FLASH NEWS

Tuesday, January 3, 2012

ജൂനിയര്‍ സച്ചിന്‍ എറിഞ്ഞു തുടങ്ങി....


മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറെപ്പോലെ ക്രിക്കറ്റില്‍ കരിയര്‍ തേടുകയാണു മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറും. ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനൊപ്പമുള്ള അര്‍ജുന്‍ ഇന്നലെ പിതാവിനൊപ്പം പരിശീലനത്തിനിറങ്ങിയിരുന്നു.

മൂര്‍ പാര്‍ക്കില്‍ പരിശീലന ഗ്രൗണ്ടില്‍ പിതാവിനെതിരേ തന്നെ പന്തെറിയാനും അര്‍ജുന്‍ തയാറായി. ഇന്ത്യന്‍ ടീം സിഡ്‌നിയില്‍ ഇന്നു തുടങ്ങുന്ന രണ്ടാം ടെസ്‌റ്റിനുള്ള തയാറെടുപ്പുകളില്‍ മുഴുകിയപ്പോള്‍ ടീമംഗത്തെപ്പോലെ അര്‍ജുനും കളംനിറഞ്ഞു. മെല്‍ബണ്‍ ടെസ്‌റ്റില്‍ 122 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനാല്‍ ടീമിന്റെ ബാറ്റിംഗ്‌ പരിശീലനം ഗൗരവമേറിയതായിരുന്നു. അതുകൊണ്ടു തന്നെ അര്‍ജുനിന്‌ പാഡണിയാന്‍ അവസരം കിട്ടിയില്ല. സച്ചിന്‍ വലംകൈയന്‍ ബാറ്റ്‌സ്മാനാണെങ്കില്‍ അര്‍ജുന്‍ ഇടംകൈയന്‍ പേസറും ബാറ്റ്‌സ്മാനുമാണെന്ന വ്യത്യാസമുണ്ട്‌.

പിതാവിന്റെ നൂറാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ്‌ തന്നെ ബാധിക്കുന്നേയില്ലെന്ന പോലെയായിരുന്നു അര്‍ജുനിന്റെ ബൗളിംഗ്‌. നവംബറില്‍ മുംബൈയില്‍ നടന്ന ഇന്റര്‍സ്‌കൂള്‍ മത്സരത്തിലാണ്‌ അര്‍ജുനിന്റെ പ്രതിഭ ലോകം ആദ്യമായാണ്‌ അറിയുന്നത്‌. ഹാരിസ്‌ ഷീല്‍ഡ്‌ സ്‌കൂള്‍സ്‌ കോമ്പറ്റീഷനില്‍ ധീരുഭായി അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിനു വേണ്ടി കളിക്കാനിറങ്ങി ആദ്യ മത്സരത്തില്‍ തന്നെ 12 വയസുകാരനായ അര്‍ജുന്‍ 22 റണ്‍സ്‌ വഴങ്ങി എട്ടു വിക്കറ്റെടുത്തിരുന്നു. സച്ചിന്‍ ജൂനിയറിന്റെ ഇടംകൈയന്‍ പേസിന്റെ കൃത്യതയിലും സ്വിംഗിലും എതിരാളികള്‍ വലഞ്ഞു. ബാറ്റ്‌സ്മാനെന്നതിലുപരി ബൗളറായാകും അര്‍ജുന്‍ മുന്നേറുകയെന്ന്‌ അന്നു തന്നെ മാധ്യമങ്ങള്‍ വിലയിരുത്തി. ഇന്ത്യയുടെ രോഹിത്‌ ശര്‍മയ്‌ക്കെതിരേ അര്‍ജുന്‍ എറിഞ്ഞ പന്ത്‌ പ്രതിഭാസ്‌പര്‍ശമുള്ളതായിരുന്നെന്നാണു റിപ്പോര്‍ട്ട്‌. പന്തിന്റെ എവേ മൂവ്‌മെന്റ്‌ രോഹിത്‌ ശര്‍മയെ പൂര്‍ണമായും കമ്പളിപ്പിച്ചു.

No comments:

Post a Comment