FLASH NEWS

Sunday, December 25, 2011

ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റ് : ധോണിപ്പട റെഡി....

മെല്‍ബണ്‍: ഇന്ത്യക്കെതിരേ തിങ്കളാഴ്‌ച തുടങ്ങുന്ന ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍നിന്ന്‌ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്‌റ്റ്യനെ ഒഴിവാക്കി. ഇടംകൈയന്‍ ബൗളര്‍ മിച്ചല്‍ സ്‌റ്റാര്‍കിനെയും ഒഴിവാക്കിയിട്ടുണ്ട്‌. ഓപ്പണര്‍ എഡ്‌ കോവനാണ്‌ ടീമിലെ ഏക പുതുമുഖം. പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിനെ തിരിച്ചെടുത്തിട്ടുണ്ട്‌. ആഷസ്‌ പരമ്പരയ്‌ക്കു ശേഷം ആദ്യമായാണു ഹില്‍ഫെന്‍ഹാസ്‌ കളിക്കുന്നത്‌.

പരുക്കില്‍നിന്നു മോചിതനായ ഷോണ്‍ മാര്‍ഷ്‌, ഫോം കണ്ടെത്താന്‍ ബദ്ധപ്പെടുന്ന മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, മൈക്ക്‌ ഹസി എന്നിവര്‍ സ്‌ഥാനം നിലനിര്‍ത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വീരേന്ദര്‍ സേവാഗ്‌, വി.വി.എസ്‌. ലക്ഷ്‌മണ്‍ തുടങ്ങിയ പരിചയ സമ്പന്നമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയ്‌ക്കു മുന്നില്‍ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം കളിപ്പിക്കാനുള്ള ഓസീസ്‌ നീക്കം 'ഞാണിന്‍മേല്‍' കളിയാകുമെന്നാണു കളിയെഴുത്തുകാര്‍ വിലയിരുത്തുന്നത്‌. എന്നാല്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരായി താന്‍ ഉള്‍പ്പെടെയുള്ളവരുള്ളതിനാലാണ്‌ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിക്കുന്നതെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ പറഞ്ഞു. മൈക്ക്‌ ഹസി, റിക്കി പോണ്ടിംഗ്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരുടെ റോളില്‍ തിളങ്ങുന്നവരാണെന്നും ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി.

മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നിര്‍ണായകമാകും. ടോസ്‌ നേടുന്നവര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയ ചരിത്രമാണ്‌ ഇവിടെയുള്ളത്‌. ക്യൂറേറ്റര്‍ കാമറോണ്‍ ഹോഡ്‌കിംഗ്‌സ് ഇത്‌ ഉറപ്പിക്കുന്നു. ആദ്യത്തെ മുപ്പത്‌ ഓവറുകള്‍ ബൗളര്‍മാരുടെ പറുദീസയായിരിക്കും. പിന്നീടായിരിക്കും ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടുക. കഴിഞ്ഞ വര്‍ഷം ഇവിടെ ഓസീസ്‌ ബാറ്റിംഗ്‌ നിര ഇംഗ്ലണ്ടിനു മുന്നില്‍ 98 റണ്‍സിന്‌ ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ അന്നു തന്നെ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സെടുക്കുകയും ചെയ്‌തിരുന്നു. മെല്‍ബണില്‍ തിങ്കളാഴ്‌ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്‌ഥ പ്രവചനം. കണക്കുകള്‍ എന്തു പറഞ്ഞാലും 'കൂളായി' നേരിടാനാണ്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണിയുടെ തീരുമാനം. ടീമിനെ പരുക്കൊന്നും അലട്ടുന്നില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഒന്നാം ടെസ്‌റ്റില്‍ ഇഷാന്ത്‌ ശര്‍മയും സഹീര്‍ ഖാനും കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയെ തോല്‍പിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യമെന്നും ധോണി പറഞ്ഞു. ഓപ്പണറും വെടിക്കെട്ട്‌ ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സേവാഗിന്റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്‌ഥാനത്തു തിരിച്ചെത്താന്‍ ഇന്ത്യക്ക്‌ അവസരം ലഭിക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരാണ്‌ ഇന്ത്യ. 37 മത്സരങ്ങളില്‍നിന്ന്‌ 125 റേറ്റിംഗ്‌ പോയിന്റുമായാണ്‌ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 41 മത്സരങ്ങളില്‍നിന്ന്‌ 118 പോയിന്റാണ്‌ ഇന്ത്യയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നില്‍ നാലാം സ്‌ഥാനത്താണ്‌ ഓസ്‌ട്രേലിയ(103 റേറ്റിംഗ്‌ പോയിന്റ്‌). ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ 1-0 ത്തിനു മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 116 റേറ്റിംഗ്‌ പോയിന്റുണ്ട്‌. ജനുവരി 28 ന്‌ അവസാനിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയും ജനുവരി ഏഴിന്‌ അവസാനിക്കുന്ന ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്‌ക്കും ശേഷം മാത്രമേ യഥാര്‍ഥ ചിത്രം തെളിയു. ഓസ്‌ട്രേലിയ 4-0 ത്തിനു പരമ്പര നേടുകയാണെങ്കിലും ഇന്ത്യയെ മറികടക്കാനാകില്ല. ഒരു പോയിന്റിന്റെ വ്യത്യാസം അപ്പോഴുമുണ്ടാകും. ഓസീസ്‌ 3-1 നു പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയുടെ റേറ്റിംഗ്‌ പോയിന്റ്‌ 113 ആയി കുറയും. എതിരാളികള്‍ 108 റേറ്റിംഗ്‌ പോയിന്റിലെത്തും. പരമ്പര 2-2 നു സമനിലയാകുകയാണെങ്കില്‍ ഓസീസിന്‌ രണ്ട്‌ റേറ്റിംഗ്‌ നേടാനാകും. ഇന്ത്യക്ക്‌ അതേ സമയം രണ്ട്‌ റേറ്റിംഗ്‌ പോയിന്റ്‌ നഷ്‌ടപ്പെടും. ഇന്ത്യ പരമ്പര തൂത്തുവാരുകയാണെങ്കില്‍ 122 റേറ്റിംഗ്‌ പോയിന്റ്‌ നേടും. ഇംഗ്ലണ്ടുമായി മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോഴുണ്ടാകു. 3-1 ന്റെ പരമ്പര നേട്ടം ഇന്ത്യക്ക്‌ 120 റേറ്റിംഗ്‌ പോയിന്റ്‌ സമ്മാനിക്കും. ഓസീസ്‌ 101 റേറ്റിംഗ്‌ പോയിന്റിലേക്ക്‌ ഇടിയും. 2-1 നാണു പരമ്പര ജയിക്കുന്നതെങ്കില്‍ ധോണിയുടെ സംഘത്തിന്‌ ഒരു പോയിന്റാകും സമ്മാനം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇരുരാജ്യങ്ങളിലും വച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണു മുമ്പന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികയ്‌ക്കാനൊരുങ്ങുന്ന സച്ചിന്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ആറാമനാണ്‌. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്‌ (ഒന്‍പത്‌), വി.വി.എസ്‌. ലക്ഷ്‌മണ്‍ (14), വീരേന്ദര്‍ സേവാഗ്‌ (19) എന്നിവര്‍ ആദ്യ ഇരുപതിലുണ്ട്‌. മൈക്ക്‌ ഹസി (17), മൈക്കിള്‍ ക്ലാര്‍ക്ക്‌ (18) എന്നിവര്‍ മാത്രമാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബാറ്റ്‌സ്മാന്‍മാര്‍. ടോപ്‌ ടെന്നില്‍ ഓസീസ്‌ താരങ്ങളാരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗിലും അങ്ങനെ തന്നെ. ആറാമനായ സഹീര്‍ ഖാനാണ്‌ ഏറ്റവും മുന്നില്‍. 12 ാമനായ പീറ്റര്‍ സിഡില്‍, 14 ാമനായ ഷെയ്‌ന്‍ വാട്‌സണ്‍, 15 ാമനായ മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബൗളര്‍മാര്‍.

ടീം ഇന്ത്യ: എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍, വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വൃദ്ധിമാന്‍ സാഹ, അഭിമന്യു മിഥുന്‍, സഹീര്‍ ഖാന്‍, വിനയ്‌ കുമാര്‍, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ.

ടീം ഓസ്‌ട്രേലിയ: ഡേവിഡ്‌ വാര്‍ണര്‍, എഡ്‌ കോവന്‍, ഷോണ്‍ മാര്‍ഷ്‌, റിക്കി പോണ്ടിംഗ്‌, മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍), മൈക്ക്‌ ഹസി, ബ്രാഡ്‌ ഹാഡിന്‍, പീറ്റര്‍ സിഡില്‍, ജെയിംസ്‌ പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, ബെന്‍ ഹില്‍ഫെന്‍ഹാസ്‌.

No comments:

Post a Comment