FLASH NEWS

Saturday, August 20, 2011

അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്ന അല്‍ ഖാലിദിയ,ഷാര്‍ജ പാലങ്ങള്‍ ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു.

ഷാര്‍ജ: അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടിരുന്ന അല്‍ ഖാലിദിയ,ഷാര്‍ജ പാലങ്ങള്‍ ഇന്നലെ ഗതാഗതത്തിന് തുറന്ന് കൊടുത്തു. 80 ലക്ഷം ദിര്‍ഹം ചിലവഴിച്ച് രണ്ട് ഘട്ടങ്ങളിലായി ആറാഴ്ച കൊണ്ടാണ് രണ്ട് പാലങ്ങളുടെയും നവീകരണം പൂര്‍ത്തിയായത്. ഷാര്‍ജ പാലത്തിന് 120 മീറ്ററും ഖാലിദിയ പാലത്തിന് 80 മീറ്ററും നീളമാണുള്ളത്. പാലങ്ങളെ താങ്ങുന്ന തൂണുകള്‍ ദൃഢമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനു ശേഷമാണ് ഇവയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്ന് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വര്‍ക്‌സ് (ഡി.പി.ഡബ്ല്യു) റോഡ് മെയിന്റനന്‍സ് വിഭാഗം ഉപമേധാവി അമല്‍ അല്‍ ഖമീസ് പറഞ്ഞു.

ജസീറ പാര്‍ക്കിന് സമീപത്ത് കൂടെ കടന്ന് പോകുന്ന ഈ പാലങ്ങള്‍ ദുബൈയില്‍ നിന്നും വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയിലേക്ക് പോകാനും വരാനുമായി യാത്രക്കാര്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ്.

സ്‌കൂളുകള്‍ തുറക്കുംമുമ്പ് പൂര്‍ത്തിയാക്കുന്നത് ലക്ഷ്യമിട്ട് ധ്രുതഗതിയില്‍,ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇവയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയതെന്ന് ട്രാഫിക് എന്‍ജിനീയറിങ് വിഭാഗം മേധാവി മുഹ്‌സില്‍ ബെല്‍വാന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഗതാഗതം താല്‍ക്കാലിക റോഡുകളിലൂടെ തിരിച്ചുവിട്ടത് കാരണം യാത്രക്കാര്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് ഷാര്‍ജയില്‍ പതിവ് കാഴ്ചയായിരുന്നു. ഖാലിദ് ലഗൂണ്‍, അല്‍ ജുബൈല്‍, ഖാലിദിയ, അല്‍ ലെയ്യ,മജാസ് 1,2,3 എന്നീ ഭാഗങ്ങളിലാണ് പാലങ്ങളുടെ അറ്റകുറ്റപണി മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നത്.

നിര്‍മാണ പ്രവൃത്തികള്‍ക്കായി പാലങ്ങള്‍ അടച്ച വിവരം പൊതുജനങ്ങളെ അറിയിക്കാന്‍ പ്രധാന നിരത്തുകളിലെല്ലാം അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പ്രധാന ഭാഗങ്ങളില്‍ പൊലീസിനെയും നിയോഗിച്ചിരുന്നു.

No comments:

Post a Comment