FLASH NEWS

Saturday, December 31, 2011

ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍ ...........


ഏവര്‍ക്കും ന്യൂ ഇയര്‍ ആശംസകള്‍

Wednesday, December 28, 2011

ജാമ്യമെടുക്കാനെത്തിയ നടി സംഗീതാ മോഹനെ നാട്ടുകാര്‍ തടഞ്ഞു.....


കാര്‍ ഇടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയ സീരിയല്‍ നടി സംഗീതാ മോഹനെ മരിച്ചയാളുടെ ബന്ധുക്കളും നാട്ടുകാരും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടഞ്ഞുവച്ചു. എറണാകുളത്തു ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ തിരുവനന്തപുരത്തേക്കു മടങ്ങിയ സംഗീതാ മോഹന്‍ ഓടിച്ചിരുന്ന കാറിടിച്ച്‌ ബൈക്ക്‌ യാത്രികനായ തഴവ സ്വദേശി ഷിബു ഗോപിനാഥ്‌ (43) ആണു മരിച്ചത്‌. 21 നായിരുന്നു അപകടം. കാറിടിച്ച്‌ തെറിച്ചുവീണ ഷിബുവിന്റെ കാലില്‍ പിന്നാലെത്തിയ ട്രെയിലര്‍ കയറിയിറങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പിറ്റേന്നു രാവിലെയാണു ഷിബു മരിച്ചത്‌. അപകടത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചുപോയ കാര്‍ പോലീസ്‌ പിന്നീടു കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

ബന്ധുക്കളായ ഷീലാകുമാരി, ശ്രീജിത്ത്‌, സീരിയല്‍ നടന്‍ ആദിത്യ എന്നിവര്‍ക്കൊപ്പമാണ്‌ ജാമ്യത്തിനായി സംഗീതാ മോഹന്‍ ഇന്നലെ രാവിലെ കരുനാഗപ്പള്ളി പോലീസ്‌ സ്‌റ്റേഷനില്‍ എത്തിയത്‌. സംഗീത എത്തുമെന്നറിഞ്ഞ്‌ ഷിബുവിന്റെ ബന്ധുക്കളും രാഷ്‌ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം നാട്ടുകാര്‍ സ്‌റ്റേഷന്‍ പരിസരത്ത്‌ കാത്തുനിന്നിരുന്നു. കാര്‍ തടഞ്ഞുനിര്‍ത്തിയ ഇവര്‍ നടിയെ കാറില്‍നിന്നു പുറത്തിറങ്ങാന്‍ സമ്മതിച്ചില്ല. അമിതവേഗത്തില്‍ വാഹനം ഓടിച്ച്‌ മരണത്തിനിടയാക്കിയ സംഗീതാ മോഹനെ അറസ്‌റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം.

പ്രതിഷേധം രൂക്ഷമായതോടെ കരുനാഗപ്പള്ളി എ.സി.പി: ഡി. രാജേന്ദ്രന്‍, സി.ഐ: രാധാകൃഷ്‌ണ പിള്ളയും സ്‌ഥലത്തെത്തി. ഇതോടെ നടിക്കും പോലീസിനും എതിരേ നാട്ടുകാര്‍ മുദ്രാവാക്യം മുഴക്കി. സംഗീതാ മോഹനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ എ.സി.പി. ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ്‌ ജനക്കൂട്ടം ശാന്തരായത്‌.

തുടര്‍ന്നു പോലീസ്‌ സംരക്ഷണത്തില്‍ നടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ഇതിനിടെ നടി കരയുന്നതു കാണാമായിരുന്നു. മാതൃസഹോദരിയുടെയും അവരുടെ മകന്റെയും ജാമ്യത്തിലും സ്വന്തം ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലും സംഗീതയ്‌ക്കു പോലീസ്‌ ജാമ്യം അനുവദിച്ചു.

കൂരിയാട് ജംഗ്ഷനില്‍ വാഹനാപകടം; ഒരു മരണം...

മലപ്പുറം ജില്ലയിലെ കൂരിയാട് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടക്കല്‍ സ്വാഗതമാട് സ്വദേശി അന്‍വര്‍ ആണ് മരിച്ചത്. അന്‍വറിന്റെ കൂടെയുണ്ടായിരുന്ന സ്വാഗതമാട്ടിലെ തന്നെ പ്രഭീഷിനെ സാരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടക്കലില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും അതേ ദിശയില്‍ നിന്ന് വന്ന ചരക്ക് ലോറിയും തമ്മില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താഴെ വീണ അന്‍വറിനെ പതിനഞ്ച് മീറ്ററോളം ദൂരത്തില്‍ ലോറി വലിച്ചിഴച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ജെസിബി കൊണ്ടുവന്നാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മെഡിക്കല്‍ കോളെജിലേക്കുള്ള യാത്രാമധ്യെയാണ് അന്‍വര്‍ മരണപ്പെട്ടത്.

Tuesday, December 27, 2011

ഗാനഗന്ധര്‍വന്‌ എന്തുപറ്റി?....

ഇത്രയും നാള്‍ മ്യൂസിക്‌ റിയാലിറ്റി ഷോകളെ കുറ്റം പറഞ്ഞ്‌ നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ യേശുദാസ്‌ ഒരു പ്രമുഖ ചാനലിന്റെ മ്യൂസിക്‌ റിയാലിറ്റി ഷോയില്‍ സെലിബ്രിറ്റി ഗസ്‌റ്റായി വന്നതില്‍ ആര്‍ക്കും ആശയക്കുഴപ്പം തോന്നിയേക്കാം. പാട്ടുകാരന്‍ ഭിക്ഷ യാചിക്കും പോലെ എസ്‌.എം.എസ്‌ യാചിക്കരുത്‌, പാട്ടുകാരന്‌ ആത്മാഭിമാനം വേണം, പാട്ടുപാടുന്നവര്‍ തുള്ളരുത്‌ എന്നെല്ലാം ചാനലുകളിലെ റിയാലിറ്റി ഷോകളെയും അതില്‍ പങ്കെടുക്കുന്നവരെയും വിമര്‍ശിച്ചു നടന്നിരുന്ന നമ്മുടെ പ്രിയ ഗായകന്‍ എങ്ങനെ അവരുടെ വലയില്‍ വീണു എന്ന്‌ അന്വേഷിക്കുമ്പോഴാണ്‌ എല്ലാം പണത്തിന്റെ 'പവറല്ലേ' എന്ന തോന്നല്‍ ശക്‌തമാവുന്നത്‌.

ഗായകന്റെ ആലാപനത്തിന്റെ അന്‍പതാം വര്‍ഷത്തിന്റെ ആഘോഷമുള്‍പ്പടെ എല്ലാം കൂടി ഒരു വന്‍ തുക കൊടുത്ത്‌ ചാനല്‍ വിലയ്‌ക്കു വാങ്ങുകയായിരുന്നത്രെ. മ്യൂസിക്‌ റിയാലിറ്റി ഷോയുടെ അഞ്ചാം ഗ്രാന്‍ഡ്‌ ഫിനാലെ നടക്കുമ്പോള്‍ ഗായകനെ രാത്രി പന്ത്രണ്ടു മണി വരെ വേദിയില്‍ ഇരുത്തുന്നതിലും ചാനലിന്‌ സാധിച്ചു. ജൂറിമാര്‍ വിധി പറയും മുന്‍പേ ഒരു ഫൈനലിസ്‌റ്റിനെ പുകഴ്‌ത്തിക്കൊണ്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ കൈയ്യടിച്ച ഗായകന്‍ എസ്‌.എം.എസില്‍ പിന്നിലായിരുന്ന ഗായികയെ മുന്നിലെത്തിക്കുകയും ചെയ്‌തു!

മാറിയുടുക്കാന്‍ വസ്‌ത്രമില്ലാതിരുന്നതിനാല്‍ വെള്ള നിറം ഉപയോഗിച്ചതും, ചെമ്പൈയുടെ കാര്‍ഷെഡില്‍ ഉറങ്ങിയതും, ഡ്രൈവറായ സുഹൃത്തു നല്‌കിയ പതിനാറു രൂപയും കൊണ്ട്‌ മദ്രാസിനു പോയതുമൊക്കെ നാഴികയ്‌ക്ക് നാല്‌പതുവട്ടം ക്യാമറകള്‍ക്കു മുന്നിലും പത്രക്കാരോടുമെല്ലാം ഗായകന്‍ പറയാറുണ്ട്‌. എന്നാലിന്ന്‌ യേശുദാസ്‌ ഏറ്റവും മികച്ച ഗായകന്‍ മാത്രമല്ല മികച്ച ബിസിനസുകാരന്‍ കൂടിയാണ്‌ എന്നാണോ ഈ അണിയറക്കഥകള്‍ വ്യക്‌തമാക്കുന്നത്‌?

പെണ്ണുങ്ങള്‍, പണ്ഡിറ്റ്‌ തോറ്റു!‍‍ .....

സന്തോഷ്‌ പണ്ഡിറ്റ്‌ തിരക്കിലാണ്‌. ജിത്തു ഭായി എന്ന ചോക്ലേറ്റ്‌ ഭായി എന്ന രണ്ടാം സിനിമയുടെ പണിപ്പുരയില്‍ ഉറക്കമൊഴിക്കുന്ന സന്തോഷിനു മുന്നില്‍ ഇപ്പോള്‍ വലിയൊരു വെല്ലുവിളി കൂടി അവശേഷിക്കുന്നു-എട്ട്‌ നായികമാരെ തെരഞ്ഞെടുക്കുക. ഇത്‌ വലിയൊരു കാര്യമാണെന്നാണ്‌ സന്തോഷിന്റെ പക്ഷം!

സന്തോഷിന്റെ നായികയാവാന്‍ നൂറുകണക്കിന്‌ പെണ്‍കുട്ടികളാണത്രേ കാത്തിരിക്കുന്നത്‌. ജിത്തു ഭായിയില്‍ അഭിനയിക്കാന്‍ തയാറായി മുന്നോട്ട്‌ വന്നിരിക്കുന്ന പെണ്‍കുട്ടികളില്‍ നിന്ന്‌ എട്ട്‌ സുന്ദരിമാരെ മാത്രം തെരഞ്ഞെടുക്കുക അത്ര എളുപ്പമല്ല എന്നാണ്‌ സന്തോഷ്‌ അഭിപ്രായപ്പെടുന്നതത്രെ. പോരാത്തതിന്‌ തന്റെ മികച്ച ഇമേജും കാത്തു സൂക്ഷിക്കേണ്ടതുണ്ടല്ലോ!

എന്തായാലും 'സിനിമാക്കളി'യില്‍ ഒരു കൈ നോക്കാന്‍ തന്നെയാണ്‌ സന്തോഷിന്റെ തീരുമാനമെന്നാണ്‌ ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഒരു സിനിമകൊണ്ട്‌ സന്തോഷ്‌ വീട്ടിലിരിക്കും എന്ന്‌ പ്രവചിച്ചവര്‍ കൃഷ്‌ണനും രാധയും അപ്രതീക്ഷിത വിജയം നേടിയപ്പോള്‍ നാവടക്കി. അതേസമയം, കൃഷ്‌ണനും രാധയും മലയാളിക്ക്‌ പറ്റിയ അബദ്ധമാണെന്നും രണ്ടാം സിനിമയോടെ സന്തോഷ്‌ പെട്ടിമടക്കും എന്നുമാണ്‌ പുതിയ പ്രവചനം. എന്നാല്‍, സന്തോഷും രണ്ടും കല്‍പ്പിച്ചാണ്‌. അടുത്ത സിനിമയ്‌ക്ക് മുമ്പേ ഫാന്‍സ്‌ അസോസിയേഷന്‍ ശക്‌തമാക്കാനും സന്തോഷ്‌ ശ്രമിക്കുന്നുണ്ട്‌ എന്നാണ്‌ ലഭിക്കുന്ന വിവരം

Monday, December 26, 2011

മെല്‍ബണ്‍: ആദ്യദിനം ഓസീസ്‌ 277/6‍...


മെല്‍ബണ്‍: ഇന്ത്യയ്‌ക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ ആറു വിക്കറ്റ്‌ നഷ്‌ടത്തില്‍ 277 റണ്‍സ്‌ നേടി. അരങ്ങേറ്റ ടെസ്‌റ്റ് കളിച്ച ഓപ്പണര്‍ എഡ്‌ കോവന്‍ (68) മുന്‍നായകന്‍ റിക്കി പോണ്ടിങ്ങിന്റെയും പിന്‍ബലത്തിലാണ്‌ ഓസീസ്‌ ആദ്യ തകര്‍ച്ചയില്‍ നിന്ന്‌ കരകയറിയത്‌. ബ്രാഡ്‌ ഹാഡിനിലും (21) പീറ്റര്‍ സിഡിലിലുമാണ്‌ (34) ക്രീസിലുളളത്‌. ഡേവിഡ്‌ വാര്‍ണര്‍ (37), ഷോണ്‍ മാഷ്‌ (0), മൈക്കല്‍ ക്ലാര്‍ക്ക്‌ (31), മൈക്ക്‌ ഹസ്സി (0) എന്നിവരുടെ വിക്കറ്റാണ്‌ ഇന്ന്‌ വീണത്‌.

ഇന്ത്യയ്‌ക്കുവേണ്ടി സഹീര്‍ ഖാനും ഉമേഷ്‌ യാദവും മികച്ച ബോളിംഗ്‌ പ്രകടനം നടത്തി.ഉമേഷ്‌ യാദവ്‌ മൂന്നും സഹീര്‍ ഖാന്‍ രണ്ടും അശ്വിന്‍ ഒരു വിക്കറ്റും വീഴ്‌ത്തി. ക്യാപ്‌റ്റന്‍ ധോണി മൂന്ന്‌ ക്യാച്ച്‌ എടുത്തു

Sunday, December 25, 2011

ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റ് : ധോണിപ്പട റെഡി....

മെല്‍ബണ്‍: ഇന്ത്യക്കെതിരേ തിങ്കളാഴ്‌ച തുടങ്ങുന്ന ബോക്‌സിംഗ്‌ ഡേ ടെസ്‌റ്റിനുള്ള ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ ടീമില്‍നിന്ന്‌ ഓള്‍റൗണ്ടര്‍ ഡാനിയേല്‍ ക്രിസ്‌റ്റ്യനെ ഒഴിവാക്കി. ഇടംകൈയന്‍ ബൗളര്‍ മിച്ചല്‍ സ്‌റ്റാര്‍കിനെയും ഒഴിവാക്കിയിട്ടുണ്ട്‌. ഓപ്പണര്‍ എഡ്‌ കോവനാണ്‌ ടീമിലെ ഏക പുതുമുഖം. പേസ്‌ ബൗളര്‍ ബെന്‍ ഹില്‍ഫെന്‍ഹാസിനെ തിരിച്ചെടുത്തിട്ടുണ്ട്‌. ആഷസ്‌ പരമ്പരയ്‌ക്കു ശേഷം ആദ്യമായാണു ഹില്‍ഫെന്‍ഹാസ്‌ കളിക്കുന്നത്‌.

പരുക്കില്‍നിന്നു മോചിതനായ ഷോണ്‍ മാര്‍ഷ്‌, ഫോം കണ്ടെത്താന്‍ ബദ്ധപ്പെടുന്ന മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌, മൈക്ക്‌ ഹസി എന്നിവര്‍ സ്‌ഥാനം നിലനിര്‍ത്തി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, വീരേന്ദര്‍ സേവാഗ്‌, വി.വി.എസ്‌. ലക്ഷ്‌മണ്‍ തുടങ്ങിയ പരിചയ സമ്പന്നമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയ്‌ക്കു മുന്നില്‍ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം കളിപ്പിക്കാനുള്ള ഓസീസ്‌ നീക്കം 'ഞാണിന്‍മേല്‍' കളിയാകുമെന്നാണു കളിയെഴുത്തുകാര്‍ വിലയിരുത്തുന്നത്‌. എന്നാല്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരായി താന്‍ ഉള്‍പ്പെടെയുള്ളവരുള്ളതിനാലാണ്‌ നാല്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിക്കുന്നതെന്ന്‌ ഓസീസ്‌ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്ക്‌ പറഞ്ഞു. മൈക്ക്‌ ഹസി, റിക്കി പോണ്ടിംഗ്‌, ഡേവിഡ്‌ വാര്‍ണര്‍ എന്നിവര്‍ പാര്‍ട്ട്‌ ടൈം ബൗളര്‍മാരുടെ റോളില്‍ തിളങ്ങുന്നവരാണെന്നും ക്ലാര്‍ക്ക്‌ ചൂണ്ടിക്കാട്ടി.

മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ ടോസ്‌ നിര്‍ണായകമാകും. ടോസ്‌ നേടുന്നവര്‍ മത്സരത്തില്‍ മേല്‍ക്കൈ നേടിയ ചരിത്രമാണ്‌ ഇവിടെയുള്ളത്‌. ക്യൂറേറ്റര്‍ കാമറോണ്‍ ഹോഡ്‌കിംഗ്‌സ് ഇത്‌ ഉറപ്പിക്കുന്നു. ആദ്യത്തെ മുപ്പത്‌ ഓവറുകള്‍ ബൗളര്‍മാരുടെ പറുദീസയായിരിക്കും. പിന്നീടായിരിക്കും ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടുക. കഴിഞ്ഞ വര്‍ഷം ഇവിടെ ഓസീസ്‌ ബാറ്റിംഗ്‌ നിര ഇംഗ്ലണ്ടിനു മുന്നില്‍ 98 റണ്‍സിന്‌ ഓള്‍ഔട്ടായിരുന്നു. മറുപടി ബാറ്റിംഗ്‌ തുടങ്ങിയ ഇംഗ്ലണ്ട്‌ അന്നു തന്നെ ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ 157 റണ്‍സെടുക്കുകയും ചെയ്‌തിരുന്നു. മെല്‍ബണില്‍ തിങ്കളാഴ്‌ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും നേരിയ മഴയ്‌ക്കു സാധ്യതയുണ്ടെന്നുമാണു കാലാവസ്‌ഥ പ്രവചനം. കണക്കുകള്‍ എന്തു പറഞ്ഞാലും 'കൂളായി' നേരിടാനാണ്‌ ഇന്ത്യന്‍ നായകന്‍ എം.എസ്‌. ധോണിയുടെ തീരുമാനം. ടീമിനെ പരുക്കൊന്നും അലട്ടുന്നില്ലെന്ന്‌ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. ഒന്നാം ടെസ്‌റ്റില്‍ ഇഷാന്ത്‌ ശര്‍മയും സഹീര്‍ ഖാനും കളിക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയില്‍ ഓസ്‌ട്രേലിയെ തോല്‍പിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യമെന്നും ധോണി പറഞ്ഞു. ഓപ്പണറും വെടിക്കെട്ട്‌ ബാറ്റ്‌സ്മാനുമായ വീരേന്ദര്‍ സേവാഗിന്റെ പ്രകടനം പരമ്പരയില്‍ നിര്‍ണായകമാകുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
നാലു ടെസ്‌റ്റുകളുടെ പരമ്പരയില്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ സ്‌ഥാനത്തു തിരിച്ചെത്താന്‍ ഇന്ത്യക്ക്‌ അവസരം ലഭിക്കും. നിലവില്‍ ഇംഗ്ലണ്ടിനു പിന്നില്‍ രണ്ടാംസ്‌ഥാനക്കാരാണ്‌ ഇന്ത്യ. 37 മത്സരങ്ങളില്‍നിന്ന്‌ 125 റേറ്റിംഗ്‌ പോയിന്റുമായാണ്‌ ഇംഗ്ലണ്ടിന്റെ മുന്നേറ്റം. 41 മത്സരങ്ങളില്‍നിന്ന്‌ 118 പോയിന്റാണ്‌ ഇന്ത്യയുടെ സമ്പാദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കു പിന്നില്‍ നാലാം സ്‌ഥാനത്താണ്‌ ഓസ്‌ട്രേലിയ(103 റേറ്റിംഗ്‌ പോയിന്റ്‌). ശ്രീലങ്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ 1-0 ത്തിനു മുന്നിലുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 116 റേറ്റിംഗ്‌ പോയിന്റുണ്ട്‌. ജനുവരി 28 ന്‌ അവസാനിക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരയും ജനുവരി ഏഴിന്‌ അവസാനിക്കുന്ന ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ടെസ്‌റ്റ് പരമ്പരയ്‌ക്കും ശേഷം മാത്രമേ യഥാര്‍ഥ ചിത്രം തെളിയു. ഓസ്‌ട്രേലിയ 4-0 ത്തിനു പരമ്പര നേടുകയാണെങ്കിലും ഇന്ത്യയെ മറികടക്കാനാകില്ല. ഒരു പോയിന്റിന്റെ വ്യത്യാസം അപ്പോഴുമുണ്ടാകും. ഓസീസ്‌ 3-1 നു പരമ്പര നേടുകയാണെങ്കില്‍ ഇന്ത്യയുടെ റേറ്റിംഗ്‌ പോയിന്റ്‌ 113 ആയി കുറയും. എതിരാളികള്‍ 108 റേറ്റിംഗ്‌ പോയിന്റിലെത്തും. പരമ്പര 2-2 നു സമനിലയാകുകയാണെങ്കില്‍ ഓസീസിന്‌ രണ്ട്‌ റേറ്റിംഗ്‌ നേടാനാകും. ഇന്ത്യക്ക്‌ അതേ സമയം രണ്ട്‌ റേറ്റിംഗ്‌ പോയിന്റ്‌ നഷ്‌ടപ്പെടും. ഇന്ത്യ പരമ്പര തൂത്തുവാരുകയാണെങ്കില്‍ 122 റേറ്റിംഗ്‌ പോയിന്റ്‌ നേടും. ഇംഗ്ലണ്ടുമായി മൂന്നു പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോഴുണ്ടാകു. 3-1 ന്റെ പരമ്പര നേട്ടം ഇന്ത്യക്ക്‌ 120 റേറ്റിംഗ്‌ പോയിന്റ്‌ സമ്മാനിക്കും. ഓസീസ്‌ 101 റേറ്റിംഗ്‌ പോയിന്റിലേക്ക്‌ ഇടിയും. 2-1 നാണു പരമ്പര ജയിക്കുന്നതെങ്കില്‍ ധോണിയുടെ സംഘത്തിന്‌ ഒരു പോയിന്റാകും സമ്മാനം. ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിംഗില്‍ ഇരുരാജ്യങ്ങളിലും വച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കറാണു മുമ്പന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നൂറാം സെഞ്ചുറി തികയ്‌ക്കാനൊരുങ്ങുന്ന സച്ചിന്‍ ടെസ്‌റ്റ് റാങ്കിംഗില്‍ ആറാമനാണ്‌. ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ്‌ (ഒന്‍പത്‌), വി.വി.എസ്‌. ലക്ഷ്‌മണ്‍ (14), വീരേന്ദര്‍ സേവാഗ്‌ (19) എന്നിവര്‍ ആദ്യ ഇരുപതിലുണ്ട്‌. മൈക്ക്‌ ഹസി (17), മൈക്കിള്‍ ക്ലാര്‍ക്ക്‌ (18) എന്നിവര്‍ മാത്രമാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബാറ്റ്‌സ്മാന്‍മാര്‍. ടോപ്‌ ടെന്നില്‍ ഓസീസ്‌ താരങ്ങളാരുമില്ല. ബൗളര്‍മാരുടെ റാങ്കിംഗിലും അങ്ങനെ തന്നെ. ആറാമനായ സഹീര്‍ ഖാനാണ്‌ ഏറ്റവും മുന്നില്‍. 12 ാമനായ പീറ്റര്‍ സിഡില്‍, 14 ാമനായ ഷെയ്‌ന്‍ വാട്‌സണ്‍, 15 ാമനായ മിച്ചല്‍ ജോണ്‍സണ്‍ എന്നിവരാണ്‌ ആദ്യ ഇരുപതിലുള്ള ഓസീസ്‌ ബൗളര്‍മാര്‍.

ടീം ഇന്ത്യ: എം.എസ്‌. ധോണി (നായകന്‍), വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗംഭീര്‍, അജിന്‍ക്യ രഹാനെ, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വി.വി.എസ്‌. ലക്ഷ്‌മണ്‍, വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, വൃദ്ധിമാന്‍ സാഹ, അഭിമന്യു മിഥുന്‍, സഹീര്‍ ഖാന്‍, വിനയ്‌ കുമാര്‍, ഉമേഷ്‌ യാദവ്‌, ഇഷാന്ത്‌ ശര്‍മ, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ.

ടീം ഓസ്‌ട്രേലിയ: ഡേവിഡ്‌ വാര്‍ണര്‍, എഡ്‌ കോവന്‍, ഷോണ്‍ മാര്‍ഷ്‌, റിക്കി പോണ്ടിംഗ്‌, മൈക്കിള്‍ ക്ലാര്‍ക്ക്‌ (നായകന്‍), മൈക്ക്‌ ഹസി, ബ്രാഡ്‌ ഹാഡിന്‍, പീറ്റര്‍ സിഡില്‍, ജെയിംസ്‌ പാറ്റിന്‍സണ്‍, നഥാന്‍ ലിയോണ്‍, ബെന്‍ ഹില്‍ഫെന്‍ഹാസ്‌.