FLASH NEWS

Monday, January 30, 2012

വ്യാജപാസ് നിര്‍മാണം: ഒരാള്‍കൂടി അറസ്റ്റില്‍; ഒമ്പതുപേര്‍ റിമാന്‍ഡില്‍ ...

മലപ്പുറത്ത് നടന്ന ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമാപന ച്ചടങ്ങിലേക്ക് വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കൂട്ടിലങ്ങാടിയിലെ ടെക്‌സ്റ്റൈല്‍ ജീവനക്കാരന്‍ ഇരുമ്പുഴി ചപ്പുങ്ങന്‍കലയത്ത് സലാം (23) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ സ്റ്റുഡിയോ മുഖാന്തരം ഉണ്ടാക്കിയെടുത്ത വ്യാജപാസ് വാങ്ങിയ വ്യക്തിയാണെന്ന് മലപ്പുറം പോലീസ് അറിയിച്ചു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. സംഭവത്തില്‍ മലപ്പുറത്തെ രണ്ട് സ്റ്റുഡിയോകളില്‍ നിന്നും ഒരു ഫ്‌ളക്‌സ് പ്രിന്റിങ് സ്ഥാപനത്തില്‍ നിന്നുമായി ഒമ്പതുപേരെ ശനിയാഴ്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. മലപ്പുറം കോടതിയില്‍ ഞായറാഴ്ച ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ചെയ്തു.

ജനവരി 23ന് മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ജി.കെ.എസ്.എഫ് സമാപനച്ചടങ്ങില്‍ കയറിക്കൂടുന്നതിന് വ്യപകമായി വ്യാജപാസുകള്‍ നിര്‍മിച്ചുനല്‍കിയ സംഭവത്തെത്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടന്നത്. 35,000 പാസുകള്‍ അധികൃതര്‍ അച്ചടിച്ചെങ്കിലും ഈ പാസുകളുടെ വ്യാജന്‍ കമ്പ്യൂട്ടറും സ്‌കാനറും ഉപയോഗിച്ച് പ്രിന്റ് ചെയ്ത് വ്യാപകമായി നല്‍കുകയായിരുന്നു. പണം ഈടാക്കിയാണ് പാസുകള്‍ നിര്‍മിച്ചുനല്‍കിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ കൂടുതല്‍ പ്രതികളുള്‍പ്പെടാന്‍ സാധ്യതയുണ്ട്. വ്യാജപാസുകള്‍ എത്രമാത്രം അച്ചടിച്ചുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്

ചെമ്മാട് 'ദര്‍ശന' പൊളിച്ചുതുടങ്ങി; ഒരു തിയേറ്റര്‍കൂടി ഓര്‍മയായി...

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ടിലേറെയായി ചെമ്മാട് ടൗണിന്റെ ലാന്‍ഡ് മാര്‍ക്കായിരുന്ന 'ദര്‍ശന' തിയേറ്റര്‍ കെട്ടിടം പൊളിച്ചു നീക്കുന്നു. കഴിഞ്ഞമാസമാണ് ഇവിടെ പ്രദര്‍ശനം നിര്‍ത്തിയത്.

ജില്ലയിലെ ആദ്യകാല തിയേറ്ററുകളിലൊന്നായ ദര്‍ശന തുടങ്ങിയത് 1978-ലാണ്. സര്‍വീസ് ചാര്‍ജ് നിര്‍ത്തലാക്കിയതും വൈദ്യതി ചാര്‍ജ് വര്‍ധനയും തൊഴിലാളികളെ കിട്ടാനില്ലാത്തതും കാരണമാണ് മാനേജ്‌മെന്റ് തിയേറ്റര്‍ അടച്ചുപൂട്ടിയത്. ചിമ്പു നായകനായ മന്മഥനായിരുന്നു അവസാന ചിത്രം. കെട്ടിടത്തിന്റെ പഴയ മര ഉരുപ്പടികളും മറ്റ് സാധനങ്ങളും ഇവിടെത്തന്നെ വില്പനയ്ക്ക് വെച്ചിരിക്കുകയാണ് .

കാളികാവില്‍ മിനിബസ് മറിഞ്ഞു; 45 പേര്‍ക്ക് പരിക്ക് ...


നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കുപറ്റിയ ആറുപേരെ മഞ്ചേരി ജനറല്‍ ആസ്​പത്രിയിലും മറ്റുള്ളവരെ കാളികാവ്, വണ്ടൂര്‍ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്​പത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച 11 മണിയോടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. നീലാഞ്ചേരി കാളികാവ് റോഡിന്റെ ശോച്യാവസ്ഥയെ തുടര്‍ന്ന് ഈ റൂട്ടില്‍ അധികം ബസ്സുകളും ഓടുന്നില്ല. കല്യാണം അടക്കമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ ഉള്‍പ്പെടെ വളരെയധികം പേര്‍ അപകടത്തില്‍പ്പെട്ട ബസ്സില്‍ കയറിയിരുന്നു.
വീതികുറഞ്ഞ റോഡില്‍നിന്ന് ആനവാരി വളവില്‍ നിയന്ത്രണംവിട്ട ബസ് താഴ്ചയിലേക്ക് നീങ്ങുകയാണുണ്ടായത്. ബസ്സിന്റെ മുന്‍വശം മരത്തിലിടിച്ച് തൂങ്ങിനിന്നു. പിറകുവശം റോഡരികിലെ പാറയിലും കുടുങ്ങി. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍മൂലമാണ് അപകടത്തില്‍പ്പെട്ട ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെയും മറ്റ് യാത്രക്കാരെയും പുറത്തിറക്കാന്‍ കഴിഞ്ഞത്.
പരിക്കേറ്റവര്‍
വള്ളിക്കാപറമ്പില്‍ റൈഹാനത്ത്(35), മാതാവ് ഫാത്തിമ (55), നീരിയോട്ടില്‍ ഗിരീഷ് (32), മാതാവ് ശാന്തകുമാരി (65), കളത്തിങ്ങല്‍ ചെറിയാപ്പ (35), വെള്ളയാലി മജീദ് (40) എന്നിവരാണ് മഞ്ചേരി ആസ്​പത്രിയിലുള്ളത്. കാളികാവിലെയും വണ്ടൂരിലെയും ആസ്​പത്രികളിലുള്ളവര്‍: ആയിഷ (42), സുമിത്ര (22), പുത്തന്‍വീട്ടില്‍ ഗോവിന്ദന്‍ നായര്‍ (77), ജയ (39), സബ്‌ന (19), പത്മിനി (53), ചില്ല (50), ഫസലുദ്ദീന്‍ (26), ഓട്ടുപാറ ഉനൈസ (10), ഗംഗാധരന്‍ (57), കദീജ (60), നഫീസ (45), ഹിഷ (ആറ്), ഷാന (17), ഷബില്‍ (ഏഴ്), ഹാദ (ആറ്), ചെമ്മലപ്പുറവന്‍ ബല്‍ക്കീസ് (36), അയ്യര്‍പാലി മൊയ്തീന്‍ (63), ബസ് ഡ്രൈവര്‍ അടയ്ക്കാകുണ്ടിലെ അബ്ദുറഹീം (26), പുത്തന്‍വീട് ജാനകി (60), കിളിയോല റസിയ (40), ചോക്കാട് വട്ടപറമ്പത്ത് ഗോപിനാഥന്‍ (58), കോട്ടപറമ്പില്‍ ഉമൈബ (38), മകള്‍ ഫാഹിമ (നാല്), വള്ളിക്കാപറമ്പില്‍ ഉനൈസ് (എട്ട്), ആയിശ (50), വള്ളിക്കാപറമ്പില്‍ സക്കീന (39), മക്കള്‍ അസ്‌ലം (നാല്), ഷരീഫ (12), വള്ളിക്കാപറമ്പില്‍ സുബൈദ (45), മകള്‍ ഹഫീഫ (എട്ട്), സവാദ് (നാല്), ജമീല (39), മുഹമ്മദാലി (50), നഫീസ (48), സാജിദ (35), പാര്‍വതി (65).
ആനവാരിയിലുണ്ടായ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് രക്ഷയായത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. തലകീഴായി നില്‍ക്കുന്ന ബസ്സില്‍നിന്ന് പരിക്കുപറ്റിയവരെ സാഹസികമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പുറത്തേക്കിറക്കിയത്. ഒരുനിമിഷംപോലും പാഴാക്കാതെ യുവാക്കള്‍ ബസ്സിലുള്ളവരെ പുറത്ത് കടത്തിയപ്പോള്‍ സ്ത്രീകള്‍ പരിക്കുപറ്റിയവരെ മറ്റു വാഹനങ്ങളില്‍ കയറ്റി ആസ്​പത്രിയിലെത്തിച്ചു.

ഉറ്റവരെയും ഉടയവരെയും കാത്തുനില്‍ക്കാതെ ഗുരുതരമായി പരിക്കുപറ്റിയവരെ റഫര്‍ചെയ്ത് ആസ്​പത്രികളിലെത്തിക്കാനും ഇവര്‍ ശ്രദ്ധിച്ചു. പേടിപ്പെടുത്തുന്ന നിലയില്‍ കാണപ്പെടുന്ന ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന ഭാഗത്തിലൂടെ അകത്തുകടന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ്സില്‍ തിരക്ക് കൂടുതലായതിനാല്‍ യാത്രക്കാരെ പുറത്തിറക്കാന്‍ വളരെയധികം പ്രയാസപ്പെട്ടു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയവരുടെ വാഹനങ്ങളിലാണ് പരിക്കുപറ്റിയവരെ ആസ്​പത്രികളിലെത്തിച്ചത്.
madhrbhumi

Tuesday, January 24, 2012

ഡോ.സുകുമാര്‍ അഴീക്കോട് അന്തരിച്ചു‍‍‍‍‍‍‍....


തൃശൂര്‍: വാക്‌ദേവതയുടെ വീരഭടന്‍ ഡോ.സുകുമാര്‍ അഴീക്കോട് (85)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ 6.40 ഓടെ തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ ബാധയെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന അഴീക്കോടിന്റെ ആരോഗ്യനില ശനിയാഴ്ചയോടെയാണ് വഷളായത്. ജീവന്‍രക്ഷാ മരുന്നുകളിലൂടെയും കൃത്രിമ ശ്വാസം നല്‍കിയുമായിരുന്നു ജീവന്‍ പിടിച്ചുനിര്‍ത്തിയിരുന്നത്. സന്തതസഹചാരിയായ ഡ്രൈവറും സഹോദരിയും മക്കളും മരണസമയം സമീപത്തുണ്ടായിരുന്നു. ഭൗതികദേഹം തൃശൂര്‍ ഇരവിമംഗത്തെ വസതിയിലും സാഹിത്യ അക്കാദമി ഹാളിലും കണ്ണൂര്‍ മഹാത്മാഹാളിലും പൊതുദര്‍ശനത്തിനു വച്ച ശേഷം കോഴിക്കോട്ടേക്കു കൊണ്ടുപോകും. സംസ്‌കാരം നാളെ പതിനൊന്നിന് പയ്യാമ്പലത്ത്.

മലയാളത്തിന്റെ മനസാക്ഷിയുടെ ശബ്ദമായിരുന്ന അഴീക്കോട് ഗാന്ധിയന്‍, അധ്യാപകന്‍, പത്രാധിപന്‍, സാഹിത്യകാരന്‍, വിമര്‍ശകന്‍, പ്രാസംഗികന്‍, സമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ ചിന്തകന്‍, നിരൂപകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. പ്രൈമറിസ്കൂള്‍ തലം മുതല്‍ സര്‍വ്വകലാശാല വരെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്നുനല്‍കിയ അദ്ദേഹത്തെ അഴീക്കോട് മാഷ് എന്നാണ് വിദ്യാര്‍ഥികളും സുഹൃത്തുക്കളും സാംസ്‌കാരിക കേരളം ഒന്നടങ്കം വിളിച്ചിരുന്നത്.കേന്ദ്ര-കേരള സാഹിത്യ അക്കാമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

1926 മെയ് 26ന് കണ്ണൂരിലെ അഴീക്കോടാണ് അദ്ദേഹം ജനിച്ചത് . പ്രാസംഗികനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പണ്ഡിതനുമായിരുന്ന വിദ്വാന്‍ പനങ്കാവില്‍ ദാമോദരന്റെയും കേളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറു മക്കളില്‍ നാലാമനാണ്.

കൊമേഴ്‌സില്‍ ബിരുദം നേടിയ അദ്ദേഹം മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. ഡോക്ടറേറ്റ് നേടിയ അദ്ദേഹം ചിറയ്ക്കല്‍ രാജാസ് ഹൈസ്‌കൂള്‍, മംഗലാപുരം സെന്റ് അലോഷ്യസ് കോളജ് , കോഴിക്കോട് ദേവഗിരി കോളജ് കോഴിക്കോട് സെന്റ് ജോസഫ് എന്നീ കോളേജുകളിലും അദ്ധ്യാപകനായിരുന്നു. മൂത്തകുന്നം എസ്.എന്‍.എം ട്രെയ്‌നിംഗ് കോളജിലെ പ്രിന്‍സിപ്പലായും കോഴിക്കോട് സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായും നിയമിതനാവുകയും

കാലിക്കറ്റ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലറായിരുന്നു. ആക്ടിംഗ് വൈസ് ചാന്‍സലറായും കുറച്ചുകാലം സേവനമനുഷ്ഠിച്ചു.

ഉപനിഷത്തുകളുടെ സമഗ്രപഠനമായ തത്ത്വമസി ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. 1985 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിമര്‍ശനത്തിനുള്ള അവാര്‍ഡ് 'മലയാള സാഹിത്യ വിമര്‍ശനം എന്ന കൃതിക്ക് ലഭിച്ചു.

മാതൃഭൂമി പുരസ്‌കാരം (2011), വയലാര്‍ അവാര്‍ഡ് (1989), രാജാജി അവാര്‍ഡ്, സുവര്‍ണ കൈരളി അവാര്‍ഡ്, പുത്തേഴന്‍ അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിവന്നു.

കേരള സാഹിത്യ അക്കാദമി 1991 ല്‍ വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. 2004 ല്‍ കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടി. നവഭാരതവേദി എന്ന സംഘടനയുടെ സ്ഥാപക പ്രസിഡന്റായിരുന്നു. ദീനബന്ധു, മലയാള ഹരിജന്‍, ദേശമിത്രം, നവയുഗം, ദിനപ്രഭ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. വര്‍ത്തമാനം ദിനപത്രത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ്, നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചു.

അദ്ദേഹത്തിന്റെ തത്വമസിക്ക് കേന്ദ്ര - സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകളും , വയലാര്‍ അവാര്‍ഡും അടക്കം 12 പുരസ്‌കാരങ്ങളാണ് ലഭിച്ചത് . 2007 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കിയെങ്കിലും ഭരണഘടനാവിരുദ്ധമെന്ന് ചുണ്ടിക്കാട്ടി അദ്ദേഹം പുരസ്‌കാരം നിരസിച്ചു.

ആശാന്റെ സീതാകാവ്യം, രാമനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, മലയാള സാഹിത്യ വിമര്‍ശനം തുടങ്ങിയ രചനകളും അഴീക്കോട് മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക് വളമായി നല്‍കി.

തത്ത്വമസി, അഴീക്കോടിന്റെ മൂന്ന് വിമര്‍ശനങ്ങള്‍, ആശാന്റെ സീതാകാവ്യം, രമണനും മലയാളകവിതയും, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമനസാഹിത്യവും മറ്റും, മലയാള സാഹിത്യവിമര്‍ശനം, ജി. ശങ്കര കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതാംബേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍, അഴീക്കോടിന്റെ ഫലിതങ്ങള്‍, ഗുരുവിന്റെ ദുഃഖം,ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍, മഹാകവി ഉള്ളൂര്‍ എന്നിവയാണ് പ്രധാനകൃതികള്‍.

തത്വമസിയിലൂടെ കേരളത്തെ കീഴടക്കിയ അദ്ദേഹം ഗാന്ധിയനെന്ന നിലയിലും ജനമനസില്‍ സ്ഥാനം ഉറപ്പിച്ചു.
by mangalam

Tuesday, January 17, 2012

ആന്റണി പെരുമ്പാവൂര്‍ മോശമായി പെരുമാറിയെന്ന് എസ്.കുമാര്‍.........


ശ്രീനിവാസന്‍ തിരക്കഥയെഴുതി നായകനായി വേഷമിട്ട് സജിന്‍ രാഘവന്‍ സംവിധാനം ചെയ്ത 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍' എന്ന ചിത്രം സൂപ്പര്‍താരങ്ങള്‍ക്കെതിരെ രൂക്ഷപരിഹാസം ഉയര്‍ത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എസ്.കുമാറിനെ നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂര്‍ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.

എസ്.കുമാര്‍ തന്നെയാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തില്‍ മോഹന്‍ലാലിനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്നും ശ്രീനിവാസനോട് ഇതിനെതിരെ പ്രതികരിക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. വേണ്ടിവന്നാല്‍ സന്തോഷ് പണ്ഡിറ്റിനെ വെച്ച് ശ്രീനിവാസനോട് സാമ്യമുള്ള കഥാപാത്രം ചെയ്ത് താന്‍ പുറത്തിറക്കുമെന്ന് ആന്റണി പറഞ്ഞതായും എസ്.കുമാര്‍ പറഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയായ ഉദയനാണ് താരത്തിന്റെ കഥാതുടര്‍ച്ചയാണ് 'പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍'. സൂപ്പര്‍താരങ്ങള്‍ക്കെതിരെ അതിരുവിട്ട പരിഹാസമാണ് ചിത്രത്തിലുള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് പുതിയ സംഭവം. എന്നാല്‍ ചിത്രത്തില്‍ ആരെയും ബോധപൂര്‍വം മോശക്കാരനാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് തിരക്കഥയെഴുതിയ നടന്‍ ശ്രീനിവാസന്‍ പറഞ്ഞു.

ആരെങ്കിലും ഒരാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് അത്ര വലിയ കാര്യമായി തോന്നുന്നില്ലെന്നും അത് കാര്യമാക്കുന്നില്ലെന്നും ശ്രീനിവാസന്‍ ഒരു ചാനലിലൂടെ തന്നെ പ്രതികരിച്ചു. ജനുവരി 14-നാണ് ചിത്രം റിലീസ് ചെയ്തത്. ഉദയനാണ് താരം എന്ന ചിത്രത്തിലെ അതേ ഭാവത്തിലും രൂപത്തിലുമാണ് സരോജ്കുമാറായി ശ്രീനിവാസന്‍ ചിത്രത്തിലുള്ളത്.
by mathrubhumi

വേങ്ങര ടൗണിലെ കടകളില്‍ വ്യാപകമോഷണം...

ടൗണിലെ കടകളില്‍ പരക്കെ മോഷണം. ഗാന്ധിദാസ്​പടി, ബ്ലോക്ക് റോഡ് എന്നിവിടങ്ങളിലെ ആറ് കടകളിലാണ് മോഷണം നടന്നത്. പണവും മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും സിഗരറ്റും നഷ്ടപ്പെട്ടു. ബ്ലോക്ക് റോഡിലെ തടത്തില്‍ മെഡിക്കല്‍സില്‍നിന്ന് പാലിയേറ്റീവ് ക്ലിനിക്കിന്റെ പെട്ടി പൊളിച്ച് 3000 രൂപ കവര്‍ന്നു. തൊട്ടടുത്ത സ്റ്റേഷനറി, ടീസ്റ്റാള്‍, ഫൂട്ട്‌വെയര്‍ എന്നിവിടങ്ങളില്‍ മോഷണം നടന്നു. 1500 രൂപയുടെ മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകളും പണവും കവര്‍ന്നു. ഗാന്ധിദാസ് പടിയില്‍ മൊബൈല്‍ ഷോപ്പില്‍ രണ്ടുതവണയാണ് മോഷണം നടന്നത്. വേങ്ങര ബസ്സ്റ്റാന്‍ഡിലെ എ.കെ. സ്റ്റേഷനറി കുത്തിത്തുറക്കാന്‍ ശ്രമം നടത്തി. ഇരുമ്പ്ദണ്ഡ് കടയില്‍നിന്ന് കണ്ടെടുത്തു. വേങ്ങര പോലീസ് അന്വേഷണം തുടങ്ങി.

കിണറ്റില്‍ തിരയിളക്കം..

തലപ്പാറയിലെ മാലക്കോത്ത് സൈതലവിയുടെ വീട്ടുകിണറ്റില്‍ തിരയിളക്കം. തിങ്കളാഴ്ച ഉച്ചയോടെയാണ് 20 കോലോളം ആഴമുള്ള കിണറ്റില്‍നിന്ന് വെള്ളം ഉയര്‍ന്നത്. അല്പസമയത്തിന്‌ശേഷം അടിഭാഗത്തെ പടവ് വലിയ ശബ്ദത്തോടെ ഇടിഞ്ഞ് വീണു. ചുറ്റുഭാഗത്തുനിന്ന് ഉറവ വന്ന് കിണര്‍ ആകെ കലങ്ങിയിട്ടുണ്ട്.