FLASH NEWS

Tuesday, July 19, 2011

കോപയില്‍ വമ്പന്‍മാരുടെ പതനം ആരാധകര്‍ 'ആഘോഷിച്ചു....

കാല്‍പ്പന്തുകളിയിലെ വമ്പന്‍മാരുടെ പതനം ലാറ്റിനമേരിക്കന്‍ ഫുട്ബാള്‍ വസന്തത്തിലേക്ക് അപ്രതീക്ഷിതമായി പെയ്ത കാലവര്‍ഷക്കെടുതിയായി. ലോക ഫുട്ബാളില്‍ തന്നെ കൂടുതല്‍ ആരാധകരുള്ള ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പതനം ജില്ലയില്‍ എതിരാളികളുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചും കരിങ്കൊടി നാട്ടിയും പ്രകടനം നടത്തിയുമെല്ലാമാണ് ആരാധകര്‍ ആഘോഷിച്ചത്. ഇഷ്ട ടീമുകളുടെ വിജയാഘോഷത്തിനുള്ള വന്‍ തയാറെടുപ്പുമായാണ് ഇരുവിഭാഗക്കാരും കളി കാണാനിരുന്നത്. പ്രധാന രണ്ട് ടീമും വിജയിക്കാത്തതിനാല്‍ അന്യന്റെ പരാജയമായി പിന്നെ ആഘോഷ കാരണം. പെരിന്തല്‍മണ്ണയില്‍ 'പരാജയാഘോഷ'ത്തില്‍ പ്രകടനവും തെറിവിളികളും ബോര്‍ഡ് നശിപ്പിക്കലും നടന്നു.

ആദ്യം 'മാന്യമായി' പരാജയപ്പെട്ട അര്‍ജന്റീനന്‍ ആരാധകരെ ബ്രസീല്‍ ആരാധകര്‍ കണക്കിന് കളിയാക്കിയിരുന്നു. ബ്രസീലും 'ഗംഭീര' തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് അര്‍ജന്റീന ആരാധകര്‍ക്ക് പാതി ആശ്വാസമായത്. പിന്നീടങ്ങോട്ട് കളിവിശകലനങ്ങള്‍ക്ക് ചൂടേറി. കൈയാങ്കളിവരെയെത്തി കാര്യങ്ങള്‍.

കടുങ്ങാത്തുകുണ്ടിലെ കിഴക്കേപാടത്ത് വിജയാഹ്ലാദത്തിനായി കരുതിവെച്ച മധുരം ഇരുകൂട്ടരും എതിര്‍ ടീമിന്റെ പരാജയം ആഘോഷിക്കാന്‍ ചെലവഴിച്ചു. പിന്നീടാണ് പരസ്‌പരം ആക്രോശിച്ച് പ്രകടനം നടന്നത്. കുറ്റിപ്പുറം കെല്‍ട്രോണില്‍ മെക്കാനിക്കല്‍ ട്രെയ്‌നിയായ യാസിറിന് മെസ്സിയുടെ കളിയേക്കാള്‍ ഇഷ്ടപ്പെട്ടത് ബ്രസീലിന്റെ തോല്‍വിയാണ്. ബ്രസീല്‍ ആരാധകനും അക്കൗണ്ടന്റുമായ അസ്‌ലം പറയുന്നത് വിചാരിക്കാത്ത അടിയാണ് കിട്ടിയതെന്നാണ്.

വെളിയങ്കോട് ബീവിപ്പടിയിലും നാക്കോലയിലും ബ്രസീല്‍ ആരാധകര്‍ മെസിയെ ചെരുപ്പ് മാല അണിയിച്ചിരുന്നു. എന്നാല്‍ ബ്രസീലും തോറ്റതോടെ അര്‍ജന്റീന ആരാധകര്‍ നാക്കോലയില്‍ ബ്രസീല്‍ ടീമംഗങ്ങളുടെ ഫ്‌ളക്‌സ് ബോര്‍ഡില്‍ കൂറ്റന്‍ ചെരുപ്പ്മാല അണിയിച്ച് തിരിച്ചടിച്ചു.

No comments:

Post a Comment