FLASH NEWS

Sunday, July 24, 2011

സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ - ജില്ലാ വികസന സമിതി..

ജില്ലയില്‍ സമ്പൂര്‍ണ വൈദ്യുതീകരണ നടപടികള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് ആവശ്യാനുസരണം സാമഗ്രികള്‍ ലഭ്യമാക്കണമെന്ന് കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.

കെ.എസ്.ഇ.ബിയും ഗ്രാമപഞ്ചായത്തുകളും 50 ശതമാനം വീതം വിഹിതവും എം.എല്‍.എ ഫണ്ടും ഇതിന് വിനിയോഗിക്കും. എം.എല്‍.എമാര്‍ വൈദ്യുതിക്ക് മുന്‍ഗണന നല്‍കി അനുവദിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഉപഭോക്താക്കള്‍ കൂടിയതനുസരിച്ച് സെക്ഷനുകള്‍ വിഭജിക്കല്‍, പുതിയ സെക്ഷനുകള്‍ അനുവദിക്കല്‍, സാധന സാമഗ്രികള്‍ ലഭ്യമാക്കല്‍, ജോലിക്കാരുടെ കുറവ്, പ്രസരണ നഷ്ടം, വോള്‍ട്ടേജ് കുറവ് എന്നിവ പരിഹരിച്ചാകണം സമ്പൂര്‍ണ വൈദ്യുതീകരണമെന്ന് എം.എല്‍.എമാര്‍ നിര്‍ദേശിച്ചു.

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 25 കി.ഗ്രാമും എ.പി.എല്‍ കാര്‍ക്ക് ആറ് കി.ഗ്രാമും അരി നല്‍കുന്നുണ്ടെന്നും എഫ്.സി.ഐയില്‍ നിന്ന് വിട്ട് കിട്ടാന്‍ വൈകുന്ന സാഹചര്യത്തില്‍ മാത്രമാണ് റേഷന്‍ കടകളില്‍ നിന്ന് അരിലഭിക്കാന്‍ വൈകുന്നതെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

കര്‍ക്കടക വാവിന് തിരുനാവായയില്‍ ധാരാളമാളുകള്‍ എത്തുന്ന സാഹചര്യത്തില്‍ കൊടക്കല്‍ - തിരുനാവായ റോഡ് ഇതിനു മുമ്പ് നന്നാക്കാനും മലപ്പുറം ടൗണ്‍ ഹാളിന് മുന്നിലെ വെളളക്കെട്ട് ഒഴിവാക്കാനും ഉടന്‍ നടപടിയെടുക്കും. കടലോര മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഫണ്ട് അനുവദിക്കുന്നതിനാല്‍ ഇതിന് മുന്നോടിയായി എല്ലാ തീരദേശ മേഖലകളിലും യോഗങ്ങള്‍ ചേരും. കാലവര്‍ഷത്തില്‍ തകരുന്ന മിക്ക വീടുകളും മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ചവയാകയാല്‍ വീട് നിര്‍മാണം സംബന്ധിച്ച നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയിച്ചു.

ജില്ലയില്‍ വെറ്റില കൃഷി പ്രോത്സാഹിപ്പിക്കാന്‍ വെറ്റില കര്‍ഷകരുടെ സൊസൈറ്റി രൂപവത്കരിക്കുമെന്ന് കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു. കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഈ മാസം കര്‍ഷക സെമിനാര്‍ നടത്തും.

കീഴുപറമ്പ് പഞ്ചായത്തില്‍ ബ്ലോക്ക്പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഏറ്റെടുക്കണമെന്ന് എം.ഐ. ഷാനവാസ് എം.പിയുടെ പ്രതിനിധി എം.കെ. മുഹമ്മദ് ആവശ്യപ്പെട്ടു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മുട്ടി, പി. ശ്രീരാമകൃഷ്ണന്‍, അഡ്വ. എം. ഉമ്മര്‍, അഹമ്മദ് കബീര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വ്യവസായ മന്ത്രിയുടെ പ്രതിനിധി എ.കെ. മുഹമ്മദ് മുസ്തഫ, വൈദ്യുതി മന്ത്രിയുടെ പ്രതിനിധി വി.എ. കരീം, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതിനിധി കെ.എം. നഹ എന്നിവര്‍ പങ്കെടുത്തു.

(madhyamam news...)

No comments:

Post a Comment