FLASH NEWS

Friday, June 15, 2012

എ.ടി.എമ്മില്‍നിന്ന് കീറിയതും ഒട്ടിച്ചതുമായ നോട്ടുകള്‍.....

എ.ടി.എം എന്നതിന് 'ആരും തൊടാത്ത മണി' എന്നൊരു പൂര്‍ണരൂപം കൂടി നല്‍കിയിരുന്നു നാട്ടുകാര്‍. കാരണം ആദ്യകാലത്ത് എ.ടി.എം കൗണ്ടറുകള്‍ വഴി പുത്തന്‍ നോട്ടുകളായിരുന്നു കിട്ടിയിരുന്നത്. വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകള്‍ നാട്ടിലാകെ വ്യാപകമായതോടെ ഇപ്പോള്‍ പഴകിയതും കീറിയതുമായ നോട്ടുകളും കിട്ടുന്നുണ്ട്. ഏത് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഏത് എ.ടി.എമ്മില്‍നിന്ന് വേണമെങ്കിലും പണം പിന്‍വലിക്കാമെന്നതിനാല്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പരാതികള്‍ കുറവാണ്. കാരണം അതത് ബാങ്കിന്റെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മാത്രമേ അധികൃതര്‍ ചെവികൊടുക്കൂ. ബുധനാഴ്ച വേങ്ങരയിലെ എ.ടി.എം കൗണ്ടറില്‍നിന്ന് പണം പിന്‍വലിച്ച പി.എസ്.എം.ഒ കോളേജ് വിദ്യാര്‍ഥി വി.കെ. മുഹമ്മദ്‌നവാസിന് കിട്ടിയ നൂറ്‌രൂപ നോട്ടുകളില്‍ ഒന്ന് ഒട്ടിച്ചതാണ്. പഴക്കം കാരണം അരികില്‍നിന്ന് കീറിപ്പോയ വലിയൊരു ഭാഗമാണ് വെള്ളക്കടലാസുപയോഗിച്ച് ഒട്ടിച്ചിട്ടുള്ളത്. പിതൃസഹോദരന്റെ എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്ന് പിന്‍വലിച്ച തുകയിലാണ് പഴയ നോട്ടും ഉള്‍പ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് പരാതിയുമായി ബാങ്കിലെത്തിയ നവാസിന് അധികൃതര്‍ നോട്ട് മാറ്റി നല്‍കി. മറ്റ് എ.ടി.എമ്മുകളില്‍നിന്നും ഇതേ രീതിയിലുള്ള നോട്ടുകള്‍ കിട്ടുന്നതായി പരാതിയുണ്ട്. നൂറ്‌രൂപ നോട്ടുകളുടെ ക്ഷാമമാണ് ഇതിന് കാരണമെന്ന് ബാങ്കുകാര്‍ പറയുന്നു. കൗണ്ടറുകള്‍ വഴി പിന്‍വലിക്കാവുന്ന തുകയില്‍ ഏറ്റവും ചെറുത് നൂറ്‌രൂപയും അതിന്റെ ഗുണിതങ്ങളും ആയതിനാല്‍ നൂറിന്റെ നോട്ടിന് നല്ല ചെലവാണ്.

No comments:

Post a Comment