
കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ് സ്‌റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ സീരിയല്‍ നടി സംഗീതാ മോഹനെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്‌റ്റേഷനു മുന്നില്‍ തടഞ്ഞുവച്ചു. എറണാകുളത്തു ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തേക്കു മടങ്ങിയ സംഗീതാ മോഹന്‍ ഓടിച്ചിരുന്ന കാറിടിച്ച് ബൈക്ക് യാത്രികനായ തഴവ സ്വദേശി ഷിബു ഗോപിനാഥ് (43) ആണു മരിച്ചത്. 21 നായിരുന്നു അപകടം. കാറിടിച്ച് തെറിച്ചുവീണ ഷിബുവിന്റെ കാലില്‍ പിന്നാലെത്തിയ ട്രെയിലര്‍ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിറ്റേന്നു രാവിലെയാണു ഷിബു മരിച്ചത്. അപകടത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പോലീസ് പിന്നീടു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ബന്ധുക്കളായ ഷീലാകുമാരി, ശ്രീജിത്ത്, സീരിയല്‍ നടന്‍ ആദിത്യ എന്നിവര്‍ക്കൊപ്പമാണ് ജാമ്യത്തിനായി സംഗീതാ മോഹന്‍ ഇന്നലെ രാവിലെ കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സംഗീത എത്തുമെന്നറിഞ്ഞ് ഷിബുവിന്റെ ബന്ധുക്കളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നാട്ടുകാര്‍ സ്‌റ്റേഷന്‍ പരിസരത്ത് കാത്തുനിന്നിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയ ഇവര്‍ നടിയെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. അമിതവേഗത്തില്‍ വാഹനം ഓടിച്ച് മരണത്തിനിടയാക്കിയ സംഗീതാ മോഹനെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.
പ്രതിഷേധം രൂക്ഷമായതോടെ കരുനാഗപ്പള്ളി എ.സി.പി: ഡി. രാജേന്ദ്രന്‍, സി.ഐ: രാധാകൃഷ്‌ണ പിള്ളയും സ്‌ഥലത്തെത്തി. ഇതോടെ നടിക്കും പോലീസിനും എതിരേ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സംഗീതാ മോഹനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എ.സി.പി. ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ജനക്കൂട്ടം ശാന്തരായത്.
തുടര്‍ന്നു പോലീസ് സംരക്ഷണത്തില്‍ നടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ നടി കരയുന്നതു കാണാമായിരുന്നു. മാതൃസഹോദരിയുടെയും അവരുടെ മകന്റെയും ജാമ്യത്തിലും സ്വന്തം ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലും സംഗീതയ്‌ക്കു പോലീസ് ജാമ്യം അനുവദിച്ചു.
No comments:
Post a Comment