FLASH NEWS

Thursday, October 13, 2011

എസ്.ഐയെ മാറ്റാന്‍ മണല്‍മാഫിയ നാല് ലക്ഷം രൂപ പിരിച്ചു...

മണല്‍മാഫിയക്ക് മൂക്കുകയറിട്ട എസ്.ഐയെ സ്ഥലംമാറ്റാന്‍ അനധികൃത മണല്‍കടവുകളില്‍നിന്ന് നാല് ലക്ഷം രൂപ പിരിച്ചെടുത്തു. തിരൂരങ്ങാടി എസ്.ഐ അനില്‍കുമാര്‍ ടി. മേപ്പള്ളിയെ സ്ഥലംമാറ്റാനാണ് പണപ്പിരിവ് നടത്തിയത്. മണല്‍മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത എസ്.ഐയാണ് അനില്‍കുമാര്‍. നേരത്തെ വേങ്ങര എസ്.ഐയായിരിക്കെ 150ല്‍പരം അനധികൃത മണല്‍വാഹനങ്ങളാണ് ഇദ്ദേഹം പിടിച്ചത്. പുതിയ ലോറികളടക്കം ഇത്തരത്തില്‍ പിടിച്ചെടുത്തിരുന്നു. കടവുകളില്‍ അടിക്കടി മിന്നല്‍ പരിശോധന നടത്തിയും മണല്‍ വേട്ട തുടര്‍ന്നു. തിരൂരങ്ങാടിയിലെ മണല്‍മാഫിയാ നേതാവിന് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇതോടെ എസ്.ഐ മണല്‍ക്കടത്തുകാരെ സഹായിക്കുന്നതായി മാഫിയ വ്യാജ പരാതി നല്‍കുകയായിരുന്നു.
കോഴിക്കോട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ വെടിവെച്ച വിവാദ അസിസ്റ്റന്‍റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ള മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയായിരിക്കെ മണല്‍മാഫിയക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി. ഇതോടെ ഐ.ജി ബി. സന്ധ്യ എസ്.ഐ അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, മലപ്പുറം ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി പി. വിക്രമന്‍ നടത്തിയ വിശദ അന്വേഷണത്തില്‍ എസ്.ഐ കുറ്റക്കാരനല്ളെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അനില്‍കുമാറിനെ തിരൂരങ്ങാടി എസ്.ഐയായി നിയമിച്ചത്. ഇതോടെ തിരൂരങ്ങാടിയിലെ കടവുകളില്‍നിന്ന് അനധികൃതമായി മണല്‍ കടത്താന്‍ കഴിയാത്ത സ്ഥിതിയായി. ഇതിന് പരിഹാരം തേടിയാണ് അനില്‍കുമാറിനെ തിരൂരങ്ങാടിയില്‍നിന്ന് മാറ്റാന്‍ മണല്‍മാഫിയ പണം പിരിച്ചത്.
ദിവസം ലക്ഷങ്ങളുടെ വരുമാനമുള്ള തിരൂരങ്ങാടിയിലെയും വേങ്ങരയിലെയും മണല്‍മാഫിയാ സംഘങ്ങളാണ് നാല് ലക്ഷം രൂപ പിരിച്ചെടുത്തത്. പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍െറ സഹായത്തോടെ തിരുവനന്തപുരത്തേക്ക് തിരിച്ച സംഘം എസ്.ഐയെ നെടുമ്പാശേരി എമിഗ്രേഷനിലേക്ക് മാറ്റിയ ഉത്തരവുമായാണ് മടങ്ങിയെത്തിയത്.

No comments:

Post a Comment