FLASH NEWS

Monday, November 28, 2011

ഹോട്ടലുടമയെ വധിക്കാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍...

കച്ചവടം തകര്‍ക്കാന്‍ ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സമീപത്തെ ഹോട്ടലുടമയെയും മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തു. തിരൂര്‍ ബി.പി. അങ്ങാടി ബൈപാസ് റോഡില്‍ ഹോട്ടല്‍ നടത്തുന്ന പറവണ്ണ വടക്കേ കാരണവളപ്പില്‍ ഷബീറിനെ (27) ആക്രമിച്ച കേസില്‍ ബൈപാസ് റോഡില്‍ സംസം ഹോട്ടല്‍ നടത്തുന്ന ബി.പി. അങ്ങാടി കണ്ണംകുളം മുട്ടിക്കാനകത്ത് മൊയ്തീന്‍കുട്ടി (38), ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളായ ബി.പി. അങ്ങാടി പടാട്ടില്‍പടി കൃഷ്ണകുമാര്‍ എന്ന ചെളി ബാബു (26), വെങ്ങാലൂര്‍ മുട്ടിക്കല്‍ തിരുടിപ്പറമ്പില്‍ ജാഫര്‍ (27), മുട്ടിക്കല്‍ പുതുവീട്ടില്‍ മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തലവന്‍ ബി.പി. അങ്ങാടി സ്വദേശി ശാഹിദ് ഒളിവിലാണ്. സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ഷബീറിന് നേരെ ആക്രമണമുണ്ടായത്. ശബീറിന്‍െറ ഹോട്ടലില്‍ കച്ചവടം വര്‍ധിച്ചതിനാല്‍ മൊയ്തീന്‍കുട്ടിയുടെ കടയില്‍ ആളു കുറഞ്ഞതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടല്‍ പൂട്ടണമെന്ന് മൊയ്തീന്‍കുട്ടി ഷബീറിനോട് ആവശ്യപ്പെട്ടിരുന്നത്രെ. രാത്രി ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനിടെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷബീറിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഏറെക്കാലം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണകളിലായി 35,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയെന്ന് മൊയ്തീന്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഷബീറിന് നേരെയുള്ള ആക്രമണം ഏറെ ദുരൂഹതകളുയര്‍ത്തിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിക്കെതിരെ പുണെയില്‍ കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിടികിട്ടാനുള്ള ശാഹിദ് ഒട്ടേറെ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്നു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ ആര്‍. റാഫി അറിയിച്ചു. എസ്.ഐ സി.പി. വാസു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു...

No comments:

Post a Comment