FLASH NEWS

Sunday, December 18, 2011

ജില്ലയില്‍ എന്റെറോവൈറസ്‌ -71 കണ്ടെത്തി: ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം ....

ജില്ലയില്‍ എന്റെറോവൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ കലക്‌ടര്‍ എം.സി.മോഹന്‍ദാസ്‌ അറിയിച്ചു.കൊണ്ടോട്ടി കുഴിമണ്ണയിലെ 11 മാസം പ്രായമുള്ള പെണ്‍കുട്ടിയിലാണു വൈറസ്‌ കണ്ടെത്തിയത്‌. കടുത്ത പനിമൂലം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിയുടെ രക്‌തം, തൊണ്ടയിലെ സ്രവം സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ്‌, മലത്തിന്റെ സാമ്പിള്‍ എന്നിവ മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ വൈറോളജി വകുപ്പിലേക്ക്‌ അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെറോവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി വൈറോളജി വകുപ്പു മേധാവി ഡോ. അരുണ്‍ സ്‌ഥിരീകരിച്ചു. 10 വയസിന്‌ താഴെയുള്ള കുട്ടികളിലാണു രോഗം കാണാന്‍ സാധ്യത. ജില്ലയില്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്നതിനാല്‍ കടുത്ത പനിയുമായി ആശുപത്രിയില്‍ എത്തുന്ന കേസുകളില്‍ സംശയമുള്ളവ ഉടന്‍ റിപ്പോര്‍ട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അറിയിച്ചു. കടുത്ത പനിമൂലം കൈ - വായ- കാല്‍പാദം എന്നിവയില്‍ കുമിളകള്‍ രൂപപ്പെടുന്ന അവസ്‌ഥ ഇതിനുമുമ്പും ജില്ലയില്‍ ഉണ്ടായിട്ടുണ്ട്‌. സാധാരണ വൈറസുകളാണ്‌ ഇത്തരം രോഗങ്ങള്‍ക്ക്‌ കാരണമാകുന്നത്‌. എന്നാല്‍ കടുത്ത പനിയോ ഹാന്‍ഡ്‌ - ഫൂട്ട്‌ - മൗത്ത്‌ ഡിസീസുമായോ ചികിത്സയ്‌ക്ക് എത്തുന്ന കുട്ടികളില്‍ കൂടുതല്‍ തളര്‍ച്ച , പിടലി വേദന, കൂടുതല്‍ ഉറക്കം, ബ്രെയില്‍ ഫീവര്‍ എന്നീ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. മണിപ്പാല്‍ മെഡിക്കല്‍ കോളജിനോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ സൗജന്യ പരിശോധനയ്‌ക്കുള്ള സംവിധാനങ്ങളുണ്ട്‌. 24 മണിക്കൂറിനുള്ളല്‍ പരിശോധനാ ഫലം നല്‍കാനാകുമെന്ന്‌ ഡോ. അരുണ്‍ അറിയിച്ചു.

പോളിയോ കഴിഞ്ഞാല്‍ കുട്ടികളില്‍ ഏറ്റവും കൂടുതല്‍ വൈകല്യമുണ്ടാകാനുള്ള സാധ്യത എന്റെറോവൈറസ്‌ 71 മൂലമാണ്‌. കടുത്ത പനി തലച്ചോറിനെ ബാധിച്ച്‌ ശരീരം തന്നെ തളരുന്ന അവസ്‌ഥ ഉണ്ടാവാം. അതിനാല്‍ പനിബാധിച്ച കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കുകയോ പൊതുസ്‌ഥലങ്ങളില്‍ കൊണ്ടുപോവുകയോ ചെയ്യരുത്‌. മലവിസര്‍ജനം വെള്ളത്തില്‍ കലരുന്നതിലൂടെയാണ്‌ രോഗം പകരുന്നത്‌. കൈ നന്നായി കഴുകിയതിനുശേഷം മാത്രമേ ഭക്ഷണം കഴിക്കാവു. തെക്ക്‌ - കിഴക്ക്‌ - ഏഷ്യന്‍ രാജ്യങ്ങളിലും ചൈനയിലുമാണ്‌ ഈ വൈറസ്‌ കണ്ടെത്തിയിരുന്നത്‌. 2009-10 കാലയളവില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നെടുത്ത 61 സാംപിളുകളില്‍ ഒന്നില്‍ ഈ വൈറസ്‌ കണ്ടെത്തിയിരുന്നതായി നാഷണല്‍ ഇന്‍സ്‌റ്റിട്യൂട്ട്‌ ഓഫ്‌ വൈറോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ സൂചിപ്പിക്കുന്നുണ്ട്‌. അതിനുശേഷം ഇപ്പോള്‍ മലപ്പുറത്താണ്‌ വൈറസ്‌ കണ്ടെത്തിയിരിക്കുന്നത്‌. ഒരു കേസ്‌ കണ്ടെത്തിയാല്‍ സമാനമായ കേസുകള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുഴിമണ്ണക്ക്‌ തൊട്ടടുത്ത പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇത്‌ സംബന്ധിച്ച്‌ കൂടുതല്‍ പഠനത്തിനായി ഡോ. അരുണിന്റെ നേതൃത്വത്തില്‍ വൈറോളജി വിദഗ്‌ധരുടെ സംഘം 20 നുശേഷം ജില്ല സന്ദര്‍ശിക്കും...
mangalam

No comments:

Post a Comment