FLASH NEWS

Friday, January 6, 2012

തെരുവ്‌നായ്‌ക്കളുടെ ഭീതി ഒഴിഞ്ഞപ്പോള്‍ തിരൂരില്‍ മോഷ്‌ടാക്കളുടെ ഭീതി.....

തിരൂര്‍: പേപ്പട്ടി കടിച്ച്‌ നിരവധി പേര്‍ക്ക്‌ പരുക്കേറ്റതോടെ നഗരസഭയുടെ നേതൃത്വത്തില്‍ നായ്‌ക്കളെ പിടിക്കുന്നവരെ വരുത്തി തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കി കഴിഞ്ഞതോടെ തിരൂരില്‍ കള്ളന്‍മാരുടെ ഭീതിതുടങ്ങി. രാത്രിയില്‍ മാലപൊട്ടിക്കുന്ന സംഘം സജീവമാണ്‌. തൃക്കണ്ടിയൂരിലെ നിരവധി വീടുകളില്‍ രണ്ടു ദിവസം മുമ്പ്‌ കളളന്‍കയറി. കഴിഞ്ഞ ദിവസം കണ്ണികുളങ്ങര സുന്ദരന്റെ വീട്ടില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണമാല ബൈക്കില്‍ എത്തിയ സംഘം പൊട്ടിച്ചോടി. പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഇന്നലെ പുലര്‍ച്ചെ നാലിന്‌ മുത്തൂര്‍ ഐ.ടി.സിക്ക്‌ സമീപം താമസിക്കുന്ന മുഹമ്മദ്‌ ഷാഫിയുടെ വീട്ടില്‍ കയറിയ മോഷ്‌ടാക്കള്‍ വീട്ടമ്മ റഹീമയുടെ കഴുത്തില്‍ നിന്നും ആറര പവന്‍ സ്വര്‍ണമാലയും കുട്ടിയുടെ ശരീരത്തില്‍ നിന്നും രണ്ടര പവന്‍ സ്വര്‍ണാഭരണവും പൊട്ടിച്ചെടുത്തു. കഴുത്തിന്‌ കത്തിവെച്ചാണ്‌ റഹീമയുടെ മാല കവര്‍ന്നത്‌. തിരൂര്‍ സി.ഐ: ആര്‍.റാഫി സ്‌ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരുടെ പരിശോധനയ്‌ക്ക് ശേഷം കേസ്‌ ഊര്‍ജിതമായി അന്വേഷിക്കും. തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കിയതോടെ രാത്രിയില്‍ റോഡുകള്‍ വിജനമാണ്‌. തെരുവ്‌ നായ്‌ക്കള്‍ ഉണ്ടായിരുന്ന സമയത്ത്‌ ഇവ സംശയാസ്‌പദ സാഹചര്യത്തില്‍ കാണുന്നവരെ വിരട്ടി ഓടിക്കുമായിരുന്നു. അതേ സമയം തെരുവ്‌ നായ്‌ക്കള്‍ ആരേയും കടിച്ചിട്ടുമില്ല. പേപ്പട്ടി വിഷബാധയുടെ മറവില്‍ തെരുവ്‌ നായ്‌ക്കളെ കൊന്നൊടുക്കണമെന്നാവശ്യപ്പെട്ടതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. തിരൂരില്‍ ഇപ്പോഴും നായ്‌ക്കളെ പിടികൂടുന്നവര്‍ ഇരു ചക്രവാഹനങ്ങളില്‍ കറങ്ങുന്നുണ്ട്‌. ഇവര്‍ നായ്‌ക്കളെ കണ്ടെത്താനെന്ന പേരില്‍ സ്വകാര്യ വ്യക്‌തികളുടെ വീട്ടുവളപ്പിലെ മതില്‍ ചാടിക്കടന്ന്‌ പരിസരം വീക്ഷിക്കാറുണ്ടെന്നും രാത്രി എട്ടിനു ശേഷവും നായ്‌ക്കളെ പിടികൂടാനാണെന്നും പറഞ്ഞു നടക്കുന്നതായും നാട്ടുകാര്‍ പറയുന്നു. നായ്‌ക്കളെ പിടിക്കാനെത്തിയവരെ ഉടന്‍ തിരിച്ചയക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്‌....

No comments:

Post a Comment