FLASH NEWS

Wednesday, November 23, 2011

തിരൂരങ്ങാടിയില്‍ ലീഗ് വിമത വൈസ് പ്രസിഡന്‍റായി...

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് വിമതയായി മത്സരിച്ച് ജയിച്ച സ്വതന്ത്രാംഗത്തെ ലീഗ് പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ഒമ്പത് അംഗങ്ങളും ഒരു ഇടതുപക്ഷ അംഗവും യോഗത്തില്‍നിന്ന് വിട്ടുനിന്നു. 23 അംഗ ഭരണസമിതിയിലെ 13 അംഗങ്ങള്‍ മാത്രമാണ് വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഹാജരായത്.
17ാം വാര്‍ഡില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ലവ സൈനബ ടീച്ചറെ 82 വോട്ടിന് തോല്‍പ്പിച്ച കാലൊടി സുലൈഖ എന്ന സുലുവിനെയാണ് 12 മുസ്ലിംലീഗ് അംഗങ്ങളും ഐകകണ്ഠ്യേന വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. സുലുവിന്‍െറ പേര് 13ാം വാര്‍ഡംഗം കെ.കെ. മന്‍സൂര്‍ നിര്‍ദേശിച്ചു. 11ാം വാര്‍ഡംഗം ടി.കെ. റംല പിന്താങ്ങി. മറ്റാരും മത്സരിക്കാനില്ലാത്തതിനാല്‍ വരണാധികാരി പി. ഹരിദാസന്‍, സുലുവിനെ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച സുലുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം പ്രചാരണത്തിനിറങ്ങിയതോടെയാണ് തിരൂരങ്ങാടി ടൗണ്‍ വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. ലീഗിനെ തറപറ്റിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിനുള്ള മധുരപ്രതികാരമായാണ് സുലുവിന് വൈസ് പ്രസിഡന്‍റ് പദവി നല്‍കിയതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ വിശദീകരണം.
സ്വതന്ത്രരായി മത്സരിച്ചു ജയിച്ച കൊണ്ടാണത്ത് ബീരാന്‍ഹാജി, സി.പി. അന്‍വര്‍ സാദത്ത് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പഞ്ചായത്തില്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ അഭിപ്രായവ്യത്യാസം ഉടലെടുത്തത്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കൂറുമാറിയെന്നാരോപിച്ച് ഈ രണ്ടംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചതോടെ ലീഗും കോണ്‍ഗ്രസും രണ്ട് തട്ടിലായി.
‘പുര’ പദ്ധതിയില്‍ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കോണ്‍ഗ്രസ് പ്രതിനിധിയായ വൈസ് പ്രസിഡന്‍റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കി. ഈ ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ് ബഹിഷ്കരിച്ചത്.
മുന്നണിക്കെതിരെ മത്സരിച്ച് ജയിച്ച അംഗത്തെ വൈസ് പ്രസിഡന്‍റാക്കിയത് ലീഗിന്‍െറ പതനമാണെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. പ്രസിഡന്‍റ് കെ.പി. അബ്ദുല്‍മജീദ് ഹാജി അധ്യക്ഷത വഹിച്ചു...
madhyamam

No comments:

Post a Comment