FLASH NEWS

Sunday, March 18, 2012

ഇന്ത്യ പാകിസ്‌താന്‍ മത്സരം ഇന്ന്‌: ധാക്കയില്‍ ഇന്ന്‌ ..

ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ന്‌ നിര്‍ണായകമായ ഇന്ത്യ-പാകിസ്‌താന്‍ പോരാട്ടം. ഉച്ചയ്‌ക്ക് 1.30 മുതല്‍ നടക്കുന്ന മത്സരം നിയോ ക്രിക്കറ്റും ദൂരദര്‍ശനും തത്സമയം സംപ്രേഷണം ചെയ്യും. പരമ്പരാഗത വൈരികളായതിനാല്‍ മിര്‍പുരിലെ ഷേരെ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തിലെ മത്സരം യുദ്ധസമാനമായാണ്‌ ആരാധകര്‍ വീക്ഷിക്കുക.

ഏഷ്യാ കപ്പ്‌ ഫൈനലിനെക്കാള്‍ പ്രാധാന്യമാണ്‌ നിരൂപകര്‍ ഇന്നത്തെ മത്സരത്തിനു നല്‍കുന്നത്‌. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അഞ്ചു വിക്കറ്റിനു തോറ്റതോടെയാണ്‌ ഇന്ത്യക്ക്‌ ഇന്നത്തെ മത്സരം നിര്‍ണായകമായത്‌. ഇന്നു ജയിച്ചാല്‍ ഇന്ത്യക്കു പാകിസ്‌താനെതിരേ ഫൈനല്‍ കളിക്കാം.

ഇന്ത്യ ജയിക്കുന്നതോടെ ശ്രീലങ്കയുടെ സാധ്യത അടയും. തോറ്റാല്‍ ഇന്ത്യക്കു ഫൈനലില്‍ കടക്കാന്‍ ബംഗ്ലാദേശിന്റെയും ശ്രീലങ്കയുടെയും കാരുണ്യം വേണ്ടിവരും. ലങ്ക അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ റണ്‍റേറ്റിലൂടെയാകും ഫൈനലിസ്‌റ്റിനെ തെരഞ്ഞെടുക്കുക.

ബംഗ്ലാദേശിനെതിരേയും ശ്രീലങ്കയ്‌ക്കെതിരേയും നടന്ന രണ്ടുകളികളും ജയിച്ച്‌ ഒന്‍പതു പോയിന്റുമായി പാകിസ്‌താന്‍ നേരത്തെ ഫൈനലില്‍ സ്‌ഥാനം പിടിച്ചു. സമ്മര്‍ദമില്ലാതെ കളിക്കാനാകുമെന്നതു പാകിസ്‌താനു നേട്ടമാണ്‌.

കരിയറിലെ നൂറാം സെഞ്ചുറി തോറ്റ മത്സരത്തിലായെന്ന പോരായ്‌മ നികത്താന്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനുള്ള ശ്രമത്തിലാണു സച്ചിന്‍ തെണ്ടുല്‍ക്കര്‍. നൂറാം സെഞ്ചുറിയുടെ സമ്മര്‍ദം മാറിയ സച്ചിന്‍ ഇനി 'സ്വതന്ത്രനായി' ബാറ്റു വീശുമെന്നു കരുതാം. ഇന്നത്തെ മത്സരം സച്ചിനും പാക്‌ ഓഫ്‌ സ്‌പിന്നര്‍ സയദ്‌ അജ്‌മലും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നു പ്രവചിക്കുന്നവരും നിരവധി.

കഴിഞ്ഞ തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോള്‍ അജ്‌മല്‍ ദൂസര ഉപയോഗിച്ച്‌ മാസ്‌റ്റര്‍ ബ്ലാസ്‌റ്ററെ വീഴ്‌ത്തിയിരുന്നു. ഇത്തവണ 'തീസര'യെന്ന ആയുധവുമായാണ്‌ അജ്‌മല്‍ സച്ചിനെ നേരിടുക. മൊഹാലിയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ്‌ സെമി ഫൈനലിനു ശേഷം ആദ്യമായാണ്‌ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ കളിക്കുന്നത്‌. രണ്ടുടീമുകളുടെയും സമീപകാല പ്രകടനം ആശാവഹമല്ല. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പര (4-0) യില്‍ പാകിസ്‌താന്‍ പരാജയമായിരുന്നു.

ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ബാങ്ക്‌ സീരീസില്‍ കിരീടം നിലനിര്‍ത്താനാകാതെ ഇന്ത്യ മടങ്ങുകയായിരുന്നു. ലോകകപ്പ്‌ സെമി ഫൈനലില്‍ കളിച്ച വീരേന്ദര്‍ സേവാഗ്‌, യുവ്രാജ്‌ സിംഗ്‌, സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിംഗ്‌, ആശിഷ്‌ നെഹ്‌റ, മുനാഫ്‌ പട്ടേല്‍ എന്നിവര്‍ നിലവിലെ ഇന്ത്യന്‍ ടീമിലില്ല. കണക്കുകളിലൂടെ നോക്കിയാല്‍ ഇന്ത്യയുടെ ബാറ്റിംഗ്‌ പാക്‌ ബൗളിംഗിനെ മെരുക്കും. ഗൗതം ഗംഭീര്‍, സച്ചിന്‍, വിരാട്‌ കോഹ്ലി എന്നിവര്‍ ഇതുവരെ ഓരോ സെഞ്ചുറികള്‍ നേടി.

കോഹ്ലി ബംഗ്ലാദേശിനെതിരേ അര്‍ധ സെഞ്ചുറി നേടുകയും ചെയ്‌തു. സുരേഷ്‌ റെയ്‌ന ഫോമിലേക്കു മടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്‌. മൂര്‍ച്ചയില്ലാത്ത ബൗളിംഗാണ്‌ പതിവു പോലെ ഇന്ത്യയുടെ തലവേദന. ബംഗ്ലാദേശിനെതിരേ നടന്ന മത്സരത്തില്‍ അവസാന 10 ഓവറില്‍ 85 റണ്‍സാണു ബൗളര്‍മാര്‍ വിട്ടുകൊടുത്തത്‌. ഇര്‍ഫാന്‍ പഠാന്‍ ഒന്‍പത്‌ ഓവറില്‍ 61 റണ്‍സും അശോക്‌ ദിന്‍ഡ 5.2 ഓവറില്‍ 38 റണ്‍സും വഴങ്ങി. ദിന്‍ഡയ്‌ക്കു പകരം വിനയ്‌ കുമാര്‍ ഇന്നു കളിച്ചേക്കും.

ബൗളിംഗ്‌ ഓള്‍റൗണ്ടറുടെ റോളില്‍ ഇര്‍ഫാന്‍ പഠാന്‍ ഇന്നും കളിക്കും. രവീന്ദ്ര ജഡേജയും ആര്‍. അശ്വിനും തല്‍കാലം പുറത്തിരിക്കേണ്ടി വരില്ല. പാക്‌ ബാറ്റ്‌സ്മാന്‍മാരായ മുഹമ്മദ്‌ ഹഫീസ്‌, നസീര്‍ ജാംഷഡ്‌, നായകന്‍ മിസ്‌ബ ഉള്‍ ഹഖ്‌ എന്നിവര്‍ ഓരോ അര്‍ധ സെഞ്ചുറികള്‍ വീതം നേടിയിട്ടുണ്ട്‌. വെറ്ററന്‍ താരം യൂനിസ്‌ ഖാന്‍ ഫോമിലേക്കു മടങ്ങിയിട്ടില്ല. പേസര്‍മാരായ ഉമര്‍ ഗുല്ലും അയ്‌സാസ്‌ ചീമയും സയദ്‌ അജ്‌മലും മികച്ച രീതിയില്‍ പന്തെറിയുന്നുണ്ട്‌. അവര്‍ ഇതുവരെ അഞ്ചു വിക്കറ്റ്‌ വീതമെടുത്തു. ബാറ്റിംഗില്‍ കാര്യമായി തിളങ്ങിയില്ലെങ്കിലും ഷാഹിദ്‌ അഫ്രീഡി ലെഗ്‌ സ്‌പിന്നുമായി അവസരത്തിനൊയരുന്നുണ്ട്‌. ഹമ്മാദ്‌ അസമിനു പകരം ആസാദ്‌ ഷഫീകിനെ കളിപ്പിക്കാനാണു പാക്‌ തീരുമാനം.

No comments:

Post a Comment