FLASH NEWS

Monday, October 17, 2011

ജില്ലാ ആശുപത്രി പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍

ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലെ പാര്‍ക്കിങ് കേന്ദ്രം രാത്രി സാമൂഹിക വിരുദ്ധരുടെ പിടിയില്‍. വിജനത മുതലെടുത്താണ് ഇവിടെ സാമൂഹിക വിരുദ്ധര്‍ തമ്പടിക്കുന്നത്.
നേരത്തെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സുണ്ടായിരുന്ന ഭാഗമാണ് ഇപ്പോള്‍ ആശുപത്രിയിലെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങിന് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ നിന്നും റോഡില്‍ നിന്നും ആരുടെയും നോട്ടം എത്തിപ്പെടില്ളെന്നതാണ് സാമൂഹിക വിരുദ്ധര്‍ ഇവിടം തെരഞ്ഞെടുക്കാന്‍ കാരണം. ചുറ്റും മരങ്ങളും മതില്‍ക്കെട്ടും ആശുപത്രി കെട്ടിടങ്ങളുമാണെന്നത് സാമുഹിക വിരുദ്ധര്‍ക്ക് സൗകര്യം കൂട്ടുന്നു. ആശുപത്രിയിലേക്കെന്ന വ്യാജേന വളപ്പിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യും.
മദ്യപിക്കാനും അനാശാസത്തിനും പലപ്പോഴും വാഹനങ്ങളില്‍ ഇവിടെ സംഘങ്ങളെത്തുന്നുണ്ട്. കേസുകളുടെ ആവശ്യത്തിനായി ദിവസവും പൊലീസ് രണ്ടും മൂന്നും തവണ ആശുപത്രിയിലെത്താറുണ്ടെങ്കിലും ഇവിടേക്ക് നോട്ടം എത്താറില്ല.
സന്ധ്യയാകുന്നതോടെ ഇവിടം ഇരുട്ടാകുമെന്നതിനാല്‍ മറ്റാരും പാര്‍ക്കിങ് കേന്ദ്രത്തിലെത്താറില്ല. പാര്‍ക്കിങ് കേന്ദ്രത്തോട് ചേര്‍ന്ന പാരാമെഡിക്കല്‍ കെട്ടിടം സാമൂഹിക വിരുദ്ധ കേന്ദ്രമാണെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ഇവിടെ നിന്ന് മദ്യക്കുപ്പികള്‍ പല തവണ ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലെത്തുന്നവര്‍ക്കായി ഇവിടം കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടക്കുന്നതായും സൂചനയുണ്ട്.
കഴിഞ്ഞയാഴ്ച ആശുപത്രിയിലെ വനിതാ കുളിമുറിയിലെ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് കൈയോടെ പിടികൂടിയിരുന്നു. അതിനെ തുടര്‍ന്ന് ആശുപത്രിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. എക്സറേ, ലാബ്, രക്തബാങ്ക് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിങ്ങളുടെ പിറകിലായതിനാല്‍ ഇവിടേക്ക് വെളിച്ചമൊരുക്കുക പ്രയാസകരമല്ളെന്ന് ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment