FLASH NEWS

Friday, May 25, 2012

കണ്ണീര്‍ച്ചാലായി ചാലിയാര്‍....


പുഴയില്‍നിന്നുള്ള അസാധാരണ ശബ്ദകോലാഹലം കേട്ടാണ് ജയനും ഉണ്ണികൃഷ്ണനും കൃഷ്ണകുമാറുമെല്ലാം ഓടിയെത്തിയത്. മുങ്ങിത്താഴുന്ന മക്കളെ രക്ഷപ്പെടുത്താനുള്ള ഒരമ്മയുടെ ആര്‍ത്തനാദമായിരുന്നു അതെന്ന് കടവിലെത്തിയപ്പോഴാണിവര്‍ അറിഞ്ഞത്. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫിലോമിന ചൂണ്ടിക്കാണിച്ചിടത്തേക്ക് വന്നവരെല്ലാം എടുത്ത് ചാടി. രണ്ടാള്‍വരെ ആഴത്തില്‍ വെള്ളമുള്ള കടവില്‍നല്ല ചുഴിയുണ്ടായിരുന്നതാണ് അപകടകാരണം. കുട്ടികള്‍ വെള്ളത്തില്‍ മുങ്ങി അധികം താമസിയാതെത്തന്നെ ജയനും കൂട്ടരും എത്തിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ത്തന്നെ ആദ്യത്തെ നാലുപേരെയും കിട്ടി. അല്‍പം താഴേയ്ക്ക് മാറിയാണ് അലീന കിടന്നിരുന്നത്. മറ്റുള്ളവരെയെല്ലാം വെള്ളത്തില്‍നിന്നെടുത്തപ്പോള്‍ നല്ല ചലനമുണ്ടായിരുന്നതായി ജയനും മറ്റും പറഞ്ഞു. അലീന മാത്രമാണ് കൂടുതല്‍ തളര്‍ന്നതായി തോന്നിയിരുന്നത്. കുട്ടികളെ ഓരോരുത്തരെയായി കരയ്‌ക്കെത്തിച്ച ഉടനെ കാത്തുനിന്നിരുന്ന വാഹനങ്ങളില്‍ ആസ്​പത്രിയിലേക്കയച്ചു. വീണ്ടും അടുത്തയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയും ചെയ്തു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നവരുടെ ജീവന്റെ അവസാന തുടിപ്പ് നിലനിര്‍ത്താന്‍ ആവുന്നത് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം ഇവര്‍ക്ക് ബാക്കി.

പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം.


പെട്രോള്‍ വിലവര്‍ധനയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധം. യുവജന സംഘടനകളുടെയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. വിലക്കയറ്റം സൃഷ്ടിക്കുന്ന ദുരിതം പെട്രോള്‍ വിലവര്‍ധനയിലൂടെ ഇരട്ടിയാവുമെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി. സി.പി.ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് പ്രകടനം നടത്തി. അഡ്വ. കെ. മോഹന്‍ദാസ്, കെ.എ. നാസര്‍, സി.എച്ച്. നൗഷാദ്, അഡ്വ. ഇസ്മയില്‍, പാലോളി നാസര്‍, രാമന്‍കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ദുരിതം പേറുന്ന സാധാരണക്കാര്‍ക്ക് യു.പി.എ സര്‍ക്കാറിന്‍െറ മൂന്നാം പിറന്നാള്‍ സമ്മാനമാണ് പെട്രോള്‍ വിലവര്‍ധനയെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് പി.ഐ. നൗഷാദ് പറഞ്ഞു. സോളിഡാരിറ്റി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് ജില്ലാ പ്രസിഡന്‍റ് എ.ടി. ഷറഫുദ്ദീന്‍, ജനറല്‍ സെക്രട്ടറി കെ.പി. അബൂബക്കര്‍, എം. ഉമ്മര്‍, അനസ് വളാഞ്ചേരി, മുനീബ് കാരക്കുന്ന്, മഹ്റൂഫ് കൊടിഞ്ഞി എന്നിവര്‍ നേതൃത്വം നല്‍കി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ ദേശീയപാത ഉപരോധിച്ചു. വി. രമേശന്‍ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ മലപ്പുറം കുന്നുമ്മലില്‍ പ്രകടനം നടത്തി. പെട്രോള്‍ വിലവര്‍ധന വാണിജ്യ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെനോക്കി ചെയര്‍മാന്‍ എം. മുസമ്മിലും ജനറല്‍ കണ്‍വീനര്‍ മുനീര്‍ കുറുമ്പടിയും പ്രസ്താവനയില്‍ പറഞ്ഞു. പെട്രോള്‍ വിലവര്‍ധനയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പ്രസിഡന്‍റ് കെ. അവറുമാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി കൃഷ്ണന്‍ കുനിയില്‍, എം.എ. അബ്ദുല്‍ റഷീദ്, സുഭദ്ര വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. മഞ്ചേരിയില്‍ എസ്.ഐ.ഒയും സോളിഡാരിറ്റിയും പ്രതിഷേധപ്രകടനം നടത്തി. ടി. നജീബ്, പി. ഫാസില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാഴാഴ്ച ജില്ലയിലെ 17 ബ്ളോക്ക് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ ആഹ്വാനം ചെയ്തു.