FLASH NEWS

Tuesday, January 17, 2012

പാചകവാതകവും ജയില്‍മോചനവും തേടി കേന്ദ്രമന്ത്രിക്ക് മുന്നില്‍ പരാതിക്കൂമ്പാരം..

വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ നിന്ന് ഉറ്റവരുടെ മോചനവും സാമ്പത്തികസഹായവും ജോലിയും തേടി കേന്ദ്രമന്ത്രിയുടെ പക്കല്‍ പരാതികളുടെ കൂമ്പാരം. കേന്ദ്രമന്ത്രിയും മലപ്പുറം ലോക്‌സഭാമണ്ഡലം പ്രതിനിധിയുമായ ഇ.അഹമ്മദ് തിങ്കളാഴ്ച മലപ്പുറം ക്യാമ്പ് ഓഫീസില്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ പാചകവാതക കണക്ഷന്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് മാത്രം കിട്ടിയത് 158 പരാതികളാണ്. സാമ്പത്തികസഹായം തേടി 63 പരാതികളും ജോലിക്കായി 44 പരാതികളും കിട്ടി. ആകെ ലഭിച്ച 434 പരാതികളില്‍ പാസ്‌പോര്‍ട്ട് സംബന്ധമായി 50 എണ്ണവും വിവിധ എംബസി സംബന്ധമായി 44 എണ്ണവും കിട്ടി. വിവിധപ്രശ്‌നങ്ങളാല്‍ പാസ്‌പോര്‍ട്ട് കിട്ടുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികളില്‍ കൂടുതലും. ഈ പരാതികള്‍ ക്യാമ്പില്‍ പങ്കെടുത്ത മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറി. എംബസി സംബന്ധിച്ച കേസുകള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി വേണ്ട നടപടിയെടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

കേസുകളില്‍പ്പെട്ട് വിവിധ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനമായിരുന്നു പല പരാതികളിലെയും ആവശ്യം. താന്‍ വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റശേഷം ഒരുവര്‍ഷത്തിനുള്ളില്‍ ജയില്‍മോചനത്തിനായി 110 പരാതികള്‍ കിട്ടിയതായി മന്ത്രി പറഞ്ഞു. അതില്‍ 35 എണ്ണത്തില്‍ മോചനം നേടിക്കൊടുത്തു. കൊലക്കേസുകള്‍ ഉള്‍പ്പെടെയുള്ളതാണ് ഇനിയും ബാക്കിയുള്ളത്.

മലപ്പുറം മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പാചകവാതക കണക്ഷന്‍ സംബന്ധിച്ച് 756 നിവേദനങ്ങള്‍ കിട്ടി. അതില്‍ 563 പേര്‍ക്ക് കണക്ഷന്‍ നേടിക്കൊടുത്തിട്ടുണ്ട്. ബാക്കി 193 എണ്ണത്തിലും ഇപ്പോള്‍ ലഭിച്ച 158 പരാതികളിലും നടപടികള്‍ ഉടനെടുക്കുമെന്നും മന്ത്രി അറിയിച്ചു. ധനസഹായം ആവശ്യപ്പെട്ട് ഒരു വര്‍ഷത്തിനിടെ 375 നിവേദനങ്ങള്‍ ലഭിച്ചതില്‍ 31.78 ലക്ഷം രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു. ജോലിതേടി ലഭിച്ച പരാതികള്‍ അധികവും ശാരീരികമായി വെല്ലുവിളി നേരിടുന്നവരുടേതായിരുന്നു. ഈ വിഷയം കേന്ദ്ര സാമൂഹികക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.

തിങ്കളാഴ്ച ലഭിച്ച 434 പരാതികളില്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് സഹായംതേടി 20 ഉം എം.പി ഫണ്ടിനായി 28ഉം റെയില്‍വേയുമായി ബന്ധപ്പെട്ട് 14ഉം കേന്ദ്രീയ വിദ്യാലയ പ്രവേശനത്തിനായി മൂന്നും ഇസത്ത് ടിക്കറ്റിനായി 12ഉം മറ്റ് രണ്ട് പരാതികളും കിട്ടി. രാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചഭക്ഷണത്തിന് പിരിഞ്ഞശേഷം വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും തുടര്‍ന്നു.

എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.എ.അഹമ്മദ് കബീര്‍, പി.കെ.ബഷീര്‍ എന്നിവരും നാലകത്ത് സൂപ്പി, ജില്ലാകളക്ടര്‍ എം.സി.മോഹന്‍ദാസ്, ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.അബ്ദുള്‍റഷീദ്, ഡിവൈ.എസ്.പിമാരായ പി.രാജു, കെ.മോഹനചന്ദ്രന്‍, മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരാതി സ്വീകരിക്കല്‍.

വികലാംഗരുടെ വാഹനങ്ങള്‍ക്ക് ഇന്ധന സബ്‌സിഡി നല്‍കണമെന്ന ആവശ്യവുമായി വികലാംഗ കൂട്ടായ്മയും വികലാംഗ സഹായസമിതിയും പരാതി നല്‍കി. ഇക്കാര്യം കേന്ദ്ര പെട്രോളിയംവകുപ്പ് മന്ത്രിയുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്ന് അഹമ്മദ് ഉറപ്പ് നല്‍കി. മണ്ഡലത്തിലെ പരാതി സ്വീകരിക്കാന്‍ രണ്ടുമാസത്തിനകം വീണ്ടും ഇത്തരത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
by mathrubhumi

No comments:

Post a Comment