FLASH NEWS

Tuesday, February 28, 2012

ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, ഫൈനലിന് സാധ്യത


തകര്‍പ്പന്‍ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ശ്രീലങ്കയൊരുക്കിയ വിജയ ലക്ഷ്യം കേവലം 36.4 ഓവറില്‍ മറികടന്ന് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനല്‍ സാധ്യതയൊരുക്കി. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ശ്രീലങ്കയൊരുക്കിയ 321 റണ്‍സെന്ന ലക്ഷ്യം ഇന്ത്യ അനായാസം മറികടന്നത്. ഏഴ് വിക്കറ്റിന് ലങ്കയെ മുട്ടുകുത്തിച്ച ഇന്ത്യ ഇതോടെ ബോണസ് പോയന്റ് നേടി.

കഴിഞ്ഞ മല്‍സരത്തില്‍ ആസ്ത്രേലിയയോട് തോറ്റ ലോകചാമ്പ്യന്‍മാരുടെ തിരിച്ചു വരവ് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. തോല്‍വിയോടെ പരമ്പരയില്‍ നിന്ന് പുറത്തായതിന് മാധ്യമങ്ങളുടെ പഴി കേട്ട ഇന്ത്യന്‍ ബാറ്റ്സ്മാര്‍ മികച്ച ബാറ്റിങ് ആണ് ഇന്ന് കാഴ്ച വെച്ചത്. 40 ഓവറിനുള്ളില്‍ ലങ്കയൊരുക്കിയ ലക്ഷ്യം മറികടന്നാല്‍ ഇന്ത്യക്ക് ഫൈനല്‍ സാധ്യതയുണ്ടെന്നായിരുന്നു ക്രിക്കറ്റ് നിയമം.

ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ലങ്ക 320 റണ്‍സെടുത്ത്. ഇന്ത്യന്‍ ബൗളര്‍മാരെ കശക്കിയെറിഞ്ഞ തിലകരത്നെ ദില്‍ഷന്റെയും കുമാര്‍ സംഗക്കാരയുടെയും തകര്‍പ്പന്‍ സെഞ്ച്വറികള്‍ അവരെ തുണച്ചില്ല. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സംഗക്കാര 105 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നില്ല. ഏഴാമത്തെ ഓവറില്‍ 54 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. സെവാഗിനെ(30) ഫര്‍വീസ് മഹ്റൂഫിന്റെ പന്തില്‍ തിലക രത്ന പിടിച്ച് പുറത്താക്കുകയായിരുന്നു. പത്താമത്തെ ഓവറില്‍ 39 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍കറെ ലാസിത് മലിംഗ എല്‍ ബി ഡബ്ലിയുവില്‍ കുടുക്കി. 86 റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍. തുടര്‍ന്ന് കോഹ്ലിയും ഗംഭീറും ചേര്‍ന്ന് തകര്‍പ്പന്‍ അടി തുടങ്ങി. 201 റണ്‍സിലെത്തി നില്‍ക്കെ 28 ാമത്തെ ഓവറില്‍ ഗംഭീര്‍ റണ്ണൗട്ടായി.

പിന്നാലെയെത്തിയ സുരേഷ് റെയ്ന മികച്ച പിന്തുണയാണ് കോഹ്ലിക്ക് നല്‍കിയത്. 37 ാമത്തെ ഓവറില്‍ ഇന്ത്യ വിജയം കുറിക്കുമ്പോള്‍ 133 റണ്‍സുമായി കോഹ്ലിയും 40 റണ്ണുമായി റെയ്നയും പുറത്താവാതെ നിന്നു.

ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ തോല്‍വിക്കുള്ള മറുപടി കൂടിയാണ് ഇന്നത്തെ വിജയം. മാര്‍ച്ച് രണ്ടിന് ആസ്ത്രേലിയയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന മല്‍സരമാവും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം തീരുമാനിക്കുക. നിലവില്‍ ബോണസ് പോയിന്റടക്കം 15 പോയന്‍ാണ് ഇന്ത്യക്കുള്ളത്. ആസ്ത്രേലിയയുമായുള്ള മല്‍സരത്തില്‍ ലങ്ക പരാജയപ്പെട്ടാല്‍ പോയന്റ് നിലയില്‍ ഇന്ത്യയും ശ്രീലങ്കയും തുല്യമാവും. ഇവിടെയാണ് ബോണസ് പോയിന്റ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനത്തിന് വഴിതെളിയിക്കുക.

No comments:

Post a Comment