FLASH NEWS

Saturday, March 3, 2012

ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക, ആസ്ത്രേലിയ ഫൈനല്‍

മെല്‍ബണ്‍: അന്തിമ ഓവര്‍വരെ ഉദ്വേഗം മുറ്റിനിന്ന അവസാന ലീഗ് മത്സരത്തില്‍ ആസ്ട്രേലിയയെ ഒമ്പതു റണ്‍സിന് കീഴടക്കിയ ശ്രീലങ്ക ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി. ലങ്ക തോറ്റാല്‍ ആസ്ട്രേലിയക്കെതിരെ 'ബെസ്റ്റ് ഓഫ് ത്രീ' ഫൈനലില്‍ കളിക്കാന്‍ അവസരം ലഭിക്കുമായിരുന്ന ഇന്ത്യന്‍ മോഹങ്ങള്‍ ഇതോടെ തകര്‍ന്നടിഞ്ഞു. ആസ്ട്രേലിയന്‍ പര്യടനത്തില്‍ സമ്പൂര്‍ണ തിരിച്ചടിയുമായി മഹേന്ദ്ര സിങ് ധോണിയും കൂട്ടുകാരും നാട്ടിലേക്ക് മടങ്ങും. സെമിഫൈനലിന്റെ വീറും വാശിയും പ്രകടമായ മത്സരത്തില്‍ റണ്ണൊഴുക്ക് കുറഞ്ഞെങ്കിലും ആവേശത്തിന്റെ അളവൊട്ടും കുറവില്ലായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 238 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അഞ്ച് പന്തു ബാക്കിയിരിക്കെ ആസ്ട്രേലിയ 229 റണ്‍സിന് ഔള്‍ഔട്ടായി. അവസാന ഓവറില്‍ ജയിക്കാന്‍ പത്ത് റണ്‍സ് ആവശ്യമായിരുന്ന ആസ്ട്രേലിയക്ക് ക്രീസില്‍ ഡേവിഡ് ഹസി ഉള്ളപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. കോടിക്കണക്കിന് ഇന്ത്യക്കാരും ഏറെ പ്രതീക്ഷയോടെ ഹസിയിലേക്ക് ഉറ്റുനോക്കി. നുവാന്‍ കുലശേഖര എറിഞ്ഞ 50ാം ഓവറിലെ ആദ്യപന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന ഹസിയുടെ ശ്രമം ലോങ്ഓഫില്‍ തിലകരത്നെ ദില്‍ഷന്‍ കൈകളിലൊതുക്കിയതോടെ ലങ്കന്‍ കാണികള്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് ആരവങ്ങളില്‍ മുങ്ങി. ഇന്ത്യക്കെതിരെ കഴിഞ്ഞ കളിയില്‍ 320 റണ്‍സടിച്ചിട്ടും 40 ഓവറിനകം തോല്‍വി വഴങ്ങേണ്ടിവന്ന നിരാശ ആത്മവിശ്വാസത്തെ ബാധിക്കാതെ വീറോടെ പന്തെറിഞ്ഞായിരുന്നു മഹേല ജയവര്‍ധനെയുടെയും കൂട്ടരുടെയും വിജയഭേരി. ഇന്ത്യക്കെതിരെ 7.4 ഓവറില്‍ 96 റണ്‍സ് വഴങ്ങി നാണംകെട്ട ലസിത് മലിംഗ നിര്‍ണായക മത്സരത്തില്‍ ആസ്ട്രേലിയക്കെതിരെ കണക്കുതീര്‍ത്ത് പന്തെറിഞ്ഞു. പത്തോവറില്‍ 49 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത മലിംഗയാണ് ആസ്ട്രേലിയന്‍ മുന്‍നിരയുടെ നടുവൊടിച്ചത്.
നേരത്തെ ഹാട്രിക്കടക്കം അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഡാനിയല്‍ ക്രിസ്റ്റ്യനും പരിക്കുമാറി തിരിച്ചെത്തിയ മത്സരത്തില്‍ നാലു വിക്കറ്റ് പിഴുത ജെയിംസ് പാറ്റിന്‍സണും ചേര്‍ന്നാണ് മികച്ച സ്കോറിലേക്കെന്ന് തോന്നിച്ച ശ്രീലങ്കക്ക് കൂച്ചുവിലങ്ങിട്ടത്. തുടക്കത്തില്‍ ഓപണര്‍മാരെ നഷ്ടമായ ശേഷം മധ്യനിരയില്‍ കുമാര്‍ സങ്കക്കാര (64), ദിനേഷ് ചണ്ഡിമല്‍ (75), ലാഹിറു തിരിമന്നെ എന്നിവര്‍ നേടിയ അര്‍ധസെഞ്ച്വറികളില്‍ മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന മരതകദ്വീപുകാര്‍ക്ക് ക്ഷണത്തില്‍ വിക്കറ്റുകള്‍ പിഴുത ക്രിസ്റ്റ്യന്‍ കനത്ത തിരിച്ചടി നല്‍കുകയായിരുന്നു. 84 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സുമടക്കം 75 റണ്‍സെടുത്ത് തുടക്കത്തിലെ തിരിച്ചടിക്കുശേഷം ലങ്കന്‍ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്ന ചണ്ഡിമലാണ് മാന്‍ ഓഫ് ദ മാച്ച്. റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങളില്‍ ആതിഥേയരെ മൂന്നു തവണ പരാജയപ്പെടുത്തിയ ശ്രീലങ്ക നാലു ജയത്തോടെ 19 പോയന്റുമായി ഒന്നാം സ്ഥാനക്കാരായാണ് ഫൈനലില്‍ ഇടമുറപ്പിച്ചത്. ആസ്ട്രേലിയക്കും 19 പോയന്റാണുള്ളത്. എട്ടു കളിയില്‍ മൂന്നു ജയം മാത്രമുള്ള ഇന്ത്യ 15 പോയന്റുമായി അവസാന സ്ഥാനക്കാരായി. ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം നാല്, ആറ്, എട്ട് തീയതികളില്‍ നടക്കും.
238 റണ്‍സ് പ്രതിരോധിക്കുകയെന്ന ശ്രമകരമായ ദൗത്യവുമായി കളത്തിലിറങ്ങിയ ശ്രീലങ്കക്ക് മലിംഗയും കുലശേഖരയും ആഗ്രഹിച്ച തുടക്കം നല്‍കി. തങ്ങളുടെ വിധി മറ്റുള്ളവരുടെ ഔദാര്യം ആശ്രയിച്ചല്ലെന്ന് പ്രഖ്യാപിച്ച ജയവര്‍ധനെക്ക് പ്രതീക്ഷ നല്‍കി വെടിക്കെട്ടുവീരാന്‍ ഡേവിഡ് വാര്‍നറാണ് (ആറു പന്തില്‍ ആറ്) ആദ്യം മടങ്ങിയത്. മലിംഗയുടെ താരതമ്യേന വേഗം കുറഞ്ഞ പന്തില്‍ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ ഷോര്‍ട്ട് കവറില്‍ തിസര പെരേരയുടെ തകര്‍പ്പന്‍ റിഫ്ളക്സ് ക്യാച്ച്. തൊട്ടടുത്ത ഓവറില്‍ മാത്യു വെയ്ഡിനെ (12 പന്തില്‍ ഒമ്പത്) വിക്കറ്റിനു മുന്നില്‍ കുടുക്കി കുലശേഖരയും കരുത്തുകാട്ടി. തന്റെ അടുത്ത ഓവറിലെ അവസാന പന്തില്‍ പീറ്റര്‍ ഫോറസ്റ്റിനെ (രണ്ട്) വിക്കറ്റിനു പിന്നില്‍ സങ്കക്കാരയുടെ കൈകളിലെത്തിച്ച് മലിംഗ വീണ്ടും ആഞ്ഞടിച്ചതോടെ ആസ്ട്രേലിയ മൂന്നു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലെത്തി.
മൈക്കല്‍ ക്ളാര്‍ക്കിനു പകരം ടീമിനെ നയിച്ച ഷെയ്ന്‍ വാട്സനും (83 പന്തില്‍ 65) മൈക് ഹസിയും (56 പന്തില്‍ 29) ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമായിരുന്നു പിന്നെ. ശ്രദ്ധാപൂര്‍വം ബാറ്റേന്തിയ ഇരുവരും നാലാം വിക്കറ്റില്‍ 87 റണ്‍സ് ചേര്‍ത്തു. കൃത്യം 25 ഓവര്‍ പൂര്‍ത്തിയാകവെ മൈക് ഹസിയെ സങ്കക്കാരയുടെ ഗ്ളൗസിലെത്തിച്ച പാര്‍ട്ടൈം ബൗളര്‍ തിരിമന്നെയാണ് കൂട്ടുകെട്ട് തകര്‍ത്തത്. സ്കോര്‍ 140ല്‍ നില്‍ക്കെ വാട്സനും മടക്കമായി. ഫുള്‍ലെങ്ത് പന്തില്‍ വാട്സന്റെ മിഡില്‍ സ്റ്റമ്പ് തകര്‍ത്ത് മലിംഗയാണ് ലങ്കയുടെ രക്ഷകനായത്.
ഡേവിഡ് ഹസിയിലായിരുന്നു പിന്നീട് ആസ്ട്രേലിയയുടെ (ഇന്ത്യയുടെയും) പ്രതീക്ഷ. മറുവശത്ത് കൂട്ടാളികള്‍ തുടരെ കൂടാരം പുല്‍കുമ്പോഴും ഹസി അവസാനഘട്ടംവരെ അക്ഷോഭ്യനായി നിന്നു. ജയിക്കാന്‍ 18 പന്തില്‍ 23 റണ്‍സ് വേണ്ടിയിരിക്കെ 48ാം ഓവറിലെ ആദ്യ പന്തില്‍ രംഗന ഹെറാത്തിനെ സിക്സറിന് പറത്തി ഹസി വിജയപ്രതീക്ഷ നല്‍കി. അടുത്ത ഓവറില്‍ സേവ്യര്‍ ഡോഹെര്‍ട്ടി (15 പന്തില്‍ ഏഴ്) മലിംഗയുടെ ഇരയായശേഷം അവസാനക്കാരനായ ഹില്‍ഫെന്‍ഹോസിനെ കൂട്ടുനിര്‍ത്തിയായിരുന്നു ഡേവിഡിന്റെ കുതിപ്പ്. എന്നാല്‍, സിക്സര്‍ നേടി കാര്യങ്ങള്‍ എളുപ്പമാക്കാനുള്ള മോഹം ദില്‍ഷന്റെ കൈകളിലൊതുങ്ങിയതോടെ ആസ്ട്രേലിയയേക്കാള്‍ പതിന്മടങ്ങ് നിരാശ ഇന്ത്യന്‍ ആരാധകര്‍ക്കായി. ശ്രീലങ്കക്കെതിരെ ഏകദിനത്തില്‍ ആസ്ട്രേലിയക്ക് എത്തിപ്പിടിക്കാന്‍ കഴിയാതെ പോയ മൂന്നാമത്തെ കുറഞ്ഞ സ്കോറാണ് 239.നേരത്തെ രണ്ടു വിക്കറ്റിന് 17 റണ്‍സെന്ന നിലയില്‍നിന്നാണ് ശ്രീലങ്ക പൊരുതിക്കയറിയത്. രണ്ടാം ഓവറില്‍ റണ്ണിനു വേണ്ടിയുള്ള ദില്‍ഷന്റെ വിളിയോട് പ്രതികരിച്ച് ശ്രമകരമായ സിംഗ്ളിനോടിയ ജയവര്‍ധനെ (അഞ്ച്) രണ്ടാം സ്ലിപ്പില്‍നിന്ന് മൈക് ഹസിയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. ഇന്ത്യക്കെതിരെ സെഞ്ച്വറി നേടിയ ദില്‍ഷന് (ഒമ്പത്) രണ്ടക്കം തികക്കാന്‍ ഭാഗ്യമുണ്ടായില്ല. പാറ്റിന്‍സണിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്. പിന്നീട് സങ്കക്കാര-ചണ്ഡിമല്‍ സഖ്യം 123 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയതോടെ നില ഭദ്രമായി. മൂന്നു ഫോറടക്കം 64ലെത്തിയ സങ്കക്കാര പാറ്റിന്‍സണിന്റെ ബൗളിങ്ങില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ ഫോറസ്റ്റിന് ക്യാച്ച് സമ്മാനിച്ച ശേഷം ക്രീസിലെത്തിയ തിരിമന്നെയും ഉത്തരവാദിത്തത്തോടെ ബാറ്റുവീശി. 38.4 ഓവറില്‍ മൂന്നു വിക്കറ്റിന് 186 റണ്‍സില്‍ നില്‍ക്കെ മിഡോഫില്‍ ക്ളിന്റ് മക്കായുടെ ക്യാച്ചില്‍ ചണ്ഡിമല്‍ മടങ്ങിയത് അപ്രതീക്ഷിത തകര്‍ച്ചയുടെ തുടക്കമായിരുന്നു. പിന്നാലെ എയ്ഞ്ചലോ മാത്യൂസിനെ (അഞ്ച്) മിഡോണില്‍ ഏറെദൂരം മുന്നോട്ടോടി ഡോഹെര്‍ട്ടി എടുത്ത ക്യാച്ച് അത്യുഗ്രനായിരുന്നു. ക്രിസ്റ്റ്യന് ആദ്യ വിക്കറ്റ്.
ക്രിസ്റ്റ്യന്‍ ഏറിഞ്ഞ 44ാം ഓവറാണ് ലങ്കന്‍ ഇന്നിങ്സില്‍ നാശം വിതച്ചത്. മൂന്നാം പന്തിനെ സിക്സറിലേക്ക് പായിച്ച പെരേരയെ മിഡ്വിക്കറ്റ് ബൗണ്ടറിയില്‍ മൈക് ഹസി ക്യാച്ചെടുത്തു. കാല്‍ ബൗണ്ടറി റോപ്പില്‍ തൊടുമെന്നായപ്പോള്‍ പന്ത് ഉയര്‍ത്തിയിട്ട് വീണ്ടും കളത്തില്‍ തിരിച്ചെത്തി കൈകളിലൊതുക്കിയതോടെ ഹസിയുടെ പേരിലുമെത്തി മനോഹരമൊരു ക്യാച്ച്. അടുത്ത പന്തില്‍ സേനാനായകയെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ക്രിസ്റ്റ്യന്‍ അഞ്ചാം പന്തില്‍ കുലശേഖരയെയും അതേ രീതിയില്‍ പുറത്താക്കി. ഈ പന്ത് ലെഗ്സ്റ്റമ്പിനു പുറത്തേക്കായിരുന്നുവെന്ന് ടി.വി റീപ്ലേയില്‍ വ്യക്തമായിരുന്നു എങ്കിലും ഏകദിനത്തില്‍ ഹാട്രിക് നേടുന്ന നാലാമത്തെ ആസ്ട്രേലിയക്കാരനെന്ന ബഹുമതി ക്രിസ്റ്റ്യന്‍ സ്വന്തം പേരിലാക്കി. 59 പന്തില്‍ രണ്ടു ഫോറടക്കം 51ലെത്തിയ തിരിമന്നെയെ പാറ്റിന്‍സണ്‍ ക്ളീന്‍ ബൗള്‍ഡാക്കി. ഇന്നിങ്സിലെ അവസാന പന്തില്‍ മലിംഗയെ പുറത്താക്കിയാണ് ക്രിസ്റ്റ്യന്‍ അഞ്ചു വിക്കറ്റ് തികച്ചത്.

No comments:

Post a Comment