FLASH NEWS

Friday, October 21, 2011

പ്രതിരോധ കുത്തിവെപ്പ്: ജില്ല ഏറ്റവും പിന്നില്‍...

കുഞ്ഞുങ്ങളിലെ പ്രതിരോധ കുത്തിവെപ്പിന് വിമുഖത കാട്ടുന്നതില്‍ മുന്നില്‍ മലപ്പുറം ജില്ല. പ്രതിരോധ മരുന്ന് നല്‍കിയ ഒന്നുമുതല്‍ അഞ്ച് വരെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കണക്കില്‍ ജില്ല 14ാം സ്ഥാനത്താണെന്ന് തിരുവനന്തപുരം കമ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം തലവന്‍ ഡോ. വിജയകുമാര്‍ വ്യക്തമാക്കി.
ജില്ലയില്‍ ഒന്നു മുതല്‍ അഞ്ച് വരെ പ്രായമുള്ള 3,32,823 കുട്ടികളില്‍ ഒരുവിധ പ്രതിരോധ കുത്തിവെപ്പും എടുക്കാത്ത 8196 കുഞ്ഞുങ്ങളുണ്ട്. 29,274 പേര്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ ഭാഗികമായേ ലഭിച്ചിട്ടുള്ളൂ. ആഗസ്റ്റ് 31 വരെ ജില്ലാ ആരോഗ്യ വകുപ്പ് തയാറാക്കിയ കണക്കിലാണ് ഈ വിവരം. സംസ്ഥാനത്തുനിന്ന് തുടച്ചുനീക്കിയെന്ന് അവകാശപ്പെടുന്ന ഡിഫ്തീരിയ (തൊണ്ടമുള്ള്) കാളികാവ് അഞ്ചച്ചവിടിയിലെ കുടുംബത്തിലെ ഒമ്പതും 11ഉം പ്രായമുള്ള സഹോദരിമാര്‍ക്ക് കാണപ്പെട്ട സാഹചര്യത്തിലാണ് പ്രതിരോധ കുത്തിവെപ്പ് സംബന്ധിച്ച കണക്കെടുത്തത്. വളവന്നൂര്‍ പി.എച്ച്.സിയുടെ പരിധിയിലാണ് കുത്തിവെപ്പ് ലഭിക്കാത്ത കുട്ടികള്‍ കൂടുതല്‍ - 911. വണ്ടൂരില്‍ 894, വേങ്ങരയില്‍ 798, വെട്ടത്ത് 791, പൂക്കോട്ടൂരില്‍ 633, കുറ്റിപ്പുറത്ത് 612 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് ലഭിച്ചിട്ടില്ല. നിലമ്പൂര്‍ താലൂക്ക് ആശുപത്രി പരിധിയിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും കുത്തിവെപ്പ് നല്‍കിയെങ്കിലും ഇവിടെ ഒമ്പത് കുട്ടികള്‍ക്ക് മുഴുവന്‍ കുത്തിവെപ്പ് എടുത്തിട്ടില്ളെന്നും കണക്കുകള്‍ കാണിക്കുന്നു.
കാളികാവില്‍ ഡിഫ്തീരിയ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന അറിയിച്ചു. കുത്തിവെപ്പിലൂടെ രോഗം ചെറുക്കാമെന്ന അവബോധം സൃഷ്ടിക്കാന്‍ പഞ്ചായത്ത് ജനപ്രതിനിധികളെയും സാമൂഹികപ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ജനകീയ ആരോഗ്യ വിദ്യാഭ്യാസ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്തുകളെ സമ്പൂര്‍ണ കുത്തിവെപ്പെടുത്ത പ്രദേശങ്ങളായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനങ്ങളും പ്രതിനിധികളും ആരോഗ്യപ്രവര്‍ത്തകരോട് സഹകരിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു.....
by madhyamam

No comments:

Post a Comment