FLASH NEWS

Wednesday, September 28, 2011

മോഷ്ടാക്കള്‍ക്കായി ഉറക്കമില്ലാതെ പൊലീസും നാട്ടുകാരും...

പെരിന്തല്‍മണ്ണ: ടൗണിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായ സാഹചര്യത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കാവല്‍ ശക്തമാക്കി. രണ്ട് ദിവസമായി പെരിന്തല്‍മണ്ണയിലെ നാട്ടുകാരും പൊലീസും ഉറക്കമൊഴിച്ച് കാവല്‍ നില്‍ക്കുകയാണ്. പരിമിതമായ പൊലീസുകാര്‍ക്കൊപ്പം യുവാക്കള്‍ സജീവമായി രംഗത്തുണ്ട്.
12 ബീറ്റുകളാണ് ജനമൈത്രി പൊലീസിനുള്ളത്. വാര്‍ഡ് സമിതികള്‍ ചേര്‍ന്ന് നാട്ടുകാര്‍ക്ക് മോഷ്ടാക്കളെ നേരിടേണ്ടവിധം പൊലീസ് പഠിപ്പിച്ച് കൊടുക്കും. ഓരോ പ്രദേശത്തെയും ജനജാഗ്രതാ സമിതി രൂപവത്കരണ യോഗത്തിന് സ്ത്രീകളടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. എരവിമംഗലം, പാതാക്കര, ഒലിങ്കര, ചീരട്ടമണ്ണ, കക്കൂത്ത് എന്നീ ഭാഗങ്ങളില്‍ ഇതിനകം യോഗങ്ങള്‍ ചേര്‍ന്നു. ബാക്കി ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ സമിതി രൂപവത്കരിച്ച് പട്രോളിങ് ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, പല ഭാഗങ്ങളില്‍ നിന്നും സംശയസാഹചര്യത്തില്‍ പലരെയും നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുന്നുണ്ട്. മോഷണത്തിന്‍െറ രീതി നിരീക്ഷിച്ചതില്‍ തമിഴ്നാട് തിരുട്ട് ഗ്രാമങ്ങളിലെ കൊറവ സമുദായക്കാര്‍ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. ജയിലും കോടതിയും ഉള്ളതിനാല്‍ മോഷ്ടാക്കള്‍ക്ക് പരസ്പരം കാണാനുള്ള അവസരം കൂടുതലാണ്. ഇതാണ് പെരിന്തല്‍മണ്ണയില്‍ ഇത്തരം കേസുകള്‍ കൂടാന്‍ കാരണമായി പൊലീസ് പറയുന്നത്. നാലോ അഞ്ചോ പേരടങ്ങിയ സംഘമാണ് ഈ ഭാഗത്ത് നടന്ന മുഴുവന്‍ മോഷണങ്ങള്‍ക്കും പിന്നിലെന്നാണ് പൊലീസ് നിഗമനം.
രാത്രി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി മോഷണം കഴിഞ്ഞ് രാവിലത്തെ വണ്ടിക്ക് തിരിച്ച് പോകാനുള്ള സാധ്യത മുന്നില്‍ കണ്ട് മഫ്തി പൊലീസിനെ സ്റ്റേഷനുകളില്‍ നിര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല.
ഡിവൈ.എസ്.പി കെ.പി. വിജയകുമാര്‍, സി.ഐ ജലീല്‍ തോട്ടത്തില്‍, എസ്.ഐ മനോജ് പറയട്ട എന്നിവര്‍ നേരിട്ടാണ് ഇപ്പോള്‍ രാത്രികാല പട്രോളിങ് നടത്തുന്നത്. ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരം പാതാക്കരയില്‍ നിന്ന് മോഷ്ടാക്കള്‍ വീട്ടമ്മയുടെ മൂന്നര പവന്‍ കവര്‍ന്നു. അന്നുതന്നെ കക്കൂത്തും സമാന സംഭവമുണ്ടായി.

‘ജനമൈത്രി പൊലീസ് പുനഃസംഘടിപ്പിക്കണം’
പെരിന്തല്‍മണ്ണ: കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജന പങ്കാളിത്തത്തോടുകൂടി ജനമൈത്രി പൊലീസ് സംവിധാനം പുനഃസംഘടിപ്പിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ഡി.സി.സി ജനറല്‍ സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് അരഞ്ഞീക്കല്‍ ആനന്ദന്‍ അധ്യക്ഷത വഹിച്ചു...

No comments:

Post a Comment