FLASH NEWS

Wednesday, April 4, 2012

അഞ്ചാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ്‌ പോരാട്ടങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും...


അഞ്ചാമത്‌ ഇന്ത്യന്‍ പ്രീമിയര്‍ ട്വന്റി20 ക്രിക്കറ്റ്‌ പോരാട്ടങ്ങള്‍ക്ക്‌ ഇന്നു തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ചാമ്പ്യന്‍സ്‌ ലീഗ്‌ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്നു വൈകിട്ട്‌ എട്ടിനു നടക്കുന്ന മത്സരത്തോടെയാണു പോരാട്ടങ്ങള്‍ക്കു കളമൊരുങ്ങുക. ഇന്ത്യന്‍ ക്രിക്കറ്റിലെ കരുത്തുറ്റ താരങ്ങളായ എം.എസ്‌.ധോണിയും മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരുദ്ധ ചേരിയില്‍നിന്ന്‌ ഏറ്റുമുട്ടുന്ന മത്സരമെന്ന നിലയിലും ഈ മത്സരം ശ്രദ്ധിക്കപ്പെടും.

ഐ.പി.എല്‍. മത്സരങ്ങള്‍ സോണി മാക്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്‌. ഹാട്രിക്‌ കിരീടം തേടിയാണ്‌ നായകന്‍ എം.എസ്‌. ധോണിയും സംഘവും കളിക്കളത്തിലിറങ്ങുന്നത്‌. 10 കോടി രൂപയ്‌ക്കു ലേലത്തില്‍ പിടിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്‌ ടൂര്‍ണമെന്റിലെ തന്നെ ശ്രദ്ധാകേന്ദ്രം. ജഡേജയുടെ ഓള്‍റൗണ്ട്‌ മികവ്‌ സൂപ്പര്‍ കിംഗ്‌സിന്റെ കിരീടപ്പോരാട്ടത്തില്‍ ഏറെ നിര്‍ണായകമാകും. ഓസ്‌ട്രേലിയന്‍ പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിന്റെ സാന്നിധ്യം ബൗളിംഗിലെ പ്രതിസന്ധികള്‍ക്കു പരിഹാരമാകുമെന്നാണു കോച്ചും ന്യൂസിലന്‍ഡ്‌ മുന്‍ നായകനുമായ സ്‌റ്റീവന്‍ ഫ്‌ളെമിംഗിന്റെ കണക്കു കൂട്ടല്‍.

കഴിഞ്ഞ സീസണിലാണ്‌ ഹില്‍ഫെന്‍ഹാസ്‌ ചെന്നൈയിലെത്തിയതെങ്കിലും പരുക്കു മൂലം കളിക്കാനായില്ല. ഓസീസിന്റെ തന്നെ ഡഗ്‌ബോലിംഗര്‍, ദക്ഷിണാഫ്രിക്കയുടെ ആല്‍ബി മോര്‍ക്കല്‍, ഫാഫ്‌ ഡു പ്ലെസിസ്‌, ഡ്വെയ്‌ന്‍ ബ്രാവോ, ജോര്‍ജ്‌ ബെയ്‌ലി എന്നിവര്‍ ടൂര്‍ണമെന്റില്‍ മുഴുവന്‍ സമയവും കളിക്കുന്നതു ചെന്നൈയ്‌ക്കു പ്ലസ്‌ പോയിന്റാണ്‌. ഹില്‍ഫെന്‍ഹാസും മൈക്ക്‌ ഹസിയും 30 നു ശേഷമേ ടീമിലെത്തു. ശ്രീലങ്കയുടെ നുവാന്‍ കുലശേഖര, സ്‌പിന്നര്‍ സുരജ്‌ രണ്‍ഡീവ്‌ എന്നിവര്‍ 10 നു ശേഷം ചെന്നൈയിലെത്തും. ട്വന്റി20 ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടറായി കണക്കാക്കുന്ന ഡ്വെയ്‌ന്‍ ബ്രാവോയുടെ സാന്നിധ്യം സൂപ്പര്‍ കിംഗ്‌സിനെ കരുത്തുറ്റവരാക്കും. ഓസീസിനെതിരേ നടന്ന ട്വന്റി20, ഏകദിന പരമ്പരകളില്‍ ബ്രാവോ മികച്ച പ്രകടനം പുറത്തെടുത്തു. ന്യൂസിലന്‍ഡിന്റെ ടിം സൗത്തി ഇത്തവണ ടീമിലില്ലാത്തത്‌ സൂപ്പര്‍ കിംഗ്‌സിനു ദോഷമായേക്കാം.

സൂപ്പര്‍ കിംഗ്‌സ് ടീം: എം.എസ്‌. ധോണി (നായകന്‍), ശ്രീകാന്ത്‌ അനിരുദ്ധ്‌, ആര്‍. അശ്വിന്‍, എസ്‌. ബദരീനാഥ്‌, ജോര്‍ജ്‌ ബെയ്‌ലി, ഡഗ്‌ ബോലിംഗര്‍, ഡ്വെയ്‌ന്‍ ബ്രാവോ, ഫാഫ്‌ ഡു പ്ലെസിസ്‌, ബെന്‍ ഹില്‍ഫെന്‍ഹാസ്‌, മൈക്ക്‌ ഹസി, രവീന്ദ്ര ജഡേജ, ഷദാബ്‌ ജകാതി, ജോഗീന്ദര്‍ ശര്‍മ, സുരജ്‌ രണ്‍ഡീവ്‌, നുവാന്‍ കുലശേഖര, യോ മഹേഷ്‌, ആല്‍ബി മോര്‍ക്കല്‍, അഭിനവ്‌ മുകുന്ദ്‌, സുരേഷ്‌ റെയ്‌ന, വൃധിമാന്‍ സാഹ, സ്‌കോട്ട്‌ സ്‌റ്റൈറിസ്‌, സുദീപ്‌ ത്യാഗി, മുരളി വിജയ്‌, ഗണപതി വിഘ്‌നേഷ്‌, കെ. വാസുദേവദാസ്‌.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യമാണ്‌ ഇതുവരെയും കൈയിലൊതുങ്ങാത്ത ഐ.പി.എല്‍. കിരീടത്തിനായുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനു കരുത്താകുന്നത്‌. ചെന്നൈയെക്കാള്‍ മികച്ച ബാറ്റിംഗ്‌ നിരയാണ്‌ മുംബൈയുടേത്‌.

സച്ചിനെ കൂടാതെ രോഹിത്‌ ശര്‍മ, കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌, അമ്പാട്ടി റായിഡു എന്നിവരാണു പ്രധാനികള്‍. ബൗളിംഗിലും മുംബൈയുടെ താരനിര ശക്‌തമാണ്‌. ലങ്കയുടെ ലസിത്‌ മലിംഗ, ഓസീസിന്റെ മിച്ചല്‍ ജോണ്‍സന്‍, നായകന്‍ ഹര്‍ഭജന്‍ സിംഗ്‌, പ്രഗ്യാന്‍ ഓജ എന്നിവരാണു പ്രധാന ബൗളിംഗ്‌ ആകര്‍ഷണങ്ങള്‍. മുനാഫ്‌ പട്ടേലും മലിംഗയുമാകും ബൗളിംഗിനെ നയിക്കുക. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറിക്കുടമയായ റിച്ചാഡ്‌ ലെവിയെ സ്വന്തമാക്കാന്‍ കഴിഞ്ഞതു മുംബൈയുടെ നേട്ടമാണ്‌. മുംബൈ താരങ്ങള്‍ക്കു രാജ്യാന്തര മത്സരങ്ങളുടെ 'ഭാര'മില്ലാത്തതിനാല്‍ മുഴുവന്‍ സീസണിലും കളിക്കാനാകുമെന്ന പ്ലസ്‌ പോയിന്റുമുണ്ട്‌. പ്രഫഷണല്‍ ക്രിക്കറ്റിനോടു വിടപറഞ്ഞ ഓസീസ്‌ ഓള്‍റൗണ്ടര്‍ ആന്‍ഡ്രൂ സൈമണ്ട്‌സിന്റെ അഭാവം മുംബൈയെ ബാധിക്കില്ലെന്നാണു നായകന്‍ ഹര്‍ഭജന്റെ വിശ്വാസം. ടീമിന്റെ മികച്ച ഓപ്പണിംഗ്‌ ജോഡിയായ സച്ചിന്‍- ഡേവി ജേക്കബ്‌സ് കൂട്ടുകെട്ടില്ലാതെ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 കിരീടം നേടിയത്‌ ഐ.പി.എല്ലിലെ മറ്റു ടീമുകളുടെ ഉറക്കം കെടുത്തുന്നുണ്ട്‌.

മുംബൈ ഇന്ത്യന്‍സ്‌ ടീം : ഹര്‍ഭജന്‍ സിംഗ്‌ (നായകന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, അബു നെചിം, അമിടോസ്‌ സിംഗ്‌, അയ്‌ഡന്‍ ബ്ലിസാഡ്‌, യുസ്‌വേന്ദ്ര ചാഹാല്‍, ജെയിംസ്‌ ഫ്രാങ്ക്‌ളിന്‍, ഹെര്‍ഷല്‍ ഗിബ്‌സ്, ഡേവി ജേക്കബ്‌സ്, മിച്ചല്‍ ജോണ്‍സന്‍, ദിനേഷ്‌ കാര്‍ത്തിക്‌, കുല്‍ദീപ്‌ യാദവ്‌, ധവാല്‍ കുല്‍ക്കര്‍ണി, റിച്ചാഡ്‌ ലെവി, ക്ലിന്റ്‌ മകെയ്‌, ലസിത്‌ മലിംഗ, സുശാന്ത്‌ മറാതെ, സുജിത്‌ നായിക്‌, പ്രഗ്യാന്‍ ഓജ, മുനാഫ്‌ പട്ടേല്‍, തിസാര പെരേര, റോബിന്‍ പീറ്റേഴ്‌സണ്‍, കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌, അമ്പാട്ടി റായിഡു, ജയദേവ്‌ ഷാ, രോഹിത്‌ ശര്‍മ, രാഹുല്‍ ശുക്ല, ആര്‍.പി. സിംഗ്‌, തിരുമല്‍സേതി സുമന്‍, പവന്‍ സുയാല്‍, ആദിത്യ താരെ, അപൂര്‍വ വാങ്കഡെ, സൂര്യകുമാര്‍ യാദവ്‌.

No comments:

Post a Comment