FLASH NEWS

Friday, December 9, 2011

വീരപുത്രന്‍.....ഇന്ത്യയ്ക്ക്153 റണ്‍സ് ജയം; പരമ്പര..


വീരേന്ദര്‍ സെവാഗിന്റെ ഇരട്ട ശതകവും ഇന്ത്യയുടെ മികച്ച ടീം ടോട്ടലും കൊണ്ട് റെക്കോഡ് പുസ്തകത്തിലേക്ക് റണ്ണൊഴുകിയ നാലാം ഏകദിനത്തില്‍ ആതിഥേയര്‍ക്ക് 153 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെവാഗിന്റെ മികവില്‍ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 418 റണ്‍സെന്ന കൂറ്റന്‍ സ്കോറിലാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്. വിന്‍ഡീസിന്റെ മറുപടി 49.2 ഓവറില്‍ 265 റണ്‍സിലൊതുങ്ങി. ഇതോടെ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3^1ന് സ്വന്തമാക്കി. 149 പന്തില്‍ 25 ബൌണ്ടറിയും ഏഴു സിക്സും ചേര്‍ത്ത് 219 റണ്‍സ് നേടിയ സെവാഗാണ് കളിയിലെ കേമന്‍.
96 റണ്‍സെടുത്ത വിന്‍ഡീസ് താരം ദിനേശ് രാംദിന്റെ പ്രകടനം വൃഥാവിലായി. ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റക്കാരന്‍ രാഹുല്‍ ശര്‍മയും രവീന്ദ്ര ജദേജയും മൂന്ന് വീതം വിക്കറ്റെടുത്തു. സുരേഷ് റെയ്ന രണ്ടു പേരെ മടക്കി.
ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടി ഗൌതം ഗംഭീറും (67) റെയ്നയും (55) സെവാഗിന് ഉറച്ച പിന്തുണ നല്‍കി. ഒന്നാം വിക്കറ്റില്‍ ഗംഭീറുമായി ചേര്‍ന്ന് 176 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ സെവാഗ് രണ്ടാം വിക്കറ്റില്‍ റെയ്നക്കൊപ്പം 140 റണ്‍സ് ചേര്‍ത്തു.
തുടര്‍ച്ചയായ നാലാം മത്സരത്തിലും ടോസ് സെവാഗിനൊപ്പം നിന്നു. പതിവിന് വിപരീതമായി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനത്തെ ശരിവെച്ചുകൊണ്ടാണ് സെവാഗും ഗംഭീറും തുടങ്ങിയത്. ആദ്യ ഓവറുകളില്‍ തന്നെ ബൌണ്ടറികളും സിക്സുകളും പറന്നപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ശരവേഗത്തില്‍ മുന്നോട്ടുകുതിച്ചു. 15ാം ഓവറില്‍ ഇന്ത്യ നൂറു റണ്‍സും സെവാഗ് അര്‍ധ ശതകവും തികച്ചു. 41ാം പന്തില്‍ സുനില്‍ നാരായണെ സിക്സറടിച്ചാണ് ക്യാപ്റ്റന്‍ 50 കടന്നത്. നേരിട്ട 51ാം പന്തില്‍ ഗംഭീര്‍ ഏകദിനത്തിലെ 28ാം അര്‍ധ ശതകം നേടി.
തുടര്‍ന്ന് ഗംഭീറിനെ കാഴ്ചക്കാരനാക്കി സെവാഗ് തകര്‍ത്താടുന്നതാണ് കണ്ടത്. 20 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യ 149ലെത്തിയിരുന്നു. 69ാം പന്തില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ ബൌണ്ടറിയടിച്ച് സെവാഗ് സെഞ്ച്വറിയും തികച്ചു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ തന്നെ ഇന്ത്യയുടെ ഓപണിങ് കൂട്ടുകെട്ടിന് അന്ത്യമായി. 67 പന്തില്‍ 11 ബൌണ്ടറിയുള്‍പെടെ 67 റണ്‍സ് നേടിയ ഗംഭീറിനെ മര്‍ലോണ്‍ സാമുവല്‍സ് റണ്ണൌട്ടാക്കുകയായിരുന്നു. ഇന്ത്യ ഒന്നിന് 176.
ഗംഭീര്‍ നിര്‍ത്തിയിടത്ത് നിന്ന് റെയ്ന തുടങ്ങി. സെവാഗിനൊപ്പം ചേര്‍ന്ന് കരീബിയന്‍ ബൌളര്‍മാരെ കൈകാര്യം ചെയ്ത റെയ്ന പന്തിനേക്കാള്‍ മുന്നില്‍ സ്കോര്‍ കൊണ്ടുപോയി. 30 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 225 റണ്‍സ്. കെമര്‍ റോഷ്, രവി രാംപോള്‍, സുനില്‍ നാരായണ്‍, പൊള്ളാര്‍ഡ്, ഡാരന്‍ സമ്മി, ആന്ദ്രെ റസ്സല്‍, സാമുവല്‍സ് തുടങ്ങിയ ബൌളര്‍മാരുടെ പന്തുകളില്‍ റണ്ണൊഴുകിക്കൊണ്ടിരുന്നു. 40 ഓവറില്‍ ഇന്ത്യ 311ലെത്തി. ഇതിനിടെ നേരിട്ട 42ാം പന്തില്‍ റെയ്ന തന്റെ 20ാം അര്‍ധ സെഞ്ച്വറി തികച്ചിരുന്നു. 41ാം ഓവറില്‍ റെയ്നക്ക് മടക്ക ടിക്കറ്റ് ലഭിച്ചു. ഗംഭീറിനെപ്പോലെ റണ്ണൌട്ടാവാനായിരുന്നു വിധി. റസ്സലിന്റെ ഏറാണ് ഇത്തവണ ലക്ഷ്യത്തിലെത്തിയത്. 44 പന്തില്‍ ആറ് ബൌണ്ടറിയും റെയ്നയുടെ ഇന്നിങ്സില്‍ പിറന്നു. ഇന്ത്യ രണ്ടിന് 311.
തുടര്‍ന്നെത്തിയ രവീന്ദ്ര ജദേജക്ക് അല്‍പായുസ്സായിരുന്നു. 10 പന്തില്‍ 10 റണ്‍സായിരുന്നു സമ്പാദ്യം. 44ാം ഓവര്‍ എറിഞ്ഞ റസ്സല്‍ ജദേജയെ റസ്സലിനെ ഏല്‍പിച്ചു. തൊട്ടടുത്ത പന്തില്‍ ബൌണ്ടറിയടിച്ച് സെവാഗ് ഏകദിനത്തിലെ രണ്ടാമത്തെ ഇരട്ട ശതകത്തിന് ഉടമയായി. അവസാന പന്ത് സിക്സറിന് പറത്തിയ ക്യാപ്റ്റന്‍ ഇന്ത്യയെ 350 കടത്തി. വ്യക്തിഗത സ്കോര്‍ 194ലെത്തിയപ്പോള്‍ ഏകദിനത്തില്‍ 8000 റണ്‍സും സെവാഗ് തികച്ചു.
തകര്‍പ്പനടികളുമായി മുന്നേറവെ സെവാഗിന്റെ പടുകൂറ്റന്‍ ഇന്നിങ്സിന് അപ്രതീക്ഷിത അന്ത്യമായി. പൊള്ളാര്‍ഡ് എറിഞ്ഞ 47ാം ഓവറിലെ രണ്ടാം പന്ത് ബൌണ്ടറിയടിച്ച വീരുവിന് അടുത്ത പന്ത് സിക്സറടിക്കാനുള്ള ശ്രമത്തില്‍ പിഴച്ചു. സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍ ആന്റണി മാര്‍ട്ടിന്‍ ക്യാച്ചെടുത്തു. അപ്പോഴേക്കും ഇന്ത്യ 376ലെത്തിയിരുന്നു. ഏകദിന ഇന്നിങ്സില്‍ കൂടുതല്‍ ഫോറടിച്ച (25) സചിന്റെ റെക്കോഡിനൊപ്പമെത്തി സെവാഗ്.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മികച്ച സ്കോര്‍ കണ്ടെത്തിയ രോഹിത് ശര്‍മ വീണ്ടും കത്തിക്കയറിയെങ്കിലും കെമര്‍ റോഷിന്റെ യോര്‍ക്കറില്‍ കീഴടങ്ങി. റോഷിനെ തുടര്‍ച്ചയായി രണ്ട് ബൌണ്ടറിയടിച്ചതിന്റെ തൊട്ടടുത്ത പന്തിലായിരുന്നു ഇത്. 16 പന്തില്‍ മൂന്ന് ഫോറുള്‍പ്പെടെ ഞൊടിയിടയില്‍ 27 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. അവസാന ഓവറുകളില്‍ വിരാട് കോഹ്ലിയും പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് ഇന്ത്യയെ റെക്കോഡ്് സ്കോറിലെത്തിച്ചു. 49ാം ഓവറിലാണ് ടീം 400 കടന്നത്. കോഹ്ലിയും (11 പന്തില്‍ 23) പാര്‍ഥിവും (മൂന്ന്) പുറത്താവാതെ നിന്നു...
madhayamam

No comments:

Post a Comment