FLASH NEWS

Sunday, January 8, 2012

സ്റ്റാര്‍ സിംഗര്‍ ജോബി ഇപ്പോഴും വീടില്ലാതെ...



ഏഷ്യാനെറ്റിലെ
സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫോറില്‍ ജോബി ജോണ്‍ എന്ന ചെറുപ്പക്കാരന്‍
ജേതാവായപ്പോള്‍ മലയാളിസമൂഹം ഒന്നടങ്കം ആഹ്ലാദിച്ചു. കാരണം
കഷ്ടപ്പാടിന്‍റെയും ബുദ്ധിമുട്ടുകളുടെയും വേദനയില്‍ നിന്ന് പിച്ചവച്ച്
കയറിവന്നവനാണ് ജോബി. ഈ പാട്ടുകാരന്‍ പാടുമ്പോള്‍ അതിന് കണ്ണീരിന്‍റെ
നനവുണ്ട്. എന്നാല്‍ ഒന്നാം സമ്മാനമായ ഒരുകോടി രൂപയുടെ വീട്
സ്വന്തമായിട്ടും, അത് ഉപയോഗിക്കാനാവാത്ത നിസഹായാവസ്ഥയിലാണ് ജോബി ഇപ്പോള്‍.

ഒരുകോടി
രൂപയുടെ വീടിന്‍റെ രേഖകള്‍ സ്റ്റാര്‍സിംഗര്‍ സ്പോണ്‍സറായ ട്രാവന്‍‌കൂര്‍
ബില്‍ഡേഴ്സ് പ്രതിനിധിയുടെ കൈയില്‍ നിന്ന് ഗ്രാന്‍റ് ഫിനാലെ വേദിയില്‍ ജോബി
ഏറ്റുവാങ്ങി. പക്ഷേ ആ വീട്ടില്‍ താമസമാക്കണമെങ്കില്‍ ജോബിക്ക് ഇനിയും
കടമ്പകള്‍ ഏറെ കടക്കാനുണ്ട്. രജിസ്ട്രേഷനും ടാക്സുമൊക്കെയായി 40 ലക്ഷം രൂപ
ജോബി അടച്ചെങ്കില്‍ മാത്രമേ വീട്ടില്‍ താമസമാക്കാന്‍ കഴിയുകയുള്ളൂ.

വീടിന്‍റെ
ഉടമ ജോബി തന്നെയാണ്. പക്ഷേ അത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ. “ഒന്നര
വര്‍ഷത്തെ കഷ്ടപ്പാടിന് ദൈവം തന്ന പ്രതിഫലമാണ് ഈ വീട്. പക്ഷേ, ഒരുഗതിയും
പരഗതിയുമില്ലാത്ത ഞാന്‍ ഇത്രയും പണം എങ്ങനെ ഉണ്ടാക്കാനാണ്. ഏഷ്യാനെറ്റും
ട്രാവന്‍‌കൂര്‍ ബില്‍ഡേഴ്സും ഇക്കാര്യത്തേക്കുറിച്ച് പിന്നീട്
സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തീരുമാനമെന്തെന്ന് ദൈവത്തിന് മാത്രമേ
അറിയൂ” - ഒരു പ്രമുഖ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ജോബി ജോണ്‍
വ്യക്തമാക്കി.

കോഴിക്കോട്
തൊട്ടില്‍പ്പാലത്തിനടുത്ത് ചാപ്പാം‌തോട്ടമെന്ന മലയോര ഗ്രാമത്തില്‍
മണ്‍‌ചുവരുകളുള്ള ഒരു ചെറിയ കുടിലാണ് ജോബിയുടെ വീട്. അതിനടുത്തു തന്നെ
സുഹൃത്തുക്കളുടെയും പഞ്ചായത്തിന്‍റെയും സഹായത്തോടെ ലഭിച്ച ഒരു കൊച്ചുവീടും
ജോബിയുടേതായുണ്ട്. പാടിക്കിട്ടിയ വലിയ വീട്ടിലെ താമസം ജോബിക്ക് ഒരു സ്വപ്നം
മാത്രമായി അവശേഷിക്കുകയാണ്.

No comments:

Post a Comment