FLASH NEWS

Monday, October 7, 2013

മുംബൈയ്‌ക്ക് രണ്ടാം കിരീടം.....


ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിന്‌ രണ്ടാം കിരീടം. ഇന്നലെ ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിനെ 33 റണ്‍സിന്‌ കീഴടക്കിയാണ്‌ മുംബൈ രണ്ടാമതും 'ചാമ്പ്യന്‍സ്‌' ആയത്‌. ടോസ്‌ നേടിയിട്ടും ഫീല്‍ഡിംഗ്‌ തെരഞ്ഞെടുത്ത റോയല്‍സിന്‌ മറുപടി ബാറ്റിംഗിന്റെ തുടക്കത്തില്‍ പെരേരയുടെ വിക്കറ്റിന്റെ രൂപത്തില്‍ തുടക്കത്തിലെ തിരിച്ചടി നേരിട്ടു. എട്ടു റണ്‍സെടുത്ത പെരേരയെ സ്‌മിത്തും കാര്‍ത്തിക്കും ചേര്‍ന്നു റണ്ണൗട്ടാക്കി. എന്നാല്‍, പിന്നീട്‌ രഹാനെയും (65) സാംസണും (60) ചേര്‍ന്നു നടത്തിയ പോരാട്ടം പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ഭജനും ഓജയ്‌ക്കും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പിന്നീടു വന്ന ബിന്നി (10) ഒഴിച്ചുള്ളവരാരും രണ്ടക്കം കണ്ടില്ല. നായകന്‍ ദ്രാവിഡ്‌ ഒരു റണ്‍ മാത്രമെടുത്തു മടങ്ങി. മുംബൈയ്‌ക്കുവേണ്ടി ഹര്‍ഭജന്‍ നാലും പൊള്ളാഡ്‌ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ നിശ്‌ചിത 20 ഓവറില്‍ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. 39 പന്തില്‍ ഒരു സിക്‌സറും അഞ്ചു ഫോറുമടക്കം 44 റണ്ണെടുത്ത ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്താണു മുംബൈയുടെ ടോപ്‌ സ്‌കോറര്‍. നായകന്‍ രോഹിത്‌ ശര്‍മ (14 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്നു ഫോറുമടക്കം 33), ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (14 പന്തില്‍ രണ്ട്‌ സിക്‌സറും നാലു ഫോറുമടക്കം 37), അമ്പാട്ടി റായിഡു (24 പന്തില്‍ 29) എന്നിവരുടെ ബാറ്റിംഗ്‌ മികവും ഐ.പി.എല്‍. ചാമ്പ്യന്‍മാര്‍ കൂടിയായ മുംബൈയ്‌ക്ക് 200 കടക്കാന്‍ സഹായകമായി. മലയാളി താരം സഞ്‌ജു സാംസണ്‍ (33 പന്തില്‍ 60), ഓപ്പണര്‍ അജിന്‍ക്യ രഹാനെ (47 പന്തില്‍ 65) എന്നിവരെ റോയല്‍സിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുമെന്നു തോന്നിപ്പിച്ചു. പക്ഷേ ഇരുവരെയും അപകടകാരിയായ ഷെയ്‌ന്‍ വാട്‌സണ്‍ (എട്ട്‌), കെവിന്‍ കൂപ്പര്‍ (നാല്‌) എന്നിവരെയും പുറത്താക്കി വെറ്ററന്‍ ഓഫ്‌ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗ്‌ ആഞ്ഞടിച്ചു. 32 റണ്‍ വിട്ടുകൊടുത്താണ്‌ ഹര്‍ഭജന്‍ നാലു പേരെ പുറത്താക്കിയത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ പ്രജ്യാന്‍ ഓജ 26 റണ്‍ വഴങ്ങി ഒരു വിക്കറ്റുമെടുത്തു. നായകന്‍ രാഹുല്‍ ദ്രാവിഡ്‌ (ഒന്ന്‌) രണ്ട്‌ പന്തുകള്‍ നേരിട്ടു മടങ്ങി. നഥാന്‍ കൗള്‍ട്ടര്‍ നീല്‍ ദ്രാവിഡിനെ ബൗള്‍ഡാക്കി. ടോസ്‌ നേടിയ രാജസ്‌ഥാന്‍ റോയല്‍സ്‌ മുംബൈയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഡെ്വയ്‌ന്‍ സ്‌മിത്തിനൊപ്പം ഓപ്പണ്‍ ചെയ്‌ത മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ 15 റണ്ണെടുത്തു മടങ്ങി. 13 പന്തിലാണു സച്ചിന്‍ 15 റണ്ണെടുത്തത്‌. ഷെയ്‌ന്‍ വാട്‌സണിനെ മുന്നോട്ടു കയറിയടിക്കാന്‍ ശ്രമിച്ച സച്ചിന്‍ ക്ലീന്‍ ബൗള്‍ഡായി. സച്ചിന്റെ കരിയറിലെ അവസാന ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 മത്സരമായിരുന്നു. കാതടപ്പിക്കുന്ന കൈയടികളുടെ അകമ്പടിയോടെയാണു സച്ചിന്‍ പവലിയനിലേക്കു മടങ്ങിയത്‌. സച്ചിന്‍ പുറത്തായെങ്കിലും പതറാതെനിന്ന സ്‌മിത്തും റായിഡുവും ഇന്നിംഗ്‌സിനു വേഗം നല്‍കി. അവസാന എട്ട്‌ ഓവറുകളിലാണു മുംബൈ 121 റണ്ണെടുത്തത്‌. ഇന്നലത്തെ മത്സരത്തിനുശേഷം രാഹു ല്‍ ദ്രാവിഡ്‌ ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു...

Sunday, June 30, 2013

എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക...


മതാചാരപ്രകാരമല്ലാത്ത തന്റെ വിവാഹം പഞ്ചായത്ത് സെക്രട്ടറി രജിസ്റ്റര്‍ ചെയ്തു നല്‍കുന്നില്ല എന്നുകാട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പഞ്ചായത്ത് ഓഫീസില്‍ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തി. എന്റെ വിവാഹം രജിസ്റ്റര്‍ചെയ്തു തരിക എന്ന വാചകത്തിനു താഴെ സ്വന്തം വിവാഹഫോട്ടോ പതിപ്പിച്ച ഫ്‌ളക്‌സ് ബോര്‍ഡുമായി ഇരിക്കുകയും കിടക്കുകയും ചെയ്യുന്ന അംഗത്തെ കാണാന്‍ ആളും കൂടി. പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം പോലീസെത്തി അംഗത്തെ അറസ്റ്റ്‌ചെയ്തു നീക്കി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം പഞ്ചായത്ത് ഓഫീസിലാണ് ശനിയാഴ്ച ഈ 'വേറിട്ട സമരം' അരങ്ങേറിയത്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സി.പി.ഐ. പിടവൂര്‍ എല്‍.സി. സെക്രട്ടറിയുമായ കാര്യറ എള്ളുവിളവീട്ടില്‍ കിരണ്‍ കെ. കൃഷ്ണയാണ് പരാതിക്കാരന്‍. താനും പുനലൂര്‍ സ്വദേശി മേഘന സി.ജി.യും തമ്മില്‍ രണ്ടരമാസംമുമ്പ് പത്തനാപുരത്തുവച്ചുനടന്ന വിവാഹമാണ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിച്ചിട്ടും രജിസ്റ്റര്‍ ചെയ്യാത്തത്. ഓഡിറ്റോറിയത്തില്‍വച്ച് ഇരു വിഭാഗങ്ങളിലെയും ബന്ധുക്കള്‍ ഉള്‍പ്പെടെ വന്‍ ജനാവലി വിവാഹത്തിന് സാക്ഷ്യം വഹിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും മതാചാരപ്രകാരമല്ല താന്‍ വിവാഹിതനായതെന്ന് കിരണ്‍ പറയുന്നു. വിവാഹം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഏതെങ്കിലും മതാചാരപ്രകാരം നടന്ന വിവാഹമായിരിക്കണമെന്നും അതിന്റെ സാക്ഷ്യപത്രം ഹാജരാക്കണമെന്നും സെക്രട്ടറി നിര്‍ബന്ധിച്ചതാണ് കിരണിന് വിനയായത്. എന്നാല്‍ തന്റെ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ച് രണ്ടുമാസമായി ഈ വിഷയത്തില്‍ ആശയപ്രചാരണം നടത്തുകയായിരുന്നു ഈ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. തന്റെ വിവാഹ രജിസ്‌ട്രേഷന് മതപരമായ ഒരു രേഖയും ഇനിയും ഹാജരാക്കില്ല. ഇപ്രകാരം വിവാഹിതരാവുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതില്ലേ എന്ന ചോദ്യവുമായി നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കിരണ്‍ കെ. കൃഷ്ണ. വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ മതാചാരപ്രകാരം വിവാഹിതനായിരിക്കണമെന്നതാണ് നിയമമെന്ന് പത്തനാപുരം പഞ്ചായത്ത് സെക്രട്ടറി എം.ഡി. ജയരാജന്‍ പറഞ്ഞു. ഇതിന്റെ സാക്ഷ്യപത്രം അപേക്ഷകന്‍ ഹാജരാക്കാത്തതാണ് രജിസ്‌ട്രേഷന് തടസ്സമായത്.

Friday, June 14, 2013

എല്ലാവരും കൈയൊഴിഞ്ഞു; ടെലിഗ്രാമും ഓര്‍മയാകുന്നു...

മാറങ്ങള്‍ക്കൊപ്പം പലതും മണ്‍മറഞ്ഞ കൂട്ടത്തിലേക്ക് മലയാളി കമ്പിയില്ലാക്കമ്പി എന്ന് ഓമനപ്പേരിട്ട് വിളിച്ച ടെലിഗ്രാമും. ജൂലായ് 15 ന് ടെലിഗ്രാo സേവനം രാജ്യത്ത് നിര്‍ത്തലാക്കുകയാണ്. ഇതുസംബന്ധിച്ച സന്ദേശം ബി.എസ്.എന്‍.എല്‍ എല്ലാ സര്‍ക്കിളുകളിലേക്കും കൈമാറിക്കഴിഞ്ഞു. ജനനവും, മരണവും എന്നുവേണ്ട അത്യാവശ്യ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യന്‍ ജനത ഒരുകാലത്ത് ആശ്രയിച്ചത് ടെലിഗ്രാമിനെയായിരുന്നു. 160 വര്‍ഷക്കാലമായി ടെലിഗ്രാo ഇന്ത്യന്‍ ജനതയോടൊപ്പമുണ്ടായിരുന്നു. ഈമെയിലിനേയും എസ്.എം.എസ്സിനേയും ചാറ്റിനേയും ആളുകള്‍ ആശ്രയിച്ച് തുടങ്ങിയതോടെ ടെലിഗ്രാമിന് പ്രസക്തി നഷ്ടമായി തുടങ്ങി. ആര്‍ക്കും വേണ്ടാതായ ടെലിഗ്രാമം ഒരു ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞാണ് 160 വര്‍ഷം തുടര്‍ന്ന സേവനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം ആദ്യം തന്നെ ഇന്ത്യക്ക് പുറത്തേക്കുള്ള ടെലിഗ്രാo സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ഇന്ന് കൊല്‍ക്കത്തയായി മാറിയ പഴയ കല്‍ക്കട്ടയ്ക്ക് 50 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറിലേക്കാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കല്‍ സിഗ്നലായി) പോയത്. 1850 നവംബര്‍ അഞ്ചിനായിരുന്നു അത്. 1855 ഫിബ്രവരിയോടെയാണ് പൊതുജനത്തിന് ഈ സേവനം ലഭ്യമായി. മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ച ടെലിഗ്രാമിനും നവീനരൂപങ്ങള്‍ കൈവന്നു. ഏറ്റവും ഒടുവില്‍ വെബ് അടിസ്ഥാനത്തിലുള്ള സന്ദേശകൈമാറ്റം 2010 ല്‍ ആരംഭിച്ചു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമാകുകയും മൊബൈല്‍ ഫോണ്‍ ആര്‍ക്കും വാങ്ങാവുന്ന നിലയിലേക്ക് എത്തുകയും ചെയ്തതോടെ രാജ്യത്തെ 182 ടെലിഗ്രാഫ് ഓഫീസുകളിലേക്കുള്ള വഴി ആളുകള്‍ മറന്നുതുടങ്ങി. ടെലിഗ്രാഫ് സര്‍വീസ് നിലനിര്‍ത്തുക വഴി മാത്രം ബി.എസ്.എന്‍.എല്ലിന് പ്രതിവര്‍ഷം 300 മുതല്‍ 400 കോടി വരെ നഷ്ടമുണ്ടെന്നാണ് കണക്ക്. അതിനാല്‍ ഈ സേവനം നിര്‍ത്തുകയെന്ന അനിവാര്യതിയിലേക്കെത്തി. നിലവില്‍ ടെലിഗ്രാഫ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് വിഭാഗങ്ങളില്‍ പുനര്‍നിയമിക്കും. Mathrubhumi

Thursday, January 24, 2013

പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലി തര്‍ക്കം; യുവാവ് കുത്തേറ്റ് മരിച്ചു...


നബിദിനാഘോഷ പരിപാടിക്കായി മഹല്ലില്‍ നിന്നു പിരിച്ചെടുത്ത തേങ്ങയെച്ചൊല്ലിയുള്ള തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചു. പൂച്ചോലമാട് കാപ്പന്‍ മുഹമ്മദ്ഹാജിയുടെയും കുഞ്ഞാച്ചുവിന്റെയും മകനായ മുജീബ്(32)ആണു മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ പൂച്ചോലമാട് അങ്ങാടിയിലാണ് സംഭവം. മഹല്ലിലെ വിവിധ വീടുകളില്‍ നിന്ന് മുജീബിന്റെ നേതൃത്വത്തില്‍ സംഭാവനയായി പിരിച്ചെടുത്ത തേങ്ങ മുക്കുമ്മല്‍ സിറാജ് എന്നയാളും കൂട്ടുകാരനും തുച്ഛമായ വിലക്ക് തന്നിഷ്ടപ്രകാരം കച്ചവടമുറപ്പിച്ചുവത്രെ. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സിറാജും കൂട്ടാളിയായ പടപ്പറമ്പിലെ നെടുമ്പള്ളി സൈതലവിയും ചേര്‍ന്ന് മുജീബിനെ കുത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സിറാജും സൈതലവിയും ഓടി രക്ഷപ്പെട്ടു. വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പ്രതികള്‍ക്കു വേണ്ടി രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണ്. മക്കയില്‍ ജോലിക്കാരനായ മുജീബ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വ്യാഴാഴ്ച പൂച്ചോലമാട് മഹല്ല് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Wednesday, January 16, 2013

സ്‌കൂള്‍ യുവജനോത്സവം : സംസ്‌കൃത സെമിനാര്‍ 16 ന്


53 - മത് സ്‌കൂള്‍ കലോത്സവത്തോടൊപ്പം നടത്തുന്ന സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി ജനുവരി 16 ന് രാവിലെ ഒമ്പതിന് മലപ്പുറം എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ സംസ്‌കൃത സെമിനാറും പണ്ഡിത സമാദരണവും നടത്തും. മേല്പത്തൂരില്‍ നിന്നും സംസ്‌കൃതോത്സവ കമ്മിറ്റി വൈസ് ചെയര്‍മാന്‍ എം.എസ് ശര്‍മ കൊണ്ടുവരുന്ന ദീപശിഖ ചെയര്‍മാന്‍ എം.പി അബ്ദുസമദ് സമദാനി ഏറ്റുവാങ്ങും. ഇ. റ്റി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ എം.പി അബ്ദുസമദ് സമദാനി എം.എല്‍.എ അധ്യക്ഷനാവും. പി ഉബൈദുള്ള എം.എല്‍.എ സംസ്‌കൃത പണ്ഡിതന്മാരെ പൊന്നാടയണിയിച്ച് ആദരിക്കും.

Thursday, December 13, 2012

വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി...


വൃദ്ധയുടെ വായില്‍ തുണി തിരുകി ആഭരണങ്ങള്‍ മോഷ്‌ടിച്ചതായി പരാതി. മൂന്നിയൂര്‍ വെളിമുക്ക്‌ പന്നിക്കോട്ടുംപടിയില്‍ വെളിമുക്ക്‌ ചാനത്ത്‌ വീട്ടില്‍ സഫിയയാണു പരാതിക്കാരി. ഇന്നലെ പുലര്‍ച്ചേ മൂന്നരയോടെയാണ്‌ സംഭവം. സഫിയയുടെ മാതാവ്‌ പ്രഭാത നമസ്‌ക്കാരത്തിന്‌ തയ്യാറെടുക്കുന്നതിനായി വീടിന്‌ പുറത്തേക്കിറങ്ങിയ സമയത്ത്‌ മാതാവിന്റെ വായില്‍ തുണി തിരുകി രണ്ടു പവനോളം ആഭരണങ്ങള്‍ മോഷ്‌ടിക്കുകയായിരുന്നു. തുടര്‍ന്ന്‌ വീട്ടില്‍ കയറിയ മോഷ്‌ടാവ്‌ സഫിയയുടെ ദേഹത്തുണ്ടായിരുന്ന മൂന്നര പവന്‍ വരുന്ന മാലയും മോഷ്‌ടിച്ചു.സഫിയയുടെ വള ഊരിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ സഫിയ ഉറക്കമുണരുകയായിരുന്നു.തുടര്‍ന്ന്‌ ബഹളം വെച്ചപ്പോള്‍ മോഷ്‌ടാവ്‌ ഓടിരക്ഷപ്പെട്ടു. വാതില്‍ തുറന്നു കിടക്കുന്നതുകണ്ട സഫിയ പുറത്തേക്ക്‌ നോക്കിയപ്പോള്‍ മാതാവ്‌ വായില്‍ തുണി തിരുകിയ നിലയില്‍ നിലത്ത്‌ വീണു കിടക്കുന്നതായി കണുകയായിരുന്നു. തിരൂരങ്ങാടി പോലീസില്‍ സഫിയ പരാതി നല്‍കി. പോലീസ്‌ അന്വേഷണം നടത്തി വരുന്നു.

Tuesday, November 27, 2012

ഇല്യാസിനെ തട്ടിക്കൊണ്ടുപോയത് കുഴല്‍പ്പണ സംഘമെന്ന് സൂചന...


വേങ്ങര: കുറ്റിപ്പുറം ശിഹാബ് വധക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ പട്ടാപ്പകല്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ കുഴല്‍പ്പണമിടപാട് സംഘമാണെന്ന് പൊലീസിന് സൂചന ലഭിച്ചു. എ.ആര്‍. നഗര്‍ പുതിയത്തുപുറായ സ്വദേശി പാലശ്ശേരി കൂളിപ്പറമ്പില്‍ ഇല്യാസിനെയാണ് (36) ശനിയാഴ്ച രാവിലെ 11.30ന് വേങ്ങര ചേറൂര്‍ റോഡിലെ ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് നാലംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി ഇന്നോവ കാറില്‍ തട്ടിക്കൊണ്ടുപോയത്. കര്‍ണാടകയില്‍വെച്ച് കുഴല്‍പ്പണം തട്ടിപ്പറിച്ചതുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കുഴല്‍പ്പണം പിടിച്ചുപറിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെപ്പോലും വെല്ലുന്ന സമാന്തര അന്വേഷണ സംവിധാനം കുഴല്‍പ്പണ ശൃംഖലയിലുള്ളവര്‍ക്കുണ്ട്. അവരില്‍നിന്നാണ് പൊലീസിന് വിവരം ലഭിച്ചത് എന്നറിയുന്നു. ഇല്യാസിനെ പെട്ടെന്ന് മോചിപ്പിച്ചേക്കുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഇല്യാസിന്‍െറ മൊബൈല്‍ ഫോണില്‍നിന്ന് ഭാര്യക്ക് വിളി വന്നിരുന്നു. ഇല്യാസിന്‍െറ ശബ്ദം കേള്‍പ്പിച്ചെങ്കിലും മറ്റൊരാളാണത്രെ സംസാരിച്ചത്. ആളെ മാറി തട്ടിയതാണെന്നും ഞായറാഴ്ച വീട്ടിലെത്തിക്കുമെന്നും അറിയിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍ നാടകമാവാമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. സി.ഐ ഇന്‍ചാര്‍ജ് വി.എ. കൃഷ്ണദാസിന്‍െറയും വേങ്ങര എസ്.ഐ ഹിദായത്തുല്ല മാമ്പ്രയുടെയും നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സൈബര്‍സെല്ലിന്‍െറ സഹായവും പൊലീസ് തേടിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ വീട്ടില്‍നിന്നിറങ്ങിയപ്പോള്‍ വേങ്ങരയില്‍ കൊടുക്കാനുള്ള 50,000 രൂപ ഇല്യാസിന്‍െറ കൈവശമുണ്ടായിരുന്നു എന്നാണറിയുന്നത്.