FLASH NEWS

Sunday, December 25, 2011

അലിഗഡ് മലപ്പുറം ക്യാംപസ് നാടിന് സമര്‍പ്പിച്ചു...

ചേലാമലക്കുന്നിന്‍ മുകളില്‍നിന്ന് സര്‍ സയ്യിദ് അഹമ്മദ് ഖാന്‍െറ സ്വപ്നം ഇനി വിജ്ഞാനത്തിന്‍െറ മഹാനദിയായി ഒഴുകും. നാട് കാത്തിരുന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് പെരിന്തല്‍മണ്ണയുടെ കുന്നിന്‍ചെരിവ് നടന്നടുത്തപ്പോള്‍ സാക്ഷികളാകാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. ചേലാമലയില്‍ ആഘോഷത്തിന്‍െറ തിരമാലകളുയര്‍ത്തിയെത്തിയ ജനതതിയെ സാക്ഷിയാക്കി അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെ മലപ്പുറം കാമ്പസ് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ നാടിന് സമര്‍പ്പിച്ചു.
സര്‍വകലാശാലകളുടെ നാടാകാന്‍ കുതിക്കുന്ന മലപ്പുറത്തിന്‍െറ മണ്ണിലെ രണ്ടാമത്തെ ഉന്നതവിദ്യാകേന്ദ്രം ഇനി രാജ്യത്തിന് സ്വന്തം.
വിവാദങ്ങളുടെ മല കടന്നെത്തിയ അലീഗഢ് സെന്‍ററിന്‍െറ കുതിപ്പിന് വരും നാളുകള്‍ സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കപില്‍ സിബലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉറപ്പ് തന്നു. കാമ്പസിന്‍െറ വികസനത്തിന് പണം തടസ്സമാകില്ളെന്ന കപില്‍ സിബലിന്‍െറ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 12ാം പദ്ധതിയില്‍ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അലീഗഢ് മലപ്പുറം കാമ്പസിന് മുന്തിയ പരിഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സമയബന്ധിതമായി ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാമ്പസിന്‍െറ ഭരണകാര്യാലയത്തിന് കേന്ദ്ര മാനവശേഷി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തറക്കല്ലിട്ടു. കാമ്പസിലെ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടന്‍ മുഹമ്മദും വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നിര്‍വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ. ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എല്‍.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. വീരാന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. വൈസ്ചാന്‍സലര്‍ ഡോ. പി.കെ. അബ്ദുല്‍ അസീസ് പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതവും സര്‍വകലാശാല രജിസ്ട്രാര്‍ പ്രഫ. വി.കെ. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അലീഗഢ് കോര്‍ട്ടംഗം ബഷീറലി ശിഹാബ് തങ്ങള്‍, മുന്‍മന്ത്രി നാലകത്ത് സൂപ്പി, ഇ. മുഹമ്മദ് കുഞ്ഞി, എം.എല്‍.എമാരായ ടി.എ അഹമ്മദ് കബീര്‍, എം. ഉമ്മര്‍, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാന്‍ രണ്ടത്താണി, മുന്‍ രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

No comments:

Post a Comment