FLASH NEWS

Monday, January 30, 2012

വ്യാജപാസ് നിര്‍മാണം: ഒരാള്‍കൂടി അറസ്റ്റില്‍; ഒമ്പതുപേര്‍ റിമാന്‍ഡില്‍ ...

മലപ്പുറത്ത് നടന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ച്ചടങ്ങിലേക്ക് വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂട്ടിലങ്ങാടിയിലെ ടെക്‌സ്റ്റൈല്‍ ജീവനക്കാരന്‍ ഇരുമ്പുഴി ചപ്പുങ്ങന്‍കലയത്ത് സലാം (23) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ സ്റ്റുഡിയോ മുഖാന്തരം ഉണ്ടാക്കിയെടുത്ത വ്യാജപാസ് വാങ്ങിയ വ്യക്തിയാണെന്ന് മലപ്പുറം പോലീസ് അറിയിച്ചു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തില്‍ മലപ്പുറത്തെ രണ്ട് സ്റ്റുഡിയോകളില്‍ നിന്നും ഒരു ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനത്തില്‍ നിന്നുമായി ഒമ്പതുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം കോടതിയില്‍ ഞായറാഴ്ച ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു.

ജനവരി 23ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ കയറിക്കൂടുന്നതിന് വ്യപകമായി വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടന്നത്. 35,000 പാസുകള്‍ അധികൃതര്‍ അച്ചടിച്ചെങ്കിലും ഈ പാസുകളുടെ വ്യാജന്‍ കമ്പ്യൂട്ടറും സ്‌കാനറും ഉപയോഗിച്ച് പ്രിന്റ് ചെയ്ത് വ്യാപകമായി നല്‍കുകയായിരുന്നു. പണം ഈടാക്കിയാണ് പാസുകള്‍ നിര്‍മിച്ചുനല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുള്‍പ്പെടാന്‍ സാധ്യതയുണ്ട്. വ്യാജപാസുകള്‍ എത്രമാത്രം അച്ചടിച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്

No comments:

Post a Comment