FLASH NEWS

Tuesday, January 24, 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു‍‍‍‍‍‍‍....


തൃശൂര്‍: വാക്‌ദേവതയുടെ വീരഭടന്‍ ഡോ.സുകുമാര്‍ അഴീക്കോട് (85)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 6.40 ഓടെ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അഴീക്കോടിന്റെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്. ജീവന്‍രക്ഷാ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസം നല്‍കിയുമായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. സന്തതസഹചാരിയായ ഡ്രൈവറും സഹോദരിയും മക്കളും മരണസമയം സമീപത്തുണ്ടായിരുന്നു. ഭൗതികദേഹം തൃശൂര്‍ ഇരവിമംഗത്തെ വസതിയിലും സാഹിത്യ അക്കാദമി ഹാളിലും കണ്ണൂര്‍ മഹാത്മാഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ പതിനൊന്നിന് പയ്യാമ്പലത്ത്.

മലയാളത്തിന്റെ മനസാക്ഷിയുടെ ശബ്ദമായിരുന്ന അഴീക്കോട് ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപന്‍, സാഹിത്യകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍, സമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ ചിന്തകന്‍, നിരൂപകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. പ്രൈമറിസ്കൂള്‍ തലം മുതല്‍ സര്‍വ്വകലാശാല വരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ അദ്ദേഹത്തെ അഴീക്കോട് മാഷ് എന്നാണ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും സാംസ്‌കാരിക കേരളം ഒന്നടങ്കം വിളിച്ചിരുന്നത്.കേന്ദ്ര-കേരള സാഹിത്യ അക്കാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1926 മെയ് 26ന് കണ്ണൂരിലെ അഴീക്കോടാണ് അദ്ദേഹം ജനിച്ചത് . പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്.

കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. ഡോക്ടറേറ്റ് നേടിയ അദ്ദേഹം ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ് കോഴിക്കോട് സെന്റ് ജോസഫ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളജിലെ പ്രിന്‍സിപ്പലായും കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായും നിയമിതനാവുകയും

കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായിരുന്നു. ആക്ടിംഗ് വൈസ് ചാന്‍സലറായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു.

മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

അദ്ദേഹത്തിന്റെ തത്വമസിക്ക് കേന്ദ്ര - സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകളും , വയലാര്‍ അവാര്‍ഡും അടക്കം 12 പുരസ്‌കാരങ്ങളാണ് ലഭിച്ചത് . 2007 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കിയെങ്കിലും ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി അദ്ദേഹം പുരസ്‌കാരം നിരസിച്ചു.

ആശാന്റെ സീതാകാവ്യം, രാമനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ വിമര്‍ശനം തുടങ്ങിയ രചനകളും അഴീക്കോട് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് വളമായി നല്‍കി.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

തത്വമസിയിലൂടെ കേരളത്തെ കീഴടക്കിയ അദ്ദേഹം ഗാന്ധിയനെന്ന നിലയിലും ജനമനസില്‍ സ്ഥാനം ഉറപ്പിച്ചു.
by mangalam

No comments:

Post a Comment