FLASH NEWS

Thursday, December 22, 2011

പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നുവെന്ന്‌ ...

വള്ളിക്കുന്ന്‌: കോഴിക്കോട്ടു നിന്നു ഫറോഖ്‌ കോട്ടക്കടവ്‌ വഴി പരപ്പനങ്ങാടിയിലേക്കുള്ള ബസുകള്‍ സര്‍വീസ്‌ മുടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പന്ത്രണ്ടോളം ബസുകള്‍ സര്‍വീസ്‌ നടത്തുന്ന റൂട്ടില്‍ പകുതിയോളം ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു. രേഖകള്‍ പ്രകാരം കോഴിക്കോട്ടു നിന്നു രാത്രി 8.40 വരെ ഈ റൂട്ടില്‍ ബസുകള്‍ ഉണ്ടെങ്കിലും 7.30 ന്‌ ശേഷം ബസുകള്‍ ഇല്ലാത്ത അവസ്‌ഥയാണ്‌്. ഈ സമയത്തിനിടയിലുള്ള ബസുകള്‍ കൃത്യമായി ഓടുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു. ഇതു കാരണം കോഴിക്കോട്ടു നിന്നു മലപ്പുറം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളായ ആനങ്ങാടി, പള്ളിപ്പടി, അത്താണിക്കല്‍, കച്ചേരിക്കുന്ന്‌, ബോര്‍ഡ്‌ സ്‌കൂള്‍, വള്ളിക്കുന്ന്‌, ചെട്ടിപ്പടി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ്‌ ദുരിതം അനുഭവിക്കുന്നത്‌. കോഴിക്കോടു നഗരത്തില്‍ നിന്ന്‌ ജോലി കഴിഞ്ഞു വരുന്ന സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്‌ ഏറെ കഷ്‌ടപ്പാട്‌. രാത്രിയില്‍ ഒന്നിലധികം ബസുകള്‍ മാറിക്കയറിയാണ്‌ ഇവര്‍ വീടുകളിലെത്തുന്നത്‌. നേരത്തെ റൂട്ടില്‍ കെ.എസ്‌.ആര്‍.ടി.സി സര്‍വീസ്‌ നടത്തിയിരുന്നെങ്കിലും സര്‍വീസ്‌ നിലച്ചിരിക്കുകയാണ്‌. സ്വകാര്യ ബസുകളുടെ ഇടപെടലാണു കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ നിലക്കാന്‍ കാരണമെന്നു യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. രാവിലെ തിരക്കുള്ള സമയങ്ങളിലും പരപ്പനങ്ങാടിയില്‍ നിന്ന്‌ കോഴിക്കോട്ടേക്കുള്ള ബസുകള്‍ ട്രിപ്പ്‌ മുടക്കുന്നതായി പരാതിയുണ്ട്‌. ഇതു കാരണം വിദ്യാര്‍ഥികള്‍ക്കും ജോലിക്കു പോകുന്നവര്‍ക്കും കൃത്യസമയത്ത്‌ ലക്ഷ്യസ്‌ഥാനത്ത്‌ എത്താനാകാത്ത അവസ്‌ഥയാണ്‌. പ്രശ്‌നം പലതവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ല. നഗരത്തിലേക്ക്‌ കോഴിക്കോട്‌ റെയില്‍വേ സ്‌റ്റേഷന്‍ വഴിയാണ്‌ ഈ ബസുകള്‍ ഓടേണ്ടതെങ്കിലും മീഞ്ചന്ത ബൈപാസ്‌ വഴി തിരിഞ്ഞു പോകുന്നതും പതിവായിരിക്കുകയാണ്‌. ഇതു കാരണം റെയില്‍വേ സ്‌റ്റേഷന്‍, സിറ്റി സ്‌റ്റാന്റ്‌ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ മീഞ്ചന്തയിലിറങ്ങി വേറെ ബസ്‌ കയറി പേകേണ്ടിവരും. സ്വകാര്യ ബസുകാരുടെ കൃത്യനിഷ്‌ഠയില്ലായ്‌മക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം.

No comments:

Post a Comment