FLASH NEWS

കൗതുക വാര്‍ത്തകള്‍

ഒബാമ ടോയ്‌ലറ്റ്‌ പേപ്പറില്‍!

ഒബാമയുടെ പടമുളള ടോയ്‌ലറ്റ്‌ പേപ്പര്‍ യുഎസില്‍ ചൂടുളള ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു! തെരഞ്ഞെടുപ്പ്‌ അടുത്ത സമയത്ത്‌ ആരോ കരുതിക്കൂട്ടി ചെയ്‌തതാണ്‌ ഇതെന്നാണ്‌ ഒബാമ അനുകൂലികളുടെ പരാതി. എന്നാല്‍ 'ഒബാമ ടോയ്‌ലറ്റ്‌ പേപ്പര്‍' വില്‍പ്പനയ്‌ക്ക് വച്ചിരിക്കുന്ന ഓണ്‍ലൈന്‍ സ്‌റ്റോറായ 'ഒബാമ ടോയ്‌ലറ്റ്‌ പേപ്പര്‍ ഡോട്ട്‌ കോമി'ന്‌ പറയാനുളള ന്യായം മറ്റൊന്നാണ്‌-നിങ്ങള്‍ ദേശസ്‌നേഹിയാണെങ്കില്‍ ഈ ടോയ്‌ലറ്റ്‌ പേപ്പര്‍ ഉപയോഗിക്കണം എന്നാണ്‌അവര്‍ ആവശ്യപ്പെടുന്നത്‌!

ഒബാമയുടെ ചിത്രമുളള ടോയ്‌ലറ്റ്‌ പേപ്പര്‍ വാങ്ങുന്നതിലൂടെ ദേശസ്‌നേഹത്തിന്റെ ഇഴ അടുപ്പിക്കുകയാണെന്നും അമേരിക്കന്‍ ചെറുകിട വ്യവസായത്തിന്‌ പ്രോത്സാഹനം നല്‍കുകയാണെന്നും കമ്പനി സ്വന്തം വെബ്‌സൈറ്റിലൂടെ പറയുന്നു. എന്നാല്‍, ഒബാമയുടെ ചിത്രമുളള ടോയ്‌ലറ്റ്‌ പേപ്പര്‍ ഉപയോഗിക്കുന്നത്‌ നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന്‌ തുല്യമാണെന്ന്‌ കമ്പനി പറയുന്നത്‌ അല്‍പ്പം കടന്ന കൈയായിപ്പോയി എന്നാണ്‌ പൊതുവെയുളള അഭിപ്രായം!

വിവാദ ടോയ്‌ലറ്റ്‌ പേപ്പര്‍ പുറത്തിറങ്ങിയതോടെ അതിനെതിരെ ഇ-മെയില്‍ അസഭ്യ വര്‍ഷവും ആരംഭിച്ചു. ഇത്തരം സന്ദേശങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും ഇത്‌ അംഗീകരിക്കുന്നില്ല എങ്കിലും പ്രോത്സാഹിപ്പിക്കുന്നു എന്നുമാണത്രേ കമ്പനി പറയുന്നത്‌...


മൂന്ന്‌ വയസ്സുകാരി ബള്‍ബ്‌ തിന്നു!


നതാലി ഹേഹസ്‌റ്റ് എന്ന മൂന്ന്‌ വയസ്സുകാരിക്ക്‌ എന്തും ആഹാരമാണ്‌. നതാലി അടുത്തിടെ ഒരു ഇലക്‌ട്രിക്‌ ബള്‍ബ്‌ തിന്നതോടെ വാര്‍ത്തകളില്‍ സ്‌ഥാനം നേടുകയും ചെയ്‌തു!

നതാലിയെ കിടപ്പുമുറിയിലാക്കിയിട്ട്‌ അമ്മ കോളീന്‍ അടുക്കളയില പണിയൊതുക്കുവാനായി പോയതായിരുന്നു. ഇടയ്‌ക്ക് എന്തോ ശബ്‌ദം കേട്ട്‌ തിരിച്ചെത്തിയ കോളീന്‍ കണ്ടത്‌ വായില്‍ നിന്ന്‌ ചോരയൊലിപ്പിച്ച്‌ നില്‍ക്കുന്ന മകളെയാണ്‌.

കട്ടയും കല്ലും ഉള്‍പ്പെടെ കൈയില്‍ കിട്ടുന്നതെല്ലാം അകത്താക്കുന്ന സ്വഭാവമാണ്‌ മകളുടേതെന്ന്‌ അറിയാവുന്ന കോളീന്‍ ബെഡ്‌റൂം ലാമ്പാണ്‌ ആദ്യം പരിശോധിച്ചത്‌. സംശയം ശരിയായിരുന്നു, ബെഡ്‌റൂം ലാമ്പിന്റെ ബള്‍ബ്‌ കാണാനില്ലായിരുന്നു. അന്ന്‌ നതാലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ജീവനോടെ തിരിച്ചുകിട്ടി.

സാധാരണക്കാര്‍ ചോക്ലേറ്റ്‌ തിന്നുന്നതുപോലെയാണത്രേ നതാലി ഇഷ്‌ടിക തിന്നുന്നത്‌! അടുത്തിടെ അമ്മൂമ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഒരു ചെറുചെടിയും നതാലി അകത്താക്കിയിരുന്നു. എന്തായാലും, ബള്‍ബ്‌ തിന്ന്‌ മുറിവുണ്ടായശേഷം നതാലി ഗ്ലാസിനോട്‌ അല്‍പ്പം അകലം പാലിക്കുന്നതായാണ്‌ കോളീന്‍ പറയുന്നത്‌.

പിക എന്ന രോഗാവസ്‌ഥ കാരണമാണ്‌ നതാലിക്ക്‌ ഭക്ഷണയോഗ്യമല്ലാത്ത വസ്‌തുക്കളോടും ആര്‍ത്തി തോന്നുന്നതത്രേ...




ഫൗജ സിങ്ങ്‌, 100, മാരത്തണ്‍ സിങ്ങ്‌!


ഞായറാഴ്‌ച ടോറന്റോയില്‍ നടന്ന ഒരു മാരത്തണില്‍ ഫൗജ സിങ്ങ്‌ എന്ന ഇന്ത്യന്‍ വംശജന്‍ ഏറ്റവും അവസാനമാണ്‌ ഫിനിഷിംഗ്‌ പോയന്റില്‍ എത്തിയത്‌. എന്നാല്‍, അദ്ദേഹം ഈ മാരത്തണോട്‌ കൂടി ഒരു ഗിന്നസ്‌ റെക്കോഡും സ്‌ഥാപിച്ചു-നൂറാം വയസ്സില്‍ മുഴുനീള മാരത്തണില്‍ പങ്കെടുത്ത ആള്‍ എന്ന ബഹുമതി!

ഫൗജ സിങ്ങിന്‌ 100 വയസ്സായി. ലോകത്ത്‌ ആദ്യമായി ഈ പ്രായത്തില്‍ ഒരു മുഴുനീള മാരത്തണില്‍ പങ്കെടുക്കുന്ന വ്യക്‌തിയാണ്‌ ഫൗജ. തന്റെ 89ാം വയസ്സിലാണ്‌ ആദ്യമായി മാരത്തണില്‍ പങ്കെടുക്കുന്നത്‌. 2003 ലെ ടോറന്റോ മാരത്തണില്‍ 5 മണിക്കൂര്‍ 40 മിനിറ്റുകൊണ്ട്‌ ഫിനിഷിംഗ്‌ പോയന്റില്‍ എത്തി 90 വയസ്സിനു മുകളില്‍ പ്രായമുളളവരുടെ വിഭാഗത്തില്‍ ഒരു റെക്കോഡും സ്‌ഥാപിച്ചിരുന്നു.

തന്റെ എട്ടാമത്തെ മാരത്തണിലാണ്‌ ഫൗജ ഗിന്നസ്‌ റെക്കോഡ്‌ സ്‌ഥാപിച്ചത്‌. ടോറന്റോ മാരത്തണില്‍ ഒന്നാമതെത്തിയ കെനിയക്കാരനായ കെന്നത്ത്‌ മുംഗാര ആറ്‌ മണിക്കൂര്‍ എടുത്താണ്‌ ഫിനിഷിംഗ്‌ പോയന്റില്‍ എത്തിയത്‌. എന്നാല്‍, നമ്മുടെ കഥാനായകന്‌ ഈ ദൂരം പിന്നിടാന്‍ എട്ട്‌ മണിക്കൂറില്‍ അധികം വേണ്ടി വന്നു.

ഗിന്നസ്‌ റെക്കോഡ്‌ ലഭിച്ചു എങ്കിലും ഒരാഗ്രഹം കൂടി ഫൗജ ബാക്കി വച്ചിട്ടുണ്ട്‌- ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാവുക എന്ന വലിയ ആഗ്രഹം.



കോണ്‍ക്രീറ്റില്‍ ഉറച്ചുപോയ കാര്‍...




റോഡരുകില്‍ പാര്‍ക്കു ചെയ്‌തിരുന്ന കാര്‍ വേഗത്തില്‍ തിരിച്ച്‌, പാഞ്ഞുപോകാന്‍ ശ്രമിച്ചതായിരുന്നു ആ സുന്ദരിയായ യുവതി. കാര്‍ റിവേഴ്‌സ് എടുത്തു തിരിച്ചു മുന്നോട്ടു നീങ്ങിയതേയുണ്ടായിരുന്നുള്ളൂ. കാര്‍ നീങ്ങുന്നില്ല. ഗിയര്‍ ചേയ്‌ഞ്ചു ചെയ്‌ത് ആക്‌സിലേറ്ററില്‍ ആഞ്ഞു ചവിട്ടുന്നുണ്ടെങ്കിലും കാറിനു അനക്കമൊന്നുമില്ല. എന്‍ജിന്‍ റേയ്‌സായി ശബ്‌ദമുണ്ടാകുന്നതല്ലാതെ കാര്‍ നീങ്ങുന്നില്ല. താന്‍ കാര്‍ ഓടിച്ചത്‌ റോഡിലൂടെയോ അതോ ചെളിക്കുണ്ടിലൂടെയോ? യുവതിക്ക്‌ ഒരു നിശ്‌ചയവും കിട്ടിയില്ല.

കാര്‍ അനങ്ങുന്നില്ലെന്ന്‌ കണ്ട്‌ പുറത്തേക്കു നോക്കിയപ്പോഴാണ്‌ തനിക്കുപറ്റിയ അബദ്ധം യുവതിക്ക്‌ മനസിലായത്‌. റോഡ്‌ പണിയുടെ ഭാഗമായി ചെയ്‌ത കോണ്‍ക്രീറ്റിലേക്കാണ്‌ യുവതി കാര്‍ ഓടിച്ചു കയറ്റിയത്‌. പൂര്‍ണമായും ഉറയ്‌ക്കാതിരുന്ന കോണ്‍ക്രീറ്റിലേക്ക്‌ പാഞ്ഞു കയറിയതും കാര്‍ കോണ്‍ക്രീറ്റില്‍ ഉറച്ചുപോവുകയായിരുന്നു. അമേരിക്കയിലെ ടെക്‌സാസിലെ ഹ്യൂസ്‌റ്റണിലായിരുന്നു സംഭവം.

32 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ലക്‌്സസ്‌ കമ്പനിയുടെ ആഢംബര കാറാണ്‌ കോണ്‍ക്രീറ്റില്‍ ഉറച്ചുപോയത്‌. ഹ്യൂസ്‌റ്റണിലെ ഒരു അഭിഭാഷകയ്‌ക്കാണ്‌ ഈ അബദ്ധം സംഭവിച്ചത്‌. അക്കിടി പറ്റിയതോടെ യുവതി പോലീസിനെ വിളിക്കുകയായിരുന്നു. കോണ്‍ക്രീറ്റിലൂടെ ഇറങ്ങി നടന്നാല്‍ ഹൈഹീല്‍ ഷൂവിന്‌ എന്തെങ്കിലും പറ്റിയാലോ എന്നായിരുന്നു യുവതിയുടെ പേടി. ഒടുവില്‍ വിദഗ്‌ധസംഘമെത്തിയാണ്‌ യുവതിയേയും കാറിനെയും കോണ്‍ക്രീറ്റില്‍നിന്നു രക്ഷപെടുത്തിയത്‌...