FLASH NEWS

Wednesday, November 30, 2011

വിദ്യാര്‍ഥികളെ കുത്തി നിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു...

വിദ്യാര്‍ഥികളെ കുത്തിനിറച്ചുള്ള യാത്ര അപകടങ്ങള്‍ക്കു കാരണമാകുന്നു. എന്നാല്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പലപ്പോഴും ഓട്ടോകളിലും ബസുകളിലും ജീപ്പുകളിലുമായി വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നതു സ്‌ഥിരം കാഴ്‌ചയാണ്‌. എന്നാല്‍ ഇതിനു നടപടിയെടുക്കേണ്ട നിയമ പാലകരാകട്ടെ കണ്ടില്ലെന്നു നടിക്കുകയാണ്‌. ചെറുപ്പക്കാരായ ഡ്രൈവര്‍മാരും കാലപ്പഴക്കം ചെന്ന പല വാഹനങ്ങളുമാണു ഇപ്പോഴും പല സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ ബസായി ഉപയോഗിക്കുന്നത്‌. കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട ബസിലും കയറ്റാവുന്നതിലധികം കുട്ടികളെ കയറ്റിയതാണ്‌ അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായത്‌. അപകടം ഉണ്ടാകുമ്പോള്‍ മാത്രം നടപടി കര്‍ശനമാക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാടിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

എന്നാല്‍ ബസ്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ വന്‍ ദുരന്തം ഒഴിവായതു തലനാരിഴക്കാണ്‌. നിറയെ വിദ്യാര്‍ഥികളുമായി വരികയായിരുന്ന ബസ്‌ റോഡരികിലെ മതിലില്‍ ഇടിച്ചു നിര്‍ത്തിയതിനാലാണു വന്‍ അപകടം ഒഴിവായത്‌. അപകട സമയത്ത്‌ 80 ലധികം വിദ്യാര്‍ഥികളാണു ബസിലുണ്ടായിരുന്നത്‌. നിയന്ത്രണം വിട്ട സമയത്ത്‌ റോഡരികില്‍ ഉണ്ടായിരുന്ന ഇലക്‌ട്രിക്‌ പോസ്‌റ്റുകളില്‍ ഇടിക്കാതെ രക്ഷപ്പെട്ടതിനാലും സമീപത്തെ 20 അടിയോളം താഴ്‌ചയുള്ള കരിങ്കല്‍ക്വാറിയിലേക്കു മറിയാതെ രക്ഷപ്പെട്ടതുമാണ്‌ അപകടത്തിന്റെ തീവ്രത കുറച്ചത്‌. ബസ്‌ നിയന്ത്രണം വിട്ടതറിഞ്ഞ ഡ്രൈവര്‍ ഗോപിനാഥന്‍ ബസിലെ വിദ്യാര്‍ഥികളോടു സൈഡ്‌ ഷട്ടറുകള്‍ താഴ്‌ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഷട്ടര്‍ താഴ്‌ത്തിയതിനാല്‍ ബസിനകത്തെ വിദ്യാര്‍ഥികള്‍ പുറത്തേക്കു തെറിച്ചു വീഴാതെ രക്ഷപ്പെട്ടു..
mangalam

പാണ്ടിക്കാട്‌ വളരാടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 60 വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌....

പാണ്ടിക്കാട്‌ വളരാടില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ 60 വിദ്യാര്‍ഥികള്‍ക്കും രണ്ട്‌ അധ്യാപകര്‍ക്കും ഡ്രൈവര്‍ക്കും പരുക്കേറ്റു. വെള്ളുവങ്ങാട്‌, കിഴക്കുംപറമ്പ്‌, ആമക്കാട്‌ ഭാഗങ്ങളില്‍ നിന്നു എടയാറ്റൂര്‍ ഡി.എന്‍.എം.എ യു.പി സ്‌കൂളിലേക്കു വിദ്യാര്‍ഥികളുമായി പോകുന്ന ബസാണു രാവിലെ ഒമ്പതരയോടെ മറിഞ്ഞത്‌. കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ടു സമീപത്തെ വീടിന്റെ മതിലില്‍ ഇടിച്ച്‌ 40 മീറ്റര്‍ മുന്നോട്ടു പോയി റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ച്‌ മറിഞ്ഞായിരുന്നു അപകടം. ഉടന്‍ നാട്ടുകാരും സമീപവാസികളും ചേര്‍ന്ന്‌ പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. പാണ്ടിക്കാട്‌ എസ്‌.ഐ: കെ.സി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം രക്ഷാപ്രവര്‍ത്തനത്തിനും തുടര്‍ നടപടികള്‍ക്കും നേതൃത്വം നല്‍കി.

അപകടത്തെ തുടര്‍ന്ന്‌ എടയാറ്റൂര്‍, വളരാട്‌, പാണ്ടിക്കാട്‌ റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പരുക്കേറ്റവരെ പാണ്ടിക്കാട്‌, പെരിന്തല്‍മണ്ണ, മഞ്ചേരി, കോഴിക്കോട്‌ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാണ്ടിക്കാട്‌ നിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍:- കിഴക്കുംപറമ്പ്‌ സ്വദേശികളായ കോല്‍തൊടി ഉമ്മറിന്റെ മകന്‍ റാഷിദ്‌(11), മകള്‍ മാജിദ(12), ഒറ്റകത്ത്‌ ഇബ്രാഹീമിന്റെ മകള്‍ ഷാലിമ(ഒമ്പത്‌), മകന്‍ മുഹമ്മദ്‌ അസ്ലം(11), മാതാരി കുപ്പേങ്ങല്‍ ഹംസയുടെ മകള്‍ റാബിയ(12), ഇര്‍ഷാന മുംതാസ്‌, പൂതക്കോടന്‍ മുഹമ്മദിന്റെ മകന്‍ ഉനൈസ്‌(11), ഒറ്റകത്ത്‌ മുഹമ്മദിന്റെ മകള്‍ ഹസീന(12), കിടങ്ങയം ആമക്കാട്‌ സ്വദേശികളായ ഹന്ന(ഒമ്പത്‌), അസ്‌ന(ഒമ്പത്‌), റിഷാല്‍(11), പുഴക്കല്‍ അസീസിന്റെ മകന്‍ അഫീഫ്‌(11), ആറ്റിങ്ങല്‍ ചന്ദ്രന്റെ മക്കളായ ആദിത്യന്‍(ആറ്‌), അഭിനന്‍(എട്ട്‌), അന്തന്‍(എട്ട്‌), വെള്ളവങ്ങാട്‌ സ്വദേശികളായ മുള്ളന്‍മടക്കല്‍ അബ്‌ദുറഹിമാന്റെ മകന്‍ ആസിഫ്‌(12), ജസീല്‍(11), വേരേങ്ങല്‍ അബ്‌ദുല്‍ കരീമിന്റെ മകന്‍ സുഹൈല്‍(10), മകള്‍ ഷഹ്ല(13), കല്ലിടുമ്പന്‍ അബ്‌ദുറഹിമാന്റെ മകള്‍ ജുബൈരിയ(13), പീച്ചമണ്ണില്‍ മുഹമ്മദിന്റെ മകള്‍ അഫീന(13), വടക്കാങ്ങര അലവിക്കുട്ടിയുടെ മകന്‍ മിസ്‌ഹബ്‌(12), കാരക്കാടന്‍ മുഹമ്മദ്‌ ഫൈസിയുടെ മകന്‍ സല്‍മാന്‍(11), പാണ്ടിക്കാട്‌ മോഴക്കല്ല്‌ പട്ടാണി റംലയുടെ മകന്‍ മുഹമ്മദ്‌ ഷമീല്‍(ഏഴ്‌), തമ്പാനങ്ങാടി മഠത്തില്‍ മുജീബ്‌ റഹ്‌മാന്റെ മകള്‍ ഫാത്തിമ ഹിസാന(10), മുടിക്കോട്‌ വടക്കുപ്പറമ്പ്‌ കുപ്പിക്കുഴിയില്‍ ഇബ്രാഹീമിന്റെ മകന്‍ നിയാസ്‌(10), കിടങ്ങയം അല്‍-ഇഹ്‌സാന്‍ അനാഥ മന്ദിരത്തിലെ വിദ്യാര്‍ഥികളായ റംഷാദ്‌(11), ഹുസൈബ്‌(11), മുബഷിര്‍(12), സഫ്‌വാന്‍(12), ഹബീബ്‌(11), ഫാസില്‍(13), കിഴക്കുംപറമ്പ്‌ മന്‍ഹജുസുന്ന ദര്‍സ്‌ വിദ്യാര്‍ഥികളായ പുല്‍പ്പറ്റ സ്വദേശികളായ സാമ്പ്രിക്കല്ല്‌ അലിയുടെ മകന്‍ മുഹമ്മദ്‌ ഇഖ്‌ബാല്‍(14), വട്ടപ്പാറ ഹംസയുടെ മകന്‍ നംഷാദ്‌(12). പാണ്ടിക്കാട്‌ പി.കെ.എം ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചവര്‍:-ഒറവില്‍പുറം പട്ടാണി അസീസിന്റെ മകന്‍ ഫസലുറഹ്‌മാന്‍(എട്ട്‌). കിഴക്കുംപറമ്പ്‌ ഒറ്റകത്ത്‌ ഇബ്രാഹീമിന്റെ മകള്‍ സമീന(11)യെ പെരിന്തല്‍മണ്ണ അല്‍ശിഫയിലും പ്രവേശിപ്പിച്ചു.

Monday, November 28, 2011

ആദ്യ ഏകദിനം ഇന്ന്.....

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ചൊവ്വാഴ്ച കട്ടക്ക് ബരാബതി സ്റ്റേഡിയത്തില്‍ നടക്കും. ടെസ്റ്റ് പരമ്പരയിലെ മേധാവിത്വം നിലനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ ആതിഥേയ നിരയിലെ വന്‍തോക്കുകളുടെ അഭാവവും സ്വന്തം ബാറ്റ്സ്മാന്മാര്‍ ഫോമിലേക്ക് തിരിച്ചുവന്നതും സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബൗളിങ് നയിക്കേണ്ട പ്രവീണ്‍ കുമാര്‍ പരിക്കുമൂലം പിന്‍മാറിയത് വീരേന്ദര്‍ സെവാഗിന് കീഴില്‍ കളത്തിലിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാകും.
ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സചിന്‍ ടെണ്ടുല്‍കര്‍, യുവരാജ് സിങ് എന്നീ കരുത്തരുടെ സേവനം ഇന്ത്യക്ക് ലഭിക്കില്ല. ധോണിക്കും സചിനും ആസ്ട്രേലിയന്‍ പര്യടനത്തിനുമുമ്പായി വിശ്രമം അനുവദിക്കുകയായിരുന്നെങ്കില്‍ യുവരാജ് അസുഖം മൂലം പിന്‍വാങ്ങുകയായിരുന്നു. പകരമിറങ്ങുന്ന പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഇവരുടെ കുറവ് നികത്താനാവുമോ എന്ന് കണ്ടറിയണം. സെവാഗ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്ന കഴിഞ്ഞാല്‍ വിരാട് കോഹ്ലിയും പാര്‍ഥിവും മാത്രമാണ് അല്‍പമെങ്കിലും അനുഭവ സമ്പത്തുള്ളവര്‍.
പാര്‍ഥിവ്, രോഹിത്, ഗംഭീര്‍ ഇവരിലൊരാളായിരിക്കും സെവാഗിനൊപ്പം ഇന്നിങ്സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് കോഹ്ലി, റെയ്ന, ജദേജ എന്നിവരെത്തും. അവസാന ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച ആര്‍. അശ്വിനും ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ജദേജയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിന് മുതല്‍കൂട്ടാവുമെന്നാണ് കരുതുന്നത്.
പതിവുപോലെ ബൗളിങ്ങാണ് ഇന്ത്യക്ക് തലവേദനയാവുന്നത്. കൈമുട്ടിന് പരിക്കേറ്റ പ്രവീണ്‍ കളിക്കില്ളെന്ന് സെവാഗ് അറിയിച്ചതോടെ പരിചയ സമ്പന്നനായ ഒരു ബൗളര്‍പോലും ടീമിലില്ലാതായി. 11 ഏകദിനങ്ങള്‍ മാത്രം കളിച്ച വിനയ് കുമാറാവും ആദ്യ പന്തെടുക്കുക. കൂട്ടിന് ഉമേഷ് യാദവോ വരുണ്‍ ആരോണോ ഉണ്ടാവും. അശ്വിനൊപ്പം ഒരു സ്പെഷലിസ്റ്റ് സ്പിന്നറെ കൂടി കളിപ്പിക്കേണ്ടതിനാല്‍ രാഹുല്‍ ശര്‍മയുടെ ഏകദിന അരങ്ങേറ്റത്തിന് ഇന്ന് അവസരമൊരുങ്ങിയേക്കും. യുവതാരങ്ങള്‍ക്ക് തിളങ്ങാനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പരയെന്ന് ക്യാപ്റ്റന്‍ സെവാഗ് പറഞ്ഞു.
മറുഭാഗത്ത് വിന്‍ഡീസ് തികഞ്ഞ പ്രതീക്ഷയിലാണ്. റണ്ണൊഴുകുന്ന ഇന്ത്യന്‍ പിച്ചുകളില്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ മികച്ച സ്കോര്‍ കണ്ടെത്തിയത് തുണയാവുമെന്നാണ് ക്യാപ്റ്റന്‍ ഡാരന്‍ സമ്മിയുടെ വിശ്വാസം. പരിക്കുമൂലം ടീമിന് പുറത്തായിരുന്ന ഓപണര്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്‍െറയും വെടിക്കെട്ട് ബാറ്റ്സ്മാന്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍െറയും സാന്നിധ്യം കരുത്താവും. ഇന്ത്യക്കെതിരെ വിന്‍ഡീസില്‍ നടന്ന ഏകദിന പരമ്പരയില്‍ സിമ്മണ്‍സ് മികവു കാട്ടിയിരുന്നു. പൊള്ളാര്‍ഡിനു പുറമെ ആന്ദ്രെ റസ്സലും മികച്ച ഓള്‍റൗണ്ടറാണ്. ബ്രയാന്‍ ലാറയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കുന്ന ഡാരന്‍ ബ്രാവോ, ഓപണര്‍ അഡ്രിയാന്‍ ബരത്, കീറോണ്‍ പവല്‍, ഇന്ത്യയില്‍ പരിചിതനായ മര്‍ലോണ്‍ സാമുവല്‍സ് തുടങ്ങിയവര്‍ക്ക് എത്രവലിയ ഇന്ത്യന്‍ ടോട്ടലിനെയും മറികടക്കാന്‍ കഴിയുമെന്നാണ് കരീബിയന്‍ പ്രതീക്ഷ. രവി രാംപോളും കെമര്‍ റോഷും പേസ് ആക്രമണം നടത്തുമ്പോള്‍ സ്പിന്നര്‍മാരായി ആന്‍റണി മാര്‍ട്ടിനും അരങ്ങേറ്റക്കാരന്‍ സുനില്‍ നാരായണും രംഗത്തെത്തും. ധോണിയെപ്പോലൊരു ‘ഫിനിഷര്‍’ ടീമിലില്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണെന്ന് സമ്മി അഭിപ്രായപ്പെട്ടു.

ടീമുകള്‍
ഇന്ത്യ: വീരേന്ദര്‍ സെവാഗ് (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, വിരാട് കോഹ്ലി, സുരേഷ് റെയ്ന, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, രവീന്ദ്ര ജദേജ, അജിന്‍ക്യ രഹാനെ, ആര്‍. അശ്വിന്‍, വിനയ്കുമാര്‍, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, മനോജ് തിവാരി, രാഹുല്‍ ശര്‍മ, അഭിമന്യു മിഥുന്‍.
വിന്‍ഡീസ്: ഡാരന്‍ സമ്മി (ക്യാപ്റ്റന്‍), ലെന്‍ഡല്‍ സിമ്മണ്‍സ്, അഡ്രിയാന്‍ ബരത്, ഡാരന്‍ ബ്രാവോ, ഡന്‍സ ഹിയാത്ത്, മര്‍ലോണ്‍ സാമുവല്‍സ്, ദിനേശ് രാംദിന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രെ റസ്സല്‍, ആന്‍റണി മാര്‍ട്ടിന്‍, ജെയ്സണ്‍ മുഹമ്മദ്, സുനില്‍ നാരായണ്‍, കീറോണ്‍ പവല്‍, രവി രാംപോള്‍, കെമര്‍റോഷ്....

പഴക്കംചെന്ന മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു ....

കാലപ്പഴക്കത്താല്‍ ദ്രവിച്ചു വീഴാറായ വന്‍മരങ്ങള്‍ വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാവുന്നു. പെരിന്തല്‍മണ്ണ -കോട്ടയ്‌ക്കല്‍ റൂട്ടില്‍ ചട്ടിപ്പറമ്പ്‌ മുതല്‍ അങ്ങാടിപ്പുറം വൈലോങ്ങര വരെയും പടപ്പറമ്പ്‌ മുതല്‍ കൊളത്തുര്‍ വരെയുമായി റോഡിന്റെ ഇരുവശങ്ങളില്‍ നൂറുകണക്കിനു തണല്‍വൃക്ഷങ്ങളാണ്‌ അപകടം ക്ഷണിച്ചുവരുത്തുന്നത്‌. ഇവ പൂര്‍ണമായും നടുറോഡിലേക്കു ചെരിഞ്ഞു നില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്‌. ഈ വന്‍മരങ്ങള്‍ വെട്ടിമാറ്റി പുതിയ തണല്‍വൃക്ഷങ്ങള്‍ നടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതിനിടെയാണു കഴിഞ്ഞ ദിവസം കടുങ്ങപുരം സ്‌കൂള്‍പടിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുകളിലേക്ക്‌ മരം പൊട്ടിവീണത്‌. യാത്രക്കാര്‍ അത്ഭുതകരമായാണു രക്ഷപ്പെട്ടത്‌. മരങ്ങള്‍ വെട്ടിമാറ്റാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നു ഗ്രാമപഞ്ചായത്ത്‌ സ്‌ഥിരംസമിതി ചെയര്‍മാന്‍ എം.പി.ശശിമേനോന്‍ ആവശ്യപ്പെട്ടു.....

ഹോട്ടലുടമയെ വധിക്കാന്‍ ശ്രമം: ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍...

കച്ചവടം തകര്‍ക്കാന്‍ ഹോട്ടലുടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സമീപത്തെ ഹോട്ടലുടമയെയും മൂന്ന് ക്വട്ടേഷന്‍ സംഘാംഗങ്ങളെയും അറസ്റ്റ് ചെയ്തു. തിരൂര്‍ ബി.പി. അങ്ങാടി ബൈപാസ് റോഡില്‍ ഹോട്ടല്‍ നടത്തുന്ന പറവണ്ണ വടക്കേ കാരണവളപ്പില്‍ ഷബീറിനെ (27) ആക്രമിച്ച കേസില്‍ ബൈപാസ് റോഡില്‍ സംസം ഹോട്ടല്‍ നടത്തുന്ന ബി.പി. അങ്ങാടി കണ്ണംകുളം മുട്ടിക്കാനകത്ത് മൊയ്തീന്‍കുട്ടി (38), ക്വട്ടേഷന്‍ സംഘത്തിലെ കണ്ണികളായ ബി.പി. അങ്ങാടി പടാട്ടില്‍പടി കൃഷ്ണകുമാര്‍ എന്ന ചെളി ബാബു (26), വെങ്ങാലൂര്‍ മുട്ടിക്കല്‍ തിരുടിപ്പറമ്പില്‍ ജാഫര്‍ (27), മുട്ടിക്കല്‍ പുതുവീട്ടില്‍ മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് തിരൂര്‍ സി.ഐ ആര്‍. റാഫിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തലവന്‍ ബി.പി. അങ്ങാടി സ്വദേശി ശാഹിദ് ഒളിവിലാണ്. സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് ഷബീറിന് നേരെ ആക്രമണമുണ്ടായത്. ശബീറിന്‍െറ ഹോട്ടലില്‍ കച്ചവടം വര്‍ധിച്ചതിനാല്‍ മൊയ്തീന്‍കുട്ടിയുടെ കടയില്‍ ആളു കുറഞ്ഞതിനെ തുടര്‍ന്നാണ് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയതെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടല്‍ പൂട്ടണമെന്ന് മൊയ്തീന്‍കുട്ടി ഷബീറിനോട് ആവശ്യപ്പെട്ടിരുന്നത്രെ. രാത്രി ഹോട്ടല്‍ പൂട്ടിപ്പോകുന്നതിനിടെയായിരുന്നു രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷബീറിനെ വധിക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷബീര്‍ ഏറെക്കാലം കോട്ടക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൂന്ന് തവണകളിലായി 35,000 രൂപ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയെന്ന് മൊയ്തീന്‍കുട്ടി പൊലീസിന് മൊഴി നല്‍കി.
ഷബീറിന് നേരെയുള്ള ആക്രമണം ഏറെ ദുരൂഹതകളുയര്‍ത്തിയിരുന്നു. പ്രതികളെ തിരൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിക്കെതിരെ പുണെയില്‍ കേസുള്ളതായി പൊലീസിന് വിവരം ലഭിച്ചു. പിടികിട്ടാനുള്ള ശാഹിദ് ഒട്ടേറെ ക്വട്ടേഷന്‍ ആക്രമണ കേസുകളില്‍ പ്രതിയാണെന്ന് സംശയിക്കുന്നു. പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ഐ ആര്‍. റാഫി അറിയിച്ചു. എസ്.ഐ സി.പി. വാസു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. പ്രമോദ്, അബ്ദുല്‍ അസീസ്, സത്യനാരായണന്‍, രാമചന്ദ്രന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു...

ട്രാഫിക് നിയമലംഘനം: പിഴ ബാങ്കില്‍ അടയ്ക്കാം ..

ട്രാഫിക് നിയമം ലംഘിച്ച് പോലീസ്‌വലയില്‍ കുടുങ്ങിയാല്‍ ഇനി ബാങ്കില്‍ പിഴയടച്ച് തടിയൂരാം. പിഴയൊടുക്കാന്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസുകാര്‍ ഒരു ചെലാന്‍ തരും. പോലീസ്‌സ്‌റ്റേഷനില്‍ കയറുന്നതിനു പകരം ചെലാനുമായി അടുത്തുള്ള എസ്.ബി.ടി. ബാങ്കിലെത്തി സൗകര്യംപോലെ, ബാങ്ക് ഇടപാടുകാര്‍ക്കൊപ്പം നിന്ന് പെറ്റി അടയ്ക്കാം.

കേരള പോലീസും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും സഹകരിച്ച് നടപ്പാക്കുന്ന 'ട്രാഫിക്ഇചെലാന്‍' സംവിധാനമാണ് ലളിതവും സൗകര്യപ്രദവുമായി പെറ്റിയൊടുക്കാന്‍ അവസരമൊരുക്കുന്നത്. നിയമലംഘനത്തിന് പിടിക്കപ്പെട്ടാല്‍ കൈയില്‍ പണമില്ലെങ്കില്‍ പോലീസ് ഉദ്യോഗസ്ഥര്‍ 10 അക്ക നമ്പരടങ്ങിയ ബാങ്ക് ചെലാന്‍ നല്‍കും. ഇന്ത്യയിലെ ഏത് എസ്.ബി.ടി. ശാഖയിലൂടെയും നിശ്ചിത സമയപരിധിക്കുള്ളില്‍ പിഴയൊടുക്കാം. ഈ സേവനം ക്രമേണ അക്ഷയ കേന്ദ്രങ്ങളുമായി സഹകരിച്ചും നടപ്പാക്കും. പരീക്ഷണാര്‍ത്ഥം തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം 17ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും...

Sunday, November 27, 2011

ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന്‌ കവര്‍ച്ചാ ശ്രമം...

വണ്ടുര്‍ ചെറുകോട്ടില്‍ എം.ടി.എ ജ്വല്ലറിയുടെ പിറകുവശത്തെ ചുമര്‍ തുരന്ന്‌ കവര്‍ച്ചാ ശ്രമം. ജ്വല്ലറിക്കു സമീപത്തെ സിന്‍ഡോസ്‌ മൊബൈല്‍ ഷോപ്പ്‌, പൊന്നൂസ്‌ ഫാന്‍സി എന്നിവിടങ്ങളില്‍ നിന്നും ആറായിരം രൂപയുടെ റീചാര്‍ജ്‌ കൂപ്പണുകള്‍ നഷ്‌ടപ്പെട്ടിട്ടുണ്ട്‌. ഇന്നലെ രാവിലെ മൊബൈല്‍ ഷോപ്പ്‌ തുറക്കാനെത്തിയയവരാണു ആദ്യം മോഷണ വിവരം അറിഞ്ഞത്‌. കടയുടെ ഷട്ടറുകള്‍ കമ്പിപ്പാര ഉപയോഗിച്ച്‌ തകര്‍ത്ത നിലയിലായിരുന്നു. ഇതറിഞ്ഞ ജ്വല്ലയുടെ പിറകു വശത്തെ ഷട്ടര്‍ തുറന്ന്‌ പരിശോധിച്ചപ്പോഴാണു ജ്വല്ലറിയുടെ ചുമരും തുരന്ന നിലയില്‍ കാണപ്പെട്ടത്‌. ചുമരത്തിന്റെ കാല്‍ഭാഗം തുരന്ന്‌ മോഷ്‌ടാക്കള്‍ അകത്തുകടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ജ്വല്ലറി ഉടമ എം.ടി.എം കരീം ഹാജിയുടെ പരാതിപ്രകാരം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. ജ്വല്ലറിയുടെ ചുമര്‍ തുരക്കാന്‍ ഉപയോഗിച്ചുവെന്ന്‌ കരുതുന്ന കമ്പിപ്പാര, ഉളി, ഹാമര്‍ എന്നിവ സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌.