FLASH NEWS

Thursday, December 22, 2011

അങ്ങാടിപ്പുറം പോളിയില്‍ സംഘര്‍ഷം; എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌....

അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ ഇരു വിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. എട്ടോളം വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌. ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്‌ച എം.എസ്‌.എഫ്‌-കെ.എസ്‌.യു പ്രവര്‍ത്തകരുടെ മെമ്പര്‍ഷിപ്പ്‌ കാമ്പയിനെതിരെ എസ്‌.എഫ്‌.ഐ വിഭാഗം അക്രമം നടത്തിയതായി ആരോപണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ രാവിലെ പത്തോടെ ഇരു വിഭാഗവും പോളിയില്‍ പ്രകടനം ആരംഭിച്ചതോടെ സംഘര്‍ഷത്തിലെത്തുകയായിരുന്നു. യു.ഡി.എസ്‌.എഫിന്റെ രണ്ടാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ മൗലാന ആശുപത്രിയില്‍ ചികില്‍സയിലാണ്‌. ഇതില്‍ ഒരു വിദ്യാര്‍ഥിയാണു തീവ്രപരിചരണ വിഭാഗത്തിലുള്ളത്‌. എസ്‌.എഫ്‌.ഐയുടെ നാലാം സെമസ്‌റ്റര്‍ വിദ്യാര്‍ഥികളായ രണ്ടു പേര്‍ ഇ.എം.എസ്‌. സഹകരണ ആശുപത്രിയിലാണുള്ളത്‌. യു.ഡി.എസ്‌.എഫിലെ കെ. ദിപീഷ്‌, പി.പി ഇര്‍ഷാദ്‌, ടി. മുഹമ്മദ്‌, ടി. അജയ്‌ എന്നിവരാണ്‌ മൗലാനയിലുള്ളത്‌. അര്‍ജുന്‍, അഫ്‌സല്‍ എന്നീ എസ്‌.എഫ്‌.ഐ വിദ്യാര്‍ഥികള്‍ ഇ.എം.എസ്‌ സഹകരണ ആശുപത്രിയിലും മറ്റു രണ്ടു പേര്‍ പെരിന്തല്‍മണ്ണ ഗവ. ആശുപത്രിയിലും ചികിത്സയിലുണ്ട്‌.

എസ്‌.എഫ്‌.ഐ. ക്വട്ടേഷന്‍ സംഘമായി അധഃപതിച്ചതിന്റെ തെളിവാണ്‌ അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ നടന്ന അക്രമമെന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പില്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. എസ്‌.എഫ്‌.ഐ. റിപ്പര്‍ ചന്ദ്രനെ മാതൃകയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്‌.എഫ്‌.ഐ. നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നു സംസ്‌ഥാന വ്യാപകമായി പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

No comments:

Post a Comment