FLASH NEWS

Sunday, July 31, 2011

മലയാളി യുവാവ് അബൂദബിയില്‍ കുത്തേറ്റു മരിച്ചു...

അബൂദബിയില്‍ താമസസ്ഥലത്തുണ്ടായ വാക്കുതര്‍ക്കത്തിനിടെ കോട്ടയം സ്വദേശി കുത്തേറ്റ് മരിച്ചു. കറുകച്ചാല്‍ ചമ്പക്കര പുത്തന്‍പുരക്കല്‍ ബാബു അഗസ്റ്റിന്റെ മകന്‍ സുബിന്‍ വര്‍ഗീസാണ് (22) മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. വാക്കുതര്‍ക്കത്തിനിടെ തടസ്സം പിടിക്കാനെത്തിയ സുബിന് കുത്തേല്‍ക്കുകയായിരുന്നെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെയും മുറിയിലുണ്ടായിരുന്ന മറ്റ് മലയാളികളെയും ചോദ്യം ചെയ്തുവരികയാണ്.

ബിന്‍ ഫര്‍ദാന്‍ ജനറല്‍ കോണ്‍ട്രാക്റ്റിങ് എസ്റ്റാബ്ലിഷ്‌മെന്റ് (ബിഫ്‌കോ) കമ്പനിയിലെ ഇലക്ട്രീഷനായ സുബിന്‍ ഒരുവര്‍ഷം മുമ്പാണ് ജോലിക്ക് കയറിയത്. നവംബറില്‍ നാട്ടില്‍ പോകാനിരിക്കെയാണ് ദാരുണ അന്ത്യം. ബനിയാസിലെ തൊഴിലാളി പാര്‍പ്പിട സമുച്ചയമായ ചൈനാ ക്യാമ്പില്‍ കമ്പനി അക്കമഡേഷനിലായിരുന്നു താമസം. അവധി ദിനത്തില്‍ കൂട്ടായി മദ്യപിച്ച അഞ്ചുപേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് സുബിനെ യുവാവ് കുത്തിയതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മെയിന്റനന്‍സ് ജോലികള്‍ ചെയ്തുവരുന്ന ബിഫ്‌കൊയില്‍ പുതുതായി ജോലിക്കെത്തിയവരാണ് ഇവരെല്ലാം എന്നു പറയുന്നു.

മൃതദേഹം അബൂദബി ഖലീഫ മെഡിക്കല്‍ സിറ്റി ആശുപത്രി മോര്‍ച്ചറിയിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതിനായി കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ സഹായം ബന്ധുക്കള്‍ തേടിയിട്ടുണ്ട്. സുമി, സിനി എന്നിവരാണ് സുബിന്റെ സഹോദരങ്ങള്‍.

ലേബര്‍ ക്യാമ്പുകളില്‍ മദ്യത്തിന് കര്‍ശന വിലക്കുണ്ടെങ്കിലും മദ്യപാനവുമായി ബന്ധപ്പെട്ട് വഴക്കുണ്ടാകുന്നത് പതിവാവുകയാണ്. ഗേറ്റില്‍ സൂക്ഷ്മ പരിശോധനയുണ്ടെങ്കിലും ലേബര്‍ ക്യാമ്പുകള്‍ക്കുള്ളില്‍ മദ്യം സുലഭമാണ്. ഇതിനായി നിരവധി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്...
by Madhyamam

No comments:

Post a Comment