലുള്ള ബിഗ് ബന്‍ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവര്‍ വാച്ചിനുള്ളത്. നാല് വശത്തുമുള്ള ക്ലോക്കുകളില്‍ രണ്ടെണ്ണത്തിന് 80 മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 39 മീറ്റര്‍ വ്യാസവും രണ്ടെണ്ണത്തിന് 80മീറ്റര്‍ ഉയരവും 65 മീറ്റര്‍ വീതിയും 25 മീറ്റര്‍ വ്യാസവുമുണ്ട്.
ഭൂപ്രതലത്തില്‍ നിന്നു നാനൂറ് മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവന്‍ ജില്ലകളില്‍ നിന്നും കാണാനാകും. ജര്‍മനി,സ്വിറ്റ്സര്‍ലന്റ്് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍ജിനീയര്‍മാരും യൂറോപ്പില്‍ നിന്നുള്ള വിദഗ്ധരുമാണ് രൂപകല്‍പനയും നിര്‍മാണവും പൂര്‍ത്തിയാക്കിയത്. ക്ലോക്കിന് മുകളിലെ അല്ലാഹു അക്ബര്‍ എന്ന വാക്കിലെ ആദ്യ അക്ഷരത്തിനു ഇരുപത്തിമൂന്ന് മീറ്ററിലധികം ഉയരമുണ്ട്. 36,000ടണ്ണാണ് ക്ലോക്കിന്റെ തൂക്കം. ആറു ടണ്‍ വീതം തൂക്കമുള്ള ക്ലോക്കിലെ മിനുട്ട് സൂചികള്‍ക്ക് 22മീറ്ററും മണിക്കൂര്‍ സൂചികള്‍ക്ക് 17 മീറ്ററും നീളമുണ്ട്. അറ്റകുറ്റ പണികള്‍ക്കായി സൂചികള്‍ക്കകത്തു പ്രവേശിക്കാനും സാധിക്കും. രാത്രിയില്‍ ക്ലോക്കുകള്‍ക്ക് വര്‍ണം നല്‍കുന്നതിനു 20ലക്ഷം എല്‍.ഇ.ഡി ലൈറ്റുകള്‍ ഉപയോഗിക്കും. ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനവും ക്ലോക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. പെരുന്നാള്‍ പ്രഖ്യാപനവും മാസപ്പിറവിയും അറിയിക്കുന്നതിനു ക്ലോക്കിന് മുകളില്‍ ഉഗ്രശേഷിയുള്ള 16 ലൈറ്റുകള്‍ തെളിയിച്ചു മാനത്തു വര്‍ണം വിരിയിക്കും. ഇവയില്‍ നിന്നുള്ള രശ്മികള്‍ക്ക് പത്തു കിലോമീറ്ററിലധികം നീളമുണ്ടാകും. ക്ലോക്കുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണിയിലൂടെ ഏഴു കിലോമീറ്റര്‍ ദൂരം ഹറമില്‍ നിന്നുള്ള ബാങ്ക് വിളി കേള്‍ക്കാന്‍ സാധിക്കും. ബാങ്ക് വിളി സമയത്ത് ക്ലോക്കുകള്‍ക്ക് മുകളില്‍ നിന്നു പച്ചയും വെള്ളയും നിറത്തിലുള്ള 21,000 വിളക്കുകള്‍ പ്രകാശിക്കും. മുപ്പതു കിലോമീറ്റര്‍ ദൂരം വരെ ഇത് കാണാനാകും. ലേസര്‍ രശ്മികള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഘടികാരത്തിന്റെ വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള പ്രതലത്തില്‍ നിന്ന് നമസ്കാര സമയങ്ങളിലും പെരുന്നാള്‍ പോലുള്ള വിശേഷ സന്ദര്‍ഭങ്ങളിലും പ്രത്യേക രശ്മികള്‍ ബഹിര്‍ഗമിക്കും. മഴ, കാറ്റ്, പൊടിപടലങ്ങള്‍ എന്നിവ കാരണമായുണ്ടാകുന്ന പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാന്‍ ജര്‍മന്‍ നിര്‍മിത ഘടികാരത്തിന് ശേഷിയുണ്ട്. ഏഴ് കിലോമീറ്റര്‍ അകലെ നിന്നുവരെ ഗോപുരം കാണാനാകും.
ടവറിനു മുകളിലെ നക്ഷത്രക്കലക്കുമുണ്ട് പ്രത്യേകതകളേറെ. ലോകത്തിലെ ഏറ്റവും വലിയ നക്ഷത്രക്കലയും സ്വര്‍ണ മിനാരവുമാണ് ടവറിലുള്ളത്. മക്കയില്‍ മസ്ജിദുല്‍ ഹറമിനോട് ചേര്‍ന്നുള്ള അബ്രാജ് അല്‍ബൈത്ത് ടവറിലാണ് (മക്ക റോയല്‍ ക്ലോക്ക് ടവര്‍) ക്ലോക്ക്. സഊദിയിലെ ഏറ്റവും വലിയ കെട്ടിടമാണിത്്. ബുര്‍ജ് ദുബൈ കഴിഞ്ഞാല്‍ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ഹറം പള്ളിയുടെ പ്രധാന കവാടത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ടവര്‍ വ്യത്യസ്ത പേരുകളിലുള്ള ഏഴു ടവറുകളുടെ കൂട്ടമാണ്. 76 നിലകളുള്ള ഹോട്ടല്‍ ടവര്‍, 48 നിലകള്‍ വീതമുള്ള ഹിജ്ര്‍, സംസം, 45 നിലകള്‍ വീതമുള്ള മഖാം, ഖിബ്്ല, 42 നിലകള്‍ വീതമുള്ള മര്‍വ, സഫ എന്നിങ്ങനെയാണ് ടവറുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. ഹോട്ടല്‍ ടവറിന് 595 മീറ്ററും ഹിജ്്ര്‍, സംസം എന്നിവക്ക് 260 മീറ്ററും മഖാം,ഖിബ്്ല എന്നിവക്ക് 250 മീറ്ററും മര്‍വ, സഫ എന്നിവക്ക് 240 മീറ്ററുമാണ് ഉയരം. പരമ്പരാഗത ഇസ്്ലാമിക വാസ്തുശില്‍പ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 817 മീറ്ററാണ് മക്ക ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ടവറായ ബുര്‍ജ് ദുബൈക്ക് 828 മീറ്റര്‍ ഉയരമാണുള്ളത്. 3000 മുറികളുള്ള ഈ കെട്ടിടത്തിന്റെ എല്ലാ മുറികളില്‍ നിന്നും കഅബ നേരിട്ട് കാണാനാകും. ഫെയറമൗണ്ട് ഹോട്ടല്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്ന ഹോട്ടലിന്റെ വരുമാനം മുഴുവനും വിശുദ്ധ മക്കയുടെ വികസനത്തിന് വഖഫ് ചെയ്തിട്ടുണ്ട്. 2004ലാണ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. അടുത്ത വര്‍ഷമാണ് ഹോട്ടല്‍ തുറക്കുക.

Sunday, July 24, 2011

സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ - ജില്ലാ വികസന സമിതി..

ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ആവശ്യാനുസരണം സാമഗ്രികള്‍ ലഭ്യമാക്കണമെന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബിയും ഗ്രാമപഞ്ചായത്തുകളും 50 ശതമാനം വീതം വിഹിതവും എം.എല്‍.എ ഫണ്ടും ഇതിന് വിനിയോഗിക്കും. എം.എല്‍.എമാര്‍ വൈദ്യുതിക്ക് മുന്‍ഗണന നല്‍കി അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ കൂടിയതനുസരിച്ച് സെക്ഷനുകള്‍ വിഭജിക്കല്‍, പുതിയ സെക്ഷനുകള്‍ അനുവദിക്കല്‍, സാധന സാമഗ്രികള്‍ ലഭ്യമാക്കല്‍, ജോലിക്കാരുടെ കുറവ്, പ്രസരണ നഷ്ടം, വോള്‍ട്ടേജ് കുറവ് എന്നിവ പരിഹരിച്ചാകണം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന് എം.എല്‍.എമാര്‍ നിര്‍ദേശിച്ചു.

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 25 കി.ഗ്രാമും എ.പി.എല്‍ കാര്‍ക്ക് ആറ് കി.ഗ്രാമും അരി നല്‍കുന്നുണ്ടെന്നും എഫ്.സി.ഐയില്‍ നിന്ന് വിട്ട് കിട്ടാന്‍ വൈകുന്ന സാഹചര്യത്തില്‍ മാത്രമാണ് റേഷന്‍ കടകളില്‍ നിന്ന് അരിലഭിക്കാന്‍ വൈകുന്നതെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

കര്‍ക്കടക വാവിന് തിരുനാവായയില്‍ ധാരാളമാളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കൊടക്കല്‍ - തിരുനാവായ റോഡ് ഇതിനു മുമ്പ് നന്നാക്കാനും മലപ്പുറം ടൗണ്‍ ഹാളിന് മുന്നിലെ വെളളക്കെട്ട് ഒഴിവാക്കാനും ഉടന്‍ നടപടിയെടുക്കും. കടലോര മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഫണ്ട് അനുവദിക്കുന്നതിനാല്‍ ഇതിന് മുന്നോടിയായി എല്ലാ തീരദേശ മേഖലകളിലും യോഗങ്ങള്‍ ചേരും. കാലവര്‍ഷത്തില്‍ തകരുന്ന മിക്ക വീടുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയാകയാല്‍ വീട് നിര്‍മാണം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയിച്ചു.

ജില്ലയില്‍ വെറ്റില കൃഷി പ്രോത്സാഹിപ്പിക്കാന്‍ വെറ്റില കര്‍ഷകരുടെ സൊസൈറ്റി രൂപവത്കരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഈ മാസം കര്‍ഷക സെമിനാര്‍ നടത്തും.

കീഴുപറമ്പ് പഞ്ചായത്തില്‍ ബ്ലോക്ക്പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുക്കണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. മുഹമ്മദ് ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മുട്ടി, പി. ശ്രീരാമകൃഷ്ണന്‍, അഡ്വ. എം. ഉമ്മര്‍, അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വ്യവസായ മന്ത്രിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, വൈദ്യുതി മന്ത്രിയുടെ പ്രതിനിധി വി.എ. കരീം, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി കെ.എം. നഹ എന്നിവര്‍ പങ്കെടുത്തു.

(madhyamam news...)

Saturday, July 23, 2011

കരിപ്പൂരില്‍നിന്ന് മടങ്ങിയ ഓട്ടോയില്‍ കാറിടിച്ച് അഞ്ചു മരണം...

ഗള്‍ഫില്‍നിന്നെത്തിയയാളെ കൂട്ടി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മടങ്ങിയവര്‍ സഞ്ചരിച്ച ഓട്ടോയില്‍ കാറിടിച്ച് ബാപ്പയും രണ്ട് മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ജിദ്ദയില്‍നിന്നെത്തിയ ചേലേമ്പ്ര പനയംപുറം പൂക്കാട് കിളിയങ്ങാട് കുറ്റിയില്‍ ബഷീര്‍ (29), പിതാവ് സെയ്താലി (70), ബഷീറിന്റെ സഹോദരന്‍ അബൂബക്കര്‍ (34), സെയ്താലിയുടെ ചെറുമകളുടെ ഭര്‍ത്താവ് ഓട്ടുപാടം അമ്പായത്തിങ്ങല്‍ നൗഫല്‍ (29), ബഷീറിന്റെ മകന്‍ സാദിഖ് (ഒമ്പത്) എന്നിവരാണ് മരിച്ചത്. നൗഫലാണ് ഓട്ടോ ഓടിച്ചിരുന്നത്. കാറിന്റെ അമിതവേഗതയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബഷീറിന്റെ ഭാര്യ മൈമൂന (24), മക്കളായ സാബിത്ത് (ആറ്), മുബശ്ശിര്‍ (നാല്), നൗഫലിന്റെ ഭാര്യ ആയിഷാബി (20), കാര്‍യാത്രക്കാരായ ജുനൈദ് (21), പള്ളിക്കല്‍ രതീഷ് (22), ഹക്കീം (24), കബീര്‍ (21) എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊട്ടപ്പുറം-കാക്കഞ്ചേരി റോഡില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.45 ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. കൊട്ടപ്പുറം കയറ്റം കയറിവന്ന ഓട്ടോയില്‍ അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍നിന്ന് തെറിച്ച ഓട്ടോ എതിര്‍ദിശയില്‍ തകര്‍ന്നുവീഴുകയായിരുന്നു. കൂട്ട നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടം നടന്നയുടന്‍ അതുവഴിയെത്തിയ മിനി ബസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാറിലുള്ളവര്‍ മദ്യപിച്ചിരുന്നതായും വാഹനത്തിനുള്ളില്‍ മദ്യക്കുപ്പി കണ്ടതായും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. സെയ്താലിയുടെ രണ്ട് ആണ്‍മക്കളും അപകടത്തില്‍ മരിച്ചു. ഇനി മൂന്ന് പെണ്‍മക്കളാണുള്ളത്: സൈനബ, ബീഫാത്തിമ, നഫീസ. ഖദീജയാണ് സെയ്താലിയുടെ ഭാര്യ.

സൗദയാണ് അബൂബക്കറിന്റെ ഭാര്യ: മക്കള്‍: അസ്‌ലം, മുഹമ്മദ് അസ്‌ല്ഹ്, അഫ്‌സല്‍, അസ്‌ല. സൈതാലിയുടെ മകള്‍ ബീഫാത്തിമയുടെ മരുമകനാണ് നൗഫല്‍. ചേലേമ്പ്ര ചേലൂപ്പാടത്ത് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നൗഫല്‍ കക്കോവ് സ്വദേശിയാണ്. നൗഫലിന്റെ പിതാവ്: മുഹമ്മദ്. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സന്ദര്‍ശിച്ചു. ഉയര്‍ന്ന റവന്യു, പൊലീസ് അധികൃതരും സ്ഥലത്തെത്തി.

അച്ചനമ്പലം വളപ്പിനു സമീപം പറ റോഡിലേക്ക് ............വലിയ ദുരന്തം ഒയിവായി...


അച്ചനമ്പലം വളപ്പിനു സമീപം പറ റോഡിലേക്ക് . വര്‍ഷങ്ങളോളം പയക്കമുള്ള ഈ വലിയ പാറകല്ല്‌ ഒരു വലിയ ഭിഷണി ആയിരുന്നു..
സമീപത്തുള്ള വീടുകള്‍ക്ക് കേടുപാടുകള്‍ ഒന്നുംമില്ല......ഗതാഗതം കുറേസമയം തടസപ്പെട്ടു....

Wednesday, July 20, 2011

ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ അഗ്‌നിബാധ: കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് പരിക്ക്...

ഷാര്‍ജയിലെ ജനവാസ മേഖലയായ അല്‍ ബുതീനയിലെ കെട്ടിടത്തിലുണ്ടായ അഗ്‌നിബാധയില്‍ 13 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒമ്പത് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടും. പരിക്കേറ്റവരെ അല്‍ ഖാസിമി, കുവൈത്ത് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുറിയില്‍ സ്ഥാപിച്ച എയര്‍കണ്ടീഷനറില്‍ വൈദ്യുതി പ്രവാഹത്തിലുണ്ടായ തകരാറാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഒരു മുറിയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും അഗ്‌നിക്കിരയായി. സംഭവ സമയം ഈ ഫ്‌ളാറ്റിലെ താമസക്കാര്‍ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ച സമയത്താണ് അപകടം നടന്നത്. ഈ സമയം പ്രദേശത്ത്് കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു.

ആദ്യം തീപിടിത്തമുണ്ടായ മുറിയില്‍ നിന്ന് സമീപത്തെ കെട്ടിടങ്ങളിലേക്ക് പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സുകാര്‍ അതീവ ജാഗ്രത പുലര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഒഴിവായി.

വൈദ്യുത ഉപകരണങ്ങള്‍ക്ക് തീ പിടിച്ച് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇവിടെയുള്ള 42 അപാര്‍ട്ട്‌മെന്റിലെയും വൈദ്യുതി ബന്ധം അധികൃതര്‍ താല്‍ക്കാലികമായി വിച്‌ഛേദിച്ചു. ഇത് കാരണം കൂടുതല്‍ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനായി. നിരവധി കുടുംബങ്ങള്‍ ഈ ഫ്‌ളാറ്റിലും സമീപത്തെ കെട്ടിടങ്ങളിലും താമസിക്കുന്നുണ്ട്. തീ പടരുന്നത്് കണ്ട്് മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഭയവിഹ്വലരായി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് പലരും കെട്ടിടത്തിന്റെ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

കനത്തയില്‍ പുകയില്‍ ശ്വാസം മുട്ടി പലരും അവശരായി. ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയതോടെ ഇവര്‍ ആരോഗ്യനില വീണ്ടെടുത്തിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അല്‍ സുവൈദി പറഞ്ഞു.

ഷാര്‍ജയിലെ മിക്ക കെട്ടിടങ്ങളിലെയും വയറിങ് ജോലികള്‍ തൃപ്തികരമല്ലെന്ന് പരാതിയുണ്ട്. മതിയായ പവര്‍ പ്ലഗുകള്‍ സ്ഥാപിക്കാത്തതിനാല്‍ ഒരേ പ്ലഗില്‍ നിന്ന് കൂടുതല്‍ ഉപകരണങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന രീതി വളരെയേറെ അപകട കാരണമാകുന്നുണ്ട്

Tuesday, July 19, 2011

വേങ്ങര മേഖലയില്‍ ക്വാറികളില്‍ പൊലീസ് പരിശോധന.....

വേങ്ങര കിളിനക്കോട് ക്രഷര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് വേങ്ങര മേഖലയില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി 30ലധികം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം മലപ്പുറം സി.ഐ ടി.ബി. വിജയന്റെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച അഞ്ച് ടീമുകളായി പരിശോധന. കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ ക്വാറികളിലായിരുന്നു പരിശോധന. ഇവിടെ എക്‌സ്‌പ്ലോസീവ് ലൈസന്‍സുള്ള 10 ക്വോറികള്‍ മാത്രമേയുള്ളൂ. മറ്റെല്ലാം അനധികൃതമാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

ചിലത് മൈനിങ് ആന്റ് ജിയോളജി പാസിന്റെ മറവിലാണ് പ്രവര്‍ത്തിക്കുന്നത്. ഊരകം, ചെരുപ്പടി മലകളില്‍ വ്യാപകമായി അനധികൃത ക്വാറികള്‍ ഉണ്ട്. മഴ കാരണം ഇവ പ്രവര്‍ത്തിക്കാത്തതിനാല്‍ പൊലീസ് ആര്‍ക്കെതിരെയും കേസ് എടുത്തിട്ടില്ല. ഇതുസംബന്ധിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പരിശോധന തുടരുമെന്നും സി.ഐ അറിയിച്ചു. എസ്.ഐമാരായ കെ.സി. ബാബു, ബാബുരാജ്, ജെ.ഇ. ജയന്‍, യൂസുഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

കോപയില്‍ വമ്പന്‍മാരുടെ പതനം ആരാധകര്‍ 'ആഘോഷിച്ചു....

കാല്‍പ്പന്തുകളിയിലെ വമ്പന്‍മാരുടെ പതനം ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ വസന്തത്തിലേക്ക് അപ്രതീക്ഷിതമായി പെയ്ത കാലവര്‍ഷക്കെടുതിയായി. ലോക ഫുട്ബാളില്‍ തന്നെ കൂടുതല്‍ ആരാധകരുള്ള ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം ജില്ലയില്‍ എതിരാളികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചും കരിങ്കൊടി നാട്ടിയും പ്രകടനം നടത്തിയുമെല്ലാമാണ് ആരാധകര്‍ ആഘോഷിച്ചത്. ഇഷ്ട ടീമുകളുടെ വിജയാഘോഷത്തിനുള്ള വന്‍ തയാറെടുപ്പുമായാണ് ഇരുവിഭാഗക്കാരും കളി കാണാനിരുന്നത്. പ്രധാന രണ്ട് ടീമും വിജയിക്കാത്തതിനാല്‍ അന്യന്റെ പരാജയമായി പിന്നെ ആഘോഷ കാരണം. പെരിന്തല്‍മണ്ണയില്‍ 'പരാജയാഘോഷ'ത്തില്‍ പ്രകടനവും തെറിവിളികളും ബോര്‍ഡ് നശിപ്പിക്കലും നടന്നു.

ആദ്യം 'മാന്യമായി' പരാജയപ്പെട്ട അര്‍ജന്റീനന്‍ ആരാധകരെ ബ്രസീല്‍ ആരാധകര്‍ കണക്കിന് കളിയാക്കിയിരുന്നു. ബ്രസീലും 'ഗംഭീര' തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അര്‍ജന്റീന ആരാധകര്‍ക്ക് പാതി ആശ്വാസമായത്. പിന്നീടങ്ങോട്ട് കളിവിശകലനങ്ങള്‍ക്ക് ചൂടേറി. കൈയാങ്കളിവരെയെത്തി കാര്യങ്ങള്‍.

കടുങ്ങാത്തുകുണ്ടിലെ കിഴക്കേപാടത്ത് വിജയാഹ്ലാദത്തിനായി കരുതിവെച്ച മധുരം ഇരുകൂട്ടരും എതിര്‍ ടീമിന്റെ പരാജയം ആഘോഷിക്കാന്‍ ചെലവഴിച്ചു. പിന്നീടാണ് പരസ്‌പരം ആക്രോശിച്ച് പ്രകടനം നടന്നത്. കുറ്റിപ്പുറം കെല്‍ട്രോണില്‍ മെക്കാനിക്കല്‍ ട്രെയ്‌നിയായ യാസിറിന് മെസ്സിയുടെ കളിയേക്കാള്‍ ഇഷ്ടപ്പെട്ടത് ബ്രസീലിന്റെ തോല്‍വിയാണ്. ബ്രസീല്‍ ആരാധകനും അക്കൗണ്ടന്റുമായ അസ്‌ലം പറയുന്നത് വിചാരിക്കാത്ത അടിയാണ് കിട്ടിയതെന്നാണ്.

വെളിയങ്കോട് ബീവിപ്പടിയിലും നാക്കോലയിലും ബ്രസീല്‍ ആരാധകര്‍ മെസിയെ ചെരുപ്പ് മാല അണിയിച്ചിരുന്നു. എന്നാല്‍ ബ്രസീലും തോറ്റതോടെ അര്‍ജന്റീന ആരാധകര്‍ നാക്കോലയില്‍ ബ്രസീല്‍ ടീമംഗങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കൂറ്റന്‍ ചെരുപ്പ്മാല അണിയിച്ച് തിരിച്ചടിച്ചു.

രണ്ടാലില്‍ ബസ് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്....

കല്‍പകഞ്ചേരി: തുവ്വക്കാടിനടുത്ത് രണ്ടാലില്‍ നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ച് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.45നായിരുന്നു അപകടം.

തിരൂരില്‍നിന്ന് ഏഴൂര്‍, തുവ്വക്കാട് വഴി പുത്തനത്താണിയിലേക്ക് പോകുന്ന യു.പി. ഹംസ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളാഞ്ചേരി ശുഹൈബ് (19), കുട്ടികളത്താണി റാഷിദ് (25), അതിരുമട നാസര്‍ (40), പുത്തനത്താണി നിസാസ് (24), വൈരങ്കോട് ബാസിത് (30), വെങ്ങാട് ഹംസ (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Monday, July 18, 2011

അര്‍ജന്റീനയുടെ വഴിയേ ബ്രസീലും...


തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന രണ്ട് മല്‍സരങ്ങളിലായി ബ്രസീലിനെ തകര്‍ത്ത് പരേഗ്വയും ചിലിയെ തകര്‍ത്ത് വെനിസ്വേലയും സെമിയില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ബ്രസീലിനെ ഷൂട്ടൗട്ടില്‍ 2-0ന് വീഴ്ത്തി പരേഗ്വയും കോപഅമേരിക്കയുടെ സെമിയില്‍ പ്രവേശിച്ചു.അര്‍ജന്റീനയ്ക്ക് പിന്നാലെ ബ്രസീലും കോപ്പ അമേരിക്ക ഫുട്‌ബോളില്‍ നിന്ന് നാണംകെട്ട് പുറത്തായി. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പരാഗ്വെയാണ് ബ്രസീലിനെ തകര്‍ത്തത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ 2- 0 എന്ന സ്‌കോറിനായിരുന്നു പരാഗ്വെയുടെ സെമി പ്രവേശനം. പെനല്‍റ്റി ഷൂട്ടൗട്ടിലെ നാല് കിക്കുകളില്‍ ഒന്ന് പോലും വലയിലെത്തിക്കാന്‍ ബ്രസീലിനായില്ല. പരാഗ്വെയുടെ ഗോള്‍ കീപ്പര്‍ ജസ്‌റ്റോ വില്ലറാണ്‌ ബ്രസീലിന്റെ സ്വപ്നങ്ങള്‍ കശക്കിയെറിഞ്ഞത്. എസ്റ്റിഗരീബിയ, ക്രിസ്റ്റ്യന്‍ റിവറോസ് എന്നിവരാണ് പാരഗ്വെയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. കളിയിലുടനീളം ഒരു നല്ല നിമിഷം പോലും സമ്മാനിക്കാന്‍ ബ്രസീലിനായില്ല.

ചിലി-വെനിസ്വേല മത്സരത്തിലെ വിജയിയോടാണ് സെമിഫൈനലില്‍ പാരാഗ്വെ ഏറ്റുമുട്ടുക. വമ്പന്‍മാരായ ബ്രസീനും അര്‍ജന്റീനയും പടിക്ക് പുറത്തായതോടെ കോപ്പയുടെ മിറം മങ്ങുമോ എന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
രണ്ടാമത്തെ മല്‍സരത്തില്‍ ചിലിയെ 2-1ന് തോല്‍പിച്ച് വെനിസ്വേല ഇത് ആദ്യമായി കോപ അമേരിക്കയുടെ സെമിയില്‍ കടന്നു. വെനിസ്വേലയുടെ വിസ്‌കറന്‍േറാ, സ്വീചേറോ എന്നിവര്‍ ഓരോ ഗോള്‍വീതം നേടിയപ്പോള്‍ ചിലിയുടെ സുവാസോ ആണ് ഏക മറുപടി ഗോള്‍ നേടിയത്. ബുധനാഴ്ച നടക്കുന്ന സെമിഫൈനലില്‍ വെസിസ്വേല പരാഗ്വേയെ നേരിടും...

വേങ്ങര ദുരന്തം: മരിച്ചവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ...


മലപ്പുറം വേങ്ങരയില്‍ നിര്‍മ്മാണത്തിലിരുന്ന ക്രഷറില്‍ തകര്‍ന്ന ഭിത്തിക്കടിയില്‍ പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.

പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്രഷറുകള്‍ക്കും ക്വാറികള്‍ക്കുമായി ഒരു പുതിയ നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും സഭക്ക് ഉറപ്പ് നല്‍കി. ദുരന്തത്തെക്കുറിച്ച് അടുത്ത ദിവസം സഭയില്‍ ചര്‍ച്ചനടത്തുമെന്നും അവര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം കണ്ണമംഗലം ഊരകം കിളിനിക്കോട് മലയിലെ ക്രഷറില്‍ സംരക്ഷണ ഭിത്തി തകര്‍ന്ന് നാല് തൊഴിലാളികള്‍ മരിച്ചത്.

Sunday, July 17, 2011

കോപ്പ അമേരിക്ക: അര്‍ജന്റീന പുറത്തായി....


കോപ്പ അമേരിക്ക ഫുട്ബോളില്‍ നിന്ന് ആതിഥേയരായ അര്‍ജന്റീന പുറത്ത്. പെനല്‍റ്റി ഷൂട്ടൌട്ടിലേക്ക് നീണ്ട മല്‍സരത്തിനൊടുവില്‍ യുറഗ്വായോടു പരാജയപ്പെട്ടാണ് ആതിഥേയരായ അര്‍ജന്റീന പുറത്തായത്.

അര്‍ജന്റീനയെ നാലിനെതിരേ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യുറഗ്വാ സെമിഫൈനലില്‍ പ്രവേശിച്ചു.

നിശിച്ത സമയത്ത് ഓരോ ഗോള്‍ നേടി ഇരു ടീമുകളും സമനിലയിലായിരുന്നു. തുടര്‍ന്നു മത്സരം അധിക സമയത്തേക്കു നീണ്ടെങ്കിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണു മത്സരം പെനല്‍റ്റി ഷൂട്ടൌട്ടിലേക്കു നീങ്ങിയത്....

വേങ്ങര കണ്ണമംഗലം കോണ്‍ക്രീറ്റ്‌ സുരക്ഷാഭിത്തി ഇടിഞ്ഞുവീണ് നാല്‌ തൊഴിലാളികള്‍ മരിച്ചു.


കരിങ്കല്‍ ക്രഷറില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് മുകളിലേക്ക്‌ കോണ്‍ക്രീറ്റ്‌ സുരക്ഷാഭിത്തി ഇടിഞ്ഞുവീണ് നാല്‌ തൊഴിലാളികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം കിളിനക്കോട് ഊരകം മലയിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്.

മൂന്ന് മലയാളികളും ഒരു പശ്ചിമബംഗാള്‍ സ്വദേശിയുമാണ്‌ മരിച്ചത്. കോഴിക്കോട്‌ തിരുവമ്പാടി സ്വദേശിളായ പാപ്പച്ചന്‍ (60), ശ്രീനിവാസന്‍ (40), അഷറഫ് (40), ബംഗാള്‍ സ്വദേശി ബക്‌സര്‍ (29) എന്നിവരാണിവര്‍. ഒരു രാത്രി നീണ്ട പ്രയത്നത്തിനൊടുവില്‍ ഞായറാഴ്ച രാവിലെയാണ് ജഡങ്ങള്‍ പുറത്തെടുക്കാനായത്.

ജോലി പുരോഗമിക്കുന്നതിനിടെ ശക്‌തമായ മഴ പെയ്‌തതിനാല്‍ തൊഴിലാളികള്‍ കോണ്‍ക്രീറ്റ്‌ ഭിത്തിക്കരികിലേക്ക് മാറിനില്‍ക്കുകയായിരുന്നു. ഇതിനിടെ ഭിത്തി തകര്‍ന്നുവീണു. നാല് തൊഴിലാളികള്‍ ഭിത്തിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി.

ആറ്‌ ആള്‍ പൊക്കവും രണ്ട്‌ അടിയോളം വീതിയുമുള്ള കോണ്‍ക്രീറ്റ്‌ ഭിത്തിയാണ് തകര്‍ന്നുവീണത്. ഫയര്‍ഫോഴ്സിനൊപ്പം പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കും

Saturday, July 16, 2011

റോഡുകള്‍ സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി...


കേരളത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത്‌ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ തന്നെ എംഎല്‍എമാരുടെ യോഗം വിളിക്കും. മണ്ഡലകാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ശബരിമലയിലേക്കുളള മുഴുവന്‍ റോഡുകള്‍ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു..

വള്ളിക്കുന്ന് മണ്ഡലം: വികസന സെമിനാര്‍ ഇന്ന് വ്യവസായ മന്ത്രി ഉദ്ഘാടനം ചെയ്യും...


വള്ളിക്കുന്ന് മണ്ഡലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേയും മറ്റ് ഏജന്‍സികളുടേയും സഹകരണത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിന് ഇന്ന് (ജൂലൈ 16) രാവിലെ 9ന് കാലിക്കറ്റ് .യൂണിവേഴ്‌സിറ്റി സെനറ്റ്ഹാളില്‍ സെമിനാര്‍ നടത്തും. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ കെ.എന്‍.എ.ഖാദര്‍ അധ്യക്ഷനായിരിക്കും. വിഷന്‍ 2012 എന്ന പേരില്‍ അിറയപ്പെടുന്ന സെമിനാറില്‍ എം.എല്‍ .എ കെ.എന്‍ .എ.ഖാദര്‍ മോഡറേറ്ററായിരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.ഷാഹിന, വി.പി.സൈതലവി, കെ.പി.മുസ്തഫതങ്ങള്‍, പി.ഫിറോസ് എന്നിവര്‍ പങ്കെടുക്കും. സി.പി.ഷബീര്‍ അലി സ്വാഗതംപറയും

Friday, July 15, 2011

എയ്ഞ്ചല്‍സ് ആംബുലന്‍സ്: ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു...



മനുഷ്യ ജീവന്‍ സംരക്ഷിക്കുന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വം വളരെ വിലപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ അവര്‍ 24 മണിക്കൂറും കര്‍മ്മ നിരതരായിരിക്കണമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് കെ,സേതുരാമന്‍ പറഞ്ഞു.
കലക്ടറേറ്റ് സമ്മേളന ഹാളില്‍ എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ് ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.വൈ.കെ ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എം.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെ.ഡി.എം.ഒ ഡോ. കെ.സക്കീന, ഡോ.പി.മോഹനകൃഷ്ണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതിപ്രസിഡണ്ട് ചെറി, റഷീദ്പറമ്പന്‍, എന്‍.സി.എ ഹമീദ് , ശരത് എന്നിവര്‍ പങ്കെടുത്തു..

മഞ്ഞപ്പിത്തബാധ: പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി



വാഴക്കാട് പഞ്ചായത്തിലെ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത പ്രദേശം ജില്ലാ ആരോഗ്യ സംഘം സന്ദര്‍ശിച്ചതായി ഡി.എം.ഒ ഡോ.വി.ഉമര്‍ ഫാറൂഖ് അിറയിച്ചു. 11 കേസുകളാണ് ഇതുവരെ ഉവിടെനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കുടിവെള്ള സ്‌ത്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും, ആരോഗ്യ വിദ്യാഭ്യാസ ക്ലാസുകള്‍ സംഘടിപ്പിക്കുകയും ലഘുരേഖകള്‍ വിതരണം നടത്തുകയും ചെയ്തു. വാഴക്കാട് കണ്ണത്തും പാറ മദ്രസ്സയില്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.അബ്ദുള്ളയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. രോഗ പകര്‍ച്ചക്കെതിരെ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ഉപയോഗിക്കുക, തണുത്തതും പഴകിയതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കുക, ഈച്ചയെ അകറ്റുക, മത്സ്യ,മാംസ, പച്ചക്കറി മാര്‍ക്കറ്റുകള്‍ വൃത്തിയോടെ സൂക്ഷിക്കുക, കിണറുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അിറയിച്ചു...