FLASH NEWS

Friday, February 17, 2012

സൈമണ്ട്സ് പാഡഴിച്ചു...

മെല്‍ബണ്‍: ക്രിക്കറ്റിന്‍െറ കളിമുറ്റങ്ങളില്‍ ആസ്ട്രേലിയക്കുവേണ്ടി ഏറെക്കാലം വീറോടെ പൊരുതിയ പ്രതിഭാധനനായ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്സ് വിരമിച്ചു. മാസ്മരിക പ്രകടനങ്ങള്‍ക്കൊപ്പം വിവാദങ്ങളും അച്ചടക്കലംഘനങ്ങളുമെല്ലാം ചേര്‍ന്ന് സംഭവബഹുലമാക്കിയ പ്രഫഷനല്‍ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. 36ാം വയസ്സിലാണ് സൈമണ്ട്സ് പ്രഫഷനല്‍ ക്രിക്കറ്റില്‍നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. കളിയുടെ എല്ലാ മേഖലകളില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച സൈമണ്ട്സ് ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐ.പി.എല്ലില്‍ കളിക്കില്ളെന്നും വ്യക്തമാക്കി. കുടുംബപരമായ കാരണങ്ങളാലാണ് പൊടുന്നനെ കളിയോട് വിടപറയുന്നത്. ‘എല്ലാതരം കളികളില്‍നിന്നും ഉടനടി പിന്മാറുകയാണ്. ഇത്തവണ മുംബൈ ഇന്ത്യന്‍സിന് കളിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. മുംബൈ ഇന്ത്യന്‍സും ഐ.പി.എല്ലും എന്നെ വളരെയേറെ പിന്തുണച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ എന്‍െറ ആദ്യ കുഞ്ഞിന്‍െറ വരവിനാണ് മുന്‍ഗണന നല്‍കുന്നത്’ -സൈമണ്ട്സ് വിശദീകരിച്ചു.
1994-95 സീസണില്‍ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റില്‍ അരങ്ങേറിയ സൈമണ്ട്സ് 1998 നവംബറില്‍ പാകിസ്താനെതിരെ ലാഹോറിലാണ് ആദ്യ ഏകദിനം കളിച്ചത്. 198 ഏകദിനങ്ങളില്‍ ആറു സെഞ്ച്വറി ഉള്‍പ്പെടെ 39.75 ശരാശരിയില്‍ 5088 റണ്‍സെടുത്തിട്ടുണ്ട്. 133 വിക്കറ്റുമെടുത്ത സൈമണ്ട്സ് 2009ലാണ് ഏകദിനത്തില്‍നിന്ന് പടിയിറങ്ങിയത്.
2004 മാര്‍ച്ചില്‍ ശ്രീലങ്കക്കെതിരെയായിരുന്നു ആദ്യ ടെസ്റ്റ്. 26 ടെസ്റ്റില്‍ രണ്ട് സെഞ്ച്വറിയടക്കം 40.61 ശരാശരിയില്‍ 1462 റണ്‍സും 24 വിക്കറ്റും നേടി. 2008ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. 14 രാജ്യാന്തര ട്വന്‍റി20യില്‍ 48.14 ശരാശരിയില്‍ 337 റണ്‍സും എട്ടു വിക്കറ്റും നേടി. മറ്റു 93 ട്വന്‍റി20 മത്സരങ്ങളില്‍ 32.43 ശരാശരിയില്‍ 2141 റണ്‍സ് അടിച്ചെടുത്ത സൈമണ്ട്സിന്‍െറ സ്ട്രൈക്റേറ്റ് 147.35 ആണ്.
2008ല്‍ ഹര്‍ഭജന്‍ സിങ് വംശീയമായി അധിക്ഷേപിച്ചതിനെ ചൊല്ലിയുള്ള വിവാദവും പിന്നീട് ഓസീസ് ടീം മീറ്റിങ്ങില്‍ പങ്കെടുക്കാതെ മീന്‍പിടിക്കാന്‍ പോയതും സൈമണ്ട്സിനെ വാര്‍ത്തകളിലത്തെിച്ചു. 2009 ലോക ട്വന്‍റി20ക്കായി ടീമിലെടുത്ത താരം മദ്യപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാജ്യാന്തര കരിയറിന് അവസാനമാവുകയായിരുന്നു.

No comments:

Post a Comment