FLASH NEWS

Monday, January 9, 2012

തിരൂര്‍: വെട്ടത്ത് പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ 159-ാമത് നേര്‍ച്ചയ്ക്ക് കൊടിയേറി....

ഞായറാഴ്ച കാലത്ത് 11ന് ബി.പി. അങ്ങാടി മത്സ്യമാര്‍ക്കറ്റ് പരിസരത്തുനിന്നും പുറപ്പെട്ട കഞ്ഞിക്കാരുടെ വരവോടെയായിരുന്നു നേര്‍ച്ചയ്ക്ക് തുടക്കം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ അരിച്ചാക്കുകളുമായി പുറപ്പെട്ട വരവില്‍ നിരവധിപേര്‍ പങ്കെടുത്തു. കഞ്ഞിക്കാരുടെ വരവ് ഉച്ചയോടെ ജാറത്തില്‍ എത്തി. തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന അരി ഉപയോഗിച്ച് കഞ്ഞി തയ്യാറാക്കി വിതരണം ചെയ്തു.

ഉച്ചയ്ക്ക് 2.30നാണ് കൊടിയേറ്റവരവ് ആരംഭിച്ചത്. തിരൂര്‍ പോലീസ് സ്റ്റേഷനില്‍നിന്ന് ഡിവൈ.എസ്.പി സലീമില്‍നിന്ന് നേര്‍ച്ചക്കമ്മിറ്റി ഭാരവാഹികള്‍ കൊടി ഏറ്റുവാങ്ങി. നെറ്റിപ്പട്ടംകെട്ടിയ 10 ആനകളുടെ അകമ്പടിയോടെയാണ് വരവ് നടന്നത്. ബാന്റുമേളം, ശിങ്കാരിമേളം, പാണ്ടിമേളം, കോല്‍ക്കളി, ദഫ്മുട്ട്, ചീനിമുട്ട്, ചെണ്ടമേളം എന്നിവ വരവിന് മിഴിവേകി.

പൂഴിക്കുന്ന് വരെയുള്ള ഏഴ് കിലോമീറ്റര്‍ ദൂരം നഗരക്കാഴ്ച നടത്തിയാണ് നേര്‍ച്ചവരവ് ജാറം അങ്കണത്തില്‍ എത്തിയത്. വരവില്‍ അണിനിരന്ന നൂറുകണക്കിനാളുകള്‍ക്കുപുറമെ റോഡിന് ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നേര്‍ച്ചവരവിന് ആശീര്‍വാദമര്‍പ്പിച്ചു.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന നേര്‍ച്ചയില്‍ 60ല്‍ പരം ഘോഷയാത്രകള്‍ എത്തും. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് വാക്കാട്ട് നിന്നുള്ള ചാപ്പക്കാരുടെ വരവ് ജാറത്തില്‍ എത്തുന്നതോടെ നേര്‍ച്ചയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പം കത്തിക്കല്‍ ചടങ്ങ് നടക്കും.

No comments:

Post a Comment