FLASH NEWS

Thursday, October 20, 2011

മഞ്ചേരിയില്‍ പ്ളാസ്റ്റിക്ക് കവറുകളും പാന്‍മസാലകളും പിടികൂടി...

മൊത്തവില്‍പനക്കുവെച്ച എട്ടുചാക്കോളം പ്ളാസ്റ്റിക് കവറുകളും ചില്ലറ വില്‍പന കേന്ദ്രങ്ങളില്‍നിന്ന് പാന്‍മസാലയും നഗരസഭാ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. വിവിധ കച്ചവട സ്ഥാപനങ്ങളില്‍ മൂന്നാഴ്ചയോളം പരിശോധന നടത്തിയാണ് പിടിച്ചെടുത്തത്. കര്‍ശന നിരോധമുണ്ടായിട്ടും 40 മൈക്രോണില്‍ താഴെയുള്ള പ്ളാസ്റ്റിക് കവറുകളാണ് മഞ്ചേരിയില്‍ മൊത്തവിതരണത്തിനെത്തുന്നത്. സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പാന്‍മസാല വില്‍ക്കുന്നിടങ്ങളിലും പരിശോധിച്ചു. പാന്‍പരാഗ് വില്‍ക്കാനുള്ള നിയന്ത്രണം നീക്കിയതായി കാണിച്ച് കോടതിവിധിയുടെ പകര്‍പ്പ് വ്യാപാരി സംഘടനാ പ്രതിനിധികള്‍ കാണിച്ചു. എന്നാല്‍, നിരോധിത പ്ളാസ്റ്റിക് കവറുകളിലാണ് ഇവ വില്‍ക്കുന്നതെന്നും പൊതുനിയമത്തിന്‍െറ ഭാഗമായി തുടരുന്ന നടപടികളോട് വ്യാപാരികള്‍ സഹകരിക്കണമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ്കുട്ടി, ജൂനിയര്‍ എച്ച്.ഐമാരായ മന്‍സൂര്‍ കാരാട്ടുചാലില്‍, കെ.പി. സലീം, ടി. റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയും ഉല്‍പന്നങ്ങള്‍ പിടിച്ചെടുക്കലും വ്യാപകമായതോടെ വ്യാപാരികള്‍ പ്രതിഷേധവുമായി നഗരസഭയിലേക്ക് ബുധനാഴ്ച രാവിലെ പ്രകടനം നടത്തി. ലൈസന്‍സില്ലാത്ത കച്ചവട സ്ഥാപനങ്ങള്‍ നിരവധിയുണ്ടായിട്ടും അവ കണ്ടില്ളെന്നു നടിച്ചാണ് ചെറുകിട കച്ചവടക്കാര്‍ക്കെതിരെ തിരിഞ്ഞതെന്ന് ഇവര്‍ ആരോപിച്ചു..

No comments:

Post a Comment