FLASH NEWS

കണ്ണമംഗലംപഞ്ചായത്ത്


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കില് വേങ്ങര ബ്ലോക്കിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബര് 2 നാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 28.24 ച.കി.മീറ്റര് വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്ത്തികള് വടക്ക് നെടിയിരുപ്പ്, പള്ളിക്കല് പഞ്ചായത്തുകള്, കിഴക്ക് ഊരകം, നെടിയിരുപ്പ് പഞ്ചായത്തുകള്, തെക്ക് വേങ്ങര, ഊരകം പഞ്ചായത്തുകള്, പടിഞ്ഞാറ് എ.ആര്.നഗര്, തേഞ്ഞിപ്പലം പഞ്ചായത്തുകള് എന്നിവയാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന കാര്ഷിക വിളകള് നെല്ല്, തെങ്ങ്, മരച്ചീനി, റബ്ബര്, വാഴ മുതലായവയാണ്. കക്കുളം, ചിറ്റടി കുളം, കാപ്പിന് കുളം എന്നിവ ഉള്പ്പെടെ ഒന്പതു കുളങ്ങളാണ് പഞ്ചായത്തിന്റെ മുഖ്യ ജലസ്രോതസ്സ്. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള് കരിപ്പൂര് വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. റെയില്വേ ഗതാഗതത്തിനായി പരപ്പനങ്ങാടി റെയില്വേ സ്റ്റേഷനും തുറമുഖം എന്ന നിലയില് കൊച്ചി തുറമുഖവും പഞ്ചായത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്നു. വേങ്ങരയിലാണ് പഞ്ചായത്തിന്റെ റോഡു ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. അരിക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. വിവിധ മതവിഭാഗത്തില്പ്പെട്ട ആളുകള് അധിവസിക്കുന്ന ഗ്രാമമാണ് കണ്ണമംഗലം ഗ്രാമപഞ്ചായത്ത്. സാംസ്കാരിക തനിമ വിളിച്ചറിയിക്കുന്ന നിരവധി ആരാധനാലയങ്ങള് ഈ പഞ്ചായത്തിലുണ്ട്. വെട്ടോട് പള്ളി, പൂച്ചോല മാട് പള്ളി,അച്ചനമ്പലം ജുമാ മസ്ജിത് എന്നിവയുള്പ്പെടെ ഇസ്ലാം മത വിഭാഗത്തില് എട്ടോളം ആരാധനാലയങ്ങള് പഞ്ചായത്തില് വിവിധ ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. പെരുന്തന്പലം, നരസിംഹമൂര്ത്തി ക്ഷേത്രം, തൊന്നിയില് അന്പലം, ഇരുങ്ങലന്പൂര് ക്ഷേത്രം എന്നിവ പഞ്ചായത്തിലെ പ്രധാനപ്പെട്ട ഹൈന്ദവ ആരാധനാലയങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങളും പെരുന്നാളുകളും ജാതിഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്നു. വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബ്, ബദര് കിസ്സ് പാട്ട് രചയിതാവായ ചാക്കീരി മൊയ്തീന് എന്നിവര് കണ്ണമംഗലം പഞ്ചായത്ത് നിവാസികളാണ്. മൃഗസംരക്ഷണ വകുപ്പിനു കീഴില് ഒരു വെറ്റിനറി ഡിസ്പെന്സറി പഞ്ചായത്തില് പ്രവര്ത്തിക്കുന്നു. വിദ്യാഭ്യാസ മേഖലയില് നിരവധി വിദ്യാലയങ്ങള് ഈ പഞ്ചായത്തില് പ്രവര്ത്തിക്കുന്നുണ്ട്. ധര്മ്മഗിരിയിലെ ഐഡിയല് സ്ക്കൂളാണ് പഞ്ചായത്തിലെ സ്വകാര്യ മേഖലയില് പ്രവര്ത്തിക്കുന്ന വിദ്യാലയം. 5 എല്.പി സ്ക്കൂളും 2 യു.പി സ്ക്കൂളും ഒരു ഹൈസ്ക്കൂളും പഞ്ചായത്തില് സര്ക്കാര് മേഖലയില് പ്രവര്ത്തിക്കുന്നു. ചേറൂര്, പടപ്പറമ്പ് എന്നിവിടങ്ങളിലായാണ് തപാല് ഓഫീസുകള് പ്രവര്ത്തിക്കുന്നത്. വില്ലേജ് ഓഫീസ് ചേറൂരും, കൃഷിഭവന്,പഞ്ചായത്ത് അച്ചനമ്പലത്തും പ്രവര്ത്തിച്ചു വരുന്നു. നാട്ടുരാജാക്കന്മാരുടെ ഭരണത്തിന്റേയും, ബ്രിട്ടീഷ് തേര്വാഴ്ചയുടേയും, ഫ്യൂഡല് ജന്മിമാരുടെ സര്വ്വാധിപത്യത്തിന്റേയും തിക്താനുഭവങ്ങളിലൂടെ കടന്നുവന്നവരാണ് ഇവിടുത്തെ അടിസ്ഥാനവര്ഗ്ഗം. വേങ്ങര പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഒരു വരുമാനമാര്ഗ്ഗമെന്ന നിലയില് പുരാതനകാലം മുതല് തന്നെ ആടുമാടുകളേയും കോഴികളേയും വളര്ത്തിയിരുന്നു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള മലമ്പ്രദേശത്തും അതിനോടു ചേര്ന്നുള്ള പ്രദേശങ്ങളിലും ഒരുകാലത്ത് ജനങ്ങളുടെ പ്രധാന വരുമാനമാര്ഗ്ഗം തന്നെ കാലിവളര്ത്തലായിരുന്നു. ജന്മിത്വത്തിനെതിരെയുള്ള പോരാട്ടങ്ങളില് കര്ഷകരെയും കര്ഷകത്തൊഴിലാളികളെയും അണിനിരത്തിക്കൊണ്ടാണ് ഇടതുപക്ഷപ്രസ്ഥാനങ്ങള് ഇവിടെയും പ്രവര്ത്തനമാരംഭിച്ചത്. എ.കെ.ജി, കെ.ദാമോദരന് മുതലായവര് ഈ പ്രദേശത്ത് താമസിച്ച് പ്രവര്ത്തനങ്ങള്ക്കു നേതൃത്വം നല്കിയിരുന്നു. പൊതുവിതരണ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില് തന്നെ ഇവിടെ ആരംഭിച്ചിരുന്നു. കളിയടക്ക ഉണ്ടാക്കലും, വള്ളിക്കൊട്ട മെടയലുമാണ് പരമ്പരാഗത കുടില് വ്യവസായങ്ങള്. കപ്പ പറിച്ച് വെട്ടിയുണക്കിയുണ്ടാക്കുന്ന “നുറുക്ക്” അന്യനാടുകളിലേക്കും കയറ്റിയയച്ചിരുന്നു. ഇഞ്ചി, ചുക്ക്, കുരുമുളക്, വെറ്റില എന്നിവയും ഇവിടെ സുലഭമായിരുന്നു. കുന്നിന്പ്രദേശങ്ങളിലും ചെരിഞ്ഞഭാഗങ്ങളിലും ചെയ്തുവരുന്ന പ്രധാനകൃഷി തെങ്ങാണ്. താഴ്ന്ന പ്രദേശങ്ങളില് വാഴ, കവുങ്ങ്, വെറ്റില എന്നീ കൃഷികളും വിപുലമായി നടക്കുന്നുണ്ട്. മാവ്, പ്ളാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. മുക്കാല് നൂറ്റാണ്ടു മുമ്പ് ഈ പ്രദേശത്ത് പറമ്പുവിളകള്ക്കായിരുന്നു പ്രാമുഖ്യം. അക്കാലത്തെ പ്രധാന വിള ഇഞ്ചിയായിരുന്നു. കിഴക്കന്, നാടന് എന്നീ ഇനങ്ങളായിരുന്നു കൃഷി ചെയ്തിരുന്നത്..