FLASH NEWS

Wednesday, October 26, 2011

മുളക് പൊടിയെറിഞ്ഞ് ആഭരണം തട്ടാന്‍ ശ്രമം; യുവാവിനെ നാട്ടുകാര്‍ പിടികൂടി...

തിരൂര്‍: വീട്ടുജോലിക്കിടെ മുളക് പൊടിയെറിഞ്ഞ് ആഭരണം തട്ടിപ്പറിക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. കൂട്ടായി കാട്ടിലപ്പള്ളി ഹംസക്കോയ (24) ആണ് പിടിയിലായത്. പുറത്തൂര്‍ പടിഞ്ഞാറെക്കരയില്‍ ഹംസക്കുട്ടിയുടെ ഭാര്യ നബീസക്കു നേരെ ചൊവ്വാഴ്ച രാവിലെയാണ് തട്ടിപ്പറി ശ്രമമുണ്ടായത്. നബീസ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു..

Saturday, October 22, 2011

ജീവനക്കാരില്ല; ജില്ലാ മൃഗാശുപത്രി പ്രവര്‍ത്തനം താളം തെറ്റുന്നു...

ഗോരക്ഷ ഉള്‍പ്പെടെയുള്ള ബൃഹത്തായ പദ്ധതികള്‍ നടപ്പാക്കാനുള്ളപ്പോഴും കലക്ടറേറ്റിന് സമീപത്തുള്ള ജില്ലാ മൃഗാശുപത്രി ജീവനക്കാരില്ലാതെ വലയുന്നു.
സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറി ക്ളിനിക്കല്‍ ലേബറായ വെറ്ററിനറി സര്‍ജന്‍, ജില്ലാ വെറ്ററിനറി സര്‍ജന്‍ തുടങ്ങി മൂന്ന് ഡോക്ടര്‍മാരുടെയും ഒരു ക്ളര്‍ക്കിന്‍െറയും ലാബ് ടെക്നീഷ്യന്‍െറയും ഒഴിവാണുള്ളത്.
ജില്ല മുഴുവന്‍ മരുന്ന് വിതരണം ചെയ്യേണ്ട മൊബൈല്‍ ഡയഗനോസ്റ്റിക് ലബോറട്ടറിയില്‍ ഡോക്ടര്‍, ലൈവ് സറ്റോക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍ എന്നിവരുടെ ഒരോ തസ്തിക ഒഴിഞ്ഞ് കിടക്കുന്നു. ക്ളിനിക്കല്‍ ലേബറില്‍ ഒരു വെറ്ററിനറി സര്‍ജന്‍ ഉണ്ടെങ്കിലും ഇയാള്‍ക്ക് ജില്ലാ മൃഗസംരക്ഷണ ഓഫിസിന്‍െറ ചുമതല കൂടിയുണ്ട്.
അതിനാല്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നത് പതിവാണ്. ജില്ലാ വെറ്ററിനറി സര്‍ജന്‍മാരുടെ രണ്ട് തസ്തികയുള്ളതില്‍ ഒരാള്‍ കഴിഞ്ഞ ദിവസം മുതല്‍ ദീര്‍ഘാവധിയിലാണ്. ദിവസവും ഒ.പി പരിശോധനയുള്‍പ്പെടെ ചെയ്യേണ്ടത് ഇവരാണ്. ദിനംപ്രതി അമ്പതിലധികം ഒ.പിയാണ് ആശുപത്രിയിലെത്തുന്നത്. കൂടാതെ വീടുകളില്‍ പോയുള്ള പരിശോധന ആവശ്യമായി വരുമ്പോള്‍ പുറത്തേക്ക് പോകേണ്ടി വരുന്നതും പതിവാണ്.
ഗസറ്റഡ് തസ്തിക ആയതിനാല്‍ ഒപ്പ് വെക്കാന്‍ വരുന്നവരുടെ എണ്ണവും കൂടുതലാണ്. ഇതിനിടെ ഒരാളുടെ കുറവ് കാരണം ഏറെ പ്രയാസപ്പെടുകയാണ് ജിവനക്കാരും ജനങ്ങളും. നിലവില്‍ ഒരു ഡോക്ടറുടെ ഡ്യൂട്ടി സമയം രാവിലെ എട്ട് മുതല്‍ രണ്ട് വരെയാണ്. ബദല്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ തുടര്‍ സേവനം നടക്കാത്ത അവസ്ഥയാണ്.
ജില്ലയിലെ മുഴുവന്‍ കന്നുകാലികളെയും ഉള്‍പ്പെടുത്തിയുള്ള കുളമ്പ് രോഗ നിയന്ത്രണ പദ്ധതിയായ ഗോരക്ഷയുടെ ചുമതലയും ജില്ലാ വെറ്ററിനറി സര്‍ജനാണ്.
ജില്ലയില്‍ 91,152 പശുക്കളും 11,295 എരുമകളും 1115 പന്നികളും ഗോരക്ഷ പദ്ധതിയില്‍പ്പെടും. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രൂപം നല്‍കിയ 123 വാക്സിനേഷന്‍ സംഘത്തെ നിയന്ത്രിക്കേണ്ടത് ജില്ലാ വെറ്ററിനറി സര്‍ജനാണ്.
നഗരസഭാ പരിധിയിലെ മുഴുവന്‍ കന്നുകാലികളുടെയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചുമതലയും ഇവര്‍ക്ക് തന്നെ...

Friday, October 21, 2011

പ്രതിരോധ കുത്തിവെപ്പ്: ജില്ല ഏറ്റവും പിന്നില്‍...

കുഞ്ഞുങ്ങളിലെ പ്രതിരോധ കുത്തിവെപ്പിന് വിമുഖത കാട്ടുന്നതില്‍ മുന്നില്‍ മലപ്പുറം ജില്ല. പ്രതിരോധ മരുന്ന് നല്‍കിയ ഒന്നുമുതല്‍ അഞ്ച് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കണക്കില്‍ ജില്ല 14ാം സ്ഥാനത്താണെന്ന് തിരുവനന്തപുരം കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം തലവന്‍ ഡോ. വിജയകുമാര്‍ വ്യക്തമാക്കി.
ജില്ലയില്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള 3,32,823 കുട്ടികളില്‍ ഒരുവിധ പ്രതിരോധ കുത്തിവെപ്പും എടുക്കാത്ത 8196 കുഞ്ഞുങ്ങളുണ്ട്. 29,274 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ആഗസ്റ്റ് 31 വരെ ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കിയ കണക്കിലാണ് ഈ വിവരം. സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന ഡിഫ്തീരിയ (തൊണ്ടമുള്ള്) കാളികാവ് അഞ്ചച്ചവിടിയിലെ കുടുംബത്തിലെ ഒമ്പതും 11ഉം പ്രായമുള്ള സഹോദരിമാര്‍ക്ക് കാണപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കണക്കെടുത്തത്. വളവന്നൂര്‍ പി.എച്ച്.സിയുടെ പരിധിയിലാണ് കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികള്‍ കൂടുതല്‍ - 911. വണ്ടൂരില്‍ 894, വേങ്ങരയില്‍ 798, വെട്ടത്ത് 791, പൂക്കോട്ടൂരില്‍ 633, കുറ്റിപ്പുറത്ത് 612 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടില്ല. നിലമ്പൂര്‍ താലൂക്ക് ആശുപത്രി പരിധിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും കുത്തിവെപ്പ് നല്‍കിയെങ്കിലും ഇവിടെ ഒമ്പത് കുട്ടികള്‍ക്ക് മുഴുവന്‍ കുത്തിവെപ്പ് എടുത്തിട്ടില്ളെന്നും കണക്കുകള്‍ കാണിക്കുന്നു.
കാളികാവില്‍ ഡിഫ്തീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു. കുത്തിവെപ്പിലൂടെ രോഗം ചെറുക്കാമെന്ന അവബോധം സൃഷ്ടിക്കാന്‍ പഞ്ചായത്ത് ജനപ്രതിനിധികളെയും സാമൂഹികപ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ജനകീയ ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ കുത്തിവെപ്പെടുത്ത പ്രദേശങ്ങളായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളും പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.....
by madhyamam

പെരിന്തല്‍മണ്ണയിലെ മോഷണം: വന്‍ കവര്‍ച്ചാസംഘം വലയിലായതായി പൊലീസ്....

പെരിന്തല്‍മണ്ണയുടെ സമീപ പ്രദേശങ്ങളില്‍ വ്യാപകമായ കവര്‍ച്ചകള്‍ക്ക് പിന്നിലെ കുറ്റവാളികളില്‍ ഏറെ പേരും വലയിലായതായി പൊലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാറാണ് ഇക്കാര്യം അറിയിച്ചത്.
നാട്ടുകാര്‍ അന്വേഷണത്തില്‍ പൊലീസിനെ നന്നായി സഹായിച്ചിട്ടുണ്ട്. കവര്‍ച്ചക്കാരുടെ ആക്രമണ സ്വഭാവം കണക്കിലെടുത്ത് തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമക്കാരായ കൊറവ സമുദായാംഗങ്ങളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ഇപ്പോള്‍ അന്വേഷണത്തിലുണ്ടായ പുരോഗതി.
ഇവര്‍ അടുത്ത ദിവസംതന്നെ പിടിയിലാകുമെന്നാണ് പൊലീസ് പറയുന്നത്. അതിനിടെ, പെരിന്തല്‍മണ്ണയില്‍ പൊലീസ് കണ്‍ട്രോള്‍ റൂം ആരംഭിക്കാന്‍ എസ്.പി അനുമതി നല്‍കിയതായും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഡിവൈ.എസ്.പി അറിയിച്ചു....

Thursday, October 20, 2011

നിരവധി പേരില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാധ്യാപകന്‍ അറസ്‌റ്റില്‍ ....

താനൂര്‍: നിരവധി പേരില്‍ നിന്ന്‌ ലക്ഷങ്ങള്‍ തട്ടിയെടുത്ത മദ്രസാ അധ്യാപകനെ പോലീസ്‌ പിടികൂടി. എടരിക്കോട്‌ ചൊടലപാറ നന്നാട്ടില്‍ ശിഹാബുദ്ദീന്‍ മുസ്ല്യാര്‍ (29) ആണ്‌ പോലീസ്‌ പിടിയിലായത്‌.

തട്ടിപ്പിന്‌ ഇരയായവരുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്‌റ്റ്. താനൂര്‍ ദേവധാര്‍ മസ്‌ജിദ്‌ മദ്രസയില്‍ അധ്യാപകനായി ജോലിചെയ്യുന്നതിനിടെയാണ്‌ രാഷ്‌ട്രീയ സമുദായ നേതാക്കളകുടെ അടുത്ത ബന്ധുവാണെന്ന്‌ പരിചയപ്പെടുത്തി പണം കടം വാങ്ങിയത്‌.

പാണക്കാട്‌ തങ്ങളുടേയും അബ്‌ദുറഹ്‌മാന്‍ രണ്ടത്താണി എം.എല്‍.എയുടേയും ബന്ധുവാണെന്ന്‌ പറഞ്ഞാണ്‌ പണം വാങ്ങിയിരുന്നത്‌.

ആറ്‌ മാസത്തിനിടയില്‍ തനൂരിലെ ഒരാളില്‍ നിന്ന്‌ 80000 രൂപയും ദേവധാര്‍ മസ്‌ജിദില്‍ നിന്ന്‌ 60000 രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നു.

ഇതിനിടെ ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക്‌ അപകടത്തില്‍ പെട്ട്‌ ഒരാള്‍ക്ക്‌ പരിക്കേറ്റു. ഇതിനു ശേഷം ഇയാള്‍ നാട്ടിലേക്ക്‌ പോയി. തിരിച്ച്‌ ജോലിക്കെത്താത്തതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ പലരില്‍ നിന്നായി വന്‍തുക കടം പറ്റിയതായി അിറയാന്‍ കഴിഞ്ഞത്‌.

ഇതിനിടെ ചമ്രവട്ടത്തെ ഒരു മദ്രസയില്‍ ജോലി ചെയ്യവെ സമാന രീതിയില്‍ പണം കടം വാങ്ങി ആളുകളെ വഞ്ചിച്ചിരുന്നു.

ഇയാളുടെ വീട്ടില്‍ നിന്ന്‌ നിരവധി സിംകാര്‍ഡുകളും പോലീസ്‌ കണ്ടെടുത്തു. തിരൂര്‍ പോലീസ്‌ പിടികൂടിയ ശിഹാബുദ്ദീനെ താനൂപോലീസിനു കൈമാറി.

താനൂര്‍ പോലീസ്‌ മുസ്ല്യാരെ മെഡിക്കല്‍ പരിശോധന നടത്തി. കേസെടുത്ത്‌ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ്‌ ചെയ്‌തു.

വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഡയറക്ടറി ഇപ്പോള്‍ ബുക്ക് ചെയ്യാം...

കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയിലും വിദേശത്തും പഠിക്കുന്നതിന് ലഭ്യമാകുന്ന സഹായങ്ങളെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ സ്‌കോളര്‍ഷിപ്പ് ഡയറക്ടറിക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം.
കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍, വിദേശ രാജ്യങ്ങള്‍, എംബസികള്‍, സര്‍ക്കാരിതര സംഘടനകള്‍ തുടങ്ങിയ ആയിരത്തോളം സ്ഥാപനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, ഫെലോഷിപ്പ്, എന്‍സേവ്‌മെന്റ്, സാമ്പത്തിക സഹായം എന്നിവയെ സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്ന സമഗ്ര ഡയറക്ടറിയാണിത്. മെഡിക്കല്‍, എഞ്ചിനിയറിങ്, മറ്റ് പ്രൊഫഷനല്‍ കോഴ്‌സുകള്‍ ഉള്‍പ്പടെ സ്‌കൂള്‍തലം മുതല്‍ പി.എച്ച്.ഡി വരെയുള്ളവര്‍ക്ക് ലഭിക്കുന്നതാണ് ഓരോ സ്‌കോളര്‍ഷിപ്പും.
ഓരോ ജില്ലയില്‍ നിന്നും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 1000 വിദ്യാര്‍ത്ഥികള്‍ക്ക് 460 രൂപ മുഖവിലയുള്ള ഡയറക്ടറി 300 രൂപയ്ക്ക് ലഭിക്കും. ഡയറക്ടറി ആവശ്യമുള്ളവര്‍ ഡയറക്ടര്‍, എസ്.ആര്‍.സി കേരള, മെഡിക്കല്‍ കോളജ്, കോഴിക്കോട് 673 008 വിലാസത്തില്‍ മണിയോര്‍ഡര്‍ അയച്ചാല്‍ ലഭിക്കും. ഡയറക്ടറി 9539144473 നമ്പറില്‍ ബുക്ക് ചെയ്യാം

അപൂര്‍വ രോഗം ബാധിച്ച യുവാവ് സഹായം തേടുന്നു...

എടപ്പാള്‍: അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന യുവാവിന്‍െറ ജീവന്‍ രക്ഷിക്കാന്‍ ഒരു ഗ്രാമം മുഴുവന്‍ അശ്രാന്ത പരിശ്രമത്തില്‍. കാലടി പഞ്ചായത്തിലെ പോത്തനൂര്‍ കൊരണപറ്റ അബ്ദുട്ടി- ഫാത്തിമ ദമ്പതികളുടെ ഏക മകനായ ഉബൈദ് (30) ആണ് ശരീരത്തില്‍ ചെമ്പിന്‍െറ അംശം കൂടുതലാകുന്നതിനാലുണ്ടാകുന്ന വില്‍സണ്‍ ഡിസീസ് എന്ന അപൂര്‍വ രോഗത്തിന്‍െറ പിടിയിലമര്‍ന്ന് ദുരിതമനുഭവിക്കുന്നത്.
ഏഴ് വര്‍ഷത്തിലധികമായി രോഗം പിടികൂടിയിട്ട്. ചികിത്സക്കായി ഇതിനകം വലിയ സംഖ്യ ചെലവഴിച്ചു.
രണ്ടാഴ്ച മുമ്പ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഉബൈദിന്‍െറ കരള്‍ അറുപത് ശതമാനം നശിച്ചതായി കണ്ടെത്തി. കരള്‍ മാറ്റിവെച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതിന് 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഈ അസുഖം ബാധിച്ച് ഉബൈദിന്‍െറ രണ്ട് സഹോദരിമാര്‍ മരിച്ചിരുന്നു. ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ഈ യുവാവ് അസുഖത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് ജീവിക്കുകയായിരുന്നു.
ഉബൈദ് കിടപ്പിലായതോടെ പ്രായമായ മാതാപിതാക്കളും ഗര്‍ഭിണിയായ ഭാര്യയുമടങ്ങുന്ന കുടുംബം ദുരിതത്തിലാണ്. ശസ്ത്രക്രിയാ ഫണ്ട് ശേഖരിക്കുന്നതിന് മഹല്ല് പ്രസിഡന്‍റ് കെ.പി. മാനു ഹാജി ചെയര്‍മാനും എം.വി. മുഹമ്മദ് കുട്ടി കണ്‍വീനറും എന്‍.കെ. സൈനുദ്ദീന്‍ ഹാജി ട്രഷററുമായി ചികിത്സാ സഹായസമിതി രൂപവത്കരിച്ചിട്ടുണ്ട്. ജില്ലാ സഹകരണ ബാങ്കിന്‍െറ എടപ്പാള്‍ ശാഖയില്‍ ഉബൈദ് ചികിത്സാ സഹായ സമിതിയുടെ പേരിലുള്ള എക്കൗണ്ട് നമ്പര്‍ 257ല്‍ സംഭാവനകള്‍ അയക്കണമെന്ന് സമിതി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു...

മഞ്ചേരിയില്‍ പ്ളാസ്റ്റിക്ക് കവറുകളും പാന്‍മസാലകളും പിടികൂടി...

മൊത്തവില്‍പനക്കുവെച്ച എട്ടുചാക്കോളം പ്ളാസ്റ്റിക് കവറുകളും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പാന്‍മസാലയും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. വിവിധ കച്ചവട സ്ഥാപനങ്ങളില്‍ മൂന്നാഴ്ചയോളം പരിശോധന നടത്തിയാണ് പിടിച്ചെടുത്തത്. കര്‍ശന നിരോധമുണ്ടായിട്ടും 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളാണ് മഞ്ചേരിയില്‍ മൊത്തവിതരണത്തിനെത്തുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നിടങ്ങളിലും പരിശോധിച്ചു. പാന്‍പരാഗ് വില്‍ക്കാനുള്ള നിയന്ത്രണം നീക്കിയതായി കാണിച്ച് കോടതിവിധിയുടെ പകര്‍പ്പ് വ്യാപാരി സംഘടനാ പ്രതിനിധികള്‍ കാണിച്ചു. എന്നാല്‍, നിരോധിത പ്ളാസ്റ്റിക് കവറുകളിലാണ് ഇവ വില്‍ക്കുന്നതെന്നും പൊതുനിയമത്തിന്‍െറ ഭാഗമായി തുടരുന്ന നടപടികളോട് വ്യാപാരികള്‍ സഹകരിക്കണമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്കുട്ടി, ജൂനിയര്‍ എച്ച്.ഐമാരായ മന്‍സൂര്‍ കാരാട്ടുചാലില്‍, കെ.പി. സലീം, ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കലും വ്യാപകമായതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി നഗരസഭയിലേക്ക് ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. ലൈസന്‍സില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ നിരവധിയുണ്ടായിട്ടും അവ കണ്ടില്ളെന്നു നടിച്ചാണ് ചെറുകിട കച്ചവടക്കാര്‍ക്കെതിരെ തിരിഞ്ഞതെന്ന് ഇവര്‍ ആരോപിച്ചു..

Monday, October 17, 2011

ജില്ലാ ആശുപത്രി പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍

ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍. വിജനത മുതലെടുത്താണ് ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നത്.
നേരത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുണ്ടായിരുന്ന ഭാഗമാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങിന് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ നിന്നും റോഡില്‍ നിന്നും ആരുടെയും നോട്ടം എത്തിപ്പെടില്ളെന്നതാണ് സാമൂഹിക വിരുദ്ധര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. ചുറ്റും മരങ്ങളും മതില്‍ക്കെട്ടും ആശുപത്രി കെട്ടിടങ്ങളുമാണെന്നത് സാമുഹിക വിരുദ്ധര്‍ക്ക് സൗകര്യം കൂട്ടുന്നു. ആശുപത്രിയിലേക്കെന്ന വ്യാജേന വളപ്പിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യും.
മദ്യപിക്കാനും അനാശാസത്തിനും പലപ്പോഴും വാഹനങ്ങളില്‍ ഇവിടെ സംഘങ്ങളെത്തുന്നുണ്ട്. കേസുകളുടെ ആവശ്യത്തിനായി ദിവസവും പൊലീസ് രണ്ടും മൂന്നും തവണ ആശുപത്രിയിലെത്താറുണ്ടെങ്കിലും ഇവിടേക്ക് നോട്ടം എത്താറില്ല.
സന്ധ്യയാകുന്നതോടെ ഇവിടം ഇരുട്ടാകുമെന്നതിനാല്‍ മറ്റാരും പാര്‍ക്കിങ് കേന്ദ്രത്തിലെത്താറില്ല. പാര്‍ക്കിങ് കേന്ദ്രത്തോട് ചേര്‍ന്ന പാരാമെഡിക്കല്‍ കെട്ടിടം സാമൂഹിക വിരുദ്ധ കേന്ദ്രമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ഇവിടെ നിന്ന് മദ്യക്കുപ്പികള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ക്കായി ഇവിടം കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ വനിതാ കുളിമുറിയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയിരുന്നു. അതിനെ തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. എക്സറേ, ലാബ്, രക്തബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ പിറകിലായതിനാല്‍ ഇവിടേക്ക് വെളിച്ചമൊരുക്കുക പ്രയാസകരമല്ളെന്ന് ചൂണ്ടിക്കാട്ടുന്നു.

Thursday, October 13, 2011

എസ്.ഐയെ മാറ്റാന്‍ മണല്‍മാഫിയ നാല് ലക്ഷം രൂപ പിരിച്ചു...

മണല്‍മാഫിയക്ക് മൂക്കുകയറിട്ട എസ്.ഐയെ സ്ഥലംമാറ്റാന്‍ അനധികൃത മണല്‍കടവുകളില്‍നിന്ന് നാല് ലക്ഷം രൂപ പിരിച്ചെടുത്തു. തിരൂരങ്ങാടി എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളിയെ സ്ഥലംമാറ്റാനാണ് പണപ്പിരിവ് നടത്തിയത്. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐയാണ് അനില്‍കുമാര്‍. നേരത്തെ വേങ്ങര എസ്.ഐയായിരിക്കെ 150ല്‍പരം അനധികൃത മണല്‍വാഹനങ്ങളാണ് ഇദ്ദേഹം പിടിച്ചത്. പുതിയ ലോറികളടക്കം ഇത്തരത്തില്‍ പിടിച്ചെടുത്തിരുന്നു. കടവുകളില്‍ അടിക്കടി മിന്നല്‍ പരിശോധന നടത്തിയും മണല്‍ വേട്ട തുടര്‍ന്നു. തിരൂരങ്ങാടിയിലെ മണല്‍മാഫിയാ നേതാവിന് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതോടെ എസ്.ഐ മണല്‍ക്കടത്തുകാരെ സഹായിക്കുന്നതായി മാഫിയ വ്യാജ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെച്ച വിവാദ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരിക്കെ മണല്‍മാഫിയക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഐ.ജി ബി. സന്ധ്യ എസ്.ഐ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പി. വിക്രമന്‍ നടത്തിയ വിശദ അന്വേഷണത്തില്‍ എസ്.ഐ കുറ്റക്കാരനല്ളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അനില്‍കുമാറിനെ തിരൂരങ്ങാടി എസ്.ഐയായി നിയമിച്ചത്. ഇതോടെ തിരൂരങ്ങാടിയിലെ കടവുകളില്‍നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇതിന് പരിഹാരം തേടിയാണ് അനില്‍കുമാറിനെ തിരൂരങ്ങാടിയില്‍നിന്ന് മാറ്റാന്‍ മണല്‍മാഫിയ പണം പിരിച്ചത്.
ദിവസം ലക്ഷങ്ങളുടെ വരുമാനമുള്ള തിരൂരങ്ങാടിയിലെയും വേങ്ങരയിലെയും മണല്‍മാഫിയാ സംഘങ്ങളാണ് നാല് ലക്ഷം രൂപ പിരിച്ചെടുത്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിച്ച സംഘം എസ്.ഐയെ നെടുമ്പാശേരി എമിഗ്രേഷനിലേക്ക് മാറ്റിയ ഉത്തരവുമായാണ് മടങ്ങിയെത്തിയത്.