FLASH NEWS

ഗള്‍ഫ്‌ ന്യൂസ്‌

മലയാളിയുടെ ഗ്രോസറി തല്ലിത്തകര്‍ത്ത് കൊള്ളയടിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
ഷാര്‍ജയില്‍ ജീവനക്കാരെ കെട്ടിയിട്ട് മലയാളിയുടെ ഗ്രോസറിയില്‍ നിന്ന് പണവും സാധനങ്ങളും കൊള്ളയടിച്ചു. രണ്ട് മലയാളി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഘം കട തല്ലിത്തകര്‍ക്കുകയും ചെയ്തു. മലപ്പുറം ചങ്ങരംകുളം സ്വദേശി ബാസിമിനും കണ്ണൂര്‍ പാനൂര്‍ സ്വദേശി രാഗേഷിനുമാണ് മര്‍ദനമേറ്റത്.
വ്യവസായ മേഖല പത്തില്‍ പ്രവര്‍ത്തിക്കുന്ന, കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദിന്‍െറ അല്‍ മദീന ഗ്രോസറിയിലാണ് കവര്‍ച്ച നടന്നത്. 6,000 ദിര്‍ഹവും 4,000 ദിര്‍ഹത്തിന്‍െറ സാധനങ്ങളും അക്രമി സംഘം കൈക്കലാക്കി.
വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമായിരുന്നു സംഭവം. പാകിസ്താന്‍ സ്വദേശികളുടെ വേഷമണിഞ്ഞ സംഘം ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് മുഹമ്മദ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മാരകായുധങ്ങളുമായി കടയില്‍ അതിക്രമിച്ച് കയറിയ സംഘം രാഗേഷിനെയും ബാസിമിനെയും കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. ശബ്ദമുണ്ടാക്കാതിരിക്കാന്‍ ഇവരുടെ വായില്‍ തുണി തിരുകിയിരുന്നു.
കൈക്കും കാലിനും പരിക്കേറ്റ ബാസിമിനെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.
വ്യവസായ മേഖല പൊലീസ് സ്റ്റേഷന് സമീപത്താണ് ഈ ഗ്രോസറി പ്രവര്‍ത്തിക്കുന്നത്. കത്തിയും വാളും ഇരുമ്പ് ദണ്ഡുകളുമായി കടയിലേക്ക് പാഞ്ഞുകയറിയ അക്രമി സംഘം ജീവനക്കാരെ ആക്രമിച്ച് കിഴടക്കിയ ശേഷം കാശ് കൗണ്ടര്‍ നിലത്തടിച്ച് പൊളിക്കുകയും അതിലുണ്ടായിരുന്ന പണം കൈകലാക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചത്ര പണം കിട്ടാതായതോടെ കണ്ണില്‍ കണ്ടതെല്ലാം വാരിവലിച്ചിട്ട സംഘം ആയുധങ്ങള്‍ ഉപയോഗിച്ച് കടയിലുള്ളതെല്ലാം തല്ലിതകര്‍ത്തു. പണമെവിടെയെന്ന് ആക്രോശിച്ചായിരുന്നു അതിക്രമമെന്ന് മുഹമ്മദ് പറഞ്ഞു. നല്ല നിലയില്‍ വ്യാപാരം നടക്കുന്ന സ്ഥാപനമാണിത്. സാധാരണഗതിയില്‍ ഇവിടെ കൂടുതല്‍ പണം ഉണ്ടാവാറുണ്ടത്രെ.
എന്നാല്‍ എമിറേറ്റിന്‍െറ പലഭാഗങ്ങളിലും കൊള്ളയും പിടിച്ചുപറിയും വര്‍ധിച്ചതോടെയാണ് പണം സൂക്ഷിക്കുന്നത് നിര്‍ത്തിയത്. പണത്തിന് പുറമെ ടെലഫോണ്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് അപഹരിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം ദുബൈ ഖിസൈസില്‍ ഇവരുടെ ബന്ധുവിന്‍െറ ഗ്രോസറിയിലും സമാന രീതിയില്‍ കൊള്ള നടന്നിരുന്നു. കടയുടമ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിരലടയാളവും മറ്റ് തെളിവുകളും ശേഖരിച്ചു....


മദ്യപാനികള്‍ക്ക് ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സില്ല..
പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ ശ്രദ്ധിക്കുക.നിങ്ങള്‍ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിക്കുന്ന ആളാണോ ?. ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ക്ക് ഷാര്‍ജയില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടില്ല. ഷാര്‍ജ പൊലീസിന്‍െറ പുതിയ ചട്ടത്തിങ്ങളിലാണ് ശ്രദ്ധേയമായ ഈ കാര്യം ഉള്‍പ്പെടുത്തിരിക്കുന്നത്.
പുതിയ ചട്ടത്തെ കുറിച്ച് ഇന്നലെ ഷാര്‍ജ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദീദിയാണ് പ്രഖ്യാപനം നടത്തിയത്. ഇതുപ്രകാരം പുതുതായി ലൈസന്‍സിന് അപേക്ഷിക്കുന്ന രാജ്യത്തെ താമസക്കാരെ മദ്യ, മയക്ക് മരുന്ന് വിരുദ്ധ വകുപ്പിന്‍െറ പരിശോധനക്ക് വിധേയമാക്കും. ഫലം പ്രതികൂലമായാല്‍ അപേക്ഷ തള്ളും.
ഗതാഗത സംവിധാനം വരും വര്‍ഷങ്ങളില്‍ കുറ്റമറ്റതാക്കുമെന്ന ഷാര്‍ജ പൊലീസിന്‍െറ പ്രഖ്യാപനങ്ങളുടെ ഭാഗമായാണ് പുതിയ ചട്ടം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് പൊലീസ് മേധാവി പറഞ്ഞു.
സ്വബോധമില്ലാതെ വാഹനം ഓടിക്കുന്നവരുടെ കസര്‍ത്തുകള്‍ മൂലം നിരപരാധികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി പഠനങ്ങളില്‍ തെളിഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണ് ശ്രദ്ധേയമായ നിയമ നടപടിക്ക് പൊലീസ് തയാറായത്.
രാത്രി മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാനായി വിവിധ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഷാര്‍ജ, ദുബൈ, ഷാര്‍ജ, അജ്മാന്‍ അതിര്‍ത്തികളില്‍ നിന്ന് നിരവധി ആളുകളെയാണ് ഇതിനിടയില്‍ പൊലീസ് പിടികൂടിയത്.


സൗദി കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്‍ മരണപ്പെട്ടു


സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ^വ്യോമയാന മന്ത്രിയുമായ സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലു സുഊദ് (83) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് സൗദി ഭരണാധികാരിയുടെ ഔദ്യോഗിക കാര്യാലയമായ ദീവാനുല്‍ മലികി അറിയിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി സുല്‍ത്താന്‍ രാജകുമാരനെ മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ചാണ് മരണം.

സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുശോചിച്ചു. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയായ റിയാദിലെ ദീറ ഇമാം തുര്‍ക്കി പള്ളിയില്‍ നടക്കും...


കോബാറില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം
കോബാര്‍ തുഖ്ബയില്‍ മലയാളി കുടുംബങ്ങളടക്കം താമസിക്കുന്ന കെട്ടിടത്തില്‍ തീപടര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഇന്നലെ രാവിലെ 9.30നാണ് സംഭവം. തുഖ്ബ റിയാദ് സ്ട്രീറ്റിലെ 12ാം ക്രോസിലുള്ള കെട്ടിടത്തിന്‍െറ താഴെയുള്ള ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നത്.
ചിക്കന്‍ ഗ്രില്‍ ചെയ്യുന്ന മെഷിനില്‍ നിന്ന് വന്ന തീ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. പുകക്കുഴലിലൂടെ മുകളിലേക്ക് നീങ്ങിയ പുകപടലം മുകളിലത്തെ നിലയിലുണ്ടായിരുന്ന ഫ്ളാറ്റുകളിലേക്ക് പടര്‍ന്നില്ളെങ്കിലും മുറികളില്‍ പുക നിറച്ചു. പെട്ടെന്ന് പുകയും ചൂടും കരിഞ്ഞ മണവും അനുഭവപ്പെട്ടതിനാല്‍ കുട്ടികളെയുമെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്ന് മലപ്പുറം പാണ്ടിക്കാട് സ്വദേശി സൈനുദ്ദീന്‍െറ ഭാര്യ സഹ്ല സൈനുദ്ദീന്‍ പറഞ്ഞു.
നാല് അഗ്നിശമന വാഹനങ്ങള്‍ മിനിറ്റുകള്‍ക്കകം എത്തി 10.30ഓടെ സ്ഥിതി നിയന്ത്രണവിധേയമാക്കി. ഹോട്ടലിലുള്ള പല സാധനങ്ങളും കത്തി നശിച്ചിട്ടുണ്ട്


ഫുജൈറയില്‍ സ്കൂള്‍ ബസിനടിയില്‍പെട്ട് പിഞ്ചു ബാലിക മരിച്ചു

ഫുജൈറയില്‍ സ്വന്തം വീട്ടിന് മുന്നില്‍ സ്കൂള്‍ ബസിനടിയില്‍ പെട്ട് പിഞ്ചു ബാലിക മരിച്ചു. അംന റാശിദ് അല്‍ നുഐമി (മൂന്നര) എന്ന സ്വദേശി ബാലികയാണ് മരിച്ചത്. ഫുജൈറ മുറബ്ബ എരിയയില്‍ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. അംനയുടെ സഹോദരിയുടെ സ്കൂള്‍ ബസാണ് കുഞ്ഞിന്‍െറ ദാരുണ മരണത്തിന് ഇടയാക്കിയത്.
മുറ്റത്ത് കളിക്കുകയായിരുന്ന കുഞ്ഞ് അബദ്ധത്തില്‍ ബസിന്‍െറ മുന്നില്‍ പെടുകയായിരുന്നു. ബസിന്‍െറ ചക്രങ്ങള്‍ കയറിയിറങ്ങി അംന തല്‍ക്ഷണം മരിച്ചു...


റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു..



അപകടമേഖലയായി മാറിയ അല്‍വഹ്ദ റോഡില്‍ അന്‍സാര്‍ മാളിന് മുന്‍വശത്തുള്ള ഭാഗത്ത് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. കോഴിക്കോട് ജില്ലയിലെ വടകര മാക്കൂല്‍പീടിക സ്വദേശി കുറുമ്പേല്‍ റംസീന മന്‍സിലില്‍ മുഹമ്മദ് (24) ആണ് മരിച്ചത്.
ചെമ്പ്രോത്ത് ഖാലിദ്-ഫൗസിയ ദമ്പതികളുടെ മകനാണ്. അല്‍നഹ്ദയില്‍ അല്‍ സഫാത് ഗ്രോസറിയിലെ ജീവനക്കാരനായിരുന്നു. വൈദ്യുതി ബില്ലടക്കാന്‍ റോഡിന് മറുവശത്തെ അല്‍താവൂന്‍ മാളിനോട് ചേര്‍ന്നുള്ള കേന്ദ്രത്തില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. വൈകീട്ടും കടയില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ യുവാവിന്‍െറ മൊബൈലെടുത്ത പൊലീസാണ് വിവരമറിയിച്ചത്. പാകിസ്താന്‍ സ്വദേശി ഓടിച്ച കാറിടിച്ച് മരിച്ചതായാണ് സൂചന. നാല് വര്‍ഷമായി യു.എ.ഇയിലുള്ള മുഹമ്മദ് എട്ട് മാസം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചുവന്നത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ദില്‍ഹദ്ദ്, റംസീന. അല്‍ ഖാസിമി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇവിടെ മാള്‍ അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങുന്നവരും മറ്റും റോഡ് മുറിച്ചു കടക്കുമ്പോള്‍ മലയാളികള്‍ അടക്കമുള്ളവര്‍ അപകടങ്ങളില്‍പ്പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. എല്ലാ സമയത്തും വാഹനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന ഇവിടെ റോഡ് മുറിച്ചുകടക്കാന്‍ അണ്ടര്‍ പാസുകളോ മേല്‍പാലമോ സിഗ്നലുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്ന് മുമ്പ് ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോഡിന്‍െറ ഒരു വശത്ത് അന്‍സാര്‍ മാള്‍ അടക്കമുള്ള തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും മറുവശത്ത് താമസ കേന്ദ്രങ്ങളുമായതിനാല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരും തിരിച്ചിറങ്ങുന്നവരും ജീവന്‍ പണയം വെച്ച് റോഡ് മുറിച്ചു കടക്കുന്നത് ഈ ഭാഗത്തെ പതിവ് കാഴ്ചയാണ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തില്‍പ്പെടാറുണ്ട്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതാണ് പലപ്പോഴും അപകടത്തിന് ഇടയാക്കുന്നത്.
ജൂലൈ എട്ടിന് രണ്ട് ഇത്യോപ്യന്‍ യുവതികള്‍ ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം തട്ടി മരിച്ചിരുന്നു. ജൂണില്‍ ബംഗ്ളാദേശ് പൗരന്‍ മരിച്ച അപകടവുമുണ്ടായി. മലയാളികള്‍ക്കടക്കം പരിക്കേറ്റ സംഭവങ്ങള്‍ നിരവധിയാണ്.
ഇവിടെ എത്രയും പെട്ടെന്ന് കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിനുള്ള ഏതെങ്കിലും തരത്തിലുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.....
...........................................................................

താപനില 46 ഡിഗ്രി കടന്നു; രാജ്യത്തിന് പൊള്ളുന്നു
ദുബൈ: കനത്ത ചൂടില്‍ രാജ്യം ഉരുകിയൊലിക്കുന്നു. 46 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇന്നലെ രാജ്യത്ത് രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില. പകലും രാത്രിയും ഉയര്‍ന്ന താപനിലയും ഈര്‍പ്പാവസ്ഥയുമാണുള്ളത്.

രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കൂടിയ ചൂട് അനുഭവപ്പെട്ടത്. പല ഭാഗങ്ങളിലും നാല്‍പതിന് മുകളിലായിരുന്നു ഇന്നലത്തെ താപനില. അന്തരീക്ഷം മേഘാവൃതവും പൊടി നിറഞ്ഞ അവസ്ഥയിലുമാണ്. ഈ സീസണിലെ ഏറ്റവും ചൂട് കൂടിയ ദിനങ്ങളിലൊന്നായിരുന്നു ഇന്നലെ. പകല്‍ പുറത്തിറങ്ങി നടക്കാന്‍ പലരും മടിച്ചു.

പുറത്ത് നിര്‍മാണ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളും കഫ്തീരിയകളിലും ഗ്രോസറികളിലുമെല്ലാം ഡെലിവറി ജോലി ചെയ്യുന്നവരുമാണ് കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. പാര്‍ക്കുകളിലും മറ്റും കഴിഞ്ഞ അവധി ദിനങ്ങളില്‍ താരതമ്യേന ആളുകള്‍ കുറവായിരുന്നു. പലരും ഒഴിവുവേളകള്‍ വീട്ടിനകത്തു തന്നെയാണ് കഴിച്ചു കൂട്ടിയത്.

ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് അവധി ലഭിക്കാന്‍ സാധ്യയുള്ളവരെല്ലാം നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. സ്‌കൂള്‍ അവധിക്കാലവും ചൂടും റമദാനുമെല്ലാം ഒന്നിച്ചെത്തിയതോടെ ഇതിനകം തന്നെ മലയാളികളടക്കം നിരവധി പേര്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പലരും റമദാന്‍ അടുക്കുന്നതോടെ നാട്ടിലേക്ക് പോകാനുള്ള തയാറെടുപ്പിലുമാണ്. അതി കഠിനമായ ചൂടിലെത്തുന്ന ഇത്തവണത്തെ റമദാനും വിശ്വാസികള്‍ക്ക് കൂടുതല്‍ സഹനത്തിന്‍േറതാകും. കാല്‍ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകലാണ് ഈ വര്‍ഷത്തെ റമദാനില്‍ ഉണ്ടാവുക. വ്രത സമയം വര്‍ധിക്കുന്നത് കൂടുതല്‍ പുണ്യം നേടാനുള്ളഅവസരമായാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.


ഷാര്‍ജയില്‍ വാഹനങ്ങളിലെത്തി തട്ടിപ്പറി നടത്തുന്ന സംഘങ്ങള്‍ സജീവം...
ഷാര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലെത്തി ബാഗ് തട്ടിപ്പറിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നതായി പരാതി. മലയാളികളടക്കം നിരവധി പേര്‍ക്കാണ് കഴിഞ്ഞ ആഴ്ചകളില്‍ പണവും വിലപ്പെട്ട രേഖകളും നഷ്ടമായത്.

ഷാര്‍ജയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് അവസാനമായി ഇത്തരത്തില്‍ അക്രമത്തിന് ഇരയായത്. അല്‍ഖാനിലൂടെ നടന്നു പോകുന്നതിനിടെയാണ് ഇദ്ദേഹം ആക്രമണത്തിന് ഇരയായത്. കാറിലെത്തിയ ആഫ്രിക്കന്‍ സ്വദേശി വാഹനത്തിന്റെ വേഗത കുറച്ച ശേഷം ബാഗ് തട്ടിപ്പറിച്ച് വേഗതയില്‍ ഓടിച്ച് പോകുകയായിരുന്നു. വലിയുടെ ശക്തിയില്‍ റോഡില്‍ വീണ ഇദ്ദേഹത്തിന്റെ തലക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വിലപ്പെട്ട രേഖകളും നഷ്ടമായി. സംഭവം അറിഞ്ഞെത്തിയ പൊലീസ് ഇദ്ദേഹത്തെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബാങ്കുകള്‍ അടക്കമുള്ള പണമിടപാട് സ്ഥാപനങ്ങള്‍ക്ക് സമീപം കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങള്‍ പ്രധാനമായി തട്ടിപ്പിന് കളമൊരുക്കുന്നത്. ബാങ്കില്‍ നിന്ന് പണവുമായി ഇറങ്ങുന്നവരെ പിന്തുടര്‍ന്ന് വളരെ തന്ത്രപൂര്‍വ്വമാണ് സംഘം കവര്‍ച്ച നടത്തുന്നത്. നടന്ന് പോകുന്നവരാണെങ്കില്‍ വാഹനം അടുപ്പിച്ച് നിര്‍ത്തി ബാഗ് തട്ടിപ്പറിച്ച് കടന്നുകളയും. വാഹനത്തില്‍ പോകുന്നവരോട് പിറകിലെത്തി വണ്ടിയുടെ പിന്നില്‍ നിന്ന് പുക ഉയരുന്നതായോ മറ്റോ പറയും.

വാഹനം നിര്‍ത്തുമ്പോള്‍ ഒരാള്‍ സഹായിയെന്ന മട്ടില്‍ അടുത്തുകൂടുകയും മറ്റെയാള്‍ ബാഗ് കൈക്കലാക്കുകയും ചെയ്യും. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അറബ് വനിതയുടെ കൈയില്‍ നിന്ന്്് 5,00,000 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഘത്തിലെ ഏഴ് അഫ്ഗാന്‍ സ്വദേശികളെ ഷാര്‍ജ പൊലീസ് ഈയിടെ പിടികൂടിയിരുന്നു.

കഴിഞ്ഞ മേയ് മാസം ജമാല്‍ അബ്ദുന്നാസര്‍ സ്ട്രീറ്റില്‍ നിന്ന് അറബ് വനിതയുടെ ബാഗ് തട്ടിപ്പറിച്ച ആഫ്രിക്കന്‍ വംശജനും പിടിയിലായി. ഫെബ്രുവരിയില്‍ അബൂ ദാങ് ഏരിയയിലെ ബാങ്കില്‍ നിന്ന് പണവുമായി ഇറങ്ങിയ പാകിസ്താനിയുടെ കൈയില്‍ നിന്ന് 6,24,000 ദിര്‍ഹമാണ് കവര്‍ന്നത്.

ഷാര്‍ജ അല്‍ നഹ്ദ ഭാഗത്ത് നിന്ന് സ്വര്‍ണാഭരണ സ്ഥാപനത്തില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗ് കവര്‍ച്ചാ സംഘം തട്ടിപ്പറിച്ചിരുന്നു. രണ്ട് മില്യന്‍ ദിര്‍ഹം വില വരുന്ന സ്വര്‍ണമാണ് ഇദ്ദേഹത്തിന് നഷ്ടമായത്.

ബാങ്കില്‍ നിന്നും മറ്റ് പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും പണവുമായി ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഷാര്‍ജ പൊലീസ് മുറിയിപ്പ് നല്‍കി.